കാൻപുർ ∙ ഒട്ടേറെ റെക്കോർഡുകളുടെ പിറവിക്കും ഇന്ത്യ–ന്യൂസീലൻഡ് മൽസരം നടന്ന ഗ്രീൻപാർക്ക് സ്റ്റേഡിയം സാക്ഷിയായി. വിജയപരമ്പരകളുടെ എണ്ണത്തിൽ ഇന്ത്യ റെക്കോർഡിട്ടപ്പോൾ, വ്യക്തിഗത റെക്കോർഡുകളുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ഓപ്പണർ രോഹിത് ശർമ, ജസ്പ്രീത് ബുംറ തുടങ്ങിയവരും സാന്നിധ്യമറിയിച്ചു. ന്യൂസീലൻഡിനെതിരെ ഇന്ത്യ സ്വന്തമാക്കിയത് തുടർച്ചയായ ഏഴാം പരമ്പരവിജയമാണ്.
ആദ്യമായാണ് തുടർച്ചയായി ഏഴ് ഉഭയകക്ഷി പരമ്പരകൾ ഇന്ത്യ സ്വന്തമാക്കുന്നത്. 2007 മുതൽ 2009 വരെയുള്ള കാലയളവിൽ നേടിയ തടുർച്ചയായ ആറു പരമ്പര വിജയങ്ങളുട റെക്കോർഡാണ് വിരാട് കോഹ്‍ലിയും കൂട്ടരും മറികടന്നത്. കോഹ്‍ലിക്കു കീഴിൽ ഒരു പരമ്പര പോലും തോറ്റിട്ടില്ലെന്ന റെക്കോർഡും ഇന്ത്യയ്ക്കു സ്വന്തം. കാൻപുർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ന് ഇന്ത്യ സ്വന്തമാക്കിയ 337 റൺസ്. ദക്ഷിണാഫ്രിക്ക നേടിയ 303 റൺസിന്റെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്.
കോഹ്‍ലിയുടെ റെക്കോർഡുകൾ
ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി 9,000 റൺസെന്ന നാഴികക്കല്ലു പിന്നിടുന്നതിനും മൽസരം വേദിയായി. ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ലു താണ്ടുന്ന താരമായും കോഹ്‍ലി മാറി. 194–ാം ഇന്നിങ്സിൽ 9,000 റൺസ് കടന്ന കോഹ്‍ലി, 205–ാം ഇന്നിങ്സിൽ ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് മറികടന്നത്. ഏകദിനത്തിൽ 9,000 റൺസ് കടക്കുന്ന 19–ാമത്തെ താരമാണ് കോഹ്‍ലി. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരവും. സച്ചിൻ തെൻഡുൽക്കർ (18,426), സൗരവ് ഗാംഗുലി (11,363), രാഹുൽ ദ്രാവിഡ് (10,889) മഹേന്ദ്രസിങ് ധോണി (9826), മുഹമ്മദ് അസ്ഹറുദ്ദീൻ (9378) എന്നിവരാണ് കോഹ്‍ലിക്കു മുന്നിലുള്ളത്. കോഹ്‍ലിക്ക് നിലവിൽ 9030 റൺസാണുള്ളത്.
ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ചുറിയിലൂടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കിയ കോഹ്‍ലി, കാൻപുരിലെ സെഞ്ചുറിയിലൂടെ സച്ചിന്റെ ഒന്നാം സ്ഥാനത്തോട് ഒരു പടി കൂടി അടുത്തു. 452 ഇന്നിങ്സുകളിൽനിന്ന് സച്ചിൻ 49 സെഞ്ചുറികൾ നേടിയപ്പോൾ, 194 ഇന്നിങ്സുകൾ മാത്രം കളിച്ച കോഹ്‍ലിയുടെ സെഞ്ചുറികളുടെ എണ്ണം 32 ആയി. 30 സെഞ്ചുറികളുള്ള മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങാണ് മൂന്നാം സ്ഥാനത്ത്.
ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലായി കോഹ്‍ലി ഈ വർഷം 2000 റൺസ് പിന്നിടുന്നതിനും മൽസരം വേദിയായി. ഇക്കാര്യത്തിൽ മുന്നിൽനിക്കുന്ന കോഹ്‍ലിക്കു പിന്നിൽ 1988 റൺസുമായി ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയുണ്ട്.
റെക്കോർഡ് ബുക്കിൽ രോഹിതും
ഓപ്പണർ രോഹിത് ശർമ ഈ വർഷം ഏകദിനത്തിൽ 1000 റൺസും പിന്നിട്ടു. 18 ഇന്നിങ്സുകളിൽനിന്നാണ് രോഹിതിന്റെ നേട്ടം. ഈ വർഷം ഏകദിനത്തിൽ 1000 റൺസ് പിന്നിടുന്ന രണ്ടാമത്തെ മാത്രം താരമാണ് രോഹിത്. ഈ നേട്ടം ആദ്യം കൈവരിച്ച താരവും ഒരു ഇന്ത്യക്കാരനാണ്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഇതുവരെ 26 ഏകദിനങ്ങൾ കളിച്ച കോഹ്‍ലി 1460 റൺസുമായി ബഹുദൂരം മുന്നിലാണ്.
കാൺപുർ സ്റ്റേഡിയത്തിൽ രോഹിതിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 2015ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ഈ വേദിയിൽ രോഹിതിന്റെ ആദ്യ സെഞ്ചുറി. ഇവിടെ രണ്ട് ഏകദിന സെഞ്ചുറികളുള്ള ഏക താരവും രോഹിത് തന്നെ.
രോഹിത്–കോഹ്‍ലി സഖ്യം ഏകദിനത്തിൽ നേടുന്ന 12–ാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണിത്. ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുകൾ തീർക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സഖ്യമാണ് ഇരുവരും. ഈ പതിറ്റാണ്ടിൽ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്ത സഖ്യവും ഇവർതന്നെ. രണ്ടാം വിക്കറ്റിലെ ഏറ്റവുമുയർന്ന 14–ാമത്തെ കൂട്ടുകെട്ടും ഇന്ത്യൻ താരങ്ങളുടെ ഏറ്റവുമുയർന്ന ആറാമത്തെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമാണ് ഇത്.
ഇന്നത്തെ മൽസരത്തിലാകെ രണ്ടു സിക്സ് നേടിയ രോഹിതിന്റെ ഏകദിനത്തിലെ ആകെ സിക്സുകളുടെ എണ്ണം 150 കടന്നു. 165 മൽസരങ്ങളിൽനിന്നാണ് രോഹിത് 150 സിക്സ് സ്വന്തമാക്കിയത്. 160 ഇന്നിങ്സുകളിൽനിന്ന് 150 സിക്സ് നേടിയ ഷാഹിദ് അഫ്രീദിക്കുശേഷം ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരമാണ് രോഹിത്.
വിക്കറ്റെണ്ണത്തിൽ അർധസെഞ്ചുറിയുമായി ബുംറ
മാർട്ടിൻ ഗപ്റ്റിലിനെ പുറത്താക്കിയ ജസ്പ്രീത് ബുംറ ഏകദിനത്തിൽ 50 വിക്കറ്റുകൾ എന്ന നാഴികക്കല്ലു പിന്നിട്ടു. 28–ാം മൽസരത്തിലാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. 23 മൽസരങ്ങളിൽനിന്ന് 50 വിക്കറ്റ് പൂർത്തിയാക്കിയ അജിത് അഗാർക്കറിനുശേഷം ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലേക്കെത്തുന്ന ഇന്ത്യൻ താരം കൂടിയാണ് ബുംറ.
കുറഞ്ഞ ഇന്നിങ്സുകളിൽ 9000 റൺസ് തികച്ചവർ
∙ കോഹ്‍ലി – 194
∙ ഡിവില്ലിയേഴ്സ് – 205
∙ ഗാംഗുലി – 228
∙ സച്ചിൻ – 235
∙ ലാറ – 239
കലണ്ടർ വർഷത്തിൽ കൂടുതൽ റൺസ് നേടിയ നായകർ
1425 –കോഹ്‍ലി (2017)
1424 – പോണ്ടിങ് (2007)
1373 – മിസ്ബ ഉൾ ഹഖ് (2013)
1268 –അസ്‌ഹറുദ്ദീൻ (1998)
1244 –എയ്ഞ്ചലോ മാത്യൂസ് (2014)
ഏകദിനത്തിൽ കൂടുതൽ 200 വിക്കറ്റ് കൂട്ടുകെട്ടുകൾ
∙ രോഹിത്– കോഹ്‍ലി 4
∙ ഗാംഗുലി– സച്ചിൻ 3
∙ ഗൗതം ഗംഭീർ–കോഹ്‍ലി 3
∙ ഉപുൽ തരംഗ– ജയവർധന 3