സ്റ്റൈൽ ആയി അണിഞ്ഞൊരുങ്ങാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കളുടെ എക്കാലത്തെയും ആകർഷണമാണ് കറുപ്പിൽ നിന്നും വ്യത്യസ്തമായി ബ്രൗണും ബർഗണ്ടിയും ചുവപ്പും നിറങ്ങളിലുള്ള വർണ്ണതലമുടികൾ. സാധാരണയായി ഡൈ ചെയ്താണ് മുടികൾക്ക് നിറം നൽകിയിരുന്നത്. എന്നാൽ ഒരു തവണ ഡൈ ചെയ്‌താൽ ഒരു നിശ്ചിതകാലം വരെ ആ നിറം അവിടെ നിലനിൽക്കും, ഇതു പലരും ആഗ്രഹിക്കുന്നില്ല. സന്ദർഭങ്ങൾക്കനുസരിച്ച് താൽകാലികമായി മുടിയിഴകൾക്കു നിറം മാറ്റാൻ കഴിഞ്ഞു എങ്കിൽ അതാണു നല്ലത് എന്നാണ് യുവാക്കളുടെ അഭിപ്രായം.
എങ്കിൽ കേട്ടോളൂ, ആ ആഗ്രഹം ഇനിമുതൽ സാധ്യമാണ്. മുടിയിഴകൾക്കു നിറം പകരാൻ ഡൈകൾക്ക് പകരം ഇപ്പോൾ ഹെയർ ചോക്ക് എത്തിയിരിക്കുന്നു. വിദേശവിപണികളിൽ തരംഗമാകുന്ന ഹെയർ ചോക്ക് നമ്മുടെ നാട്ടിലും തരംഗം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഡൈകളിൽ നിറങ്ങൾ പരിമിതമാണ് എങ്കിൽ ഹെയർ ചോക്കുകളിൽ അതല്ല അവസ്ഥ. ഭൂമിക്കു കീഴിലുള്ള ഏതു നിറവും ഹെയർ ചോക്കുകളിൽ ലഭ്യമാണ്.
മുടിയിഴകൾക്ക് അധികം കേടുപാടുകൾ വരുത്താതെ, ചെറിയ സമയത്തിനുള്ളിൽ മുടിയിഴകളിൽ നിറം പിടിപ്പിക്കാം എന്നതാണ് ചോക്കിന്റെ പ്രത്യേകത. മാത്രമല്ല, ആവശ്യം കഴിഞ്ഞാൽ കഴുകിക്കളയുകയും ആവാം. അതായത് ഡൈകളിൽ ഉള്ളപോലെ നിറമുള്ള മുടിയുമായി ദീർഘകാല ബന്ധത്തിന്റെ ആവശ്യമില്ല എന്ന് ചുരുക്കം. ഉപയോഗിക്കാനും മുടിയിൽ നിന്നും ഒഴിവാക്കാനും ഏറെ എളുപ്പമാണ് ഹെയർ ചോക്ക്. ഷാമ്പൂ ഉപയോഗിച്ചു കഴുകുക മാത്രമേ വേണ്ടൂ, നിറം പോയി നിങ്ങളുടെ സ്വന്തം മുടിയഴകു തിരിച്ചെത്തും. വസ്ത്രങ്ങൾക്കു ചേരുന്ന രീതിയിൽ മുടിയുടെ നിറവും മാറ്റാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ന്യൂജെൻസ്.
Read more: Beauty Tips in Malayalam