Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം വെള്ളിയാഴ്ച; മകൻ വ്യാഴാഴ്ചയെത്തും

Captain Raju ക്യാപ്റ്റൻ രാജു

കൊച്ചി ∙ അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ സംസ്ക്കാരം വെള്ളിയാഴ്ച. അമേരിക്കയിലുള്ള മകൻ രവിരാജ് വ്യാഴാഴ്ചയെത്തും. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ 6.45ന് വസതിയായ പാടിവട്ടം പാൻജോസ് അപ്പാർട്ട്മെന്റിൽ കൊണ്ടുവരും.

കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന പ്രാർഥന ചടങ്ങുകൾക്കു ശേഷം 7.45ന് പൊതു ദർശനത്തിനായി എറണാകുളം നോർത്ത് ടൗൺ ഹാളിലേക്കു കൊണ്ടു പോകും. 10 വരെയാണ് ഇവിടെ പൊതു ദർശനം. തുടർന്നു സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടു പോകുന്ന വഴിയിൽ ആലപ്പുഴയിൽ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്സ് ഹോട്ടലിനു മുന്നിലും തിരുവല്ല ജംക്‌ഷനിലും പത്തനംതിട്ട ടൗൺ ഹാളിനു മുന്നിലും അൽപ്പസമയം വീതം അന്ത്യാജ്ഞലി അർപ്പിക്കാനായി വാഹനം നിർത്തും.

ഉച്ചക്ക് രണ്ട് മുതൽ 3.30 വരെ ഓമല്ലൂർ ഗവ.എച്ച്എസ്എസിൽ പൊതു ദർശനത്തിനു വച്ച ശേഷം ഓമല്ലൂരിലെ ബന്ധു വീട്ടിലെത്തിക്കും. തുടർന്നു നാലിന് പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം കുടുംബ കല്ലറയിൽ സംസ്ക്കരിക്കും.