ചുരുങ്ങിയ കാലം കൊണ്ട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി രസ്ന. മികച്ച കഥാപാത്രങ്ങളിലൂടെ സീരിയൽ രംഗത്ത് കത്തി നിൽക്കുന്നതിനിടയിലാണ് രസ്നയെ പൊടുന്നനെ അഭിനയരംഗത്തു നിന്നും കാണാതാകുന്നത്. പിന്നീടു താരത്തെ സീരിയലുകളിലോ പൊതുപരിപാടികളിലോ ഒന്നും കണ്ടതുമില്ല. രസ്നയെ ആരോ ഒളിച്ചു താമസിപ്പിക്കുകയാണെന്നും നടിക്കു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നുമൊക്കെ പ്രചരണങ്ങൾ ഉയർന്നിരുന്നു. അത്തരം ഗോസിപ്പുകള്‍ക്കെല്ലാം നേരിട്ടു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രസ്ന. കുപ്രചരണങ്ങളോടുള്ള തന്റെ നിലപാടുകള്‍ ഒരു വിഡിയോയിലൂടെ രസ്ന പുറത്തുവിടുന്നത്.
കഴിഞ്ഞ ഒന്നു രണ്ടാഴ്ച്ചയായി തന്നെക്കുറിച്ചുള്ള ഗോസിപ്പുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തനിക്കു പറയാനുള്ള കാര്യങ്ങൾ വിഡിയോയിലൂടെ പുറത്തു വിടാൻ തീരുമാനിച്ചതെന്ന് രസ്ന പറയുന്നു. ''ഞാൻ ഒളിച്ചു താമസിക്കുകയാണെന്നും ആരോ ഒളിപ്പിച്ചിരിക്കുകയാണെന്നുമൊക്കെയാണ് പലരും പറയുന്നത്. എന്നാൽ അതൊന്നുമല്ല സത്യം, ഞാൻ എന്റെ ഇഷ്ടപ്രകാരം എന്നെ സ്നേഹിക്കുന്ന ഒരാൾക്കൊപ്പമാണ് ജീവിക്കുന്നത്. ഞങ്ങൾക്ക് രണ്ടു വയസായ ഒരു മകളുമുണ്ട്.''–രസ്ന പറയുന്നു.
മറ്റൊരു പ്രചരണം താൻ പബ്ലിക്കിലേക്ക് ഇറങ്ങുന്നില്ലെന്നതാണ്, അതും തെറ്റാണ്, തന്റേതായ ആവശ്യങ്ങൾക്കെല്ലാം പുറത്തു പോവുകയും യാത്രകൾ ചെയ്യുകയും ചെയ്യുന്നുണ്ട്. തന്നെ ആരും വിളിക്കാത്തതുകൊണ്ടാണ് പൊതുപരിപാടികളിൽ നിന്നു വിട്ടുനിൽക്കുന്നത്. അതുപോലെ നേരിടുന്ന മറ്റൊരു ചോദ്യമാണ് എന്തുകൊണ്ടാണ് തന്നെ സംബന്ധിക്കുന്ന കാര്യങ്ങൾ പുറത്തു പറയാത്തതെന്ന്. മറ്റൊരു മതത്തിൽപ്പെട്ടയാളെയാണ് താൻ തിരഞ്ഞെടുത്തിരിക്കുന്നത്, അതിൽ വീട്ടുകാർക്കുൾപ്പെടെ ആർക്കും താൽപര്യമില്ലായിരുന്നു. അതുകൊണ്ടാണ് അത്തരം കാര്യങ്ങൾ പുറത്തു പറയാത്തത്.
അഭിനയം നിർത്തിയെന്ന പ്രചരണത്തിനും താരത്തിനു മറുപടിയുണ്ട്. കുഞ്ഞു ചെറുതായതിനാൽ അവൾക്കൊപ്പം തന്റെ സാന്നിധ്യം ആവശ്യമുണ്ട്, അതുകൊണ്ടാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. അല്ലാതെ ഒരാൾക്കും തന്റെ ജീവിതത്തിലെ തീരുമാനങ്ങളുമായി ബന്ധമില്ല. ഫേസ്ബുക്കിൽ തന്റെ പേരിൽ ഒഫീഷ്യൽ പേജ് എന്നതുൾപ്പെടെ ഒട്ടേറെ വ്യാജ അക്കൗണ്ടുകൾ കണ്ടു. അതിലെ ചാറ്റുകൾക്കോ പോസ്റ്റുകൾക്കോ താൻ ഉത്തരവാദിയല്ല. ദൈവാനുഗ്രഹത്താൽ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നതെന്നും പറഞ്ഞാണ് രസ്നയുടെ വിഡിയോ അവസാനിക്കുന്നത്.
Read more: Glitz n Glamour, Trending