Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളാ യാത്ര സംഘടിപ്പിക്കാൻ കേരളാ കോൺഗ്രസ്‌(എം); നയിക്കുന്നത് ജോസ്‌ കെ.മാണി

Jose K. Mani ജോസ്‌ കെ.മാണി

കോട്ടയം ∙ പാർലമെന്റ്‌ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി കേരളാ യാത്ര സംഘടിപ്പിക്കാൻ കേരളാ കോൺഗ്രസ്‌ (എം) തീരുമാനം. 1998–ൽ പാർട്ടി ചെയർമാൻ കെ.എം.മാണി നടത്തിയ കേരളയാത്രയ്‌ക്കു ശേഷം പാർട്ടി വീണ്ടും നടത്തുന്ന രാഷ്‌ട്രീയ പ്രചരണയാത്രയ്‌ക്കു നേതൃത്വം നൽകുന്നത്‌ വൈസ്‌ ചെയർമാൻ ജോസ്‌ കെ.മാണിയായിരിക്കും. ചരൽകുന്നിൽ ചേർന്ന കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന നേതൃക്യാംപിലെ തീരുമാന പ്രകാരമാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന യാത്ര.

ജനുവരി പകുതിയോടെ കാസർകോടു നിന്നു തുടക്കം കുറിക്കുന്ന ജാഥ പരമാവധി നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകും. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായുള്ള ജനമുന്നേറ്റത്തിനു രൂപം നൽകുന്ന ജാഥയിൽ കാലികമായ രാഷ്‌ട്രീയ മുദ്രാവാക്യങ്ങളും അവതരിപ്പിക്കുമെന്നു പാർട്ടി നേതൃത്വം അറിയിച്ചു.

കൂടുതൽ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിച്ച് രാഷ്‌ട്രീയ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷൻ 2030 ന്റെ തുടക്കം കുറിക്കുന്ന ആദ്യത്തെ സംസ്ഥാന പ്രചാരണമാണിത്. ജാഥയുടെ പേരും മറ്റു വിശദാംശങ്ങളും ഉടൻ തീരുമാനിക്കുമെന്നും പാർട്ടി ഭാരവാഹികൾ അറിയിച്ചു.