Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജന്റീനയ്ക്ക് ‘സമനില പ്രതിസന്ധി’; വിജയം തുടർന്ന് ബ്രസീൽ – വിഡിയോ

Philippe-Coutinho- ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയ കുട്ടീഞ്ഞോ വില്യനുമൊത്ത് അഹ്ലാദം പങ്കിടുന്നു.

ബ്യൂണസ് ഐറിസ് ∙ അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളെ കൂടുതൽ പ്രതിസിന്ധിയിലാക്കി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വീണ്ടും സമനില. ഇന്നു പുലർച്ചെ നടന്ന മൽസരത്തിൽ യുറഗ്വായാണ് അർജന്റീനയെ ഗോൾരഹിത സമനിലയിൽ കുരുക്കിയത്. അതേസമയം, ലോകകപ്പിൽ സ്ഥാനമുറപ്പിച്ച ബ്രസീൽ ഇക്വഡോറിനെതിരെയും വിജയം തുടർന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. പൗളീഞ്ഞോ, ഫിലിപ്പോ കുട്ടീഞ്ഞോ എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. ഇതോടെ യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം ബ്രസീൽ അരക്കിട്ടുറപ്പിച്ചു.

അതേസമയം, രണ്ടാം സ്ഥാനത്തുള്ള കൊളംബിയ വെനസ്വേലയോട് ഗോൾരഹിത സമനില വഴങ്ങി. ബൊളീവിയയ്ക്കെതിരെ പെറു ജയിച്ചുകയറി. എഡിസൻ ഫ്ലോറസ്, ക്യൂവ എന്നിവരുടെ വകയായിരുന്നു പെറുവിന്റെ ഗോളുകൾ. ബൊളീവിയയുടെ ആശ്വാസഗോൾ ആൽവരസ് നേടി. ചിലെയെ അട്ടിമറിച്ച പരഗ്വായും മികവുകാട്ടി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പാരഗ്വായുടെ ജയം.

15 മൽസരങ്ങളിൽനിന്ന് 36 പോയിന്റുള്ള ബ്രസീൽ ഒന്നാം സ്ഥാനത്തും 25 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്തും തുടരുകയാണ്. 24 പോയിന്റുള്ള യുറഗ്വായ് മൂന്നാം സ്ഥാനത്താണ്. ഇത്രതന്നെ മൽസരങ്ങളിൽനിന്ന് 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അർജന്റീന. പാരഗ്വായോടു തോറ്റ ചിലെയ്ക്കും 23 പോയിന്റാണ് ഉള്ളതെങ്കിലും മികച്ച ഗോൾശരാശരിയുടെ മികവിലാണ് അവർ നാലാം സ്ഥാനത്തു തുടരുന്നത്. ആദ്യ നാലു സ്ഥാനക്കാർക്കാണ് ഫൈനൽ റൗണ്ടിലേക്കു നേരിട്ടു യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാർ പ്ലേ ഓഫ് കളിക്കണം. പോയന്റ് പട്ടികയിൽ ബ്രസീൽ ബഹുദൂരം മുന്നിലാണെങ്കിലും തുടർന്നുള്ള സ്ഥാനങ്ങളിലെ ടീമുകൾ തമ്മിൽ ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂവെന്നതിനാൽ ആർക്കും യോഗ്യത നേടാവുന്ന അവസ്ഥയാണ്. അർജന്റീനയുടെ പ്രതീക്ഷകൾ കെടാതെ കാക്കുന്നതും ഈ ഘടകം തന്നെ.

ഈ സമനില അർജന്റീനയ്ക്ക് കുരുക്ക്

ജയം അനിവാര്യമായ മല്‍സരത്തില്‍ ലയണൽ മെസ്സി, ഏഞ്ചൽ ഡി മരിയ, ഡൈബാല, ഇക്കാർഡി തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം അണിനിരന്നിട്ടും സമനിലയില്‍ കുരുങ്ങിയത് അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശന സാധ്യതകളെ സങ്കീര്‍ണമാക്കി. ലൂയി സ്വാരസ്, എഡിസൻ കവാനി തുടങ്ങിയവർ അണിനിരന്ന യുറഗ്വായ്ക്കെതിരെ നിർണായക മൽസരത്തിൽ പ്രിയ ടീം ജയിച്ചു കയറുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

പന്ത് കൈവശം വയ്ക്കുന്നതിൽ അർജന്റീന മികച്ചുനിന്നെങ്കിലും മികച്ച ഗോളവസരങ്ങൾ തുറന്നെടുക്കാൻ ടീമിനു സാധിക്കാതെ പോയതാണ് വിനയായത്. മറുവശത്ത് സ്വാരസ് ഉൾപ്പെട്ട യുറഗ്വായ് മുന്നേറ്റത്തിനും കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാനായില്ല. 

മികവു തുടർന്ന് ബ്രസീൽ

ഒരു വശത്ത് ബദ്ധവൈരികളായ അർജന്റീന ലോകകപ്പിനു യോഗ്യത നേടാൻ പെടാപ്പാടു പെടുമ്പോൾ‌, ലാറ്റിനമേരിക്കയിൽനിന്ന് യോഗ്യത ഉറപ്പിച്ച ഏക ടീമായ ബ്രസീൽ തകർപ്പൻ ഫോം തുടരുന്നു. ഇക്വഡോറിനെതിരായ മൽസരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ ജയം.

ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ ഫിലിപ്പെ കുട്ടീഞ്ഞോയാണ് കളിയുടെ ഗതി മാറ്റിയത്.

69–ാം മിനിറ്റിൽ പൗളിഞ്ഞോയിലൂടെ മുന്നിൽ കയറിയ ബ്രസീലിനെ 76–ാം മിനിറ്റിലെ ഗോളിലൂടെ കുട്ടീഞ്ഞോ സുരക്ഷിതമായി വിജയതീരമണച്ചു. പരിശീലകനായ ടിറ്റെയ്ക്കു കീഴിൽ യോഗ്യതാ മൽസരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ ഒൻപതാം ജയമാണിത്. ഈ ഒൻപതു മൽസരങ്ങളിൽ 26 ഗോളുകൾ അടിച്ച ബ്രസീൽ രണ്ടു ഗോളുകൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ.