Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിയിൽ വിരിയുമീ ചിത്രങ്ങൾ!

Painting

പ്രകൃതിയുടെ നന്മ മാത്രമേ ഏതൊരു ചിത്രകാരനും ആഗ്രഹിക്കൂ. പ്രകൃതിയുടെ നാശം അവനെ സംബന്ധിച്ചിടത്തോളം ദുരന്തമായിരിക്കും. കാരണം കറുത്ത പ്രതലത്തിൽ വെള്ളപ്പെന്‍സിൽ വച്ചു കുത്തിവരഞ്ഞു തുടങ്ങുന്ന പ്രായം മുതൽക്കു തന്നെ പുഴയും പൂക്കളും മരവും മനുഷ്യനും സൂര്യനും മലയുമൊക്കെയാണ് അവന്റെ ഇഷ്ട വിഷയങ്ങൾ. ഒരർഥത്തിൽ അമ്മ നമുക്കു പാഠം ചൊല്ലിത്തരുന്നതിനു സമാനമാണ് ഒരു ചിത്രകാരന് പ്രകൃതി നൽകുന്ന വിഷയങ്ങൾ. ഇത്തരത്തിൽ പ്രകൃതിയെ അങ്ങേയറ്റം ആരാധിക്കുന്നൊരു ചിത്രകാരനെ കാണാൻ ബാംഗ്ലൂർ നഗരം ഒരുങ്ങിക്കഴിഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകനും മുൻ ലളിതകലാ അക്കാദമി ചെയർമാനും കൂടിയായ കെ.എ ഫ്രാൻസിസിന്റെ കരവിരുതിൽ വിടർന്ന ഛായചിത്രങ്ങൾ പ്രകൃതിയെ ആരാധിക്കുന്നവരുടെ മിഴികൾക്ക് ഉത്സവം തന്നെയായിരിക്കും.

Painting കെ.എ ഫ്രാൻസിസ്

'എർത്ത് എ ഹെഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം ഈ മാസം ഇരുപതു മുതൽ ഇരുപത്തിനാലുവരെ കർണാടക ചിത്രകലാ പരിഷത്ത് ഹാളിലാണു സംഘടിപ്പിച്ചിരിക്കുന്നത്. പച്ചപ്പടർപ്പുകളുടെ സ്ഥാനത്തു പ്രത്യക്ഷപ്പെട്ട അംബര ചുംബികളായ കെട്ടിടങ്ങൾ ചിത്രകാരന്റെ പ്രതിഷേധമാണ്. മനുഷ്യന്റെ അതിരുകടന്ന കയ്യേറ്റങ്ങളോട്. നഗരപ്രേമിയുടെ കണ്ണുകൾക്ക് അന്യമാകുന്ന മലകളും തൊട്ടുരുമ്മി നിൽക്കുന്ന പർവതങ്ങളും ജലാശയങ്ങളുമൊക്കെ ചിത്രകാരന്റെ പച്ചപ്പുമാത്രം നിറഞ്ഞ ഗൃഹാതുര ഓർമകളുടെ പ്രതിഫലനമാണ്. പൂത്തുകിടക്കുന്ന പഴങ്ങള്‍ അഭിവൃദ്ധിയെ സൂചിപ്പിക്കുന്നതിനൊപ്പം തന്നെ ഭയപ്പാടോടെ നോക്കുന്ന കുട്ടികളെയും അമ്മമാരെയും യുവാക്കളെയുമൊക്കെ പെയിന്റിങിൽ കാണാം. പ്രകൃതിയുടെ നാശത്തെ ഭയപ്പാടോടെ വീക്ഷിക്കുകയാണവർ. ഒരര്‍ഥത്തിൽ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത കൂടിയാണ് ചിത്രകാരൻ വരച്ചു കാണിക്കുന്നത്. ഒരേസമയം പ്രകൃതിയോട് അടങ്ങാത്ത സ്നേഹവും അതോടൊപ്പം പ്രകൃതിയുടെ നാശത്തെ ഭയപ്പാടോടെ വീക്ഷിക്കുകയും ചെയ്യുന്ന കലാഹൃദയത്തെയാണ് പെയിന്റുകളിൽ കാണാന്‍ കഴിയുക.

Painting

മനുഷ്യന്റെ അനിയന്ത്രിതമായ കൈകടത്തലുകൾക്കെതിരെ ചെറിയൊരു പ്രതിഷേധമാണ് എക്സിബിഷൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കെ.എ. ഫ്രാൻസിസ് പറഞ്ഞു. മനുഷ്യൻ നടത്തുന്ന ഇടപെടലുകളും ആക്രമണങ്ങളും പ്രകൃതിയുടെ പ്രയാണത്തിനുണ്ടാക്കുന്ന വിഘ്നങ്ങൾക്കൊപ്പം മനുഷ്യന്റെ ക്രൂരതയും നിസഹായതയും നിറഞ്ഞ രണ്ടു മുഖങ്ങളും വരച്ചു കാട്ടാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..‌

20-നു രാവിലെ പത്തരയ്ക്ക് പ്രശസ്ത ചിത്രകാരൻ യൂസഫ് അറയ്ക്കലാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. പ്രശസ്ത എഴുത്തുകാരി അനിത നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി കെ.സി. ജോസഫ് മുഖ്യാഥിതി ആയിരിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആർ. ഗോപാലകൃഷ്ണന്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

യാത്രവിവരണങ്ങളും ജീവചരിത്രങ്ങളും ഉൾപ്പെടെ നിരവധി പുസ്തകങ്ങളും കെ.എ. ഫ്രാൻസിസ് രചിച്ചിട്ടുണ്ട്. 2015ൽ കേരള കലാ അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ചീഫ് ഇൻ എഡിറ്ററാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.