Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പരാജയ ശങ്കറാ’യതിന്റെ ഞെട്ടലിൽ വിജയ് ശങ്കർ; മറക്കാനാകുമോ, ആ ദിനം?

vijay-shankar-play വിജയ് ശങ്കർ

ന്യൂഡൽഹി∙ ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ ബംഗ്ലദേശിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടി, ദിനേഷ് കാർത്തിക് വിജയ നായകനുമായി. എന്നാൽ, ടീമിനെ ജയിപ്പിക്കാൻ നിര്‍ണായക അവസരം ലഭിച്ചിട്ടും ഒന്നും ചെയ്യാനാകാതെ പോയതിന്റെ വിഷമം വിട്ടുമാറാനായിട്ടില്ല യുവതാരം വിജയ് ശങ്കറിന്. പരിചയസമ്പന്നനായ ദിനേഷ് കാർത്തിക്കിനെ തഴഞ്ഞ് ടീം മാനേജ്മെന്റ് അവസരം നൽകിയെങ്കിലും ഏറെയൊന്നും ചെയ്യാൻ കഴിയാതെ തട്ടിയും മുട്ടിയും നിന്ന വിജയ് ശങ്കറിനെതിരെ വൻ പ്രതിഷേധമായിരുന്നു സമൂഹമാധ്യമങ്ങളിൽ. വിജയ് ശങ്കറിനായി കാർത്തിക്കിനെ തഴയുകയായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ ആ രോഷം ഇരട്ടിക്കുകയും ചെയ്തു.

കളിക്കു ശേഷം വിജയ് ശങ്കറിന്റെ പ്രതികരണം ഇങ്ങനെ – അവസാന പന്തെറിയാൻ തയ്യാറെടുക്കുമ്പോൾ ദിനേഷ് കാർത്തിക്ക് അനുഭവിച്ച അതേ സമ്മർദം ഞാനും അനുഭവിച്ചു. ആ കളി തോറ്റാൽ ഏറ്റവും കൂടുതൽ പഴി ഞാൻ ‍കേൾക്കേണ്ടി വരുന്നത് ഞാനാണെന്ന് എനിക്കറിയാമായിരുന്നു. കാർത്തിക്കിനു പകരം ഞാനാണ് സിക്സർ അടിച്ച് കളി ജയിപ്പിച്ചിരുന്നെങ്കിൽ സമൂഹമാധ്യമങ്ങൾ എന്നെ വാഴ്ത്തിപ്പാടുമായിരുന്നു. കളി കഴിഞ്ഞിട്ടും ഹെൽമെറ്റിന്റെ സ്ട്രാപ്പ് പോലും അഴിക്കാനാകാതെ ഇരിക്കുകയായിരുന്നു ഞാൻ. ഒടുവിൽ സമ്മർദം താങ്ങാനാകാതെ കണ്ണുകൾ അടച്ചു. കളി ജയിച്ചെന്നു അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുളളിച്ചാടിപ്പോയി.

ബംഗ്ലദശിനെതിരായ ഫൈനൽ പോരാട്ടത്തിൽ നിർണായക ഘട്ടത്തിൽ 17 പന്തിൽ നിന്ന് 19 റൺസ് എടുക്കാനെ വിജയ് ശങ്കറിന് കഴിഞ്ഞിരുന്നുളളു. മുസ്താഫിസുർ റഹ്മാൻ എറിഞ്ഞ 18-ാം ഓവറില്‍ തുടരെ നാലു പന്തുകൾ പാഴാക്കിക്കളഞ്ഞ വിജയ് ശങ്കറാണ് ഇന്ത്യയെ അനാവശ്യ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടത്. അഞ്ചാം പന്തിൽ ലെഗ് ബൈയായി ലഭിച്ച ഒരു റണ്ണിലൂടെ മനീഷ് പാണ്ഡെയ്ക്ക് സ്ട്രൈക്ക് കൈമാറിയെങ്കിലും സമ്മർദ്ദം താങ്ങാനാകാതെ പാണ്ഡെ പുറത്താവുകയും ചെയ്തു. പിന്നാലെ വിജയ് ശങ്കറും നിർണായക ഘട്ടത്തിൽ ക്യാച്ച് നൽകി പുറത്തായി.

Bangladesh India Cricket ബംഗ്ലദേശിനെ പരാജയപ്പെടുത്തിയ ശേഷം ദിനേഷ് കാർത്തിക്

കളി വിജയിച്ചതോടെ വിജയ് ശങ്കര്‍ ആരാധകരുടെ വിമർശനങ്ങളിൽ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷപ്പെട്ടെങ്കിലും താരത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. ബംഗ്ലദേശ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ, വർഷങ്ങളോളം രാജ്യാന്തര ക്രിക്കറ്റിൽ നിറഞ്ഞു നിന്ന കാർത്തിക്കിനെക്കാളും ടീം മാനേജ്മെന്റ് വിശ്വസിച്ചത് പുതുമുഖം വിജയ് ശങ്കറിനെയായിരുന്നു. കാർത്തിക്കിനെക്കാൾ കൂറ്റനടികൾക്കുള്ള കെൽപ്പ് വിജയ് ശങ്കറിനുണ്ടെന്ന വിശ്വാസമായിരുന്നു അതിനു പിന്നിൽ.

ബംഗ്ലദേശ് താരം റൂബൽ ഹുസൈൻ എറിഞ്ഞ 19 –ാം ഓവറിലാണ് ഇന്ത്യ മൽസരത്തിലേയ്ക്കു തിരിച്ചെത്തിയത്. ആ ഓവറിൽ 22 റൺസ് അടിച്ചു കൂട്ടി തോൽക്കാനില്ലെന്ന സന്ദേശം ദിനേഷ് കാർത്തിക് നൽകി. ജയിക്കാന്‍ 12 പന്തില്‍ 34 റണ്‍സ് എന്ന അതീവ പ്രതിസന്ധിഘട്ടത്തില്‍ ക്രീസിലെത്തിയ കാര്‍ത്തിക് എട്ടു പന്തില്‍ മൂന്നു സിക്‌സും രണ്ടു ഫോറും ഉള്‍പ്പെടെ 29 റണ്‍സ് നേടിയാണ് രക്ഷകനായത്. നിർണായകമായ മൽസരം ജയിച്ചതോടെ കാർത്തിക് നായകനായും വിജയ് ശങ്കർ പ്രതിനായകനായും മാറുകയായിരുന്നു.

ട്വന്റി20 ബാറ്റിങ് ആദ്യമായി, എന്നിട്ടും...

രാജ്യാന്തര ട്വന്റി20 മല്‍സരങ്ങൾ അഞ്ചെണ്ണമുണ്ടെങ്കിലും ആദ്യമായി വിജയ് ശങ്കർ ടീം ഇന്ത്യയ്ക്കായി ബാറ്റേന്തുന്നത് ബംഗ്ലദേശിനെതിരായ ആ ഫൈനലിലായിരുന്നു. നാലു ബൗണ്ടറികൾ നേടിയെങ്കിലും പന്തുകൾ പാഴാക്കി കളഞ്ഞ വിജയ് ശങ്കറിനോട് പൊറുക്കാൻ ആരാധകർ തയ്യാറല്ല. കളിയിൽ വിജയം നേടിയെങ്കിലും ബാറ്റിങ്ങിൽ വിജയ് ശങ്കർ, 'പരാജയ' ശങ്കറായി പോയി. എന്നാൽ ഇത് ട്വന്റി20യാണ്. ക്രീസിലെത്തുന്നത് ആദ്യമായും. ഒരു പുതുമുഖതാരത്തിനു സമ്മർദ്ദം ഉണ്ടാകാൻ ഇത്രയും മതിയെന്നതും വേറെ കാര്യം.

vijay-tamil-nadu തമിഴ്നാടിനു വേണ്ടി ബാറ്റു ചെയ്യുന്ന വിജയ് ശങ്കർ

27 കാരനായ വിജയ് ശങ്കർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. 32 കളികളിൽ നിന്നായി 1671 റൺസുകള്‍ താരം അടിച്ചുകൂട്ടി. 111 റണ്‍സാണ് ഉയർ‌ന്ന സ്കോർ. അഞ്ചു സെഞ്ചുറിയും പത്ത് അർധസെഞ്ചുറിയും ഫസ്റ്റ് ക്ലാസ് കരിയറിൽ താരത്തിനുണ്ട്. 27 വിക്കറ്റുകളും വീഴ്ത്തി. ട്വന്റി20യിൽ 46 മൽസരങ്ങളിൽ‌ മൂന്നു അർധസെഞ്ചുറികളുൾപ്പെടെ 606 റൺസും വിജയ് ശങ്കറിനുണ്ട്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളുടെ താരമായിരുന്നു. പുതിയ സീസണിൽ 3.2 കോടിക്ക് ഡൽഹി ഡെയര്‍ ഡെവിൾസാണ് താരത്തെ സ്വന്തമാക്കിയത്.

വിജയ് ശങ്കറിന്റെ അവസാന പത്ത് മൽസരങ്ങളിലെ പ്രകടനങ്ങൾ (എതിരാളി, നേടിയ റൺസ്, ബൗളിങ് എന്ന ക്രമത്തില്‍)

∙ ബംഗ്ലദേശ്– 17, 0/48

∙ ബംഗ്ലദേശ്– 0/28

∙ ശ്രീലങ്ക– 1/30

∙ ബംഗ്ലദേശ്– 2/32

∙ ശ്രീലങ്ക– 0/15

∙ മധ്യപ്രദേശ് (തമിഴ്നാടിനു വേണ്ടി വിജയ് ഹസാരെ)– 84

∙ മുംബൈ– 11, 1/36

∙ ഗോവ– അഞ്ച്, 1/31

∙ ഗുജറാത്ത്– 100

∙ ബറോഡ– 6, 0/31

related stories