Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വസ്ത്ര വിചാരണ' വീണ്ടും; ഇക്കുറി ഇര സോഹ അലി ഖാൻ

Soha Ali Khan സോഹ അലി ഖാൻ ഭർത്താവ് കുനാൽ ഖേമുവിനൊപ്പം

വസ്ത്രധാരണത്തിന്റെ പേരിൽ ഏറെ പഴി കേൾക്കുന്നവരാണ് സ്ത്രീകള്‍. സ്ലീവ്‌ലെസ് േടാപ് ഇട്ടാലോ വയറൽപം കണ്ടാലോ കാലുകൾ മറയ്ക്കാത്ത വസ്ത്രം ധരിച്ചാലോ ഒക്കെ അവൾ സമൂഹത്തിന്റെ വിമർശനങ്ങൾക്കിരയാവുകയായി. നടിമാരുടെ കാര്യം പിന്നെ പറയുകയേ വേണ്ട, അവർ ധരിക്കുന്ന വസ്ത്രങ്ങളുടെ കുറ്റവും കുറവും കണ്ടെത്തി വിചാരണ ചെയ്യാൻ ഒരുകൂട്ടം സദാ തയ്യാറായിരിപ്പാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഇരയായിരിക്കുന്നത് നടി സോഹ അലി ഖാൻ ആണ്. ഒരു പാർട്ടിക്കു വേണ്ടി താരം സാരി ധരിച്ചതാണ് ഇത്തവണത്തെ പ്രശ്നം. 

പിങ്ക് നിറത്തിലുള്ള മനോഹരമായൊരു സാരിയുടുത്ത് മുല്ലപ്പൂ ചൂടി വട്ടപ്പൊട്ടിട്ട് അതിസുന്ദരിയായി ഭർത്താവ് കുനാൽ ഖേമുവിനൊപ്പം നിൽക്കുന്ന ഫോട്ടോ ഇന്നലെയാണ് സോഹ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഗര്‍ഭിണി കൂടിയായ സോഹ എന്തു ച‌ടങ്ങിനിടെ എടുത്ത ചിത്രമാണെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും പരമ്പരാഗത ബംഗാളി ശൈലിയിലുള്ള ബേബിഷവറിനു (ഗർഭിണികൾക്ക് വേണ്ടി നടത്തുന്ന പ്രത്യേക ചടങ്ങ്) വേണ്ടിയെടുത്ത ചിത്രമാണെന്നാണ് ഫോളോവേഴ്സ് കരുതുന്നത്. 

ചിത്രത്തിനു താഴെ വന്ന കമന്റുകളിലേറെയും സോഹയുടെ സാരിയെയും സൗന്ദര്യത്തെയും കുറിച്ചായിരുന്നുവെങ്കിലും കുറ്റങ്ങൾ കണ്ടുപിടിക്കാനായി പതിയിരുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. നിങ്ങൾ ഒരു യഥാർഥ മുസ്ലിം അല്ലെന്നും ഈദിനു യോജിച്ച വിധത്തിലുള്ള വസ്ത്രം ധരിക്കണമായിരുന്നുവെന്നും ഈദിനോടനുബന്ധിച്ച് ആശംസകൾ പോസ്റ്റ് ചെയ്യാതിരുന്നത് മോശമായെന്നും പോകുന്നു കമന്റുകൾ. ഇതിനിടയിൽ സോഹയുടെ വസ്ത്രസ്വാതന്ത്രമാണ് അതെന്നും ആർക്കും അക്കാര്യത്തിൽ ഇടപെടാൻ അവകാശമില്ലെന്നും പറയുന്നവരും കുറവല്ല. 

വസ്ത്രധാരണത്തിന്റെ പേരിൽ നടിമാരെ വിചാരണ ചെയ്യൽ കൂടിവരികയാണ് ഇപ്പോൾ. അടുത്തിടെയാണ് ദംഗലിലൂടെ പ്രശസ്തയായ നായിക ഫാത്തിമ സന ഷെയ്ഖ് ബിക്കിനി ധരിച്ച ഫോട്ടോ പങ്കുവച്ചതിന്റെ പേരിൽ പഴികേട്ടത്. ഫോട്ടോഷൂട്ടുകൾക്കു വേണ്ടി ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ചതിന്റെ പേരിൽ സണ്ണി ലിയോണും ദീപിക പദുക്കോണും വിമർശനങ്ങൾ നേരിട്ടിട്ടും അധികനാളായില്ല. 

Read more: Fashion and Style , Trending