നിനക്ക് ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ വണ്ണം കുറച്ചേ മതിയാകൂ.. ഈ വാക്കുകളാണ് മുപ്പതുകാരനായ ലുയിസ് ട്രിഗോയുടെ ഹൃദയത്തിൽ തൊട്ടത്. യുഎസ് സ്വദേശിയായ ലൂയിസിന്റേത് അതുവരേക്കും അലക്ഷ്യമായൊരു ജീവിതമായിരുന്നു. നിയന്ത്രണമില്ലാത്ത ജീവിതരീതിയും ഭക്ഷണവുമെല്ലാമായപ്പോള്‍ വണ്ണം 181 കിലോ വരെയെത്തി. പക്ഷേ ആ ഡോക്ടറുടെ വാക്കുകൾ കേട്ടതോടെ ലൂയിസ് തീരുമാനിച്ചു ഇനി വണ്ണം കുറച്ചിട്ടേ ബാക്കി എന്തുമുള്ളൂ എന്ന്. അശ്രാന്തപരിശ്രമത്തിലൂടെ ഇപ്പോൾ 77 കിലോയിലേക്കെത്തിയ ലൂയിസിന് ഇന്ന് ആരാധകരും ഏറെയാണ്.
സ്കൂൾ കാലം തൊട്ടു തന്നെ ലൂയിസ് അമിതവണ്ണം മൂലം പ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു. ആരോഗ്യത്തിന് ഒരുശതമാനം പോലും ശ്രദ്ധ കൊടുക്കാതെ കണ്ണിൽകിട്ടുന്നതെല്ലാം വാരിവലിച്ചു കഴിക്കുന്ന ശീലമായിരുന്നു അന്ന്. ഒടുവിൽ 2011ലാണ് തന്റെ ജോലി പോലും ഉപേക്ഷിച്ച് ലൂയിസ് വണ്ണം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. വെയർഹൗസിൽ ജോലി ആയിരുന്ന ലൂയിസിന് ഏറെനേരം നിന്നുള്ള ജോലി ആയിരുന്നു. പകഷേ അധികനേരം കഴിയുംമുമ്പേ തന്റെ ശരീരഭാരം താങ്ങാനാകാതെ കാലുകൾ വേദനയാൽ പുളയുമായിരുന്നു. ഇതേസമയമാണ് കാമുകിയും ഉപേക്ഷിച്ചു പോകുന്നത്. എല്ലാംകൂടി ഒരർഥത്തിൽ പറഞ്ഞാൽ ലൂയിസിനെ വിഷാദരോഗത്തിലേക്കു വരെ എത്തിച്ചു. ഇതുകൂടിയായപ്പോൾ വെറും മാസങ്ങൾ കൊണ്ട് ലൂയിസ് വീണ്ടും വണ്ണം വച്ചു.
രണ്ടു പുരുഷന്മാരെ ചേര്‍ത്തുവച്ചാലുള്ളത്രയും വണ്ണമായിരുന്നു ലൂയിസിന്. ആരോഗ്യം ക്ഷയിച്ചു തുടങ്ങിയതോടെ ഇരുപത്തിനാലാം വയസിലാണ് ലൂയിസ് ഡോക്ടറുടെ അടുക്കലേക്കെത്തുന്നത്. ഇന്നു തൊട്ടു നീ മാറി തുടങ്ങിയില്ലെങ്കിൽ ഈ ജീവിതം അധികനാളുണ്ടാകില്ലെന്ന് ഡോക്ടറും അറിയിച്ചു. 2011ലെ ഏപ്രില്‍ മാസം തൊട്ട് ലൂയിസ് വ്യായാമം ചെയ്തുതുടങ്ങി. വണ്ണം കുറയുന്നുവെന്നു തോന്നിയതോടെ കൊഴുപ്പു കുറച്ച് മസിൽ നേടുന്നതിനുള്ള ശ്രമമായി പിന്നീട്. ഫാസ്റ്റ്ഫുഡും മധുരവും ശീതള പാനീയങ്ങളുമൊക്കെ പാടേ ഉപേക്ഷിച്ച് ഡയറ്റിങും തുടങ്ങി.
ആദ്യദിനം വ്യായാമം ചെയ്തു തുടങ്ങിയപ്പോഴാണ് തന്റെ ശരീരം എത്രത്തോളം മോശപ്പെട്ട അവസ്ഥയിലേക്കെത്തിയെന്നു മനസിലായത്, സത്യത്തിൽ അന്നു കരഞ്ഞു പോയെന്നു പറയുന്നു ലൂയിസ്. പേഴ്സണൽ ട്രെയിനറെ വച്ചു പരിശീലിക്കാനും തുടങ്ങി. വണ്ണം കുറയ്ക്കാൻ ആത്മാർഥ ശ്രമം നടത്തുന്നവർ ഡയറ്റിങ്ങിനേക്കാളും വ്യായാമത്തെക്കാളുമൊക്കെ മുമ്പില്‍ വേണ്ട ഘടകം ക്ഷമയാണെന്നു പറയുന്നു ലൂയിസ്. വ്യായാമം ചെയ്തു ദിവസങ്ങൾക്കുള്ളിൽ ഫലം കാണും എന്ന ധാരണയോടെ സമീപിക്കുകയേ ചെയ്യരുത്. വണ്ണംഎന്താണു കുറയാത്തതെന്നു കരുതി മടിപിടിച്ചു വീണ്ടും പഴയ ജീവിതരീതിയിലേക്കു തന്നെ പോയാൽ പിന്നെ തോറ്റുവെന്നുവേണം പറയാൻ. മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞാല്‍ പകുതിയോളം ജയിച്ചുവെന്നു വേണം കരുതാൻ. താൻ ഈ ശ്രമം പൂർത്തിയാകാതെ പിൻവാങ്ങില്ലെന്ന് കരുതിയാൽ പിന്നെ വിജയം കണ്ടേ മടങ്ങുവെന്നും ലൂയിസ് പറയുന്നു.
ഇന്ന് ഒരു പേഴ്സണൽ ട്രെയിനർ കൂടിയായ ലൂയിസ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത് ഈ കാര്യങ്ങളാണ്. ഒന്ന്, ഇതൊരു യുദ്ധമായി കാണരുത് മറിച്ച് ഒരു കാംപയിൻ ആയി കാണണം. രണ്ട്, വ്യായാമം ചെയ്തില്ലെങ്കിൽപ്പോലും ഭക്ഷണം നിയന്ത്രിച്ചു മാത്രം കഴിക്കു.
Read more: Beauty Tips in Malayalam