Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ജോലി ചെയ്യുന്നതിനിടെ എനിക്ക് മരിക്കണം'; 102ലും ചുറുചുറുക്കിന്റെ നേർസാക്ഷ്യമാണ് ഈ ഡോക്ടർ !

Balwant ഡോക്ടർ ബല്‍വന്ത് ഗാ‌ട്ട്പാണ്ഡെ

'ജോലി കിട്ടിയിട്ടു വേണം കുറച്ചു ലീവ് എ​ടുക്കാൻ' എന്നു തമാശയ്ക്കു പറയുന്നവരുണ്ട്. ജോലിയെ അത്ര ബാധ്യതയായി കാണാതെ അതിനെ സ്നേഹിച്ചു ജീവിതമായി കണ്ടു മുന്നേറിയാൽ വിജയം സുനിശ്ചിതമാകുമെന്നു മാത്രമല്ല മടുപ്പും ഇല്ലാതാകും. അത്തരത്തിൽ വിശ്രമമില്ലാതെ ജോലിയെ പ്രണയിച്ച ഒരു വൃദ്ധനായ ഡോക്ടറുടെ കഥയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. നൂറ്റിരണ്ടാമത്തെ വയസിലും ചുറുചുറുക്കോടെ ജോലിക്കു വേണ്ടി ജീവിതം സമർപ്പിച്ചു കഴിഞ്ഞ ആ മനുഷ്യന്റെ പേര് ഡോക്ടർ ബല്‍വന്ത് ഗാ‌ട്ട്പാണ്ഡെ.  രോഗികള്‍ക്കായി സദാ സന്നദ്ധനായിരിക്കുന്ന ഇദ്ദേഹം പൂനെയിലെ തന്നെ ഏറ്റവും പ്രായമേറിയ ഡോക്ടർ എന്നാണ് അറിയപ്പെടുന്നത്. 

''എന്റെ മരണം വരെയും രോഗികളെ ചികിൽസിക്കണമെന്നാണ് ആഗ്രഹം, ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ തന്നെ മരിക്കണമെന്നതാണ് സ്വപ്നം''- ബൽവന്ത് പറയുന്നു. ജനങ്ങൾക്കു വേണ്ടുന്ന ഏറ്റവും വലിയ സേവനം ചെയ്യാമെന്നതാണ് ഒരു ഡോക്ടർ എന്ന ജോലിയുടെ നേട്ടം. സാമ്പത്തിക സുരക്ഷിതത്വത്തേക്കാൾ അതിലൂടെ ജനങ്ങളിലുണ്ടാകുന്ന സംതൃപ്തിയിലാണ് താൻ സന്തോഷം കണ്ടെത്തുന്നത്. പേരും പ്രശസ്തിയും പണവും മാത്രമല്ല ജനങ്ങളുടെ സ്നേഹവും കരുതലുമൊക്കെ തനിക്ക് ഈ പ്രഫഷൻ നേടിത്തന്നു''– ബൽവന്ത് പറയുന്നു. 

ഫീസായി വലിയ തുക ഈടാക്കുന്ന ഈ തലമുറയിലെ ഡോക്ടർമാർക്കിടയിൽ ഇദ്ദേഹം വ്യത്യസ്തനാവുന്നതും താൻ രോഗികളിൽ നിന്നു വാങ്ങുന്ന തുച്ഛമായ പണത്തിന്റെ പേരിലാണ്, അഞ്ഞൂറോ ആയിരമോ ഒന്നുമല്ല വെറും മുപ്പതു രൂപയാണ് രോഗികളിൽ നിന്നും അദ്ദേഹം വാങ്ങുന്നതെന്നു കേട്ടാൽ ആർക്കും ഞെട്ടാതിരിക്കാനാവില്ല. ഇനി പ്രായം ഇത്രയായിട്ടും ബൽവന്ത് ഡോക്ടർ ചുറുചുറുക്കോടെ നടക്കുന്നതിനു പിന്നിലെ രഹസ്യം എന്തെന്നല്ലേ? മുറതെറ്റാതെയുള്ള വ്യായാമവും കൃത്യനിഷ്ഠമായ ഡയറ്റിങ്ങുമാണത്രേ അതിനു കാരണക്കാർ. 

താൻ എത്രകാലം ജീവിച്ചിരിക്കുന്നോ അത്രയുംകാലം ഈ പ്രഫഷനിൽ വ്യാപൃതനായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഡോക്ടറായ ബൽവന്തിന് ഇന്നുവരെ എന്തെങ്കിലും രോഗത്തിന്റെ പേരിൽ മറ്റു ഡോക്ടർമാരെ ആശ്രയിക്കേണ്ടതായും വന്നിട്ടില്ല. ഇന്നും മണിക്കൂറിൽ ഒരുതവണ വ്യായാമം നിർബന്ധമാണെന്നതിനൊപ്പം പൂർണ വെജിറ്റേറിയനുമാണ് ബൽവന്ത്, മാത്രമല്ല പുറത്തുനിന്നുള്ള ഭക്ഷണം തൊടുക പോലുമില്ല ഇദ്ദേഹം. 

ബൽവന്തിനെപ്പോലെ ചിന്തിക്കുന്ന ആളുകളാണ് നമ്മുടെ സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്നത്. ശരീരത്തിനു പ്രായമാകുമ്പോഴും മനസിനെ ചെറുപ്പമായി കൊണ്ടുനടന്നാല്‍ ജീവിതം എന്നും വിജയം മാത്രമേ കൊണ്ടുവരൂ. ആത്മാർഥതയോടെ ജോലിയെയും സഹചാരികളെയും കാണാൻ ശ്രമിക്കുന്നവർക്കേ എന്നും നേട്ടങ്ങളുടെ നെറുകയിലേക്കെത്താൻ കഴിയൂ എന്നു തെളിയിക്കുന്നതാണ് ബൽവന്തിന്റെ ജീവിതം. വാർധക്യത്തെ ഭയക്കാതെ രോഗികള്‍ക്കിടയിലേക്ക് ദൈവദൂതനെപ്പോലെ നടന്നുകയറുകയാണ് ബൽവന്ത് ഇന്നും......

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam