സിരിയൽ കാണുന്ന പെൺകുട്ടികളോട് ഇഷ്ടപ്പെട്ട പ്രണയജോഡികൾ ആരാണെന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി അവർ ഉത്തരം പറയും ഹരിയും പൊന്നമ്പിളിയുമാണ്. കാരണം സീരിയൽ പ്രേക്ഷകരുടെ ഇടയിലെ ഹരമായി മാറിയിരിക്കുകയാണ് പൊന്നമ്പിളിയും ഹരിപത്മനാഭനും. ഹരിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാഹുൽ രവിയുടെ വിശേഷങ്ങൾ.
പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ പെൺകുട്ടികളുടെ ഇടയിൽ തരംഗമാണല്ലോ?
പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണങ്ങൾ വരുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഞാൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ആളുകളുടെ ഇടയിൽ അറിയപ്പെടാൻ കാരണം പൊന്നമ്പിളി സീരിയലാണ്. എവിടെപ്പോയാലും ഇപ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്. ഇത്രയധികം റീച്ച് കിട്ടുമെന്ന് ഞാനും വിചാരിച്ചില്ല.
രാഹുൽ എങ്ങനെയാണ് പൊന്നമ്പിളി സീരിയലിന്റെ ഭാഗമാകുന്നത്?
ഇന്ത്യൻ പ്രണയകഥയിലും കാട്ടുമാക്കാൻ എന്ന സിനിമയിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം മോഡലിങ്ങ് ഫീൽഡിലായിരുന്നു. മോഡലിങ്ങൊക്കെ നിറുത്തി ഗൾഫിൽ പോകാൻവേണ്ടി എല്ലാം ശരിയായപ്പോഴാണ് പൊന്നമ്പിളിയിൽ നിന്നും വിളിവരുന്നത്. കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞതോടെ എനിക്കും നല്ല താൽപ്പര്യമായി. അതോടെ ഗൾഫിൽ പോകാനുള്ള തീരുമാനം മാറ്റി പൊന്നമ്പിളിയിലെ ഹരിപത്മനാഭനായി.

മാളവികയും സിനിമയിൽ നിന്നാണല്ലോ പൊന്നമ്പിളിയിൽ എത്തിയത്. നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ?
ഇല്ല. സീരിയലിൽ എത്തിയതിനുശേഷമാണ് മാളവികയെ പരിചയപ്പെടുന്നത്. അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും തൃശൂർ സ്വദേശികളാണെന്ന കാര്യം പോലും അറിയുന്നത്.
സിനിമ അഭിനയമാണോ സീരിയൽ അഭിനയമാണോ എളുപ്പം?
എന്റെ അഭിപ്രായത്തിൽ സിനിമയാണ് എളുപ്പം. സീരിയൽ കുടുംബപ്രേക്ഷകരിലേക്കാണ് കൂടുതൽ എത്തുന്നത് അതിനാൽ വളരെയധികം സ്വാഭാവികമായി അഭിനയിക്കണം. സിനിമയിൽ ഓരോ സീനും കട്ട് ചെയ്ത് കട്ട് ചെയ്ത് സാവകാശം എടുത്താൽ മതി. സീരിയൽ പക്ഷെ ഷെഡ്യൂൾ അനുസരിച്ച് തീർക്കേണ്ടി വരുമ്പോൾ കൂടുതൽ കട്ട് പറഞ്ഞ് എടുക്കാനുള്ള സാവകാശം ഇല്ല.

ഹരിപത്മാനാഭൻ വളരെ റൊമാന്റിക്ക് ആണല്ലോ. യഥാർഥ ജീവിതത്തിൽ രാഹുലും അങ്ങനെയാണോ?
ഞാനും ആ കഥാപാത്രവുമായി ഒരു സാമ്യവുമില്ല. ഹരി വളരെ ഭ്രാന്തമായി പ്രണയിക്കുകയും റൊമാന്റിക്ക് ഡയലോഗുകൾ പറയുകയും ചെയ്യുന്ന ആളാണ്. റൊമാന്റിക്ക് മാത്രമല്ല ഒരുപാട് പഞ്ച് ഡയലോഗുമുള്ള കഥാപാത്രമാണ് ഹരിപത്മനാഭൻ. അങ്ങനെയൊക്കെ ആർക്കെങ്കിലും യഥാർഥ ജീവിതത്തിൽ പ്രണയിക്കാനാവുമോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ഏതായാലും ഇപ്പോൾ പ്രണയം ഒന്നുമില്ല. പ്രണയം വരുമ്പോൾ ഹരിപത്മനാഭനെപ്പോലെ ആകുമോ എന്ന് കാത്തിരുന്ന് അറിയണം.
ആരാധികമാർ ഒരുപാട് ഉണ്ടോ?
അങ്ങനെ ആരാധികമാരൊന്നുമില്ല. പക്ഷെ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയതിൽ പിന്നെ ഒരുപാട് ഫെയ്സ്ബുക്ക് റിക്വസ്റ്റുകൾ വരാറുണ്ട്.
സീരിയലിൽ തന്നെ സജീവമാകുമോ?
ഇപ്പോൾ അങ്ങനെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. പൊന്നമ്പിളി ഇതുപോലെയങ്ങ് പോകട്ടെ അതുകഴിഞ്ഞ് ആലോചിക്കാം മറ്റെന്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.