Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസരം മുതലെടുത്ത് ശ്രേയസ് അയ്യർ; കാർത്തിക്കിനും പാണ്ഡെയ്ക്കും ‘നാലിന്റെ’ ഭീഷണി

Shreyas-Iyer ശ്രേയസ് അയ്യർ

വിശാഖപട്ടണം ∙ രോഹിത് ശർമയുടെ മൂന്നാം ഏകദിന ഇരട്ടസെഞ്ചുറി തീർത്ത പ്രകമ്പനത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയിൽ വേണ്ടത്ര പതിയായ പോയ ഒരു പ്രകടനമുണ്ട്, മൊഹാലി ഏകദിനത്തിൽ. കരിയറിലെ രണ്ടാമത്തെ മാത്രം രാജ്യാന്തര ഏകദിനം കളിച്ച ശ്രേയസ് അയ്യരുടെ സെഞ്ചുറിയോളം പോന്നൊരു അർധസെഞ്ചുറി.

അർധസെഞ്ചുറി കടക്കുംവരെ നിലയുറപ്പിക്കാൻ ഏറെ സമയമെടുത്ത രോഹിത് ശർമയ്ക്ക് തന്റെ ഇന്നിങ്സ് ഇരട്ടസെഞ്ചുറിയോളം നീട്ടാനായിട്ടുണ്ടെങ്കിൽ ശ്രേയസ് അയ്യർ നൽകിയ പിന്തുണയ്ക്ക് അതിൽ ശ്രദ്ധേയമായ പങ്കുണ്ട്. അവസാന ഓവറുകളിൽ തകർത്തടിക്കാനുള്ള ആത്മവിശ്വാസം രോഹിതിന് നൽകിയത് അയ്യരുമൊത്തുള്ള ഇന്നിങ്സാണ്. രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത ഇരട്ടസെ‍ഞ്ചുറി കൂട്ടുകെട്ടാകട്ടെ, നാനൂറിനടുത്തുള്ള ഇന്ത്യയുടെ സ്കോറിലും നിർണായകമായി.

നാലിൽ ഒന്നാകുമോ അയ്യർ?

ഒരു തുടക്കക്കാരന്റെ പതർച്ചയോ ആകുലതകളോ ഇല്ലാതെ മികച്ച സ്ട്രോക്ക് പ്ലേയുമായി കളം നിറഞ്ഞ ശ്രേയസ് അയ്യർ, നാലാം നമ്പരിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളിക്ക് ഉത്തരമാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. മൊഹാലിയിൽ മൂന്നാം നമ്പറിലാണ് അയ്യർ ബാറ്റിങ്ങിന് ഇറങ്ങിയതെങ്കിലും ആ സ്ഥാനത്ത് സ്ഥിരംമുഖമായ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തിരിച്ചെത്തുന്നതോടെ അയ്യർക്കു പകരം വേറെ സ്ഥാനം കണ്ടുപിടിക്കേണ്ടതുണ്ട്. നാലാം നമ്പറിൽ ശനിദശ തുടരുന്ന സാഹചര്യത്തിൽ ആ സ്ഥാനത്ത് അയ്യർ ഇരിപ്പുറപ്പിക്കുമോ എന്നാണ് ആരാധകരുടെ നോട്ടം. ഈ സ്ഥാനത്ത് നിരവധി അവസരങ്ങള്‍ ലഭിച്ച ദിനേശ് കാർത്തിക്കിനും മനീഷ് പാണ്ഡെയ്ക്കും അയ്യരുടെ പ്രകടനം ഭീഷണിയുമാകും.

ധരംശാല ഏകദിനത്തിൽ 18 പന്തുകൾ നേരിട്ടതിനുശേഷം പൂജ്യത്തിനു പുറത്തായ ദിനേശ് കാർത്തിക് ഉൾപ്പെടെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ പതിനൊന്നുപേരെയാണ് ഇന്ത്യ ഈ സ്ഥാനത്തു പരീക്ഷിച്ചത്. ഈ വർഷം ഇതുവരെ ആറുപേരെയും. തുടർച്ചയായ ആറ് ഏകദിന പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിനൊരുങ്ങുമ്പോഴാണ് ബാറ്റിങ്ങിലെ ഒരു പൊസിഷൻ മാത്രം ആരും വാഴാത്ത കറങ്ങും കസേരയായി തുടരുന്നത്.  

ഈ വർഷമാദ്യം 10 മൽസരങ്ങളിൽ നിന്നു 372 റൺസ് നേടിയ യുവരാജ് സിങ്ങായിരുന്നു നാലാം നമ്പറിൽ ഇന്ത്യയുടെ വിശ്വസ്തൻ. ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളിൽ നിന്ന് 210 റൺസ് നേടിയിട്ടും നാട്ടിലെ സാഹചര്യങ്ങളിൽ മാത്രമാണു മികവെന്ന അടിക്കുറിപ്പെഴുതി യുവരാജിനെ പുറത്താക്കി. യുവരാജിന്റെ സെഞ്ചുറിക്കുശേഷം ഈ സ്ഥാനത്ത് പിന്നീടാരും മൂന്നക്കം കണ്ടിട്ടില്ല. രണ്ടുതവണ അർധ സെഞ്ചുറി പിന്നിട്ട ദിനേശ് കാർത്തിക്കും ഒരുതവണ 50 കടന്ന ഹാർദിക് പാണ്ഡ്യയുമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. 

വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ അവസാന രണ്ടുമൽസരങ്ങളിൽ ഈ സ്ഥാനത്തിറങ്ങിയ ദിനേശ് കാർത്തിക് അർധ സെഞ്ചുറി നേടിയിട്ടും ശ്രീലങ്കയ്ക്കെതിരെ നടന്ന പരമ്പരയ്ക്കു പരിഗണിച്ചില്ല. ശ്രീലങ്കയ്ക്കെതിരെ നാലു വ്യത്യസ്ത താരങ്ങളെ ഈ സ്ഥാനത്തു പരീക്ഷിച്ച നീക്കം പരാജയപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 78 റൺസ് നേടിയ ഹാർദിക്കിനെ പിന്നീട് നാലാം നമ്പറിൽ സ്ഥിരാംഗം ആക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ന്യൂസീലൻഡിനെതിരെയും ഇന്ത്യ മറ്റു താരങ്ങളിൽ പരീക്ഷണം തുടരുകയായിരുന്നു.

ഏറ്റവുമൊടുവിൽ ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ ദിനേശ് കാർത്തിക്കിനു വീണ്ടും നറുക്കുവീണു. 18 പന്തിൽ റണ്ണൊന്നുമെടുക്കാതെ പേരുദോഷം കേൾപ്പിച്ചാണ് കാർത്തിക് തിരിച്ചുകയറിയത്. അന്ന് മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷാൽ ധോണിയും ഇന്ത്യൻ താരങ്ങൾ തിളങ്ങിയ മൊഹാലി ഏകദിനത്തിൽ നാലാം നമ്പറിലെത്തിയെങ്കിലും ശോഭിക്കാനായില്ല. കഷ്ടകാലം തുടരുന്നു.

മൊഹാലിയിലെ ഇന്ത്യയുടെ ‘ശ്രേയസ്’

22–ാം ഓവറിലെ ആദ്യ പന്തിൽ പതിരണയ്ക്കു വിക്കറ്റ് സമ്മാനിച്ച് ശിഖർ ധവാൻ മടങ്ങിയപ്പോഴാണ് ശ്രേയസ് അയ്യർ ക്രീസിലെത്തുന്നത്. അതും സാക്ഷാൽ വിരാട് കോഹ്‍ലിയുടെ സ്വന്തം മൂന്നാം നമ്പറിൽ. കോഹ്‍ലിയുടെ വരവോടെ മൂന്നാം നമ്പർ സ്ഥാനത്തിന് ടീമിൽ ലഭിച്ചിട്ടുള്ള പ്രാധാന്യം മനസിലാക്കിയുള്ള പ്രകടനമായിരുന്നു അയ്യരുടേത്. 

ശ്രേയസ് അയ്യർ ക്രീസിലെത്തുമ്പോൾ 60 പന്തിൽ 46 റൺസുമായി നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ക്യാപ്റ്റൻ രോഹിത് ശർമ. ആദ്യ 15 പന്തിൽ 11 റൺസായിരുന്നു അയ്യരുടെ സമ്പാദ്യം. നേരിട്ട 16–ാം പന്തിലായിരുന്നു ആദ്യ ബൗണ്ടറി. പതിരണയുടെ ആ ഓവറിന്റെ അവസാന പന്തും പോയിന്റിലൂടെ ബൗണ്ടറി കടത്തിയ അയ്യർക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൃത്യം 50 പന്തിൽനിന്ന് അർധസെഞ്ചുറിയിലേക്ക് എത്തുമ്പോൾ മറുവശത്ത് രോഹിത് ശർമ അപ്പോഴും സെഞ്ചുറി പൂർത്തിയാക്കിയിരുന്നില്ല.

അർധസെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ആക്രമണമാരംഭിച്ച അയ്യർ 46–ാം ഓവറിലാണ് പുറത്താകുന്നത്. അതിനിടെ 70 പന്തുകൾ നേരിട്ട് ഒൻപതു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ നേടിയത് 88 റൺസ്. തിസാര പെരേരയുടെ പന്തിൽ പകരക്കാരൻതാരം ഡിസിൽവയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ അർഹിക്കുന്ന സെഞ്ചുറി അയ്യർക്കു നഷ്ടമായതിന്റെ നിരാശയിലായിരുന്നു ആരാധകർ.

സത്യത്തിൽ അയ്യർ സമ്മാനിച്ച ആത്മവിശ്വാസത്തിൽനിന്നായിരുന്നു മൂന്നാം ഏകദിന ഇരട്ടസെഞ്ചുറിയിലേക്കുള്ള രോഹിതിന്റെ കുതിപ്പ്. അയ്യർക്കൊപ്പം രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത്, അയ്യർ പുറത്താകുമ്പോൾ 134 പന്തിൽ 153 റൺസെന്ന നിലയിലായിരുന്നു. അയ്യർക്കൊപ്പം ചേർന്ന് 213 റൺസാണ് രോഹിത് കൂട്ടിച്ചേർത്തത്. 146 പന്തിൽനിന്നായിരുന്നു ഇത്. ഇതിൽ 76 പന്തിൽനിന്ന് രോഹിത് 114 റൺസും 70 പന്തിൽനിന്ന് ശ്രേയസ് അയ്യർ 88 റൺസും കൂട്ടിച്ചേർത്തു.

related stories