Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്മനം ചാക്കോ – മുളക്കുളം പാടവരമ്പിൽ പിച്ചവച്ച കവിത

chemmanam-chacko ചെമ്മനം ചാക്കോ

കൊച്ചി ∙ മലയാള കവിതയിലേക്കുള്ള ചെമ്മനം ചാക്കോയുടെ വരവ് മുളക്കുളം പാടവരമ്പിലൂടെയായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം മുളക്കുളം ഗ്രാമത്തിലെ കാർഷിക കുടുംബത്തിൽ പിറന്ന ചെമ്മനം സാഹിത്യകാരനായി മാറിയതിനു പിന്നിൽ അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഒരു വേലക്കള്ളൻ വായനയുടെ വഴിക്കു തിരിഞ്ഞതാണ് അതിനു കാരണം’. കൃഷിപ്പണിയെന്ന വേലയിൽ നിന്നു രക്ഷപ്പെടാൻ വായനയിൽ അഭയം കണ്ടെത്തിയതാണ് ആ കഥ.

കാർഷിക കുടുംബങ്ങളിൽ രാവിലെയും വൈകിട്ടും അവധി ദിനങ്ങളിലും കുട്ടികൾക്കും ചില്ലറ കൃഷിപ്പണികളും വീട്ടുജോലികളും ചെയ്യാനുണ്ടാകും. കുടുംബത്തിലെ ഏഴു മക്കളിൽ ആറാമനായ ചെമ്മനത്തിന്റെ കാലമായപ്പോഴേക്കും അദ്ദേഹത്തെയും അനിയനെയും പഠിപ്പിക്കാൻ അപ്പനും കൃഷിപ്പണിയിൽ വിദഗ്ധരായ ചേട്ടന്മാർക്കും മോഹം. പഠിക്കാനുണ്ടെന്നു പറഞ്ഞാൽ പണികളിൽ ഇളവു കിട്ടുമെന്നതിനാൽ ചാക്കോച്ചന് എപ്പോഴും പഠിക്കാനുണ്ടായിരുന്നു.

വീട്ടിലെ തെക്കെമുറിയിൽ കയറിയിരുന്നു പ്രത്യേകിച്ചു പണി എന്തെങ്കിലും ചെയ്യാൻ പറയാൻ സാധ്യതയുള്ള നേരത്തു പൊരിഞ്ഞ വായനയായിരിക്കും. ചെറിയ ക്ലാസുകളിൽ കൂടുതലൊന്നും വായിച്ചു പഠിക്കാനില്ലാതിരുന്നതിനാൽ ഗ്രാമീണ വായനശാലയിൽനിന്നു ചേട്ടൻമാർ എടുത്തുവച്ച പുസ്തകങ്ങളിലേക്കു വായന തിരിഞ്ഞു. അതിനു പുറമെ ആ വായനശാലയിൽനിന്ന് പുസ്തകമെടുക്കാൻ തുടങ്ങി. അങ്ങനെ തനിക്കു ചുറ്റും കാണുന്ന സമൂഹത്തിനു പുറമെ സാഹിത്യലോകത്തെ കഥാപാത്രങ്ങളും അന്തരീക്ഷവുമെല്ലാമായി പുതിയൊരു സൗഹൃദം സ്ഥാപിക്കുന്നതിൽ രസം പിടിച്ചതായും ഇക്കാലത്തെക്കുറിച്ച് ചെമ്മനം ഓർമിച്ചിട്ടുണ്ട്.

ബാലിശമായ ഒരു പൊങ്ങച്ചത്തിൽ വായനശാലയിൽനിന്നു പുസ്തകമെടുത്താൽ റോഡിലൂടെപോലും വായിച്ചാണ് ബാലനായ ചെമ്മനം വീട്ടിലേക്കു വരുന്നത്. പഠനം ആറു കിലോമീറ്റർ ദൂരെയുള്ള പിറവം ഹൈസ്കൂളിലേക്കു മാറിയപ്പോൾ ആദ്യ രണ്ടു കിലോമീറ്റർ പാടവരമ്പുകളിൽക്കൂടി രാവിലെയും വൈകിട്ടും തനിച്ചു പോകേണ്ടതുണ്ടായിരുന്നു.

വരമ്പിലൂടെ പുസ്തകം വായിച്ചുകൊണ്ടുപോവുക ദുഷ്കരമായി. അപ്പോൾ വള്ളത്തോളിന്റെ സാഹിത്യമഞ്ജരി പോലുള്ള പുസ്തകങ്ങളിലെ കവിതകൾ മനപ്പാഠമാക്കാൻ ഈ അവസരം വിനിയോഗിച്ചു. ഒരു കാവ്യസംസ്കാരം തന്നിൽ ഉടലെടുക്കാൻ അതു സഹായകരമായെന്നാണ് പിന്നീട് ചെമ്മനം ഇതേക്കുറിച്ചു വിലയിരുത്തിയത്. കവിതയിലേക്കുള്ള തന്റെ വരവ് ആ മുളക്കുളം പാടവരമ്പുകളിലൂടെയായിരുന്നുവെന്നു പിൽക്കാലത്തു പറയാൻ ചെമ്മനത്തെ പ്രേരിപ്പിച്ചതും പച്ചപ്പാർന്ന ഈ ഗ്രാമീണ അനുഭവങ്ങളാണ്. 

തുടങ്ങിയത് ‘പ്രവചന’ ത്തിൽ

പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂൾ, പാളയംകോട്ട സെന്റ്. ജോൺസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കേരള യൂണിവേഴ്സിറ്റി മലയാളം ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലാണു ചെമ്മനം ചാക്കോ അധ്യാപകനായി സേവനമനുഷ്ഠിച്ചത്. 1968 മുതൽ 1986 വരെ കേരള സർവകലാശാലയിൽ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടർ ആയിരുന്നു.

ചക്രവാളം മാസികയിൽ 1946ൽ പ്രസിദ്ധീകരിച്ച ‘പ്രവചനം’ ആണ് ആദ്യ കവിത. 1947ൽ പ്രസിദ്ധീകരിച്ച ‘വിളംബരം’ എന്ന കവിതാ സമാഹാരമാണ് പ്രഥമ ഗ്രന്ഥം. 1965ൽ പ്രസിദ്ധീകരിച്ച ‘ഉൾപ്പാർട്ടി യുദ്ധം’ എന്ന കവിതയിലൂടെ വിമർശന ഹാസ്യ കവിതയാണ് തന്റെ തട്ടകം എന്നു തിരിച്ചറിഞ്ഞ ചെമ്മനം തുടർന്നുള്ള അര നൂറ്റാണ്ടു നീണ്ട സുസ്ഥിരമായ കാവ്യ തപസിലൂടെയാണു മലയാള കവിതയിൽ തന്റെ ഹാസ്യ സാമ്രാജ്യം പടുത്തുയർത്തിയത്.

chemmanam-side-story കവി ചെമ്മനം ചാക്കോയുടെ മൃതദേഹത്തിനരികിൽ ഭാര്യ ബേബിയും മകൾ ശോഭയും.

കേരള സാഹിത്യ അക്കാദമിയിൽ നിന്നു കവിതാ അവാർഡ് (രാജപാത –1977), ഹാസ്യസാഹിത്യ അവാർഡ് (കി‍ഞ്ചന വർത്തമാനം –1995), സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം (2006) ഇവ ലഭിച്ചു. ആശാൻ സ്മാരക കവിതാ പുരസ്കാരം (2016), കുഞ്ചൻ നമ്പ്യാർ കവിതാപുരസ്കാരം (2012), മഹാകവി ഉള്ളൂർ കവിതാ അവാർഡ് (2003), സഞ്ജയൻ അവാർഡ് (2004), പി. സ്മാരക പുരസ്കാരം (2004), പണ്ഡിറ്റ് കെ.പി. കറുപ്പൻ അവാർഡ് (2004), മൂലൂർ അവാർഡ് (1993), കുട്ടമത്ത് അവാർഡ് (1992), സഹോദരൻ അയ്യപ്പൻ അവാർഡ് (1993), എ.ഡി. ഹരി ശർമ അവാർഡ് (1978) എന്നിവയും ചെമ്മനത്തെ തേടി എത്തി.

കേരള സാഹിത്യ അക്കാദമി, ഓഥേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സെൻസർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം അഡ്വൈസറി ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

പാലച്ചുവട് റോഡിലെ പതിവു നടത്തക്കാരൻ ഇനി ഓർമയിൽ

കാക്കനാട് പടമുകൾ–പാലച്ചുവട് റോഡിലൂടെ മുണ്ടും മടക്കിക്കുത്തി നടന്നു വരുന്ന ചെമ്മനം ചാക്കോ നാട്ടുകാർക്കു സുപരിചിതൻ. ചിന്നമ്പിള്ളിച്ചിറയിലേക്കു തിരിയുന്ന ജംക‍്ഷനിലെ ‘ചെമ്മനം’ വീടിന്റെ പൂമുഖത്തും ഗേറ്റിലും സ്ഥിര സാന്നിധ്യമായിരുന്നു ചെമ്മനം ചാക്കോ. ചെറുതും വലുതുമായ ഏതു ചടങ്ങിലേക്കു ക്ഷണിച്ചാലും അദ്ദേഹമെത്തും. സദസിൽ കുട്ടികളാണ് കൂടുതലെങ്കിൽ കഥ പറയും. എട്ടു മാസത്തോളമായി പൊതുചടങ്ങുകളിൽ അപൂർവമായേ പങ്കെടുത്തിരുന്നുള്ളൂ.