Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയോടിത് വേണ്ടിയിരുന്നോ ഓസീസ്? ഈഡന്‍ ബാക്കിവയ്ക്കുന്നത്...

India Australia Cricket

പൊതുവെ സംഘര്‍ഷഭരിതമായ ഇന്ത്യ- ഓസ്‌ട്രേലിയ മല്‍സരങ്ങളുടെ സവിശേഷതകളിലധികവും കളത്തിനു പുറത്തുനിന്ന മല്‍സരത്തോടെയാണ് ഇത്തവണ പരമ്പരയ്ക്ക് തുടക്കമായത്. പതിവുള്ള വാക്ശരങ്ങളോ പ്രകോപിപ്പിക്കുന്ന അംഗവിക്ഷേപങ്ങളോ ദഹിപ്പിക്കുന്ന നോട്ടങ്ങളോ ചെന്നൈയിലെ ആദ്യ മല്‍സരത്തില്‍ കണ്ടിരുന്നില്ല. ഇരു ടീമുകള്‍ക്കുമിടയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവിതാ വട്ടമിടുന്നു എന്ന് ആരാധകര്‍ കരുതിയിരിക്കെയാണ് ഒരു ഇന്ത്യ-ഓസീസ് മല്‍സരത്തിന്റെ ഏതാണ്ട് എല്ലാ 'ലക്ഷണങ്ങളുമൊത്ത' പോരാട്ടത്തിന് കൊല്‍ക്കത്ത വേദിയായിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാനായി ഓസീസ് പുറത്തെടുത്ത റണ്ണൗട്ട് (കു)തന്ത്രവും ഓസീസ് താരങ്ങളുടെ പുറത്താകലിനെ തുറിച്ചുനോട്ടത്തിലൂടെ 'ആഘോഷിച്ച' വിരാട് കോഹ്‌ലിയുമെല്ലാം കൊല്‍ക്കത്ത ഏകദിനത്തിലെ കാഴ്ചകളായിരുന്നു. പരമ്പരയിലെ രണ്ടാം മല്‍സരത്തിലും ഓസീസിനെ കശക്കിയെറിഞ്ഞ് സ്വന്തമാക്കിയ ഈ വിജയം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ജയമാണ്. ഈ വിജയത്തോടെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് കയറുകയും ചെയ്തു. 119 പോയിന്റുള്ള ഇന്ത്യ നേരിയ വ്യത്യാസത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് പിന്നിലാക്കിയത്. രണ്ടാമതായിരുന്ന ഓസീസ് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തു.

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ബാക്കിവയ്ക്കുന്ന ചില  കൗതുകക്കാഴ്ചകളിലൂടെ:

'കില്‍'ദീപും ഹാ'ട്രിക്കും'

ഒടുവില്‍ ഓസീസ് താരങ്ങള്‍ ഭയന്നതു തന്നെ സംഭവിച്ചു. ഇന്ത്യയുടെ ചൈനാമന്‍ ബോളര്‍ കുല്‍ദീപ് യാദവിനെ എങ്ങനെ നേരിടുമെന്ന് തലപുകച്ച് പ്രത്യേക പരിശീലനം നടത്തിയെത്തിയ ഓസീസിനെ കുല്‍ദീപ് തന്നെ തളയ്ക്കുന്നതിനും ഈഡനിലെ കാണികള്‍ സാക്ഷികളായി. കാല്‍നൂറ്റാണ്ടിനു ശേഷം ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ ഏകദിന ഹാട്രിക്കാണ് ഈ മല്‍സരത്തില്‍ കുല്‍ദീപിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ഓസീസീന്റെ കോര്‍ട്ടില്‍നിന്നും കളി തട്ടിയെടുത്ത കുല്‍ദീപിന്റെ ഹാട്രിക് വിസ്മയം 33–ാം ഓവറിലായിരുന്നു. ഈ ഓവറിലെ 2, 3, 4 പന്തുകളിലായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് (2), ആഷ്ടന്‍ ആഗര്‍ (0), പാറ്റ് കുമ്മിന്‍സ് (0) എന്നിവരാണ് കുല്‍ദീപിന് ഇരകളായത്. മുപ്പത്തിമൂന്നാം ഓവറിന് മുമ്പ് കുല്‍ദീപ് എറിഞ്ഞത് 7 ഓവറുകള്‍, വഴങ്ങിയത് 39 റണ്‍സും. ഓസീസ് ഭയന്ന ചൈനമാന്‍ ബോളര്‍ ഇതുതന്നെയോ എന്ന് സംശയിച്ചു ആദ്യം. മാത്യു വെയ്ഡിന്റെ വിക്കറ്റാണ് വഴിത്തിരിവായത്. അടുത്ത പന്തില്‍ ആഷ്ടണ്‍ ആഗര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 

ഹാട്രിക്കിനായി ആര്‍ത്ത ഈഡനു വേണ്ടി ഗൂഗ്ലി കൊണ്ട് കുമ്മിന്‍സിനെ വീഴ്ത്തി സ്വപ്നനേട്ടത്തിലേക്ക് ഓടിക്കയറി കുല്‍ദീപ്. കുല്‍ദീപിന്റ ബോളിങ് ആക്ഷന്‍ ഇനിയും മനസിലാക്കിയിട്ടില്ലാത്ത ഓസീസിനെ ആശങ്കയുടെ നടുക്കടലിലാഴ്ത്തുന്നതാണ് ഈ ഹാട്രിക് പ്രകടനം. അഞ്ചു വിക്കറ്റു നഷ്ടത്തില്‍ 148 എന്ന നിലയില്‍ നിന്ന ഓസീസ് മൂന്നു പന്തുകള്‍ക്കൊടുവില്‍ എട്ടു വിക്കറ്റു നഷ്ടത്തിലേക്ക് നിലംപൊത്തി. 

ഏകദിന ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന  ആദ്യ ഇന്ത്യന്‍  സ്പിന്നര്‍ എന്ന ബഹുമതിയും കുല്‍ദീപ് യാദവ് സ്വന്തമാക്കി. ഏകദിനക്രിക്കറ്റില്‍ കാല്‍ നൂറ്റാണ്ടിനുശേഷം ഒരിന്ത്യക്കാരന്റെ ആദ്യ ഹാട്രിക്ക്. ചേതന്‍  ശര്‍മ (1987), കപില്‍ദേവ് (1991) എന്നിവര്‍  മാത്രമാണ്  നേരത്തെ  ഹാട്രിക് നേടിയിട്ടുള്ള ഇന്ത്യക്കാര്‍.

വരിഞ്ഞുകെട്ടി ഭുവി, കറക്കി വീഴ്ത്തി ചാഹല്‍

26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക്ക് നേടാന്‍ കുല്‍ദീപിനെ സഹായിച്ച ആ രണ്ടുപേരെ മറന്നു പോകുന്നതെങ്ങനെ? തകര്‍പ്പന്‍ സ്‌പെല്ലുമായി ഓസീസ് മുന്‍നിരയെ കശക്കിയെറിഞ്ഞ ഭുവനേശ്വറും സ്പിന്‍ കെണിയൊരുക്കി ഓസീസ് ബാറ്റിങ്ങിന്റെ നടുവൊടിച്ച യുസ്‌വേന്ദ്ര ചാഹലുമാണ് അവര്‍.

ആറ് ഓവറില്‍ വെറും ഒന്‍പതു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ സ്‌പെല്ലും തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഓസീസിനെ വെള്ളം കുടിപ്പിച്ച ചാഹലിന്റെ രണ്ടു വിക്കറ്റ് നേട്ടവും പതം വരുത്തിയ ഓസീസ് ഇന്നിങ്‌സിലാണ് കുല്‍ദീപിന്റെ ഹാട്രിക്ക് സമൂലനാശം വിതച്ചത്.

ഓപ്പണര്‍മാരായ കാര്‍ട്ട്്‌റൈറ്റ് (15 പന്തില്‍ 1) ഡേവിഡ് വാര്‍ണര്‍ (ഒന്‍പതു പന്തില്‍ 1) എന്നിവരെ വീഴ്ത്തിയ ഭുവനേശ്വര്‍ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. ട്രാവിസ് ഹെഡിനെ (39 പന്തില്‍ 39) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ സ്മിത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ചാഹലിന്റെ ഇരട്ടപ്രഹരത്തോടെ അതും വൃഥാവിലായി. ഹെഡ്, മാക്‌സ്‌വെല്‍ (18 പന്തില്‍ 14) എന്നിവരാണ് ചാഹലിനു മുന്നില്‍ കീഴടങ്ങിയത്. 

പിന്നീട് രണ്ടാം വരവിലെ ആദ്യപന്തില്‍ റിച്ചാര്‍ഡ്‌സനെയും മടക്കിയ ഭുവനേശ്വര്‍ 6.1 ഓവറില്‍ 9 റണ്‍സ് വഴങ്ങി വീഴ്ത്തിയത് മൂന്നു വിക്കറ്റ്. ഓസ്‌ട്രേലിയ പോലൊരു ടീമിനെതിരെ ഭുവി ബോള്‍ ചെയ്ത ഈ സ്‌പെല്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പ്. നങ്കൂരമിട്ട് ഓസീസ് പ്രതീക്ഷകളെ താങ്ങിനിര്‍ത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കിയ ഹാര്‍ദിക് പാണ്ഡ്യ പിന്നീട് കോള്‍ട്ടര്‍നീലിനെയും പുറത്താക്കി മാറ്റു തെളിയിച്ചു.

ധോണി, ധോണി, ധോണി...

ബാറ്റിങ്ങില്‍ ശോഭിക്കാനായില്ലെങ്കിലും വിക്കറ്റിനു പിന്നിലെ പ്രകടനത്തിലൂടെ മഹേന്ദ്രസിങ് ധോണി ഈഡന്റെ ഹൃദയം കവരുന്നതും മല്‍സരത്തില്‍ കണ്ടു. ഇന്ത്യയ്ക്കുവേണ്ടി എം. എസ്.  ധോണിയുടെ 300-ാം ഏകദിനമായിരുന്നു ഇത്. ഇതുകൂടാതെ ഏഷ്യ ഇലവനുവേണ്ടി ധോണി മൂന്നു മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓസീസ് നിരയിലെ അപകടകാരിയും ഇന്ത്യയുടെ സ്ഥിരം തലവേദനയുമായ ഗ്ലെന്‍ മാക്‌സ്‌വെലിനെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ്ങാണ് ഈഡനില്‍ ആരാധകരുടെ കയ്യടി നേടിയത്. ക്യാപ്റ്റന്‍ സ്മിത്തിന്റെ പിന്തുണയോടെ മാക്‌സ് വെല്‍ അപകടകാരിയായി തുടങ്ങുമ്പോഴായിരുന്നു ഇത്.

കയറിയടിക്കാനുള്ള ശ്രമത്തിനിടയില്‍ മാക്‌സ് വെല്ലിനെ ബീറ്റ് ചെയ്തു വന്ന പന്ത് പിടിച്ചെടുത്ത ധോണി നേരെ സ്റ്റംപിലേക്കു വീഴുമ്പോള്‍ ക്രീസിന് ഇഞ്ചുകള്‍ക്ക് പുറത്തായിരുന്നു മാക്‌സ് വല്‍. ബാറ്റിങ്ങിന് ഇറങ്ങുന്ന സമയത്ത് അത്യാവേശത്തോടെ വരവേറ്റ ഈഡനിലെ കാണികളോട് വിക്കറ്റിനു മുന്നില്‍ നീതി പുലര്‍ത്താനാവാതെ പോയതിന് വിക്കറ്റിനു പിന്നില്‍നിന്നൊരു പ്രാശ്ചിത്തം. അതും തനി ധോണി സ്‌റ്റൈലില്‍!

കോഹ്‌ലിക്ക് നഷ്ടമായ സെഞ്ചുറി

ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലായി മാറിയ പ്രകടനം കാഴ്ചവച്ചാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളത്തില്‍നിന്ന് തിരിച്ചുകയറിയത്. അര്‍ഹമായ സെഞ്ചുറി എട്ടു റണ്‍സകലെ നഷ്ടമായെങ്കിലും അര്‍ഹിച്ച 'മാന്‍ ഓഫ് ദി മാച്ച്' പുരസ്‌കാരം കോഹ്‌ലിയെ തേടിയെത്തി. 107 പന്തില്‍ എട്ടു ബൗണ്ടറികള്‍ ഉള്‍പ്പെടെ 92 റണ്‍സാണ് കോഹ്‌ലി നേടിയത്.

രണ്ടാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയുമൊത്ത് കോഹ്‌ലി കൂട്ടിച്ചേര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. മൂന്നാം വിക്കറ്റില്‍ കേദാര്‍ ജാദവുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും കോഹ്‌ലി തീര്‍ത്തു. 31-ാം ഏകദിന സെഞ്ചുറി പടിവാതില്‍ക്കല്‍ നഷ്ടമായെങ്കിലും ടീമിന്റെ വിജയത്തില്‍ ആ ഇന്നിങ്‌സ് നിര്‍ണായകമായി.

വെറുതെയൊരു റണ്ണൗട്ട് വിവാദം

ഡെഡ് ബോളില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയെ റണ്ണൗട്ടാക്കാനുള്ള ഓസീസ് ടീമിന്റെ ശ്രമമാണ് വിവാദപരമ്പരയിലെ പുതിയ സംഭവം. നോബോള്‍ പന്തില്‍ ക്യാച്ച് വഴങ്ങിയ പാണ്ഡ്യ ഔട്ടെന്ന് തെറ്റിദ്ധരിച്ചു ക്രീസ് വീട്ടിറങ്ങിയപ്പോഴായിരുന്നു ഓസീസിന്റെ വിഫലമായ റണ്ണൗട്ട് ശ്രമം. 

India Australia Cricket

ഔട്ടാണെന്നു തെറ്റിദ്ധരിച്ചു ബാറ്റ്‌സ്മാന്‍ പുറത്തേക്കു നടന്നാല്‍ പന്ത് ഡെഡ്‌ബോളാകുമെന്നു ക്രിക്കറ്റ് നിയമം നിലവിലുണ്ടെങ്കിലും ഹാര്‍ദിക്കിന്റെ വിക്കറ്റിനായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഏറെ നേരം അംപയറോടു തര്‍ക്കിച്ചു. ഡിആര്‍എസ് തീരുമാനമെടുക്കുന്നതിനു സ്റ്റീവ് സ്മിത്ത് ഗാലറിയിലുള്ള ടീം അംഗങ്ങളുടെ സഹായം തേടിയെന്ന ആരോപണം ആ വര്‍ഷമാദ്യം നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയെ വിവാദത്തില്‍ മുക്കിയിരുന്നു 

സംഭവമിങ്ങനെ: കെയ്ന്‍ റിച്ചാര്‍ഡ്‌സിന്റെ ഫുള്‍ടോസ് പന്ത് ഹാര്‍ദിക് ഉയര്‍ത്തിയടിച്ചെങ്കിലും കവറില്‍ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു. അംപയര്‍ നോബോള്‍ വിളിച്ചതു ഹാര്‍ദിക് കണ്ടില്ല. പെട്ടെന്നു മഴയുമെത്തിയതോടെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ എത്താതെ, ബാറ്റ് ജഴ്‌സിക്കുള്ളില്‍ ഒളിപ്പിച്ച് ഹാര്‍ദിക് പവിലിയനിലേക്കു നടന്നു. സ്മിത്തില്‍നിന്നു പന്തു സ്വീകരിച്ച റിച്ചാര്‍ഡ്‌സണ്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ ബെയ്ല്‍ തെറിപ്പിച്ചു. പിന്നാലെ ഓസീസ് താരങ്ങള്‍ ഒന്നടങ്കം അപ്പീലും നടത്തി.

സ്മിത്തിന് കയ്പിന്റെ നൂറ്

കരിയറിലെ നൂറാം രാജ്യാന്തര ഏകദിനത്തിന് ഇറങ്ങിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും മല്‍സരഫലം കയ്പുനിറഞ്ഞതായി. 100–ാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏഴാം ഓസീസ് താരമായി മാറിയ സ്മിത്ത് 76 പന്തില്‍ 59 റണ്‍സ് നേടിയാണ് പുറത്തായത്.

100 മല്‍സരങ്ങളില്‍ 56 മല്‍സരങ്ങളിലും ഓസീസിനെ നയിച്ച സ്മിത്ത് കളത്തിലിറങ്ങിയ 86 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 43.87 റണ്‍സ് ശരാശരിയില്‍ 3247 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ എട്ടു സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. ഇത്രയും മല്‍സരങ്ങളില്‍നിന്ന് 36 വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ള സ്മിത്തിന്റെ പേരില്‍ 60 ക്യാച്ചുകളുമുണ്ട്.