Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ കോസ്റ്റ്യൂമിൽ ഏറ്റവും സുന്ദരൻ മമ്മൂക്ക

Sameera Saneesh സമീറ സനീഷ്

അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജ് എന്നൊക്കെ പറയാറില്ലേ ഒറ്റനോട്ടത്തിൽ സമീറയെ കണ്ടാൽ ആരും അത്രയേ കരുതൂ. ബിഗ്സ്ക്രീനിൽ തിളങ്ങുന്ന വസ്ത്രങ്ങൾക്കു രൂപം നൽകുന്ന ഈ വസ്ത്രാലങ്കാരകയ്ക്കു പക്ഷേ ആർഭാടങ്ങളോടൊട്ടും പ്രിയമില്ല. കുക്കു പരമേശ്വരനും സബിതാ ജയരാജിനും ശേഷം മലയാള വസ്ത്രാലങ്കാര രംഗത്തു വിജയം വരിച്ച മറ്റൊരു സ്ത്രീസാന്നിധ്യം. മുപ്പത്തിരണ്ടു വയസിനുള്ളിൽ എഴുപത്തിയെട്ടു ചിത്രങ്ങൾ. ഒരു നേരംപോക്കിനെന്ന പോലെ തുടങ്ങിവച്ചതാണെങ്കിലും പിന്നീടിങ്ങോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങൾ. ലിംക ബുക് ഓഫ് റെക്കോഡ്സ് വരെയെത്തിയ സമീറ സനീഷ് മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവെക്കുന്നു.......

ഫാഷൻ ഡിസൈനർ സമീരയിൽ നിന്ന് ഗ്ലാമർ ലോകത്തെ കോസ്റ്റ്യൂം ഡിസൈനറിലേക്കുളള സ്വന്തം മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു ?

രണ്ടും രണ്ടു ലെവലാണ്. പഠിച്ചതൊന്നും സിനിമയിൽ വരുമ്പോള്‍ അതുപോലെ ചെയ്യാൻ പറ്റില്ല, സിനിമയിൽ കഥാപാത്രങ്ങൾക്ക് അനുസരിച്ചാണ് ഡിസൈനിങ് ചെയ്യേണ്ടത്. പഠിക്കുമ്പോൾ ഹൈഫാഷൻ ആയ കാര്യങ്ങ‌ളൊക്കെയാകും പഠിച്ചത് പക്ഷേ ഒരു മിഡിൽ ക്ലാസ് ഫാമിലിയെ അവതരിപ്പിക്കേണ്ട രംഗങ്ങളിൽ അതു പറ്റില്ലല്ലോ. പാട്ടുകളിലോ അല്ലെങ്കിൽ അത്രയും ഹൈഫാഷൻ ആയ കണ്ടെന്റ് വന്നാലോ മാത്രമേ പഠിച്ചതൊക്കെ ഉപയോഗിക്കാൻ കഴിയൂ.

പഴയ കാലത്തെ ട്രെൻഡ് തന്നെ പൊട്ടുംപൊടിയും മാറ്റങ്ങൾ വരുത്തി ഇന്നത്തെ സ്റ്റൈൽ ഐക്കൺ ആവുന്നുണ്ട്. എന്തു തോന്നുന്നു ?

രസകരമായ കാര്യമാണത്. പഴയ സ്കിൻ ടോപ്, ലൂസ് ബോട്ടം ഒക്കെ ഇപ്പോൾ ട്രെൻഡിങ് ആവുന്നുണ്ട്. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. നല്ല കാര്യമല്ലേ?

ഒരു പ്രൊജക്റ്റ് ചെയ്യുമ്പോൾ സ്വന്തം താൽപര്യങ്ങളേക്കാൾ സംവിധായകന്റെ താൽപര്യങ്ങൾക്കാണോ പ്രാധാന്യം കൊടുക്കാറുള്ളത്?

എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് സംവിധായകനുമായി ചർച്ച ചെയ്യും. ശരിയായി ആശയവിനിമയം നടത്തിയാൽ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കൂ. ആക്റ്ററിനു ചേരുന്ന കളര്‍ കോമ്പിനേഷൻ, ഡിസൈനുകൾ എല്ലാം സംവിധായകനൊപ്പം ആർട്ട് ഡയറക്ടർ, ക്യാമറാമാൻ എന്നിവരുമായൊക്കെ ചർച്ച ചെയ്യും. ചില സംവിധായകർ പൂർണ സ്വാതന്ത്രം തരാറുണ്ട്. ആഷിഖ് അബുവും ലാൽ ജോസ് സാറുമൊക്കെ കൂടുതലും എന്റെ ഇഷ്ടങ്ങൾക്കു വിടാറുണ്ട്. നമ്മളെ വിശ്വസിച്ച് ഒരു കാര്യം പൂർണമായി ഏൽപ്പിക്കുമ്പോൾ അതിനുള്ള റിസൽട്ട് മാക്സിമം കൊടുക്കാൻ ശ്രമിക്കാറുണ്ട്.

Sameera Saneesh സമീറ സനീഷ്

പ്രൈമറി കളേഴ്സ് അധികം ഉപയോഗിക്കാറില്ലെന്നു കേട്ടിട്ടുണ്ടല്ലോ?

ശരിയാണ്, എന്തോ എനിക്കിഷ്ടമല്ല. ഇടിച്ചു നിൽക്കുന്ന നിറങ്ങൾ ഒത്തിരി ഉപയോഗിക്കുന്നതിനോടു വലിയ താൽപര്യമില്ല. നിറം ഒത്തിരിയാകുമ്പോൾ കാണുന്നവർക്ക് അതൊരു ഡിസ്റ്റർബൻസ് ആയിരിക്കും. പക്ഷേ ചില ചിത്രങ്ങൾ അത്തരം നിറങ്ങൾ നിർബന്ധമായും ആവശ്യപ്പെടുന്നവയുണ്ടാവും. അപ്പോൾ ഉപയോഗിക്കാതെ വഴിയില്ലല്ലോ. ചിലപ്പോൾ എന്റെ ഒരു ഡ്രോബാക്ക് ആയിരിക്കാം ഈ പ്രൈമറി നിറങ്ങൾ ഉപയോഗിക്കാൻ കഴിയാത്തത്.

പീരിയോഡിക്കൽ ടൈപ് ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഗവേഷണം ചെയ്യാറുണ്ടോ?

തീർച്ചയായും. ഞാൻ കാര്യമായി പീരിയോഡിക്കൽ ടൈപ് ചിത്രങ്ങൾ ചെയ്തിട്ടില്ല. ഇയ്യോബിന്റെ പുസ്തകം ചെയ്യുമ്പോൾ കാര്യമായി പഠിച്ചു തന്നെയാണ് ചെയ്തത്. അതിനെ ചുറ്റിയുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കും.

ഡിസൈൻ ചെയ്യുമ്പോള്‍ കാണികളുടെ പ്രതീക്ഷകളെക്കൂടി കണക്കിലെടുക്കാറുണ്ടോ?

ഇല്ലില്ല. കഥാപാത്രം ആവശ്യപ്പെടുന്നതെന്തോ അതിനു മാത്രമേ പ്രാധാന്യം കൊടുക്കാറുള്ളു. പിന്നെ ഞാൻ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ അതു ധരിക്കുന്നവരെ ഒരിക്കലും ഇറിറ്റേറ്റ് ചെയ്യുന്നതാവരുതെന്ന് നിർബന്ധമുണ്ട്.

Sameera Saneesh സമീറ സനീഷ്

ആരാധിക്കുന്ന അല്ലെങ്കിൽ ഏറ്റവുമധികം സ്വാധീനിച്ച കോസ്റ്റ്യൂം ഡിസൈനർ ആരാണ്?

അതു തീർച്ചയായും സബ്യസാചിയാണ്. അദ്ദേഹം ഉപയോഗിക്കുന്ന കളർ കോമ്പിനേഷനൊക്കെ മികച്ചതാണ്.

പലര്‍ക്കും ഫാഷൻ ഡിസൈനിങ് ഭ്രമമുണ്ടെങ്കിലും മടിച്ചു നില്‍ക്കുന്നവരുണ്ട്. ഗ്ലാമർ ലോകം സുരക്ഷിതമായിരിക്കുമോ എന്ന ഭയമാണവർക്ക്. എന്താണ് അവരോടു പറയാനുള്ളത്?

നോക്കൂ ഞാൻ 6 വർഷമായി ഈ ഫീൽഡിൽ വന്നിട്ട്, സിനിമാ മേഖലയിലൊന്നും പരിചയക്കാർ ആരുമില്ലായിരുന്നു. ഒരു അവസരം വന്നപ്പോൾ വെറുതെ ഒരുരസത്തിനു ചെയ്യാൻ തുടങ്ങിയതാ. ഭർത്താവ് സനീഷ് ആണു പറഞ്ഞത് ചുമ്മാ ചെയ്തു നോക്കൂ എന്ന്. ഇപ്പോൾ 78 ചിത്രങ്ങൾ ആയി. എനിക്കിതുവരെ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. പിന്നെ എല്ലാ ഫീല്‍ഡിലും നല്ലതും മോശമായ ആൾക്കാർ കാണും, നാം എങ്ങനെ നിൽക്കുന്നു എന്നതിനനുസരിച്ച് ഇരിക്കും ഇങ്ങോട്ടുള്ള മനോഭാവം.

ഒരു നല്ല ഫാഷൻ ഡിസൈനർ ആയിരിക്കാൻ മിനിമം വേണ്ട മൂന്നു ഗുണങ്ങൾ പറയാമോ?

∙ഡ്രോയിങ് നിർബന്ധമായും അറിഞ്ഞിരിക്കണം കാരണം സ്കെച്ചിങ് ഒത്തിരി ഉണ്ടാകും. കയ്യൊട്ടും വഴങ്ങാത്ത ആൾക്കാർക്ക് പിന്നീടു ബുദ്ധിമുട്ടു തോന്നും.

∙ ക്ഷമ കൂടിയേ തീരൂ. നിറയെ പ്രോജക്റ്റുകൾ ഉണ്ടാകും. അതെല്ലാം മനോഹരമായി ചെയ്തു തീർക്കണമെങ്കിൽ അൽപം ക്ഷമയൊക്കെ വേണം.

∙ ക്രിയേറ്റീവ് മൈന്‍ഡ്. ഇതിനെല്ലാം കൂടെ ക്രിയേറ്റ് ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം. പുത്തൻ കാര്യങ്ങളാണ് ചിന്തയിൽ ജനിക്കേണ്ടത്. ഇതൊന്നും ഇല്ലെങ്കിൽ പുറമെ നിന്നു കാണുന്നയത്ര സുഖകരമാവില്ല

Sameera Saneesh സമീറ ഭർത്താവ് സനീഷിനൊപ്പം

പുതിയ തലമുറയ്ക്ക് ആഭരണങ്ങളും ആഡംബര വസ്ത്രങ്ങളും ഒരു കല്യാണത്തിനോ അതുപോലുള്ള മറ്റെന്തെങ്കിലും പരിപാടികൾക്കോ മാത്രം മതി. അല്ലാത്ത സമയത്ത് വളരെ സിമ്പിൾ ആയിരിക്കും. ഈ തലമുറ കൂടുതൽ ലളിതമാവുകയാണോ ?

ശരിയാണ് ഹെവി ഓർണമെന്റ്സിനോട് ഇന്നത്തെ തലമുറയ്ക്ക് താൽപര്യമില്ലെന്ന് തോന്നുന്നു. ഞാൻ കണ്ടിട്ടുള്ളവരിലേറെയും പേരിനു ആഭരണങ്ങളും ലളിതമായ വസ്ത്രങ്ങളും ഇഷ്ടമുള്ളവരാണ്. പിന്നെ വല്ല ഫങ്ഷനും വേണ്ടി ആൾക്കാരെ കാണിക്കാൻ കാത്തിരിക്കുന്നവരും ഉണ്ട് കേട്ടോ. എന്നാലും പണ്ടത്തെ തലമുറയുടെയത്ര ആർഭാടപ്രിയരല്ല പുതിയ തലമുറയെന്നാണു തോന്നുന്നത്.

സമീറയ്ക്ക് വ്യക്തിപരമായി എന്തു ഡ്രസ് ധരിക്കാനാണിഷ്ടം?

എനിക്കങ്ങനെ ഒരു നിർബന്ധവുമില്ല.ഞാൻ വളരെ കൂൾ ആണ്. പലരും പറയാറുണ്ട് കണ്ടാൽ ഒരു ഫാഷൻ ഡിസൈനർ ആണെന്നൊന്നും തോന്നില്ലെന്ന്. ദുൽഖറിനു വരെ എന്നെ മനസിലായല്ല. ദുൽഖർ ആദ്യമായി എന്നെ കണ്ടപ്പോള്‍ ശെരിക്കും ഞെട്ടി, ഇതാണോ ഈ കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് എന്നു ചോദിച്ചു. ഞാൻ കൂളിങ് ഗ്ലാസ് ഒക്കെ വച്ചു ഭയങ്കര ആഷ്പുഷ് ലുക്കിലുള്ള കോസ്റ്റ്യൂം ഡിസൈനർ ആയിരിക്കുമെന്നാണത്രേ കരുതിയെ. ധരിക്കുന്ന വസ്ത്രം എനിക്കു കംഫർട്ടബിൾ ആയിരിക്കണമെന്നു മാത്രമേ നിര്‍ബന്ധമുള്ളു.

സമീറയുടെ കോസ്റ്റ്യൂമിൽ ഏറ്റവും സുന്ദരനും സുന്ദരിയുമായി തോന്നിയ സിനിമാ താരങ്ങൾ ?

നോ ഡൗട് ആദ്യം മമ്മൂക്ക തന്നെ. ഞാൻ അദ്ദേഹത്തിന്റെ ഡൈഹാർട്ട് ഫാനാണ്. പിന്നെ ദുൽഖർ ഫഹദ് ഒക്കെയും ഇഷ്ടമായിട്ടുണ്ട‌്. നടിമാരിൽ മംമ്ത എന്തു ഡ്രസ് ഇട്ടാലും ഒരേ പോലെ സുന്ദരിയായി തോന്നാറുണ്ട്. പിന്നെ പാർവതിയും അതെ. ശോഭന ചേച്ചിയെ സാരിയുടുത്ത് കാണാൻ വളരെ ഇഷ്ടമാണ്.

Mammootti ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിൽ സമീറയുടെ കോസ്റ്റ്യൂമിൽ നടൻ മമ്മൂട്ടി

മലയാളത്തിൽ പരമ്പരാഗത വസ്ത്രത്തിൽ ഏറ്റവും സുന്ദരിയായ നായിക?

അതു കാവ്യ തന്നെ. കാവ്യയുട‌ വലിയ കണ്ണുകളൊക്കെ നല്ല ഭംഗിയല്ലേ.

കോസ്റ്റ്യൂംസ് ഒത്തിരി ഗ്ലാമറസ് ആയാൽ മലയാളി സ്വീകരിക്കില്ല. അതൊക്ക കണക്കിലെടുത്താണോ ഡിസൈൻ ചെയ്യാറുള്ളത്?

ഒരു വസ്ത്രം ഗ്ലാമർ ആവുന്നത് കൂടുതലും അതു ധരിക്കുന്ന ആളെ അപേക്ഷിച്ചിരിക്കും. ഇപ്പോൾ മംമ്തയൊന്നും എന്തു മോഡേൺ വസ്ത്രമിട്ടാലും നമുക്ക് അരോചകത്വം തോന്നില്ല. പക്ഷേ നാടൻ വസ്ത്രങ്ങൾ മാത്രം ചേരുന്ന ചിലരുണ്ട്, ഒത്തിരി വണ്ണമുള്ളവർ. അവർ മോഡേൺ ഡ്രസിട്ടാൽ കാണികള്‍ ഒട്ടും സ്വീകരിക്കില്ല.

ഒത്തിരി കഠിനാധ്വാനം ചെയ്തെങ്കിലും സിനിമ ഫ്ലോപ് ആയാല്‍ സ്വാഭാവികമായും അതിലെ വസ്ത്രങ്ങൾക്കും വേണ്ട പഞ്ച് കിട്ടില്ലല്ലോ. വിഷമം തോന്നിയിട്ടുണ്ടോ അത്തരം സന്ദർഭങ്ങളിൽ?

പിന്നേ, ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്. വസ്ത്രം നന്നായിട്ടുമാത്രം കാര്യമല്ല. ക്യാമറയും മേക്അപ്പും ഒക്കെ ഒരുപോലെ നന്നാവണം. എങ്കിൽ മാത്രമേ നാം മനസിൽ കണ്ടതുപോലൊരു എഫക്റ്റ് കിട്ടൂ. ഇപ്പോ 7 സുന്ദരരാത്രികള്‍ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ മാത്രം 20 വസ്ത്രങ്ങൾ മാറിയിരുന്നു. പക്ഷേ ചിത്രം കണ്ടപ്പോ ശരിക്കും വിഷമമായി. എല്ലാം ലോങ് ഷോട്ട് ആയതുകൊണ്ട് അവയൊന്നും വ്യക്തമാകുന്നില്ലായിരുന്നു. എത്രയോ രാത്രികൾ ഉറങ്ങാതെ ചെയ്യുന്നതല്ലേ. ശരിക്കും സങ്കടമായി ലാൽ ജോസ് സാറിനെ വിളിച്ചു പറഞ്ഞു. അപ്പോൾ സാർ പറഞ്ഞു തനിക്കു തോന്നുന്നതാണെടോ ഒത്തിരിപേർ ആ ഗംനരംഗത്തിലെ വസ്ത്രങ്ങളെ അഭിനന്ദിച്ചു സാറിനെ വിളിച്ചു എന്ന്. അപ്പോഴാണ് സമാധാനമായത്.

Sameera Saneesh സമീറ സനീഷ്

ഇഷ്ടമുള്ള കളർ കോമ്പിനേഷൻ?

ഏറ്റവും ഇഷ്ടം കറുപ്പു തന്നെയാണ്. വെള്ള, ഡൾ പിങ്ക് ഒക്കെ ഇഷ്ടമാണ്. പിന്നെ ഒന്നും മുൻകൂട്ടി തീരുമാനിച്ചു ചെയ്യുന്നയാളല്ല ഞാൻ. അപ്പോള്‍ എന്തുതോന്നുന്നോ അതെടുക്കും.

കോസ്റ്റ്യൂം ഡിസൈനര്‍ ആയില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു?

എന്തായാലും ഞാൻ എന്തെങ്കിലും ഒക്കെ ആയേനെ(ചിരി). ഒരു ഗ്രാഫിക് ഡിസൈനറോ ഡ്രോയിങ് ടീച്ചറോ ഒക്കെ ആകുവാനാണു സാധ്യത കൂടുതൽ. കാരണം ഡിഗ്രി തൊട്ടു അതൊക്കെയായിരുന്നു മനസിൽ. പിന്നെ ഇന്റീരിയർ ഡിസൈനിംഗ് പഠിക്കാൻ ഇഷ്ടമാണ്. പെയിന്റിംഗ് സമയം കിട്ടുമ്പോഴൊക്കെ ചെയ്യാറുണ്ട്. നോക്കട്ടെ, ഒരു എക്സിബിഷന്‍ ഒക്കെ ചെയ്യണമെന്നു മനസിലുണ്ട്. എന്നെങ്കിലും ചെയ്യണം.

ഇനി മോഹങ്ങൾ?

വലിയ മോഹങ്ങളൊന്നുമില്ല. നല്ല വർക്കിന്റെ ഭാഗമാവാൻ സാധിക്കുക, സന്തുഷ്ടയായിരിക്കുക ഇത്രയൊക്കെ തന്നെ.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്