Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസിക്കു നേടാം നിക്ഷേപത്തിന് 12.8% വരെ!

interest-rate Representative Image

ജോസഫിനു നാട്ടിൽ 10 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപം ഉണ്ട്. അത് ഈടു നൽകി വിദേശ ബാങ്കിൽനിന്ന് എട്ടു ലക്ഷം രൂപ വായ്പയെടുത്തു. അതു നാട്ടിൽ വീണ്ടും ഡിപ്പോസിറ്റ് ചെയ്തു. ഇതുവഴി വർഷത്തിൽ അര ലക്ഷം രൂപയാണ് ജോസഫ് അധികം നേടുന്നത്. ആദ്യ നിക്ഷേപമായ പത്തു ലക്ഷത്തിനു മൊത്തം കണക്കാക്കിയാൽ കിട്ടുന്നത് 12.8 ശതമാനം വരുമാനം. വായ്പാ പലിശ കുറച്ച ശേഷം ഉള്ള കണക്കാണിത്. (പണപ്പെരുപ്പം, വിനിമയനിരക്ക് പ്രൊസസിങ് ഫീ തുടങ്ങിയ ലാഭം കുറയാൻ കാരണമാകും). 

അതിവേഗം വായ്പ കുറഞ്ഞ നിരക്കിൽ

സ്ഥിരനിക്ഷേപം ഉപയോഗിച്ചുള്ള വായ്പ വിദേശ ഇന്ത്യക്കാർക്കു കൂടുതൽ ഉപകാരപ്രദമാണ്. പണത്തിന് അത്യാവശ്യം മൂലം കാലാവധിക്കു മുൻപു  പിൻവലിച്ചാൽ എൻആർഐ നിക്ഷേപത്തിന്റെ പലിശ നഷ്ടപ്പെടും. അതിനാൽ  അത്യാവശ്യത്തിനു നിക്ഷേപം പിൻവലിക്കുന്നതിനു പകരം  ഇത്തരം  വായ്പയാകും കൂടുതൽ മെച്ചം. പലിശ നഷ്ടം ഒഴിവാക്കാം, പെട്ടെന്നു പണം കിട്ടുകയും ചെയ്യും. വായ്പ ഏതു സമയത്തും തിരിച്ചടയ്ക്കാം. മുൻകൂർ അടവിനു ചാർജുകൾ ഈടാക്കില്ല. നിബന്ധനകൾ ബാങ്കുമായി സംസാരിച്ച് വ്യക്തത വരുത്തണം.

വായ്പ വിദേശ ബാങ്കുകളിൽനിന്നും

ഇന്ത്യയിലെ ദീർഘകാല നിക്ഷേപത്തിന്റെ ജാമ്യത്തിൽ വിദേശബാങ്കുകൾ വിദേശകറൻസിയിൽ വായ്പ നൽകും. വിദേശ ബാങ്കുകളുടെ പലിശ രണ്ടു ശതമാനത്തോളമാണ് (ഫ്ളാറ്റ് റേറ്റ്). ഇന്ത്യയിലെ പലിശയേക്കാൾ വളരെ തുച്ഛമാണിത്. പക്ഷേ, പ്രോസസിങ് ഫീ ഈടാക്കും. പണപ്പെരുപ്പത്തിന് ആനുപാതികമായി നിക്ഷേപത്തിന്റെ 80 % വരെ വായ്പ കിട്ടും. തിരിച്ചടവ് സാധാരണ മാസത്തവണകളായാണ്. മുൻകൂർ അടച്ചാൽ ഫീസ് ഉണ്ട്. അതിനാൽ വായ്പ കാലാവധിയിൽ അടയ്ക്കുന്നതാകും നന്ന്. വിദേശ കറൻസിയിൽ വിദേശത്തു ലഭ്യമാകും  എന്നതിനാൽ ബിസിനസ്സിനോ മറ്റോ പെട്ടെന്നു പണം ആവശ്യം വന്നാൽ ഈ മാർഗമാണു നന്ന്. നാട്ടിൽനിന്നു പണം വിനിമയം നടത്തി ഇവിടെ എത്തിക്കുന്നതിനെക്കാൾ പ്രായോഗികമാണ്.  ഇന്ത്യയിൽ പണപ്പെരുപ്പം കുറവും പലിശ കൂടുതലുമാണെങ്കിൽ നിങ്ങളുടെ നിക്ഷേപത്തിൽനിന്നു  കൂടുതൽ പലിശ നേടാൻ ഇത്തരം വായ്പ വഴി സാധിക്കും 

നിക്ഷേപ വായ്പ നാട്ടിലും നേട്ടം

നിങ്ങൾക്ക് ദീർഘകാല നിക്ഷേപമുണ്ടോ? എങ്കിൽ സാമ്പത്തിക െഞരുക്കമുള്ളപ്പോൾ ഇത് ഈടു നൽകി വായ്പ ഉറപ്പാക്കാം. വായ്പയ്ക്ക് നിക്ഷേപത്തിനു ലഭിക്കുന്ന പലിശയെക്കാൾ രണ്ടോ മൂന്നോ ശതമാനം അധികം നൽകണം. വായ്പയുടെ ജാമ്യവ്യവസ്ഥകളും നിബന്ധനകളും സങ്കീർണമായിരിക്കും. പ്രോസസിങ് ഫീസും ഈടാക്കും. ഇവിടെയാണ് ദീർഘകാല നിക്ഷേപം തുണയാകുന്നത്. നിക്ഷേപത്തിനു ലഭിക്കുന്ന പലിശ നഷ്ടപ്പെടുത്താതെതന്നെ നിങ്ങളുടെ പണത്തിന്റെ ആവശ്യം നിർവഹിക്കാം. സ്ഥിരനിക്ഷേപം ഈടുനൽകിയാൽ  പല  ഗുണങ്ങളുണ്ട്. ലളിതമായ എഴുത്തുകുത്തുകൾ (പേപ്പർവർക്ക്) മതി. അതിവേഗം വായ്പ തരപ്പെടുത്താം. ദേശസാൽകൃത ബാങ്കുകളും ന്യൂ ജനറേഷൻ ബാങ്കുകളും ഇത്തരം വായ്പ അനുവദിക്കും. നിക്ഷേപ രസീതിൻമേൽ ജാമ്യം രേഖപ്പെടുത്തിയാണ് പണം നൽകുക.   ഉപാധികളും  നിബന്ധനകളും അടങ്ങിയ രേഖയിൽ ഉപഭോക്താവും ബാങ്ക് അധികാരികളും ഒപ്പുവയ്ക്കുകയും വേണം. നടപടികൾ വേഗം പൂർത്തിയാക്കി അന്നു തന്നെ വായ്പ പാസാക്കും. 

പലിശ പല ബാങ്കുകളും വ്യത്യസ്തമായ രീതിയിലാണ് ഈടാക്കുന്നത്. ചിലർ നിക്ഷേപ പലിശയെക്കാൾ 10 മുതൽ 25 ശതമാനം വരെ അധികം വരെ ഈടാക്കും. നിക്ഷേപത്തിന് എട്ടു ശതമാനമാണെങ്കിൽ വായ്പയ്ക്ക് 8.8–10 ശതമാനം വരെയാവാം.  വലിയ തുകയ്ക്കുള്ള വായ്പയ്ക്ക് കുറഞ്ഞു നിരക്കാണ് ഈടാക്കുക. ചില ബാങ്കുകൾ നിക്ഷേപ പലിശയെക്കാൾ ഒന്നോ രണ്ടോ അധികം ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. നിക്ഷേപത്തിന് എട്ടു ശതമാനമാണെങ്കിൽ വായ്പയ്ക്ക് 9–10 ശതമാനം.