Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സർജറി കഴിഞ്ഞാലും പെണ്ണെന്നു കേൾക്കേണ്ട, മരണം വരെയും ഞാനൊരു ട്രാൻസ്ജെൻഡർ'

Shyama Sanju ട്രാൻസ്ജൻഡർ വിഭാഗക്കാർക്കിടയിൽ സംഘടിപ്പിച്ച ക്വീൻ ഓഫ് ധ്വയ സൗന്ദര്യമൽസരത്തിൽ വിജയിച്ച ശ്യാമയെ കിരീടം അണിയിക്കുന്ന നടി മധുബാല

''ദത്തെടുക്കുകയാണെങ്കിൽ അതൊരു ആൺകുട്ടിയെ ആയിരിക്കും.ട്രാൻസ്ജെൻഡർ സമൂഹത്തോട് എങ്ങനെ മര്യാദയോടെ പെരുമാറണമെന്നു പഠിപ്പിച്ച് അവനെ മാതൃകാപരമായി വളർത്തും''- കാണികളും വിധികർത്താക്കളും ഒരുപോലെ കയ്യടിച്ച നിമിഷമായിരുന്നു അത്. ആ ഒരൊറ്റ ഉത്തരത്തിലൂടെ ശ്യാമ സഞ്ചു എന്ന ഇരുപത്തിയാറുകാരി ട്രാൻസ്ജൻഡർ വിഭാഗക്കാർക്കിടയിൽ സംഘടിപ്പിച്ച ക്വീൻ ഓഫ് ധ്വയ സൗന്ദര്യമൽസരത്തിൽ കിരീടം ചൂടി.  കേരളത്തിൽ ട്രാൻസ്ജെൻഡർ സമൂഹത്തിനിടയിൽ നടക്കുന്ന ആദ്യത്തെ സുന്ദരിപ്പട്ടം സ്വന്തമാക്കിയ ആഹ്ലാദത്തോടെയാണ് ശ്യാമ മനോരമ ഓണ്‍ലൈനുമായി സംസാരിച്ചു തുടങ്ങിയത്. നേട്ടത്തിന്റെ സന്തോഷം മാത്രമല്ല സമൂഹത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം നേരിട്ടു കൊണ്ടിരിക്കുന്ന അവഗണനകളും നാളെയിലുള്ള പ്രതീക്ഷകളുമൊക്കെ ശ്യാമ പങ്കുവച്ചു.....

'ക്വീൻ ഓഫ് ധ്വയ' അഥവാ ശ്യാമ സഞ്ചുവിനെ ഒന്നു പരിചയപ്പെടുത്താമോ?

തിരുവനന്തപുരം സ്വദേശിയാണു ഞാൻ. ഇപ്പോൾ എംഎ. എംഎഡ് കഴിഞ്ഞു.  വീട്ടിൽ അമ്മയും സഹോദരനുമുണ്ട്, സഹോദരൻ ഗൾഫിൽ ജോലി ചെയ്യുന്നു. പഠനം കഴിഞ്ഞു നിൽക്കുകയാണ്, പി.എസ്.സിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞങ്ങളെപ്പോലുള്ള ട്രാൻസ്ജെൻഡേഴ്സിന് അവിടെ രജിസ്റ്റര്‍ ചെയ്യൽ സാധ്യമല്ല, കാരണം സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്ന കോളങ്ങൾ മാത്രമേയുള്ളു. ഞങ്ങളെപ്പോലുള്ളവർ എന്തു ചെയ്യും. പ്രൈവറ്റ് മേഖലകളിലാണെങ്കിലും ഞങ്ങൾ സ്വീകാര്യരല്ല, 86 ശതമാനം മാർക്കു വാങ്ങി ബിഎഡ് പാസായിട്ടും ഒരു ജോലിയുടെ കാര്യം വരുമ്പോൾ ഒന്നും ചെയ്യാൻ നിവൃത്തിയില്ലാത്ത  അവസ്ഥയാണ്.

shyama-2 . എന്നേക്കാൾ സൗന്ദര്യവും മിടുക്കുമുള്ള എത്രയോ ട്രാൻസ് കേരളത്തിലുണ്ട്, അവർക്കിടയിൽ ഞാൻ തള്ളപ്പെ‌ടും എന്നു തന്നെയാണു കരുതിയത്...

ധ്വയയിലേക്കുള്ള എൻട്രിയെക്കുറിച്ച്?

സത്യം പറഞ്ഞാൽ ഈ അംഗീകാരം ഒട്ടും പ്രതീക്ഷിക്കാത്തതാണ്. കേരളത്തിലാദ്യമായി ട്രാൻസിനായി ധ്വയ 2017 എന്ന പേരിൽ സൗന്ദര്യമൽസരം സംഘടിപ്പിക്കുന്നുവെന്ന് അറിഞ്ഞപ്പോഴും  എനിക്കു പങ്കെടുക്കണം എന്ന ആഗ്രഹമൊന്നും ഇല്ലായിരുന്നു. എന്നേക്കാൾ സൗന്ദര്യവും മിടുക്കുമുള്ള എത്രയോ ട്രാൻസ് കേരളത്തിലുണ്ട്, അവർക്കിടയിൽ ഞാൻ തള്ളപ്പെ‌ടും എന്നു തന്നെയാണു കരുതിയത്. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് കൂടിയായ സൂര്യ അഭിയാണ് നീ മൽസരിക്കണമെന്നു പറഞ്ഞു നിർബന്ധിക്കുന്നത്. പക്ഷേ അപ്പോഴും എന്റെ ശരീരം റാംപ് വാക് ചെയ്യാൻ യോജിക്കുന്നതല്ല എന്നൊക്ക പറഞ്ഞ് ഞാൻ മടികാണിച്ചു. സൂര്യാമ്മ നിർബന്ധിച്ചു കൊണ്ടേയിരുന്നപ്പോൾ എന്നാൽ മൽസരിച്ചു നോക്കാമെന്നു തീരുമാനിക്കുകയായിരുന്നു. മുന്നൂറു പേരിൽ നിന്നും മുപ്പതുപേരെ തിരഞ്ഞെടുത്തതിൽ ഞാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഞെട്ടലായിരുന്നു.  ആകെ എന്നെ മുന്നോട്ടു വലിച്ച ഒരേയൊരു ഘടകം ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള കഴിവായിരുന്നു. അങ്ങനെ ശേഷം നടന്ന ഓഡീഷനിൽ അവസാന പതിനഞ്ചുപേരിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 

അവസാന റൗണ്ടിലെ ആ ഒരു ഉത്തരമാണ് ശ്യാമയെ ക്വീൻ ആക്കിയത്? 

ഒരുപക്ഷേ ആ ഉത്തരമായിരിക്കാം എനിക്ക് ധ്വയ 2017ലെ ട്രാൻസ് പട്ടം നൽകിയത്. ഒരു കുഞ്ഞിനെ ദത്തെ‌ടുക്കുകയാണെങ്കിൽ അത് ആൺകുട്ടിയെ ആയിരിക്കുമോ അതോ പെൺകുട്ടിയെ ആയിരിക്കുമോ എന്നായിരുന്നു ചോദ്യം. മറ്റെല്ലാവരും പെൺകുട്ടി എന്നു മറുപടി നൽകിയപ്പോൾ ഞാൻ ആണ്‍കുട്ടി എന്നാണു പറഞ്ഞത്. അതിനു ഞാൻ നൽകിയ കാരണം ഇതായിരുന്നു, ചെറുപ്പം മുതൽക്കേ ഞാൻ ബോയ്സ് സ്കൂളിലാണു പഠിച്ചിരുന്നത്. സ്കൂൾ കാലങ്ങളിലും കോളജ് പഠനകാലങ്ങളിലുമൊക്കെ ഏറ്റവുമധികം കളിയാക്കലുകളും അവഗണനകളും നേരിട്ടത് ആൺകുട്ടികളിൽ നിന്നായിരുന്നു. അന്നേ തീരുമാനിച്ചിരുന്നു ഭാവിയിൽ ഒരുകുഞ്ഞിനെ ദത്തെടുക്കുകയാണെങ്കിൽ അത് ആൺകുട്ടിയെ ആയിരിക്കും, ട്രാൻസ്ജെന്‍ഡേഴ്സിനെയും സ്ത്രീകളെയുമൊക്കെ എങ്ങനെ ബഹുമാനിക്കണമെന്നു പഠിപ്പിച്ച് മാതൃകാപരമായി വളർത്തണം. ആ ഉത്തരം വിധികർത്താക്കൾക്ക് ഒരുപാടിഷ്ടമായി, 

സഹപ്രവർത്തകരുടെ പിന്തുണ എത്രത്തോളമുണ്ട്?

എല്ലാവരും എന്റെ ഈ നേട്ടത്തിൽ ഒരുപാടു സന്തുഷ്ടരാണ്. പോകുന്നതൊക്കെ കൊള്ളാം കിരീടവും കൊണ്ടേ വരാവൂ എന്ന് ഒത്തിരിസുഹൃത്തുക്കൾ പറഞ്ഞു. കോളജ് കാലത്ത് എന്റെ ബാച്ച്മേറ്റായിരുന്ന പ്രജിത്തിന്റെ സഹായം പറഞ്ഞറിയിക്കാനാവില്ല. റാംപിൽ നടക്കാനായി ഒരു നല്ല ചെരിപ്പു പോലും എനിക്കുണ്ടായിരുന്നില്ല, ക്വീർ റിഥത്തിന്റെ സെക്രട്ടറി കൂടിയായ പ്രജിത്ത് ആണ് അപ്പോഴൊക്കെ സഹായിച്ചത്. പിന്നെ പേരു പുറത്തു പറയാൻ ആഗ്രഹിക്കാത്ത മറ്റൊരു സുഹൃത്താണ് അന്ന് എനിക്കു വേണ്ട ഗൗണിനുള്ള പണം തന്നു സഹായിച്ചത്. കൂടാതെ സന, അഖിൽ, അപൂർവ, ശ്രീ, അച്ചു, മിഖ, പ്രതാപ് സിങ് തുടങ്ങിയവരുടെയെല്ലാം പിന്തുണ അത്രത്തോളം ഉണ്ടായിരുന്നു. 

shyama-3 സ്കൂൾ കാലങ്ങളിലും കോളജ് പഠനകാലങ്ങളിലുമൊക്കെ ഏറ്റവുമധികം കളിയാക്കലുകളും അവഗണനകളും നേരിട്ടത് ആൺകുട്ടികളിൽ നിന്നായിരുന്നു...

ഉള്ളിലുള്ളത് ഒരു സ്ത്രീ ആണെന്ന തിരിച്ചറിവ് തോന്നിത്തുടങ്ങിയത് എപ്പോഴായിരുന്നു?

കൗമാര പ്രായത്തിലാണ് പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായി ജീവിക്കുന്നൊരാളാണ് ഞാനെന്ന് ശരിക്കും മനസിലായിത്തുടങ്ങിയത്. പ്രണയം തോന്നുന്നതുൾപ്പെടെ ശരീരത്തിൽ ഏറ്റവുമധികം മാറ്റങ്ങളുണ്ടാകുന്ന കാലഘട്ടമാണല്ലോ കൗമാരം, ആ സമയത്ത് എന്റെ സഹപാഠികളിലുണ്ടായിരുന്ന വിധത്തിലുള്ള യാതൊരു മാറ്റങ്ങളും എന്നിലുണ്ടായിരുന്നില്ല. അവരെപ്പോലെ ഹെയർഗ്രോത് ഇല്ലായിരുന്നു, അവരുടെയൊക്കെ ശബ്ദം പക്വതപ്പെട്ടപ്പോഴും എന്റേതിനു യാതൊരു മാറ്റവുമുണ്ടായില്ല, ഏറ്റവും എടുത്തു പറയേണ്ടത് അവർക്കെല്ലാം എതിർലിംഗത്തിൽപ്പെട്ടവരോടു ആകർഷണം തോന്നിയപ്പോൾ എനിക്ക് അങ്ങനെയായിരുന്നില്ല. സ്ത്രീകളോട് എനിക്ക് ഒരിക്കലും ഒരു ആകർഷണവും തോന്നിയിരുന്നില്ല. ഇതൊക്കെ മനസിലാക്കുന്നുണ്ടായിരുന്നുവെങ്കിലും എന്തു ചെയ്യണം എന്നറിയാത്ത ഒരു പ്രായമായിരുന്നു, തുറന്നു പറയാനും ആരുമുണ്ടായിരുന്നില്ല. ഞാൻ എഴുതുന്നതുപോലും സ്ത്രീകളെപ്പോലെയാണെന്നു പറഞ്ഞ് കളിയാക്കിയിരുന്നവരാണ് ഏറെയും, ഒരിടവേള വന്നാൽ പുറത്തു പോകാൻ ഭയമായിരുന്നു എപ്പോഴും കളിയാക്കലുകൾ മാത്രം. അന്നൊക്കെ മുന്നേറാൻ പ്രേരകമായത് അമ്മയായിരുന്നു. വയ്യാതിരിക്കുന്ന അച്ഛനെയും എന്നെയും പണിക്കു പോയി സംരക്ഷിച്ചിരുന്ന അമ്മയ്ക്കു വേണ്ടി പഠിക്കണം എന്ന ആഗ്രഹമാണ് തളരാതെ മുന്നോട്ടു നയിച്ചത്. 

വീട്ടുകാരുടെ പിന്തുണ?

വീട്ടുകാർ രണ്ടുവർഷം മുമ്പു മാത്രമാണ് എന്റെ മാറ്റത്തെക്കുറിച്ച് കൃത്യമായി അറിയുന്നത്. അതിനുമുമ്പേ അമ്മയ്ക്കു മനസിലായിരിക്കണം, കാരണം ഒരമ്മയ്ക്കു തന്റെ മക്കളിലുണ്ടാകുന്ന മാറ്റങ്ങൾ പെട്ടെന്നു പിടികിട്ടുമല്ലോ. ഇന്നുവരെയും അമ്മ എന്നെ കുറ്റപ്പെ‌ടുത്തി സംസാരിച്ചിട്ടില്ല, അമ്മയുടെ ഉള്ളിൽ ആശങ്കകളൊക്കെ ഉണ്ടാകുമായിരിക്കും. സഹോദരൻ പുറത്തായതുകൊണ്ട് ഇപ്പോൾ വീട്ടിൽ ഞാനും അമ്മയും മാത്രമാണ് ഉള്ളത്. ധ്വയയിൽ വിജയിച്ചതിൽ അമ്മയ്ക്കു സന്തോഷമുണ്ട്. അതു മാത്രമല്ല മുമ്പൊക്കെ എന്നെക്കണ്ടാൽ മിണ്ടുക പോലും ചെയ്യാതിരുന്ന നാ‌‌ട്ടിലുള്ള പലരും വന്ന് അഭിനന്ദിച്ചു. അതൊക്കെ ഒരുപാടു സന്തോഷം നൽകുന്ന കാര്യമാണ്. 

സമൂഹത്തിനു ട്രാൻസ്ജെൻഡേഴ്സിനോടുള്ള മനോഭാവത്തിൽ മാറ്റം വരുന്നുണ്ടെന്നു തോന്നുന്നുണ്ടോ?

മാറ്റം കാണുന്നത് യുവതലമുറയിൽ നിന്നാണെന്നു പ്രത്യേകം പറയേണ്ടതുണ്ട്. അവരിൽപ്പലരും ഞങ്ങളെ വേര്‍തിരിച്ചു കാണാതെ അവർക്കൊപ്പം തന്നെ സ്ഥാനം തരുന്നവരാണ്. തുറിച്ചു നോക്കുന്നവരും കളിയാക്കി ചിരിക്കുന്നവരും ഇല്ലെന്നല്ല, പക്ഷേ അതിൽ മാറ്റം വരുന്നുണ്ട്. എനിക്കുതന്നെ പലപ്പോഴും പുറത്തിറങ്ങുമ്പോൾ അവഗണനകൾ നേരിട്ടിട്ടുണ്ട്, ഞാനപ്പോൾ തന്നെ പ്രതികരിക്കാറുമുണ്ട്. കാരണം, അല്ലാതെ ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല. അടുത്തിടെ ട്രെയിനിൽ പോകുന്ന സമയത്ത് രണ്ടുപെൺകുട്ടികൾ എന്നെ നോക്കി കളിയാക്കി എന്തെല്ലാമോ പറയുന്നതുകേട്ടു. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല, പിന്നെ എനിക്കുതന്നെ തോന്നി ഞാനെന്തിനിതു സഹിക്കണം, അങ്ങനെ ഞാൻ അവരോടു ചോദിച്ചു നാളെ നിങ്ങൾക്കൊരു കുട്ടിയുണ്ടായി അവൻ ഭാവിയിൽ ട്രാൻസ്ജെൻഡർ ആണെന്നറിയുമ്പോഴും നിങ്ങൾ ഇങ്ങനെ തന്നെ ചെയ്യുമോ എന്ന്. അവർ ഒന്നും പറഞ്ഞില്ല. സ്ത്രീകളിൽ നിന്നു തന്നെ ഇത്തരം ഒറ്റപ്പെ‌ടലുകൾ നേരിടേണ്ടി വരുന്നത് സങ്കടകരമാണ്.

മെട്രോയിലെ ട്രാൻസ്ജെൻഡർ സാന്നിധ്യം, സിനിമകളുള്‍പ്പെ‌ടെയുള്ള മേഖലകളിലെ മുന്നേറ്റം ഇവയെയൊക്കെ എങ്ങനെ നോക്കിക്കാണുന്നു?

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്കു വളരെയേറെ സന്തോഷം നൽകുന്ന കാര്യമാണ് ഇതൊക്കെ. ഞങ്ങൾ പൊതുസമൂഹത്തിൽ സ്ത്രീകളെയും പുരുഷന്മാരെയുംപോലെ അംഗീകരിക്കപ്പെടുന്നവരാകുന്നു എന്നതിന്റെ സൂചനകളാണ് ഇതെല്ലാം. 

shyama-1 കൗമാര പ്രായത്തിലാണ് പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായി ജീവിക്കുന്നൊരാളാണ് ഞാനെന്ന് ശരിക്കും മനസിലായിത്തുടങ്ങിയത്. പ്രണയം തോന്നുന്നതുൾപ്പെടെ ശരീരത്തിൽ ഏറ്റവുമധികം മാറ്റങ്ങളുണ്ടാകുന്ന കാലഘട്ടമാണല്ലോ കൗമാരം...

ആൺശരീരങ്ങളിൽ പെണ്‍മനസ്സുകളുമായി ഒളിച്ചു ജീവിക്കുന്നവരോട് എന്താണു പറയാനുള്ളത്?

നിങ്ങൾ എന്തുസഹിച്ചാണെങ്കിലും നിങ്ങളുടെ വ്യക്തിത്വം പുറത്തു കൊണ്ടുവരണം എന്നാണ് എനിക്കു പറയാനുള്ളത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ പറയുന്നുണ്ട്, ഭൂമിയിൽ സർവജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന്. അതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങളും മനുഷ്യരാണ്, സ്ത്രീയെയും പുരുഷനെയുംപോലെ തലയുയർത്തിപ്പിടിച്ചു നടക്കാനുള്ള അവകാശം ഞങ്ങൾക്കുമുണ്ട്. വീട്ടുകാരും നാട്ടുകാരും അറിയുമെന്നു ഭയന്ന് ഉള്ളിൽ മറ്റൊരു ജെൻഡറുമായി ജീവിക്കുന്ന ധാരാളം പേരെ എനിക്കറിയാം. നീ നീയായി ജീവിക്കൂ എന്നു പറയുമ്പോൾ അവർ മറുപടി പറയുന്നത് വീ‌ട്ടുകാരും നാട്ടുകാരും എന്തു പറയുമെന്നാണ്. നമ്മുടെ ജീവിതം മറ്റാർക്കും വേണ്ടി ജീവിച്ചു തീർക്കാനുള്ളതല്ല എന്നാണ് എനിക്കവരോടു പറയാനുള്ളത്. 

സ്ത്രീ എന്നറിയപ്പെ‌ടാനാണോ ട്രാൻസ്ജെൻഡർ എന്നു കേൾക്കാനാണോ കൂടുതലിഷ്ടം?

എന്നും ഒരു ട്രാൻസ്ജെൻഡർ എന്ന് അഭിമാനത്തോടെ തുറന്നു പറയാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഒരു സ്ത്രീയുടെയും പുരുഷന്റെയും മാനസികാവസ്ഥയിൽ ചിന്തിക്കാൻ കഴിയുന്ന എ​നിക്ക് പൂര്‍ണമായും ഒരു ട്രാൻസ്ജെൻഡറിന്റെ തലത്തിൽ നിന്നു ചിന്തിക്കാനാവും. ഇപ്പോൾ സർജറി ചെയ്യാനുള്ള ഒരുക്കത്തിലാണ്, അതു പൂർത്തിയായാൽപ്പോലും മരണം വരെയും ട്രാൻസ് എന്നു തന്നെ വിളിച്ചു കേൾക്കാനാണ് ഇഷ്ടം.

ട്രാൻസ്ജെൻഡേഴ്സ് എല്ലാം സെക്സ്‌വർക്കേഴ്സ് ആണെന്ന ധാരണയുമായി നടക്കുന്നവരോട്?

ആ ധാരണയുമായി നടക്കുന്ന കുറച്ചധികം പേർ കേരളത്തിലുണ്ട്. അത്തരത്തിൽ ചിന്തിക്കുന്നവർ ഒന്നു മനസിലാക്കണം നിങ്ങളെല്ലാം സാധാരണ ഒരു മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവസരം നൽകിയാൽ ഒരിക്കലും അവർക്ക് സെക്സ് വർക്കേഴ്സ് ആകേണ്ടി വരില്ല. എത്രപേർ ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകാൻ തയ്യാറായി മുന്നോട്ടു വരുന്നവരുണ്ട്. വെറും തുച്ഛമാണത്, അവർക്കും ജീവിക്കണ്ടേ. മറ്റൊരു വഴിയുമില്ലാതാകുമ്പോൾ‌ അവർ സ്വീകരിക്കുന്ന മേഖലയാകാം. പിന്നെ മറ്റൊന്ന് എല്ലാ ട്രാൻസ്ജെൻഡേഴ്സും സെക്സ് വർക്കേഴ്സ് അല്ല എന്നതാണ്. ചെറിയൊരു ശതമാനം പേർ ജീവിക്കാനായി ലൈംഗികത്തൊഴിലാളികൾ ആകുന്നുവെന്നു കരുതി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ ഒന്നാകെ ആ ഗണത്തിൽ പെടുത്തരുത്. 

Shyama Sanju വീട്ടുകാർ രണ്ടുവർഷം മുമ്പു മാത്രമാണ് എന്റെ മാറ്റത്തെക്കുറിച്ച് കൃത്യമായി അറിയുന്നത്. അതിനുമുമ്പേ അമ്മയ്ക്കു മനസിലായിരിക്കണം, കാരണം ഒരമ്മയ്ക്കു തന്റെ മക്കളിലുണ്ടാകുന്ന മാറ്റങ്ങൾ പെട്ടെന്നു പിടികിട്ടുമല്ലോ...

പൊതുജനങ്ങളോട് ഒരു ട്രാൻസ്ജെൻഡർ എന്ന നിലയ്ക്ക് പറയാനുള്ളത്? 

ഞങ്ങളുടെ ജീവിതം എന്താണെന്നു മനസിലാക്കണം എന്നാണു പറയാനുള്ളത്. ട്രാൻസ്ജെൻഡേഴ്സ് ആരും അറിഞ്ഞുകൊണ്ട് ഇങ്ങനെ ജനിക്കുന്നവരല്ല. ഇതൊരു വൈവിധ്യമാണെന്നു മനസിലാക്കി കൂടെ നിൽക്കുകയാണു വേണ്ടത്. ഞങ്ങളുടേത്  അഭിനയമാണെന്നു പറയുന്ന ചിലരുണ്ട്, അവരോടൊന്നു പറയാനില്ല. 

ട്രാൻസ്ജെൻഡേഴ്സിനായി ശ്രേഷ്ഠമായൊരു പദം മലയാളത്തിൽ ഇല്ല, എന്തു തോന്നുന്നു?

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി കിട്ടിയെന്നതൊക്കെ ശരിതന്നെ, പക്ഷേ പദസമ്പത്തു കുറവായ ഭാഷയാണ് മലയാളം. ട്രാൻസ്ജെൻഡേഴ്സിനെ വിളിക്കാൻ പോലും നല്ലൊരു പദമില്ല മലയാളത്തിൽ. തമിഴില്‍ തിരുനങ്കൈ എന്നും കന്നടയിൽ മംഗളമുഖി എന്നുമൊക്കെ പറയുമ്പോൾ മലയാളത്തിൽ പറയുന്നത് ഭിന്നലിംഗക്കാർ എന്നാണ്. സുപ്രീംകോടതി വിളിച്ച തേർഡ്ജെൻഡർ എന്ന വാക്കിനെ വളച്ചൊടിച്ച് ഭിന്നലിംഗക്കാർ എന്നു വിളിച്ചതിൽ പ്രധാനപങ്ക് മാധ്യമങ്ങൾക്കുണ്ട്. അതുകൊണ്ട് ഒരു കാര്യം എല്ലാവരോടുമായി അഭ്യർഥിക്കുകയാണ് ഞങ്ങളെ അഭിസംബോധന ചെയ്യാൻ നല്ല പദം വരുന്നതുവരേക്കും ട്രാൻസ്ജെൻഡേഴ്സ് എന്നു തന്നെ വിളിച്ചു കേൾക്കുന്നതാണ് സന്തോഷം. 

പ്രണയം, കുടുംബജീവിതം?  

എന്റെയുള്ളിലും പ്രണയമുണ്ട്, പ്രണയമില്ലാത്ത മനുഷ്യരില്ലല്ലോ. പക്ഷേ ഇപ്പോൾ എന്തായാലും വിവാഹിതയാകുവാൻ താൽപര്യമില്ല. എന്റെ സഹപ്രവർത്തകരിൽ തന്നെ പലരും പറഞ്ഞിട്ടുണ്ട് ആത്മാർഥ സ്നേഹമാണെന്നു തെറ്റിദ്ധരിച്ചു വഞ്ചിക്കപ്പെട്ട കഥകൾ. പലരും സാമ്പത്തികമായ നേട്ടത്തിനോ ശാരീരിക സുഖത്തിനോ ഒക്കെ സമീപിക്കുന്നവരാണ്. അത്തരം ബന്ധങ്ങളിൽ ചെന്നുപെട്ട് സമാധാനപരമായ എന്റെ ഈ ജീവിതം കലുഷിതമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ എന്നെ പൂർണമായും മനസിലാക്കി സ്വീകരിക്കാൻ ഒരാൾ വരികയാണെങ്കിൽ ചിലപ്പോൾ വിവാഹം കഴിച്ചേക്കാം, ഇപ്പോള്‍ തൽക്കാലം സിംഗിളാണ്.

Read More: Love n Life, Trending