കാൻപുർ ∙ ജയിക്കുമ്പോൾ ഇങ്ങനെ ജയിക്കണം. ഒരു ത്രില്ലർ സിനിമയുടെ അവസാന സീൻ വരെ ശ്വാസമടക്കിപ്പിടിച്ച് തിയറ്ററിന്റെ ഇരുട്ടിലിരിക്കുന്ന കാണികളെപ്പോലെയായിരുന്നു ഇന്നലെ ഇന്ത്യൻ ആരാധകർ. അവസാനത്തോട് അടുക്കുന്തോറും ആവേശം കൂടിവരുന്ന അതിസുന്ദരമായ ക്രിക്കറ്റ് കാഴ്ചയ്ക്കൊടുവിൽ ഇന്ത്യയ്ക്ക് മൽസര വിജയത്തിന്റെ ആശ്വാസവും പരമ്പരവിജയത്തിന്റെ പകിട്ടും സമ്മാനിച്ചാണ് പോരാട്ടത്തിന് തിരശീല വീണത്. എന്തായാലും, ആദ്യത്തെ ഡേനൈറ്റ് മൽസരത്തിന് വേദിയായ ഗ്രീൻപാർക്ക് സ്റ്റേഡിയം വീണ്ടും ഇന്ത്യയുടെ ഭാഗ്യമൈതാനവുമായി.
അത്യന്തം ആവേശം നിറഞ്ഞുനിന്ന മൽസരത്തിൽ ന്യൂസീലൻഡിനെ ആറു റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. വിരാട് കോഹ്‍ലി വീണ്ടും ഇന്ത്യയുടെ ഭാഗ്യനായകനായപ്പോൾ ഇന്ത്യയ്ക്കിത് തുടർച്ചയായ ഏഴാം പരമ്പര വിജയം. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കു കീഴിൽ പരമ്പര തോറ്റിട്ടില്ലെന്ന റെക്കോർഡും ഇന്ത്യ കാത്തു. 338 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിജയത്തോടെ മൂന്ന് മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–1നാണ് സ്വന്തമാക്കിയത്. ആദ്യ മൽസരം തോറ്റ ഇന്ത്യ രണ്ടും മൂന്നും മൽസരങ്ങൾ സ്വന്തമാക്കിയാണ് പരമ്പര വിജയം നേടിയത്. തകർപ്പൻ സെഞ്ചുറിയുമായി മുന്നിൽനിന്ന് നയിച്ച രോഹിത് ശർമ കളിയിലെ കേമനായപ്പോൾ രണ്ടാം സെഞ്ചുറി കണ്ടെത്തിയ വിരാട് കോഹ്‍ലി പരമ്പരയുടെ താരമായി.
അവസാന അഞ്ച് ഓവറിൽ ആറു വിക്കറ്റുകൾ ബാക്കിനിൽക്കെ വിജയത്തിലേക്ക് 50 റൺസ് മാത്രം മതിയായിരുന്ന കിവീസിനെ, ഉജ്വലമായ ബോളിങ്ങിലൂടെ ഭുവനേശ്വർ–ബുംറ സഖ്യം വരിഞ്ഞുമുറുക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ 10 ഓവറിൽ 92 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഓവറിലെ 19 റൺസ് ഉൾപ്പെടെ ആദ്യ സ്പെല്ലിൽ തല്ലു വാങ്ങിക്കൂട്ടിയ ഭുവനേശ്വർ കുമാർ ഡെത്ത് ഓവറുകളിലെ മികച്ച ബോളിങ്ങിലൂടെയാണ് ബുംറയ്ക്കൊപ്പം ടീമിനു വിജയം സമ്മാനിച്ചത്.
10 ഓവറിൽ 47 റൺസ് വഴങ്ങിയ ബുംറ മൂന്നു വിക്കറ്റുമെടുത്തു. 10 ഓവറിൽ 47 റൺസ് വഴങ്ങി മൺറോ (62 പന്തിൽ 75), വില്യംസൻ (84 പന്തിൽ 64) എന്നിവരെ പുറത്താക്കിയ ചാഹലും മികച്ചുനിന്നു. ഇവർക്കൊപ്പം, സെഞ്ചുറി പ്രകടനവുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായ ഓപ്പണർ രോഹിത് ശർമ (138 പന്തിൽ 147), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (106 പന്തിൽ 113 റൺസ്) എന്നിവർക്കും കൊടുക്കണം കയ്യടി.
സെഞ്ചുറിത്തിളക്കത്തിൽ കോഹ്‍ലി, രോഹിത്
റണ്ണൊഴുക്കും റെക്കോർഡുകളുടെ കുത്തൊഴുക്കും കണ്ട മൽസരത്തിൽ കാൻപുർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തെ ‘റണ്‍പാർക്കാ’ക്കിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണെടുത്തത്. സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്സുകളുമായി ഓപ്പണർ രോഹിത് ശർമ (138 പന്തിൽ 147), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (106 പന്തിൽ 113 റൺസ്) എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 250 കടന്ന ഇന്ത്യയ്ക്ക് അവസാന ഓവറുകളിൽ തകർത്തടിക്കാനാകാതെ പോയതാണ് സ്കോർ 337ൽ ഒതുക്കിയത്.
സ്കോർ 29ൽ നിൽക്കെ ശിഖർ ധവാനെ നഷ്ടമായശേഷം രണ്ടാം വിക്കറ്റിൽ കോഹ്‍ലി–രോഹിത് സഖ്യം കൂട്ടിച്ചേർത്ത 230 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. രോഹിതിന്റെ 15–ാം ഏകദിന സെഞ്ചുറിയാണ് കാൻപുരിലേത്. സച്ചിന്റെ 49 സെഞ്ചുറികളെന്ന റെക്കോർഡ് ലക്ഷ്യമാക്കി മുന്നേറുന്ന കോഹ്‍ലിയുടെ 32–ാം സെഞ്ചുറിയും. പരമ്പര വിജയകളെ നിശ്ചയിക്കുന്ന ഇന്നത്തെ മൽസരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തിൽ നിലയുറപ്പിക്കാൻ പാടുപെട്ട ഇന്ത്യൻ ഓപ്പണർമാർ പച്ചപിടിച്ചു വരുമ്പോഴായിരുന്നു ധവാന്റെ പുറത്താകൽ. 20 പന്തിൽ മൂന്നു ബൗണ്ടറികളോടെ 14 റൺസെടുത്ത ധവാനെ സൗത്തി വില്യംസന്റെ കൈകളിലെത്തിച്ചു. പിന്നീടായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ കോഹ്‍ലി–രോഹിത് കൂട്ടുകെട്ട്.
സെഞ്ചുറിയും കടന്ന കുതിച്ച രോഹിത് ഒരു ഇരട്ടസെഞ്ചുറിയുടെ സൂചനകൾ നൽകിയെങ്കിലും സ്കോർ 259ൽ നിൽക്കെ 147 റൺസുമായി മടങ്ങി. 138 പന്തിൽ 18 ബൗണ്ടറിയും രണ്ടു സിക്സും നേടിയ രോഹിതിനെ സാന്റ്നറിന്റെ പന്തിൽ സൗത്തി ക്യാച്ചെടുത്തു പുറത്താക്കി. നാലാമനായി ഹാർദിക് പാണ്ഡ്യ എത്തിയതോടെ ഇന്ത്യയുടെ മനസ്സിലിരുപ്പ് വ്യക്തം. അതിവേഗം റൺസ് സ്കോർ ചെയ്യുക. എന്നാൽ, ഹാർദ്ദിക്ക് ഉദ്ദേശിച്ച രീതിയിൽ ക്ലിക്ക് ആയില്ല. ആറു പന്തിൽ ഒരു ബൗണ്ടറി അടക്കം എട്ടു റൺസെടുത്ത പാണ്ഡ്യയെ സാന്റ്നർ മടക്കി. ക്യാച്ചെടുത്തത് സൗത്തി തന്നെ. 32–ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കി അധികം വൈകാതെ കോഹ്‍ലിയും മടങ്ങി. 106 പന്തിൽ ഒൻപതു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 113 റൺസെടുത്ത കോഹ്‍ലിയെ സൗത്തി പുറത്താക്കി.
അവസാന ഓവറുകളിൽ തകർത്തടിച്ച ധോണിയും കേദാർ ജാദവുമാണ് ഇന്ത്യൻ സ്കോർ 330 കടത്തിയത്. ധോണി 16 പന്തിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 25 റൺസും ജാദവ് 10 പന്തിൽ 18 റൺസും നേടി. ദിനേശ് കാർത്തിക് നാലു റൺസുമായി പുറത്താകാതെ നിന്നു.
ആവേശം അലതല്ലിയ രണ്ടാം ഇന്നിങ്സ്
അത്യന്തം ആവേശകരമായിരുന്നു ന്യൂസീലൻഡ് ഇന്നിങ്സ്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ 19 റൺസ് അടിച്ചെടുത്ത കിവീസ് ഓപ്പണർമാർ വരാനിരിക്കുന്ന ആപത്തിന്റെ സൂചന സമ്മാനിച്ചു. ആദ്യ ഓവറിൽ ഒരു സിക്സും മൂന്നു ബൗണ്ടറിയും പറത്തിയ കോളിൻ മൺറോയായിരുന്നു കൂടുതൽ അപകടകാരി. ജസ്പ്രീത് ബുംറ താരതമ്യേന മികച്ചുനിന്നെങ്കിലും മറ്റുള്ള ഇന്ത്യൻ ബോളർമാരെല്ലാം തല്ല് വാങ്ങിക്കൂട്ടി.
മികച്ച കൂട്ടുകെട്ടുകളുടെ ബലത്തിലായിരുന്നു ന്യൂസീലൻഡിന്റെ മുന്നേറ്റം. ഒന്നാം വിക്കറ്റിൽ 44 കൂട്ടിച്ചേർത്ത കിവികൾ രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഇന്ത്യയെ വെല്ലുവിളിച്ചത്. 109 റൺസിന്റെ കൂട്ടുകെട്ട് തീർത്ത മൺറോ, വില്യംസൻ സഖ്യം ക്രീസിൽ നിൽക്കുമ്പോൾ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയേ ഉണ്ടായിരുന്നില്ല. ഇരുവരെയും മടക്കിയ യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയെ മൽസരത്തിലേക്കു മടക്കി കൊണ്ടുവന്നത്. കോളിൻ മണ്‍റോ 62 പന്തിൽ എട്ടു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 75 റൺസും കെയ്ൻ വില്യംസൻ 84 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 64 റണ്‍സുമെടുത്തി.
നാലാം വിക്കറ്റിൽ വീണ്ടും ഇന്ത്യയ്ക്ക് ഭീഷണി ഉയർന്നു. ആദ്യ മൽസരം ഇന്ത്യയിൽനിന്ന് തട്ടിയെടുത്ത ടോം ലാഥം–റോസ് ടെയ്‌ലർ സഖ്യം വീണ്ടും ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തി. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 79 റൺസ്. ടെയ്‌ലറിനെ പുറത്താക്കി ബുംറ മോഹിപ്പിച്ചെങ്കിലും അഞ്ചാം വിക്കറ്റിൽ ന്യൂസീലൻഡ് വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. തകർത്തടിച്ച ഇരുവരും ന്യൂസീലൻഡിന്റെ മൂന്നാം അർധസെഞ്ചുറി കൂട്ടുകെട്ട് (59) തീർത്തു. എന്നാൽ അവസാന ഓവറുകളുടെ സമ്മർദ്ദത്തിനിടെ ഇരുവരും മടങ്ങിയതോടെ ന്യൂസീലൻഡിന്റെ പോരാട്ടവും ഏതാണ്ട് അവസാനിച്ചു. കിവീസ് നിരയിലെ മൂന്നാം അർധസെഞ്ചുറി കുറിച്ച ടോം ലാഥം 52 പന്തിൽ ഏഴു ബൗണ്ടറി ഉൾപ്പെടെ 65 റൺസെടുത്തു. റോസ് ടെയ്‌ലർ 47 പന്തിൽ മൂന്നു ബൗണ്ടറി ഉൾപ്പെടെ 39 റണ്‍സും ഹെൻറി നിക്കോളാസ് 24 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 37 റണ്‍സുമെടുത്തു. മിച്ചൽ സാന്റ്നർ അഞ്ചു പന്തിൽ എട്ടു റൺസെടുത്തു പുറത്തായപ്പോൾ ഗ്രാൻഡ്ഹോം 11 പന്തിൽ എട്ടു റൺസോടെയും ടിം സൗത്തി ഒരു പന്തിൽ നാലു റൺസോടെയും പുറത്താകാതെ നിന്നു.
ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാർ 10 ഓവറിൽ 92 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഡെത്ത് ഓവറുകളിൽ തകർത്തെറിഞ്ഞ ഭുവി ആദ്യ ഓവറുകളിൽ തല്ലു വാങ്ങിക്കൂട്ടിയതിനും പ്രായശ്ചിത്തം ചെയ്തു. ബുംറ 10 ഓവറിൽ 47 റൺസ് വഴങ്ങി മൂന്നും ചാഹൽ 10 ഓവറിൽ 47 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. വിക്കറ്റൊന്നും ലഭിക്കാതിരുന്ന കേദാർ ജാദവ് എട്ട് ഓവറിൽ 54 റൺസും അക്ഷർ പട്ടേൽ ഏഴ് ഓവറിൽ 40 റൺസും ഹാർദിക് പാണ്ഡ്യ അഞ്ച് ഓവറിൽ 47 റൺസും വഴങ്ങി.