ചിലരങ്ങനെയാണ് എന്തു പറഞ്ഞാലും ചെയ്താലുമൊന്നും തോൽക്കില്ല. അവരെ തോൽപ്പിച്ചിരുത്താൻ ശ്രമിക്കുന്തോറും കൂടുതൽ ശക്തിയായി എണീറ്റു നിൽക്കും. ബ്രിട്ടനിൽ ഇതുപോലൊരുത്തന്റെ മുന്നിൽ സുല്ലിട്ടിരിക്കുകയാണ് കമ്പനി. ഒരു കോൾസെന്റർ കമ്പനി ജീവനക്കാരനായ ജോയ് ബാർജ് എന്ന ഇരുപതുകാരനാണ് വാർത്തയിലെ താരം.
ലണ്ടനിൽ ഇപ്പോൾ ചൂടുകാലമാണ്. ചൂട് 34 ഡിഗ്രിവരെ ഉയരുന്നു. ഓഫിസിൽ കോട്ടും സൂട്ടും ധരിച്ചു പോകുന്നത് ജോയ്ക്ക് ബുദ്ധിമുട്ടായി തോന്നി. അങ്ങനെ കഴിഞ്ഞ ദിവസം ഷർട്ടിനൊപ്പം ഷോർട്‌സ് ധരിച്ചാണ് യുവാവ് കോൾ സെന്ററിലേക്കു ജോലിക്കു ചെന്നത്. പോകുമ്പോഴേ പയ്യൻ പടം ട്വിറ്ററിലിട്ടു. ഓഫിസിൽ എത്തിയപ്പോൾ മാനേജർ വണ്ടി വീട്ടിലേക്കു വിട്ടോളാൻ പറഞ്ഞു. മാറ്റിയിട്ടു വന്നാൽ മതി. സ്ത്രീകൾക്ക് ഷോർട്‌സ് ഇടുന്നതിൽ വിരോധമില്ല. പുരുഷൻമാർ ഇട്ടാലാണ് പ്രശ്‌നം, അതാണ് പോയിന്റ്.
വസ്ത്രം മാറാൻ വീട്ടിൽ പോയ ജോയ് ഒരു പണിയൊപ്പിച്ചു. അമ്മയുടെ അലമാര തപ്പി, ധരിച്ചാൽ ഷോർട്‌സിന്റെ അത്രവലിപ്പം മാത്രം വരുന്ന വസ്ത്രം കണ്ടുപിടിച്ചെടുത്തു. മറിച്ചൊന്നും ചിന്തിക്കാതെ അതുധരിച്ച് പടവും ട്വിറ്ററിലിട്ട് ഓഫിസിലേക്കു വിട്ടു. ഇപ്പോൾ വീണ്ടും വീട്ടിലേക്കു മടങ്ങേണ്ടിവരുമെന്നു കരുതിത്തന്നെയാണ് ജോയ് ഓഫിസിലെത്തിയത്.
എന്നാൽ പകരം വന്നത് ഒരു ഇമെയിലാണ്. പയ്യനെ പുറത്താക്കിയെന്നല്ല, ചൂടു പരിഗണിച്ച് പുരുഷ ജീവനക്കാർക്കും വസ്ത്രം ധരിക്കുന്നതിൽ ഇളവു പ്രഖ്യാപിച്ചുള്ള മെമ്മോ ആയിരുന്നു അത്.
ത്രീ ഫോർത് ധരിക്കാം, കമ്പനി പറയുന്ന നിറമായിരിക്കണമെന്നു മാത്രം. ഇ മെയിലും പയ്യൻ ട്വിറ്ററിലിട്ടു. അങ്ങനെ ജോയുടെ സമരം വിജയം കണ്ടു. ചുമ്മാ പ്രതിഷേധിക്കുന്നതിലല്ല, തന്ത്രപരമായി ഫലം ലഭിക്കുന്നതിലാണ് കാര്യമെന്നാണ് ജോയുടെ മട്ട്.