Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതുപോലെ ഒരു അമ്മായിയമ്മയാണ് ഓരോ മരുമക്കളുടെയും സ്വപ്നം

Momina മൊമിന പേരക്കുട്ടിക്കൊപ്പം

സമൂഹമാധ്യമത്തിൽ ഇന്നു വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന് നാം പതിവായി കാണുന്ന ചിത്രങ്ങളേക്കാൾ സൗന്ദര്യമേറെയുണ്ട്. ഒരു അമ്മൂമ്മ തന്റെ പേരക്കിടാവിനെ ചേർത്തു നിർത്തി ചുംബിക്കുന്ന ചിത്രം പകർത്തിയത് പ്രശസ്ത ഫൊട്ടോഗ്രാഫർ ജിഎംബി ആകാശ് ആണ്. മൊമിന എന്ന അറുപതുകാരിയാണ് പൊന്നോമനയെ വാല്‍സല്യത്തോടെ ചുംബിക്കുന്ന ആ അമ്മൂമ്മ. മൊമിനയുടെ ജീവിതകഥയും സമൂഹമാധ്യമത്തിൽ ഹിറ്റായിരിക്കുകയാണ്, കുറച്ചുകൂടി വ്യക്തമാക്കിയാൽ ഒരു മരുമകളെ പൊന്നുപോലെ സ്നേഹിച്ച അമ്മായിയമ്മയുടെ കഥയായിരുന്നു മൊമിനയ്ക്കു പറയാനുള്ളത്. സീരിയലുകളിൽ കാണുന്നതു പോലെയല്ല എല്ലാ അമ്മായിയമ്മയും മരുമക്കളും എന്നു വ്യക്തമാക്കുന്നതാണ് ഇവരുടെ ജീവിതം.

മൊമിനയ്ക്ക്, സുൽത്താന എന്ന തന്റെ മരുമകൾ സ്വന്തം മകൾ തന്നെയായിരുന്നു. ഭർത്താവും വീട്ടുകാരുമൊക്കെ നിറമില്ലാത്തതിന്റെ പേരിലും ദരിദ്രയായതിന്റെ പേരിലുമൊക്കെ സുൽത്താനയെ കുറ്റപ്പെടുത്തിയപ്പോൾ മൊമിന അവൾക്കു സാന്ത്വനവുമായി കൂടെ നിൽക്കുകയാണു ചെയ്തത്. ഒരാൾക്കും അവളെ വിമർശിക്കാൻ വിട്ടുകൊടുക്കില്ലെന്ന വാശിയോടെ മൊമിന സുൽത്താനയെ മകളപ്പോലെ സ്നേഹിച്ചു. ഒടുവിൽ തന്റെ ജീവിതത്തിൽ തനിക്കൊരു വിശ്രമം വേണമെന്നു തോന്നിയപ്പോൾ ഭർത്താവോ മകനോ പെൺമക്കളോ ഒന്നും മനസിലാക്കിയില്ല, പകരം സുൽത്താനയാണ് ആ അമ്മയെ മനസിലാക്കിയത്. 

മൊമിനയുടെ വാക്കുകളിലേക്ക്...

''എന്റെ മകൻ സുൽത്താനയെ വീട്ടിലേക്കു കൊണ്ടുവന്ന സമയത്ത് എല്ലാവരും ദേഷ്യത്തിലായിരുന്നു. ആരും അവളെ സ്വീകരിക്കാൻ തയാറായിരുന്നില്ല. എന്റെ മരുമകളുടെ മുഖത്ത് നിഷ്കളങ്കതയല്ല മറിച്ച് ധീരതയും പക്വതയുമാണ് എനിക്കു കാണാൻ കഴിഞ്ഞത്. എന്റെ ഭർത്താവും പെൺമക്കളും എല്ലാവരും അവൾ വീട്ടിലുണ്ടാകുന്നതിനെ കുറ്റപ്പെ‌ടുത്തി. അവൾ വന്നു കയറിയ ദിവസം സ്റ്റൗവിലേക്കു എന്റെ സാരി വീണ് അടുക്കളയ്ക്കു തീപിടിച്ചു. എല്ലാവരും അലറിക്കൊണ്ടിരിക്കുമ്പോൾ സുൽത്താനയാണ് ബക്കറ്റിൽ മണൽ നിറച്ച് അടുക്കളയിലാകെ വിതറിയത്. നേരിയ പൊള്ളലേറ്റെങ്കിലും അവൾ ആ തീ അണച്ചു. 

എന്നാൽ എന്റെ പെൺമക്കൾ പറഞ്ഞിരുന്നത് അവൾ കാരണമാണ് തീ പിടിച്ചത് എന്നായിരുന്നു. പക്ഷേ അവൾ എത്ര ധീരതയോടെയാണ് സാഹചര്യത്തെ നേരിട്ടതെന്ന് ഞാൻ അവരെ പറഞ്ഞു മനസിലാക്കി. അവൾ എന്റെ മനസിൽ ഇടം നേടിയെങ്കിലും മറ്റാര്‍ക്കും അവളെ ഇഷ്ടമായിരുന്നില്ല. കാരണം സുൽത്താന വന്നത് ഒരു ദരിദ്ര പശ്ചാത്തലത്തിൽ നിന്നായിരുന്നു. ഒരിക്കൽ പോലും നമ്മളെ വിരുന്നൂട്ടാൻ കഴിയാത്ത വീട്ടിൽ നിന്നും പെണ്ണിനെ സ്വീകരിച്ചെന്നും പറഞ്ഞ് എന്റെ ഭർത്താവ് എന്നും കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് മരുമകളെ ഇങ്ങനെ വെറുക്കുന്നതെന്നു ചോദിച്ചപ്പോൾ അവൾ ദരിദ്രയും കറുത്തവളുമാണ് എന്നായിരുന്നു ഭർത്താവിന്റെ മറുപടി. 

വിവാഹം കഴിഞ്ഞ് മൂന്നുവർഷം ആയിട്ടും അവർക്കു കുട്ടികളുണ്ടായിരുന്നില്ല. അവളെ സ്വന്തം വീട്ടിലേക്കു പറഞ്ഞയയ്ക്കാൻ എല്ലാവർക്കും വ്യക്തമായ കാരണമായിരുന്നു അത്. പക്ഷേ ഞാനൊരിക്കലും ആ പേരും പറഞ്ഞ് അവളെ കുറ്റപ്പെടുത്തുകയോ ചീത്തവിളിക്കുകയോ ചെയ്തിട്ടില്ല. അവളുടെ ഉള്ളിൽ ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം എനിക്കു കാണാമായിരുന്നു. ഒരുദിവസം രാവിലെ വീട്ടിൽ എല്ലാവരോടും സഹോദരിയുടെ വീട്ടിൽ പോവുകയാണെന്നു പറഞ്ഞ് ഞാൻ അവളെ അടുത്തുള്ള ഒരു ക്ലിനിക്കിലേക്കു കൊണ്ടുപോയി. 

അവിടുത്തെ പരിശോധനയ്ക്കു ശേഷം അവൾ മരുന്നു കഴിച്ചു തുടങ്ങി, ആറു മാസം കഴിഞ്ഞപ്പോഴേക്കും അവൾ ഗർഭിണിയായി. കുഞ്ഞു ജനിക്കും മുമ്പ് അവൾ എന്നും പറയുമായിരുന്നു അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിനെ ആർക്കും കൊടുക്കരുത് അമ്മ തന്നെ നോക്കണമെന്ന്. പ്രാർഥനകളോടെ അവൾക്കരികിൽ തന്നെ ഇരുന്ന സമയമായിരുന്നു അത്. എന്റെ മകൾ ആ സാഹചര്യത്തെയൊക്കെ ധീരതയോടെ മറികടന്ന് ഞങ്ങൾക്ക് ഒരു സുന്ദരനായ ആൺകുഞ്ഞിനെ സമ്മാനിച്ചു. 

ഇപ്പോള്‍ ഞാൻ പണി ചെയ്യാൻ തുടങ്ങിയിട്ട് 40 വർഷമായി. ഓരോ നിമിഷത്തിലും എന്റെ  ശരീരത്തിന്റെ ഓരോ ഭാഗങ്ങളും വേദനിക്കുന്നുണ്ട്. പക്ഷേ എന്റെ രോഗിയായ ഭർത്താവിനും കുടുംബത്തിനും വേണ്ടി ഞാൻ പണി ചെയ്തേ മതിയാവുമായിരുന്നുള്ളു. കുറച്ചുദിവസം മുമ്പ് സുൽത്താന എന്നോട് ഞങ്ങൾക്കു രണ്ടുപേർക്കും പുതിയൊരു ജോലി ശരിയാക്കിയിട്ടുണ്ടെന്നു പറഞ്ഞു. എന്താണെന്നു ചോദിച്ചപ്പോൾ കുഞ്ഞിനെ കയ്യിൽ തന്ന് ഇതാണ് അമ്മയ്ക്കുള്ള ജോലി എന്നും ഇനി മറ്റു പണിക്കൊന്നും പോകേണ്ടെന്നും പറഞ്ഞു. അവൾക്ക് ഒരു വസ്ത്രശാലയിൽ ജോലി കിട്ടി. ഇപ്പോൾ ഞാൻ രാവിലെ തൊട്ട് ഒരു കുട്ടിയെ പോലെയാണ്. എനിക്കു ശരിക്കും വിശ്രമം ആവശ്യമായിരുന്നു, പക്ഷേ എന്റെ മരുമകൾ അല്ലാതെ മറ്റാരും അതു മനസിലാക്കിയില്ല. എല്ലാവരുടെ മുന്നിലും ഒന്നിനും കൊള്ളാത്തവൾ ആയിരുന്ന മരുമകൾ എനിക്ക് എന്റെ അമ്മയെപ്പോലെ ആവുകയായിരുന്നു.'' 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam