വിവാഹവും വിരുന്നുകളും മാത്രമല്ല ഗർഭകാലവും ഇപ്പോൾ ഫോട്ടോഷൂട്ടുകളാൽ സമ്പന്നമാണ്. കൺമണിക്കായുള്ള അച്ഛനമ്മമാരുടെ കാത്തിരിപ്പും സ്നേഹവുമെല്ലാം കാമറയ്ക്കുള്ളിൽ പകർത്തുന്നവരുടെ എണ്ണം ഏറെയാണ്. പ്രത്യേകിച്ചും സെലിബ്രിറ്റികളിൽ ഇത്തരത്തിൽ ഗർഭകാല ഫോട്ടോഷൂട്ട് നടത്തുന്നത് ഒരു ട്രെൻഡുമാണ്. ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന നടി ഇഷ ഡിയോളും ഭർത്താവ് ഭരത് ടഖ്താനിയും നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
സ്ലിറ്റുള്ള വെള്ള ഗൗൺ ധരിച്ച് അതിമനോഹരിയായെത്തിയ ഇഷയെ ഭരത് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രവും കാൻഡി പിങ്ക് നിറത്തിലുള്ള ഫ്രോക്കിനു സമാനമായ ഡ്രസ് ധരിച്ചു നിൽക്കുന്ന ഇഷയുടെ നിറുകയിൽ ഭരത് ചുംബിക്കുന്ന ചിത്രവുമൊക്കെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. തീർന്നില്ല കുഞ്ഞിനായി നഴ്സറി ഒരുക്കേണ്ടതിനായി ഇന്റീരിയർ ഡിസൈനറുമായി ചർച്ച ചെയ്യുന്നതിന്റെ ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്.
ഗർഭിണിയാണെന്നു കരുതി അടങ്ങി ഒതുങ്ങി ഇരിക്കാനൊന്നും ഇഷയെ കിട്ടില്ല. പാചകം ആസ്വദിച്ചും ഷോപ്പിങ് ചെയ്തുമൊക്കെ തന്റെ മാതൃത്വം ഗംഭീരമാക്കുകയാണ് താരം. ബോളിവുഡിലെ പ്രശസ്ത ദമ്പതിമാരായ ഹേമമാലിനിയുടെയും ധർമേന്ദ്രയുടേയും പുത്രിയാണ് ഇഷ. ഏപ്രിലിൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷ ഗർഭിണിയാണെന്ന വിവരം ഹേമമാലിനി ആരാധകരെ അറിയിക്കുന്നത്.
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam