Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാരിദ്ര്യത്തെയും പരിഹാസത്തെയും തോൽപ്പിച്ച് നേടിയ ഡോക്ടറേറ്റ്; കണ്ണുനനയ്ക്കും ഈ ജീവിതകഥ

preethi-madambi പ്രീതി അച്ഛനൊപ്പം

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതിനേക്കാൾ പ്രാധാനകാര്യം അവരുടെ വിവാഹം നടത്തുക എന്നതാണെന്ന് ചിന്തിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇന്നും കുറവല്ല. എന്നാൽ പെൺമക്കൾക്ക് വിദ്യാഭ്യാസമാണ് നൽകേണ്ടതെന്ന് ഉറച്ച് വിശ്വസിച്ച ഒരച്ഛന്റെയും എല്ലാ പ്രതിസന്ധികളെയും മറികടന്ന് വിജയത്തിലെത്തിയ ഒരു മകളുടെയും കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കണ്ണ് നിറയ്ക്കുന്നത്.

'എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് ...പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ' എന്നിങ്ങനെ പലരുടെയും പരിഹാസം കലർന്ന ചോദ്യങ്ങളെ വകവയ്ക്കാതെയാണ് മാടമ്പി കൂലിപ്പണിയെടുത്ത് മക്കളെ പഠിപ്പിച്ചത്. മകൾ പ്രീതി മാടമ്പി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ അച്ഛൻ ജീവനോടെയില്ലെങ്കിലും ആ അച്ഛനെ മനസ്സുകൊണ്ട് വണങ്ങുകയാണ് ഇന്ന് സമൂഹമാധ്യമലോകം.

preethi

പ്രീതി മാടമ്പി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്റെ അച്ഛനെ ലോകത്തിന് പരിചയപ്പെടുത്തിയത്. വിജയത്തിലേക്കുള്ള വഴികളിലെ സഹനവും കണ്ണീരും ഒരച്ഛന്റെ അർപ്പണവും ഒക്കെ പ്രീതിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ നിന്ന് വായിച്ചെടുക്കാം. 'പോയി പറയച്ഛാ ..എല്ലാരോടും ...അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്...' എന്ന് പ്രീതിയുടെ പോസ്റ്റ് അവസാനിക്കുമ്പോൾ വായനക്കാരനും ആ വിജയത്തിൽ സ്വന്തം വിജയത്തിലെന്ന പോലെ സന്തോഷിക്കുന്നു.

പ്രീതി മാടമ്പിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം–

"വലതു തോളിൽ കൈക്കോട്ടും ഇടതു കയ്യിൽ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയിൽ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച് ആകെ വിയർത്തു ചെളി പറ്റിയ ചുവന്ന തോർത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടിൽ കേറി വന്നിരുന്ന ഒരു മനുഷ്യ രൂപമുണ്ട്. കയ്യിൽ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യിൽ തന്നിട്ട് പറയും " കൊണ്ടുപോയി അച്ഛന്റെ പേഴ്സിൽ വെക്ക്" എന്ന്.
പഠിക്കാൻ മിടുക്കികളായിരുന്ന പെണ്മക്കൾ ശൈശവം കഴിഞ്ഞു കൗമാരത്തിലേക്ക് കടന്നപ്പോൾ ചിലവിനെ കുറിച്ചോർത്തു ആധി കൊള്ളുന്ന സമയത്താണ് എനിക്ക് നവോദയ സ്കൂൾ പ്രവേശനം ലഭിക്കുന്നത്. " പോവാം അല്ലേ മോളെ ..". ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. ബന്ധുക്കളിൽ ചിലർ അച്ഛനോട് ചോദിച്ചു " അനക്ക് എന്തിന്റെ കേടാ മാടമ്പ്യേ.....കുട്ട്യോളെ വല്ലോടത്തും കൊണ്ടിട്ടു പഠിപ്പിച്ചാ അവറ്റകള് വഴിതെറ്റി പോകില്ലേ..".അച്ഛൻ പക്ഷെ പുഞ്ചിരിച്ചു.
പിന്നീടങ്ങോട്ട് ഏഴു വർഷം സ്വർഗ്ഗത്തിലെന്ന പോലെ ജീവിച്ചു. ചോറിനു കൂട്ടാൻ ചേമ്പും പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് അവിടെ വെച്ചാണ്. ചോറിനും കറികൾക്കുമൊന്നും സ്വാദില്ലെന്നു പലരും പറഞ്ഞപ്പോഴും ഞാനതെല്ലാം ആർത്തിയോടെ തിന്നു. എല്ലാ മാസവും ക്ലാസ് ടീച്ചർ സഞ്ചയികയിലേക്കുള്ള കാശ്‌ ചോദിക്കുമ്പോൾ തന്റെ കുട്ടി മറ്റുള്ളവരുടെ മുന്നിൽ നാണം കെടാതിരിക്കാൻ സന്ദർശന ദിനത്തിൽ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛൻ എന്റെ കയ്യിൽ വെച്ച് തരുമായിരുന്നു.
വർഷങ്ങൾ കടന്നു പോയി. ബിരുദം കഴിഞ്ഞു ബിരുദാനന്തര ബിരുദത്തിനു ചേർന്നപ്പോൾ ചുറ്റുമുള്ളവർ വീണ്ടും പരിഹസിച്ചു. " മാടമ്പ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് ...പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ ..."
ജൂൺ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കൊമേഴ്‌സ് ആൻഡ് മാനേജ്‌മന്റ് സ്റ്റഡീസ് സെമിനാർ ഹാളിൽ വെച്ച് എനിക്ക് ഡോക്ടറേറ്റ് അവാർഡ് ചെയ്തിരിക്കുന്നു.
പോയി പറയച്ഛാ ..എല്ലാരോടും ...അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്..."