ആകസ്മികമായ കടന്നുവരവായിരുന്നു ചന്ദനമഴയിലേക്കെങ്കിലും വളരേ പെട്ടന്നാണ് അഞ്ജലിയെന്ന കഥാപാത്രത്തിലൂടെ നിമ്മി അരുണ്‍ഗോപന്‍ പ്രേക്ഷപ്രീതി പിടിച്ചു പറ്റുന്നത്.തന്‍റെ കന്നി സീരിയലായ ചന്ദനമഴയിലൂടെ അഭിനയരംഗത്തേക്കു വന്ന നിമ്മി അരുണ്‍ഗോപന്‍ ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നതും അഞ്ജലി എന്ന പേരില്‍ തന്നെയാണ്. ഇവിടെയും അവസാനിക്കുന്നില്ല നിമ്മിയുടെ വിശേഷങ്ങള്‍. അഭിനയം,ആങ്കറിങ്‍,നൃത്തം, നിമ്മിയിപ്പോള്‍ തിരക്കു പിടിച്ച ഓട്ടത്തിലാണ്. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവും പ്രശസ്ത ഗായകനുമായ അരുണ്‍ഗോപനും നിമ്മിയോടൊപ്പമുണ്ട്. തന്‍റെ പുതിയ വിശേഷങ്ങളെക്കുറിച്ച് മനോരമ ഓൺലൈനുമായി നിമ്മി സംസാരിക്കുന്നു.
ചാരുലതയില്‍ നിന്നും നിമ്മിയിലേക്ക് അഞ്ജലിയെന്ന കഥാപാത്രത്തെ റീപ്ലെയ്സ് ചെയ്തതില്‍ സംവിധായകനു തെറ്റ് പറ്റിയിട്ടില്ലെന്നാണ് തോന്നുന്നത്?
ചന്ദനമഴ എന്ന് പറയുന്നത് എന്‍റെ ആദ്യത്തെ സീരിയലാണ്. വളരെ ആകസ്മികമായി എത്തപ്പെട്ടതാണ് ചന്ദനമഴയില്‍. അതിലെ ഒരു കഥാപാത്രം റീപ്ലെയ്സ് ചെയ്തിട്ടാണ് ഞാന്‍ വന്നത്. അഞ്ജലി എന്ന കഥാപാത്രം ഇപ്പോള്‍ ഞാനാണു ചെയ്യുന്നത്. മുമ്പ് ചാരുലത ആയിരുന്നു ആ കഥാപാത്രം ചെയ്തിരുന്നത്. ആദ്യം അവിടെ ഓഡീഷനു ചെന്നത് അഞ്ജലിയുടെ ക്യാരക്ടര്‍ ചെയ്യാനല്ലായിരുന്നു. എന്നെ നേരില്‍ കണ്ടപ്പോള്‍ പ്രൊഡ്യൂസര്‍ ചോദിച്ചു ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന്. അഭിനയത്തില്‍ മുന്‍ പരിചയം ഒന്നുമില്ലെങ്കിലും ഞാന്‍ കഥാപാത്രത്തെ പരമാവധി നന്നാക്കാനായി ശ്രമിക്കാമെന്നുളള ഉറപ്പ് നല്‍കി. ഒരുപാട് ആശങ്കകളോടെയാണ് തുടക്കം. പിന്നെ കുറേ കാലം കണ്ടുകൊണ്ടിരിക്കുന്ന ആള്‍ പെട്ടന്നങ്ങു മാറി കാണുമ്പോൾ പ്രേക്ഷകര്‍ക്ക് അതത്ര എളുപ്പത്തില്‍ സ്വീകരിക്കാൻ പറ്റില്ലേ എന്നൊരു പേടി ഉണ്ടായിരുന്നു.
ആകസ്മികമായി എത്തിപ്പെട്ടു എന്ന് പറയുമ്പോള്‍ അഭിനയം ഒരു സ്വപ്നമായിരുന്നില്ലേ?
അഭിനയം എന്ന ഒരാഗ്രഹം ഒക്കെ ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും എന്‍റെ ഭാഗത്തു നിന്നും ഈ ഇന്‍ഡസ്ട്രിയിൽ കോണ്ടാക്ട്സ് ഒന്നും ഇല്ലായിരുന്നു. പിന്നീട് എനിക്ക് പരിചയമുളള രാജേഷ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണ് ചന്ദനമഴയുടെ ഓഡീഷന് എത്തപ്പെടുന്നത്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന വളരെ റേറ്റിങ് ഉളള ഒരു സീരിയലില്‍ ഓപ്പണിങ് കിട്ടുക എന്നുളളത് തന്നെ വലിയ കാര്യമാണ്. അങ്ങനെ ട്രിവാന്‍ഡ്രത്ത് ഓഡീഷന് പോകുന്നു, പ്രൊഡ്യൂസര്‍ ജയകുമാര്‍ സാറിനെ കാണുന്നു, അഞ്ജലിയിലേക്ക് റീപ്ലെയ്സ് ചെയ്യുന്നു. അഞ്ജലി എന്ന കഥാപാത്രം വളരെ ന്യൂട്രലാണ്. അധികം കരച്ചിലും ബഹളവുമൊന്നുമില്ലാത്ത, ബോള്‍ഡായ, എന്തും തുറന്നടിച്ചു പറയുന്നവൾ.
നിമ്മിയിലെ അഭിനയേത്രിയെ കുറിച്ചു പറഞ്ഞു, ഇനി നിമ്മിയെന്ന ആങ്കറിനെ കുറിച്ച് പറയാം?
കാസര്‍ഗോഡ് ആണ് എന്‍റെ നാട്. പത്തില്‍ പഠിക്കുന്ന കാലത്ത് അവിടുത്തെ ലോക്കല്‍ ചാനലില്‍ അന്ന് ലൈവ് ഷോസികളിൽ ആങ്കറിങ് ചെയ്യുമായിരുന്നു. പിന്നീട് പഠിത്തമൊക്കെയായി അതു വിട്ടു. ശേഷം എം.ബി.എ ചെയ്തു, പ്രൊഫഷന്‍ എച്ച്.ആര്‍ ആയിരുന്നു. മൂന്നു വര്‍ഷം ജോലി ചെയ്തു. പിന്നീടാണ് ആങ്കറിങിലോട്ട് വീണ്ടും വരുന്നത്. ആങ്കറിങിനോട് എനിക്ക് കുറച്ചു കൂടുതലൊരിഷ്ടമുണ്ട്. കാരണം നമുക്ക് നമ്മളായി തന്നെ നില്‍ക്കാനുളള ഒരവസരം അവിടെയുണ്ട്. അതുകൊണ്ട് ആ ഒരു സ്പെയ്സ് കൂടുതല്‍ എന്‍ജോയ് ചെയ്യാന്‍ പറ്റുന്നുണ്ട്. അതിന്‍റെ രസം വേറെ അഭിനയത്തിന്‍റെ രസം വേറെ, രണ്ടും രണ്ടനുഭവങ്ങളാണ്.
ഒരു നര്‍ത്തകി കൂടിയാണല്ലോ, കലയിലുളള താല്‍പര്യം?
മൂന്നു വയസ്സുമുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നയാളാണ് ഞാൻ. ഡിഗ്രി വരെ രാവിലെയും വൈകുന്നേരവും പ്രാക്ടീസും യൂത്ത് ഫെസ്ററിവലിന്‍റെ ബഹളവും ഓട്ടങ്ങളുമൊക്കെയായി തിരക്കിലായിരുന്നു. കുച്ചിപ്പുടി ആണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത്. എന്‍റെ ഗുരു ഡോക്ടര്‍ വസന്ത് കിരണ്‍ ആണ്. ബാംഗ്ലൂരിലെ അലൈന്‍സ് യൂണിവേഴ്സിററി ഡിപ്പാര്‍ട്ട്മെന്‍റെ് ഓഫ് ആര്‍ട്ട്സിലായിരുന്നു പഠനം. നൃത്തത്തിലെ ഒരു വലിയ പ്രചോദനം തന്നെ വസന്ത് സാര്‍ ആണ്, ഇപ്പോള്‍ അരുണും. പ്രൊഫഷണല്‍ കോഴ്സ് ചെയ്യുമ്പൊൾ എല്ലാത്തിനും ഒരു ബ്രേക് വന്നിരുന്നു. പിന്നെയുളള നല്ല ഒരു തിരിച്ചു വരവെന്നു പറയുന്നത് അരുണ്‍ഗോപനുമായുളള വിവാഹശേഷമാണ്. അഭിനയം, ആങ്കറിങ് എല്ലാം വിവാഹ ശേഷമാണ് സംഭവിക്കുന്നത്. അതിനെല്ലാം പുറകില്‍ ഗോപുവിന്‍റെ വലിയ സപ്പോര്‍ട്ട് ഉണ്ട്. അരുണിന്‍റെ ഫാമിലിയും ബിഗ് സപ്പോര്‍ട്ടാണ്, വിവാഹശേഷം ഞാന്‍ എത്തപ്പെട്ട എന്‍റെ വീട് കരിയറിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
ഇത്രയേറെ മനസ്സിനിണങ്ങിയ ഒരു ഭര്‍ത്താവിനെ കണ്ടെത്തിയതിനു പിറകില്‍ ഒരു പ്രണയമില്ലേ?
തീര്‍ച്ചയായും. ഞാന്‍ എച്ച്ആര്‍ ആയി വര്‍ക്ക് ചെയ്യുന്ന സമയത്താണ് വൈസ് പ്രസിഡന്‍റായ സിതേഷ് സാര്‍ ഗ്രാന്‍റ് കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇവന്‍റില്‍ വച്ച് കോംപയറിങ് ചെയ്യാന്‍ പറയുന്നത്. കുറെ വര്‍ഷത്തിനു ശേഷം ചെയ്ത ഒരു സ്റ്റേജ് പ്രോഗ്രാം ആയിരുന്നു അത്. അതിന്‍റെ ന്യൂയര്‍ ഷോയില്‍ അരുണ്‍ പാടാന്‍ വന്നു. അതില്‍ ഞാന്‍ ആങ്കറായിരുന്നു. അവിടെ വച്ചാണ് ആദ്യം കാണുന്നത്, പിന്നെ പ്രണയം. എല്ലാം പെട്ടന്നായിരുന്നു, അടുത്ത മാസം വീട്ടില്‍ നിന്നു കാണാന്‍ വന്നു, അതിന്‍റെ അടുത്ത മാസം നിശ്ചയം കഴിഞ്ഞു. ആറു മാസം കഴിഞ്ഞപ്പോൾ വിവാഹവും.
അരുണ്‍ഗോപനെന്ന ഗായകനെ പ്രേക്ഷകര്‍ക്കറിയാം. അരുണ്‍ എന്ന ഭര്‍ത്താവിനെക്കുറിച്ച്?
ഞാനെന്ന വ്യക്തി അഭിനയരംഗത്താണെങ്കിലും വ്യക്തിജീവിത്തിലാണെങ്കിലും ഇത്രയും ഫ്രീ ആയി മുമ്പോട്ടു പോകാനുള്ള കാരണം അരുണാണ്. അരുണെന്ന ഒരാള്‍ ജീവിതത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എനിക്കറിയില്ല ഇതുപോലൊക്കെ സംഭവിക്കുമായിരുന്നോ എന്ന്. എന്‍റെ ഫോട്ടോസെല്ലാമെടുത്ത് പ്രൊഫൈലുണ്ടാക്കി അപ്ലൈ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെല്ലാം അരുണാണ്. അതുപോലെ അഭിനയത്തില്‍ എന്‍റെ ഏറ്റവും വലിയ ക്രിട്ടിസൈസര്‍ അരുണാണ്. സീരിയല്‍ ഒരുമിച്ചിരുന്നു കാണും, തെറ്റുകൾ പറഞ്ഞു തരും. ഇനിയിപ്പൊ നൃത്തത്തിലാണെങ്കിലും അതെ. അരുണ്‍ ഒരുപാടുകാലം നൃത്തം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രാക്ടീസിലൊക്കെ സഹായിക്കും. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു, ഫ്രീഡം ആവശ്യത്തിനു കൊടുക്കുന്നു.
കുടുംബത്തിന്‍റെ പിന്തുണ,സ്നേഹം -നിമ്മി ഹാപ്പിയാണ്?
അരുണിന്‍റെ വീട്ടില്‍ അദ്ദേഹമാണ് ഇളയത്‍. രണ്ട് ഏട്ടന്മാര്‍ രണ്ട് ഏട്ടത്തിയമ്മമാര്‍ എല്ലാവരും കൂടി കൊഞ്ചിക്കുന്ന മോനാണ് അരുണ്‍. അവര്‍ക്കിടയിലേക്ക് ചെറിയ മോളായി ഞാനും വന്നു. നമ്മളെ ഒരുപാടങ്ങോട്ട് സ്നേഹിച്ച് കരയിപ്പിക്കുന്ന ആളുകളാണ് എല്ലാവരും. തീര്‍ച്ചയായും ഹാപ്പിയാണ്.
ചന്ദനമഴ ട്രോളുകള്‍ കൊണ്ട് മൂടപ്പെടുകയാണ്. എന്തു തോന്നുന്നു?
അത് ഒരു പോസിററീവ് കാര്യമായാണ് ഞാന്‍ കാണുന്നത്. ഏതു സീരിയലിനെ ട്രോള്‍ ചെയ്യുമ്പോഴും അതിലെല്ലാം ചന്ദനമഴയെ ഉള്‍പ്പെടുത്തുന്നു എങ്കില്‍ അത് സീരിയലിന്‍റെ റീച്ചിനെ ആണ് സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വിശേഷങ്ങള്‍?
പുതിയ വിശേഷങ്ങള്‍ ഒന്നുമില്ല.ചന്ദനമഴ ചെയ്യുന്നു. അതില്‍ തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കില്‍ എല്ലാവരും ക്ഷമിക്കുക. അഭിനയം പഠിച്ചു വരുന്നതേയുളളൂ. അരുണിന്‍റെ പാട്ടുകളെ സ്നേഹിക്കുന്നു. ദൈവംസഹായിച്ച് അരുണിന് പാട്ടും പ്രോഗ്രാമുകളും റെക്കോര്‍ഡിങ്സുമെല്ലാം ഉണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ചങ്ക്സ് എന്ന സിനിമയില്‍ അരുണ്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. പിന്നെ രണ്ടു തെലുങ്ക് സിനിമയിലും പാടിയിട്ടുണ്ട്. ഗോപി സുന്ദര്‍ സാറാണ് ഇതിന്‍റെയെല്ലാം സംഗീത സംവിധാനം. എല്ലാം ഒരുപാട് പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.