വേനലിൽ സൂര്യൻ കത്തിക്കയറുന്നതോടെ ചര്‍മം മുഖം കറുപ്പിക്കാൻ തുടങ്ങും. ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ച് കുടയും ചൂടി ഇറങ്ങിയാലും വേനല്‍ച്ചൂട് ചർമത്തെ പിടികൂടി ശരിയാക്കിക്കളയും. അതുകൊണ്ട് ചർമ്മത്തെ നമുക്ക് പൊന്നുപോലെ കാത്തുസൂക്ഷിക്കാം. ഇതാ വെയിലിൽ മുഖം വാടാതെ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ.
ഫ്രൂട്ട് ഫേഷ്യൽ
മുഖം ക്ലീനാക്കാൻ വേനൽക്കാലത്ത് സുലഭമായ തണ്ണിമത്തൻ ഉപയോഗിക്കാം. തണ്ണിമത്തൻ സ്പൂൺ ഉപയോഗിച്ച് ചുരണ്ടിയെടുക്കുക. കഷ്ണങ്ങളായി ഉപയോഗിക്കണം, ജ്യൂസ് ആകരുത്. ഈ കഷ്ണങ്ങൾ കൈകൊണ്ട് അമർത്തി മുഖത്ത് ഉരയ്ക്കുക. 5–10 മിനിറ്റ് ഇങ്ങനെ ചെയ്യുക. മൃതകോശങ്ങൾ നീങ്ങി ചർമം തിളങ്ങും. അടുത്ത ഘട്ടം ടോണിങ് ആണ്. ഇതിനായി കാരറ്റ് ജ്യൂസ്, വെള്ളരിക്ക ജ്യൂസ്, ഉരുളക്കിഴങ്ങ് ജ്യൂസ് എന്നിവ ഓരോ സ്പൂൺ വീതമെടുക്കുക. ഇതു മൂന്നും യോജിപ്പിച്ച് കൈകൊണ്ട് മുഖത്ത് ചെറുതായി തട്ടി തട്ടി (tap) അപ്ലൈ ചെയ്യുക. അഞ്ചു മിനിറ്റ് ഇങ്ങനെ ചെയ്യുക. അതിനു ശേഷം ജ്യൂസ് ഉണ്ടാക്കാനായി ഉപയോഗിച്ച ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ്, വെള്ളരിക്ക, കാരറ്റ് എന്നിവയോടൊപ്പം ഒരു നുള്ള് ഉപ്പില്ലാത്ത വെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഫെയ്സ് പായ്ക്കായി ഉപയോഗിക്കാം. 20 മിനിറ്റിനു ശേഷം കഴുകി കളയുക.
ആയുർവേദ ഫേഷ്യൽ
മല്ലിയില, പുതിനയില എന്നിവയുടെ പേസ്റ്റ്, മുൾട്ടാണി മിട്ടി എന്നിവ ഓരോ സ്കൂപ്പ് വീതം എടുത്ത് വെള്ളം ചേർക്കാതെ യോജിപ്പിച്ചെടുത്ത് ഫെയ്സ് പായ്ക്കായി മുഖത്തിടാം. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകി ചില്ലി കോൾഡ് വാട്ടറിൽ (ഐസ് ക്യൂബിൽ നിന്നു നേരിട്ടു ലഭിക്കുന്ന വെള്ളം) മുക്കിയ തുണി ഉപയോഗിച്ച് മുഖം തുടച്ച ശേഷം വേണം ഈ പായ്ക്ക് ഇടാൻ. ഉണങ്ങിയ ശേഷം ചില്ലി കോൾഡ് വാട്ടർ ഉപയോഗിച്ച് നല്ലപോലെ കൈകൊണ്ട് ഉരച്ച് മുഖം കഴുകുക. ക്ലെൻസിങ്, ടോണിങ് എന്നിവ ചെയ്താലുണ്ടാകുന്ന ഗുണം ഈ നുറുക്കു വിദ്യയിലൂടെ സ്വന്തമാക്കാം.
ഇൻസ്റ്റന്റ് ഫേഷ്യൽ
ഇനി ഇതിനൊന്നും സമയമില്ലാത്തവർക്കു വിപണിയിൽ ലഭിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിച്ച് മുഖം സുന്ദരമാക്കാം. ക്ലെൻസിങ്ങിനു ശേഷം ടോണർ ഉപയോഗിക്കാം. മുഖത്ത് പതുക്കെ തട്ടിതട്ടി വേണം ഇത് അപ്ലൈ ചെയ്യാൻ. അതിനുശേഷം കൂൾ മിന്റ് ഫെയ്സ് പായ്ക്ക് ഇട്ടശേഷം കഴുകി കളയുക. എന്നാൽ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേനൽക്കാലമായതിനാൽ പൊതുവെ എണ്ണമയമുള്ള ചർമമായിരിക്കും. ചർമത്തിനു ചേരുന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക.
വേനൽക്കാലത്ത് പിഎച്ച് ലെവൽ 5.5 വരുന്ന കോസ്മെറ്റിക് ഉൽപന്നങ്ങൾ തന്നെ ഉപയോഗിക്കുക. ഉയർന്ന ശതമാനം മോയ്സ്ചറൈസിങ് കണ്ടന്റ് ഉള്ളതാണെന്ന് ഉറപ്പാക്കുക (ഉൽപന്നങ്ങളിൽ മോയ്സ്ചറൈസർ, ഹൈഡ്രേറ്റിങ്, അൾട്രാ ഹൈഡ്രേറ്റിങ് ഇവയിലൊന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഉയർന്ന ശതമാനം മോയ്സ്ചറൈസിങ് കണ്ടന്റ് ഉള്ളതായിരിക്കും)
Read more: Beauty Tips in Malayalam