Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനും ജയൻ കട്ടസപ്പോർട്ട്: സരിത ജയസൂര്യ

Saritha Jayasurya ആട് ഭീകരജീവിയുടെ ആദ്യഭാഗത്തിൽ ഷാജി പാപ്പന് കറുപ്പും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു സിനിമയിലുടനീളം. എന്നാൽ ആട് 2വിലേക്കെത്തുമ്പോള്‍...

'എനിക്കു നീതി വേണം യുവർഓണർ', നായകന്റെ നിസ്സഹായമായ ആ ഡയലോഗിനൊപ്പം ഹിറ്റായത് ചിത്രത്തിലെ കുർത്തകൾ കൂടിയായിരുന്നു. പറഞ്ഞു വന്നത് തിയറ്ററുകൾ നിറഞ്ഞോടുന്ന ജയസൂര്യ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കാര്യമാണ്. ചിത്രം പുറത്തിറങ്ങുമ്പോൾ അതിലെ കുർത്തകൾ ഇത്രത്തോളം ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡിസൈനറും ജയസൂര്യയുടെ ഭാര്യയുമായ സരിത പറയുന്നു. പിന്നെ എന്റെ ഭർത്താവിനെ സുന്ദരനായി ഒരുക്കാൻ ഉള്ളത്ര ആത്മവിശ്വാസം മറ്റൊന്നു ചെയ്യുമ്പോഴും ഇല്ലെന്നും നിറഞ്ഞ ചിരിയോടെ സരിത പറയുന്നു. സരിതാ ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ എന്ന ബ്രാന്റിന്റെ ജൈത്രയാത്രയെക്കുറിച്ചും ക്രിസ്മസ് സ്പെഷൽ ഡിസൈനുകളെക്കുറിച്ചും ജയസൂര്യയെയും മക്കളെയും കുറിച്ചുമൊക്കെ മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് സരിത. 

സരിതാ ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ ക്രിസ്മസിനെ വരവേൽക്കുന്നതെങ്ങനെയാണ്?

സരിതാ ജയസൂര്യ ഡിസൈൻ സ്റ്റുഡിയോയിൽ ഇപ്പോഴുള്ളവയെല്ലാം ഞങ്ങളുടേതു മാത്രമായ എക്സ്ക്ലൂസീവ് ഡിസൈനുകളാണ്. എല്ലാ വർഷത്തെയുംപോലെ സാരിയിലാണ് ഇക്കുറിയും ക്രിസ്മസ് സ്പെഷൽ ഡിസൈനുകൾ ചെയ്തു തുടങ്ങിയതെങ്കിലും ആവശ്യക്കാർ കൂടിയതോടെ സമാനമായ ഡിസൈനുകളിൽ കുർത്തികളും സൽവാറുമൊക്കെ ചെയ്യുന്നുണ്ട്. ക്രിസ്മസ് എന്നു പറയുമ്പോൾ തന്നെ വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങളാണ് കൂടുതൽ കാണാറുള്ളത്, അതിൽ നിന്നും വ്യത്യസ്തമായി കറുപ്പു നിറത്തിലാണ് ഇത്തവണ സാരികളും സൽവാറുകളുമൊക്കെ ഡിസൈൻ ചെയ്തിരിക്കുന്നത്. കറുപ്പു നിറത്തിലുള്ള ലിനൻ സിൽക്കിൽ ബീഡ്സും സീക്വൻസും എംബ്രോയ്ഡറിയുമൊക്കെ ചെയ്ത് ചുവപ്പു നിറത്തിലുള്ള ക്രിസ്മസ് േബാളുകളും നക്ഷത്രങ്ങളുമൊക്കെയുള്ള ഡിസൈനുകളാണിവ. ഒരു വ്യത്യസ്തതയ്ക്കു വേണ്ടിയും പിന്നെ പലരുടെയും ഇഷ്ടനിറം എന്നതുമൊക്കെ കണക്കിലെടുത്താണ് ബ്ലാക്ക് തിരഞ്ഞെടുത്തത്. 

saritha-jayan-3 കറുപ്പു നിറത്തിലുള്ള ലിനൻ സിൽക്കിൽ ബീഡ്സും സീക്വൻസും എംബ്രോയ്ഡറിയുമൊക്കെ ചെയ്ത് ചുവപ്പു നിറത്തിലുള്ള ക്രിസ്മസ് േബാളുകളും നക്ഷത്രങ്ങളുമൊക്കെയുള്ള ഡിസൈനുകളാണിവ...

വീട്ടിലെ ക്രിസ്മസ് ആഘോഷം എങ്ങനെയാണ്?

പണ്ടുതൊട്ടെ ക്രിസ്മസ് തലേന്ന് പള്ളിയിൽ പോകുന്ന ശീലമുള്ളയാളാണ് ജയൻ. എവിടെയായാലും അതു മാത്രം മുടക്കാറില്ലായിരുന്നു. വിവാഹശേഷം ഞാനും പോയിത്തുടങ്ങി, ഇപ്പോൾ മക്കളെയും കൂട്ടിയാണ് പോകാറുള്ളത്. എല്ലാവരെയും പോലെ അന്നത്തെ ദിവസം നല്ല ഭക്ഷണം, വിരുന്നുകാർ.. ഇതൊക്കെ തന്നെയാണ് വീട്ടിലെയും പതിവ്. അമ്മൂമ്മയും അമ്മയും കൂടെയുള്ളതുകൊണ്ട് എല്ലാവരും ചേർന്നുള്ള പാചകമൊക്കെയായി നല്ല രസമായിരിക്കും.

മറക്കാനാവാത്ത ക്രിസ്മസ് ഓർമ?

ഓരോ ക്രിസ്മസ് കാലവും ഓർത്തെടുക്കുമ്പോൾ ആദ്യം മനസ്സിൽ വരിക യാത്രകളാണ്. വെക്കേഷൻ സമയം ആയതുകൊണ്ടുതന്നെ മറ്റൊരു തിരക്കുകൾക്കും പിടികൊടുക്കാതെ യാത്രകൾക്കു വേണ്ടി പൂർണമായും നീക്കി വെക്കുന്ന ദിവസങ്ങളാണ് അവ. യാത്രകൾ മറക്കാനാവാത്ത ഓർമകൾ തന്നെയാണല്ലോ. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഞങ്ങൾ ഹോങ്കോങ്ങിലായിരുന്നു. ഇക്കുറിയും പദ്ധതികളുണ്ട്.

saritha-jayan-4 മിനിമലിസ്റ്റിക് ഒപ്പം എലഗന്റ് ലുക്ക് ഇതാണ് ഫാഷനിൽ ഞാൻ ഫോളോ ചെയ്യുന്ന കാര്യം. എന്റെ ഡിസൈനുകളിലും ആ ഒരു ടച്ച്...

പുതിയ സിനിമകൾ ഏതെങ്കിലും?

ആട്2 ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സത്യത്തിൽ ഞാൻ ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയുടെ ചിത്രങ്ങൾ മാത്രമേ ചെയ്യാറുള്ളു. അതിെലാരു മാറ്റം വന്നത് ഫുക്രിയിലും ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലുമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏതു സിനിമയ്ക്കു വേണ്ടി ഡിസൈൻ ചെയ്താലും പൂർണമായും അതിൽ ഫോക്കസ്ഡ് ആവണം. പ്രേതം ചെയ്തപ്പോഴും അതിലെ രണ്ടു നടിമാർക്കു വേണ്ടി ഡിസൈൻ ചെയ്യുമ്പോഴും മുഴുവൻ സമയം കൂടെയുണ്ടായിരുന്നു. ഏതെങ്കിലും ഒരു സീനിന് ഒരു വസ്ത്രം ചേരുന്നില്ലെന്നു തോന്നിയാൽ അതു തിരുത്തി ചേരുന്ന മറ്റൊന്നു നൽകാൻ നാം അവിടെ ഉണ്ടാകണം. പിന്നെ ജയനു വേണ്ടി ചെയ്യുമ്പോൾ അതെന്റെ ഭർത്താവല്ലേ, എത്ര സുന്ദരനാക്കണമെന്ന കാര്യത്തിൽ എനിക്കു വളരെയധികം ആത്മവിശ്വാസമുണ്ടാകും. വല്ലപ്പോഴുമേ ചെയ്യുന്നുള്ളുവെങ്കിലും അതു നന്നായിരിക്കണം എന്നു ചിന്തിക്കുന്നയാളാണ് ഞാൻ. ജയനും പറയാറുള്ളത് അതുതന്നെയാണ്. വർഷത്തിൽ എത്ര പടം ചെയ്യുന്നുവെന്നതിനേക്കാൾ എത്ര നല്ല ചിത്രങ്ങൾ ചെയ്യുന്നു എന്നതിലാണു കാര്യം. 

ആട് 2വിലേക്കെത്തുമ്പോള്‍ ഷാജി പാപ്പന്റെ ലുക്കിനു മാറ്റമുണ്ടോ?

ആട് ഭീകരജീവിയുടെ ആദ്യഭാഗത്തിൽ ഷാജി പാപ്പന് കറുപ്പും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു സിനിമയിലുടനീളം. എന്നാൽ ആട് 2വിലേക്കെത്തുമ്പോള്‍ അതിനൊരു മാറ്റമുണ്ട്. കറുപ്പും ചുവപ്പിനും പുറമെ വേറെ ചില നിറങ്ങളും ഇതിലുണ്ട്. കൂടാതെ ഷാജി പാപ്പന്റെ ഡിഫ്രന്റ് സ്റ്റൈലിലുള്ള മുണ്ടും കാണാം. ബാക്കിയെല്ലാം സസ്പെൻസ് ആയിരിക്കട്ടെ. പാപ്പന് ധാരാളം ആരാധകർ ഉള്ളതുകൊണ്ടു തന്നെ ഈ വസ്ത്രങ്ങളും ഹിറ്റാകുമെന്നു പ്രതീക്ഷയുണ്ട്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം രണ്ടാം ഭാഗം ഇറക്കിയ പടമല്ലേ, മുൻചിത്രത്തെപ്പോലെ തന്നെ ആട് 2വും അതിലെ സ്റ്റൈലും അവർ സ്വീകരിക്കപ്പെടും എന്നു കരുതുന്നു. 

saritha-jayan-2 പുണ്യാളൻ ഇറങ്ങിയപ്പോൾ അതില്‍ ജയൻ ഇട്ട കുർത്തയ്ക്കു വേണ്ടി എത്ര ആവശ്യക്കാരായിരുന്നുവെന്നോ വിളിച്ചത്...

സിനിമകൾക്കു കോസ്റ്റ്യൂം ചെയ്യുന്നതാണോ അതോ സാധാരണക്കാർക്കു വേണ്ടി ചെയ്യുന്നതാണോ സന്തുഷ്ടയാക്കുന്നത്? 

രണ്ടും രണ്ടുരീതിയില്‍ എന്നെ സന്തുഷ്ടയാക്കാറുണ്ട്. സിനിമകളില്‍ കഥാപാത്രങ്ങൾക്കും സീനുകൾക്കും ചേരുന്ന ഡിസൈനുകളാണു വേണ്ടത്. ആ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എത്രത്തോളം മനോഹരമാക്കാം എന്നാണു ചിന്തിക്കേണ്ടത്. അടുത്തതിൽ എനിക്കു കൂടുതൽ ക്രിയേറ്റിവിറ്റിയും സ്പേസും കിട്ടുന്നുണ്ട്. അതും ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോൾ പുണ്യാളൻ ഇറങ്ങിയപ്പോൾ അതില്‍ ജയൻ ഇട്ട കുർത്തയ്ക്കു വേണ്ടി എത്ര ആവശ്യക്കാരായിരുന്നുവെന്നോ വിളിച്ചത്. ലൂസ് ആയിട്ടുള്ള ലളിതമായ ആ കുർത്ത ഇത്രത്തോളം ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നേയില്ല. അതിന്റെ കളർ, ഫാബ്രിക്, കോമ്പിനേഷൻ ഒക്കെ ഇഷ്ടമായെന്നു പറഞ്ഞ് ഒത്തിരിപേർ ഓർഡർ ചെയ്തു. സിനിമ എന്ന മാധ്യമത്തിലൂടെയാകുമ്പോൾ ഒത്തിരി പേരിലേക്ക് എത്തപ്പെടും എന്ന നേട്ടമുണ്ട്. 

ജയസൂര്യയുടെ പിന്തുണ?

ജയന്റെ പിന്തുണയെക്കുറിച്ച് എങ്ങനെ പറഞ്ഞാലാണ് തീരുക എന്നറിയില്ല. അത്രത്തോളമുണ്ട്. എന്തൊരു പുതിയ ആശയം പറഞ്ഞാലും കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും കക്ഷി. രണ്ടാമതൊന്നാലോചിക്കാതെ തുടക്കം മുതൽ ഒടുക്കം വരെ കൂടെനിൽക്കുന്ന ജയൻ ഉള്ളതു തന്നെയാണ് എന്റെ കരുത്ത്. പരസ്പര ബഹുമാനവും പ്രചോദനവും പരസ്പരം നൽകുന്ന സ്വാതന്ത്രവും സ്പെയ്സും ഒക്കെ തന്നെയാണ് ജയൻ എന്ന ഭർത്താവിനെ വേറിട്ടു നിർത്തുന്നത്. 

saritha-jayan-1 ജയന്റെ പിന്തുണയെക്കുറിച്ച് എങ്ങനെ പറഞ്ഞാലാണ് തീരുക എന്നറിയില്ല. അത്രത്തോളമുണ്ട്. എന്തൊരു പുതിയ ആശയം പറഞ്ഞാലും...

തിരക്കുള്ള നടന്റെ ഭാര്യ, ഫാഷൻ ഡിസൈനർ, ഒപ്പം മക്കളുടെ കാര്യങ്ങളും. എല്ലാം ബാലൻസ് ചെയ്യുന്നതെങ്ങനെ?

ജയന്റെ സിനിമകളെല്ലാം മുപ്പതു മുതൽ നാൽപത്തിയഞ്ചു ദിവസം വരെയൊക്കെയേ കാണൂ. അതു കഴിഞ്ഞാൽ ഒരു ബ്രേക് എടുക്കുന്നത് നിർബന്ധമാണ്. ആ സമയത്ത് ഞങ്ങൾ യാത്ര ചെയ്യുകയും മക്കളുടെ സ്കൂളിലും മറ്റും പോയി അവര്‍ക്കു വേണ്ടി മുഴുവനായി സമയം കണ്ടെത്തുകയും ചെയ്യും. ജയൻ കൂടെയുള്ളപ്പോള്‍ മറ്റെല്ലാവരെയുംപോലെ പുറത്ത് ഔട്ടിങ്ങിനുപോയി വൈകീട്ട് ഡ്രൈവ് ചെയ്തുവരുന്ന സാധാരണ ജീവിതമാണ് ഞങ്ങളുടേത്. ഇനിയിപ്പോ ലൊക്കേഷനിലാണെങ്കിലും ഒരു മൂന്നുനാലു ദിവസം കൂടുമ്പോൾ ജയൻ ഞങ്ങൾക്കരികിലേക്കെത്തും. വീക്കെൻഡ്സ് ഒക്കെയാകുമ്പോൾ ഞങ്ങൾ അങ്ങോട്ടും പോകും. എല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകാൻ കഴിയുന്നതുകൊണ്ട് ടെൻഷനൊന്നും ഇല്ല. 

മക്കള്‍ക്ക് ഫാഷനോ സിനിമയോ കൂടുതൽ പ്രിയം?

മകൾ വേദയ്ക്ക് ആറു വയസ്സേ ആയിട്ടുള്ളു. അവൾ ഇപ്പോഴേ ഫാഷന്റെ പുറകെയാണ്. പെൺകുട്ടിയായതുെകാണ്ട് ഒരുങ്ങുന്നതിന്റെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. കക്ഷി നന്നായി വരയ്ക്കുകയും ചെയ്യും. അദ്വൈതിനു പന്ത്രണ്ടു വയസ്സായി. അവന് അച്ഛനെപ്പോലെ തന്നെ സിനിമയാണ് ഇഷ്ടമുള്ള മേഖല. ആൾ ഇപ്പോഴേ സിനിമാ അഭിനയത്തിലും ഷോർട്ട് ഫിലിം സംവിധാനത്തിലും എഡിറ്റിങ്ങിലുമൊക്കെ കൈവച്ചിട്ടുണ്ട്. അവനാണെങ്കിൽ ഫാഷനെക്കുറിച്ച് തീരെ ബോധവാനല്ല. ഞാൻ എന്തു െകാടുക്കുന്നോ ഒരു പരാതിയിലുമില്ലാതെ അതിട്ടോളും. 

saritha-jayan-5 മകൾ വേദയ്ക്ക് ആറു വയസ്സേ ആയിട്ടുള്ളു. അവൾ ഇപ്പോഴേ ഫാഷന്റെ പുറകെയാണ്. പെൺകുട്ടിയായതുെകാണ്ട് ഒരുങ്ങുന്നതിന്റെ കാര്യം...

ഫാഷൻ മന്ത്ര?

മിനിമലിസ്റ്റിക് ഒപ്പം എലഗന്റ് ലുക്ക് ഇതാണ് ഫാഷനിൽ ഞാൻ ഫോളോ ചെയ്യുന്ന കാര്യം. എന്റെ ഡിസൈനുകളിലും ആ ഒരു ടച്ച് കാണാന്‍ കഴിയും. ഒന്നും ഹെവി ആവാതെ മിനിമൽ ലുക്ക് ആയിരിക്കുന്നതിലാണ് കൂടുതൽ സൗന്ദര്യം. അതിനേക്കാളെല്ലാമുപരി നമുക്കു ചേരുന്നതു ധരിക്കുക എന്നതിലാണു പ്രാധാന്യം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam