Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വാങ്ങാൻ അമേരിക്കൻ ഉൽപന്നം, ജോലിക്ക് അമേരിക്കക്കാർ’: യുഎസിന് ദിശാമാറ്റം

US-POLITICS-TRUMP-INAUGURATION-SWEARING IN പുതുയുഗം: യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന്റെ മുന്നിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു. ബൈബിൾ പിടിച്ചുനിൽക്കുന്നത് ഭാര്യ മെലാനിയ. ചിത്രം: റോയിട്ടേഴ്സ്

വാഷിങ്ടൻ∙ യുഎസ് നയങ്ങളിൽ കാതലായ ദിശാമാറ്റങ്ങൾ പ്രഖ്യാപിച്ച് അമേരിക്കയുടെ 45–ാമതു പ്രസിഡന്റായി ഡോണൾഡ് ട്രംപ് (70)  അധികാരമേറ്റു. ‘വാങ്ങാൻ അമേരിക്കൻ ഉൽപന്നം, ജോലിക്ക് അമേരിക്കക്കാർ’എന്നീ രണ്ടു കാര്യങ്ങളാണ് ഇനി അമേരിക്കൻ നയം പിന്തുടരുകയെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ  പ്രസംഗത്തിൽ ട്രംപ് പ്രഖ്യാപിച്ചു.

രാജ്യത്തിനകത്തും പുറത്തും ‘ആദ്യം അമേരിക്ക’എന്നതാണു പുതിയ ഭരണമന്ത്രം.  ഓരോ വ്യാപാരവും നികുതിയും കുടിയേറ്റവും വിദേശനയവും അമേരിക്കക്കാർക്കു   ഗുണകരമാകുന്ന രീതിയിൽ  മാറ്റിയെടുക്കും –ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റായി മൈക്ക് പെൻസും (57) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന്റെ പടവുകളിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു (ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 10.30) സത്യപ്രതിജ്ഞാച്ചടങ്ങ്.

‘നാം മറ്റു രാജ്യങ്ങളുടെ അതിർത്തികളെ സംരക്ഷിച്ചു; നമ്മുടേതു പ്രതിരോധിക്കാൻ വിസ്സമ്മതിച്ചു. ശതകോടി ഡോളറുകളാണു നാം വിദേശരാജ്യങ്ങൾക്കായി ചെലവഴിച്ചത്. അതേസമയം നമ്മുടെ രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾ കേടുപാടുകൾ തീർക്കാതെ ജീർണിച്ചു.  മറ്റു രാജ്യങ്ങളെ നാം സമ്പന്നരാക്കിയപ്പോൾ, നമ്മുടെ രാജ്യത്തിന്റെ ആത്മവിശ്വാസവും കരുത്തും സമ്പത്തും അപ്രത്യക്ഷമായി. ഇടത്തരക്കാരുടെ സമ്പാദ്യം അവരുടെ വീടുകളിൽനിന്ന് പറിച്ചെടുത്തു ലോകമെമ്പാടുമായി വീതിച്ചുകൊടുത്തു. പിന്നിൽ ഉപേക്ഷിക്കപ്പെട്ട ലക്ഷക്കണക്കിന് അമേരിക്കൻ തൊഴിലാളികളെ വിസ്മരിച്ചുകൊണ്ട് ഫാക്ടറികൾ ഓരോന്നായി നമ്മുടെ തീരം വിട്ടു ’– ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. ‘എന്നാൽ, അതെല്ലാം കഴിഞ്ഞുപോയി. നാം ഇനി നോക്കുന്നതു ഭാവിയിലേക്കു മാത്രമാണ്. നാം ജോലികൾ തിരിച്ചുകൊണ്ടുവരും. നമ്മുടെ അതിരുകളെയും സൈന്യത്തെയും ശക്തിപ്പെടുത്തും. തീവ്ര ഇസ്‌ലാമിക ഭീകരവാദത്തെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കും. അമേരിക്കൻ സ്വപ്നം തിരിച്ചുകൊണ്ടുവരാൻ രാഷ്ട്രത്തെ പുനർനിർമിക്കും– സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ സാന്നിധ്യത്തിൽ  ട്രംപ് പറഞ്ഞു.

യുഎസ് കമ്പനികളിൽ അമേരിക്കക്കാർക്കു മാത്രം തൊഴിൽ എന്ന ട്രംപ് നയം ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. യുഎസ് ഐടി കമ്പനികളിലേറെയും ഇന്ത്യക്കാരാണു ജോലിയെടുക്കുന്നത്. അതേസമയം ഭീകരതയെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം പാക്കിസ്ഥാൻ–യുഎസ് ബന്ധത്തിൽ ഉലച്ചിലുണ്ടാകും. ഇത് ഇന്ത്യക്കു ഗുണകരമായേക്കും. ‘ഇന്നുണ്ടായത് കേവല ഭരണമാറ്റമല്ല. വാഷിങ്ടൻ ഡിസിയിൽനിന്ന് അധികാരം ജനങ്ങൾക്കു മടക്കിനൽകലാണ്. ഈ ദിവസം ഓർമിക്കപ്പെടുക’–ട്രംപ് പറഞ്ഞു. എട്ടുലക്ഷം പേരാണ് സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിച്ചത്. അതേസമയം, ട്രംപിനെതിരെ നഗരത്തിൽ നടന്ന  പ്രതിഷേധപ്രകടനങ്ങൾ പലയിടത്തും അക്രമാസക്തമായി. ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റക്കാർക്കും സ്ത്രീകൾക്കുമെതിരെ ട്രംപ് നടത്തിയിട്ടുള്ള വിദ്വേഷ പരാമർശങ്ങളുടെ പേരിലാണു പ്രതിഷേധം. 

Your Rating: