Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖക്കുരുവിനു ഗുഡ്ബൈ, മുഖം തിളങ്ങാൻ സിമ്പിൾ ടിപ്സ്

 Pimples Representative Image

മുഖക്കുരുവും കറുത്ത പാടുകളും മാറ്റാന്‍ തടയിടേണ്ടത് നമ്മുടെ കൈകൾക്കാണ്. തലയോട്ടിയിലും മുടിയിഴകളിലുമൊക്കെ പിടിച്ച കൈകൊണ്ടു മുഖത്തു തൊട്ടാൽ മുഖത്തു കുരുവും പാടുമൊക്കെ വരും. മുഖത്തെ കുരുവിൽ ആവർത്തിച്ചു തൊടുകയും കുത്തിപ്പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്താൽ കറുത്ത പാട് ഉറപ്പാണ്. മുഖക്കുരുവിനെ ചെറുക്കാനുള്ള സിമ്പിൾ ടിപ്സാണ് താഴെ നൽകിയിരിക്കുന്നത്. 

ക്രീം ഇല്ലാതെ പാടുകൾ എങ്ങനെ പോകും? 

∙മുഖത്തെ ചർമത്തെ വെറുതെ വിടുകയാണ് ആദ്യം ചെയ്യേണ്ടത്. എണ്ണമയം കൂടുമ്പോൾ മുഖക്കുരു ഉണ്ടാകാൻ സാധ്യത കൂടും. എണ്ണമയം കളഞ്ഞു വൃത്തിയാക്കി വച്ചാൽതന്നെ പല സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരമായി. വീര്യം കുറഞ്ഞ ഫെയ്സ് വാഷ് ഉപയോഗിച്ചു ദിവസം രണ്ടു തവണ മുഖം വൃത്തിയായി കഴുകുക. മൂക്കിന്റെ രണ്ടു വശവും നെറ്റിയും താടിയും പല തവണ തടവി വൃത്തിയാക്കുക. അഴുക്ക് അടിയുന്ന സ്ഥലമാണിത്. മുഖക്കുരു ഉള്ളവർ സ്ക്രബ് ഉപയോഗിക്കരുത്. 

∙മുഖക്കുരുവിന് ഉപയോഗിക്കുന്ന ക്രീം സ്കിൻ ഡ്രൈ ആക്കാനിടയുണ്ട്. അതുകൊണ്ട് ദിവസവും മോയിസ്ചറൈസർ പുരട്ടുക, ചർമം ആവി കൊള്ളുന്നതും നല്ലത്. 

∙മുടിയിൽ എന്തു തേയ്ക്കുന്നോ അതനുസരിച്ചിരിക്കും മുഖസൗന്ദര്യവും. തലയിൽ തേയ്ക്കുന്ന ജെൽ, എണ്ണ, പെർഫ്യൂം തുടങ്ങിയവ മുഖത്തു പറ്റിയാൽ മുഖത്തെ സുഷിരങ്ങൾ അടയും.

 അതോടെ മുഖക്കുരുവും കറുത്ത പാടുകളും പ്രത്യക്ഷപ്പെടും. തലയിൽ തൊട്ട കൈ മുഖത്തു തൊടും മുൻപു സോപ്പ് ഉപയോഗിച്ചു കഴുകാൻ ശ്രദ്ധിക്കണം. 

∙ചോക്കലേറ്റ്, ബേക്കറി സാധനങ്ങൾ, വറുത്തതും പൊരിച്ചതുമായ പലഹാരം, അധിക മധുരം തുടങ്ങിയവയെല്ലാം ഒഴിവാക്കണം. പഴച്ചാറുകൾ, വേവിച്ച പച്ചക്കറികൾ, ആവിയിൽ പുഴുങ്ങിയ ഇഡ്ഡലി പോലെയുള്ള ആഹാരസാധനങ്ങൾ തുടങ്ങിയവ കഴിക്കണം. ദിവസവും ശരീരം വിയർക്കുന്ന വിധത്തിൽ വ്യായാമം ചെയ്യുക. നന്നായി വെള്ളം കുടിക്കുക. അഴുക്കുകൾ നീങ്ങി സ്കിൻ ശുചിയാകും. 

വീട്ടിലുണ്ടാക്കാം ഫെയ്സ് പായ്ക്ക് 

∙പച്ചമഞ്ഞളും പേരയുടെ കുരുന്നിലയും അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകൾ മാറും. 

∙ഒരു സ്പൂൺ തൈരും അര സ്പൂൺ തേനും മിക്സ് ചെയ്തു മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക. 

∙ പഴുത്ത പപ്പായ അല്ലെങ്കിൽ ഓറഞ്ച് മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 

∙സ്ട്രോബെറി അരച്ചതിൽ അര ടീസ്പൂൺ തേൻ ചേർത്ത് മുഖത്തു പുരട്ടുക. 

∙പഴുത്ത പാളയങ്കോടൻ പഴം ഉടച്ചു മുഖത്തു പുരട്ടിയാൽ അഴുക്കു നീങ്ങി സ്കിൻ ഭംഗിയായി തിളങ്ങും. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam