വെള്ളം കുടിച്ചാൽ എന്താണു ഗുണം? ആരോഗ്യം നന്നായിരിക്കും, ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി നടക്കും, ത്വക്കിന്റെ തിളക്കത്തിനും നല്ലതാണ്. പിന്നെയോ? പൊണ്ണത്തടി കുറച്ചു മെലിയുകയുമാകാം. ഇപ്പറഞ്ഞതു കേട്ടു ഞെട്ടണ്ട. സംഗതി സത്യമാണ്. വെള്ളം കുടിച്ച് 60 കിലോ ഈസിയായി കുറച്ച് മാതൃകയായിരിക്കുകയാണ് വിക്ടോറിയൻ സ്വദേശി നതാലി ബർട്ടിന എന്ന 23കാരി.
ആദ്യത്തെ കുഞ്ഞിന്റെ ജനനശേഷമാണ് നതാലിക്ക് വണ്ണം വച്ചു തുടങ്ങിയത്. ആദ്യം അതു കാര്യമായി എടുത്തില്ല. എന്നാൽ ഭാരം ഒരു നിയന്ത്രണവുമില്ലാതെ വർദ്ധിച്ചതോടെ കാര്യങ്ങൾ പിടിവിട്ടുപോകും എന്നു മനസിലായി. 135 കിലോ ഭാരം ആയപ്പോഴാണ് അമിതഭാരം കുറക്കാൻ നതാലി ശ്രമിച്ചു തുടങ്ങിയത്. ഭാരം കുറക്കൽ നടപടിയുടെ ഭാഗമായി നതാലി ആദ്യം ചെയ്തത് വീടിനടുത്തായുള്ള തടാകത്തിന്റെ കരയിൽ 2 കിലോമീറ്റർ നടക്കുക എന്നതാണ്. ഇതിനൊപ്പം സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്ന സ്വഭാവം പാടേ വർജ്ജിച്ചു. പകരം വെള്ളം ശീലമാക്കി.
ഭക്ഷണകാര്യത്തിൽ മറ്റു ക്രമീകരണങ്ങളോ നിയന്ത്രണങ്ങളോ ഒന്നുമില്ല. ഇഷ്ടമുള്ളതെന്തും കഴിക്കും. എന്നാൽ അതിന്റെ ഇരട്ടി വെള്ളം കുടിക്കും എന്നു മാത്രം.8 ഗ്ളാസ് വെള്ളം എന്നതിനു പകരം അതിന്റെ 4 ഇരട്ടി വെള്ളം നതാലി കുടിക്കുമായിരുന്നു. വെള്ളം ഒരിക്കലും ശരീരത്തിന് ദോഷം ചെയ്യില്ലല്ലോ. വണ്ണം നന്നായി കുറഞ്ഞു തുടങ്ങിയപ്പോൾ മസിലുകൾ ഉറക്കുന്നതിനായി ജിമ്മിൽ ചേർന്നു.
എല്ലാം കൂടിയായപ്പോൾ പ്രത്യേക അധ്വാനമോ ഡയറ്റോ കൂടാതെ ഒന്നര വര്‍ഷം കൊണ്ടു നതാലി കുറച്ചെടുത്തത് 60 കിലോ അമിത ശരീരഭാരമാണ്. പ്രസവത്തെത്തുടർന്നു ശരീരഭാരം വർദ്ധിച്ച അമ്മമാർക്ക് ശ്രമകരമല്ലാതെ തന്നെ പരീക്ഷിച്ചു വിജയിക്കാവുന്ന ഒന്നാണ് നതാലിയുടെ ടെക്നിക്ക്