മീൻ ലോറി മറിഞ്ഞെന്നു കേട്ട് ഓടിക്കൂടിയവർ ഞെട്ടി. റോഡിൽ നിറയെ മീനാണോ പാമ്പാണോ എന്നു സംശയം തോന്നിക്കുന്ന ജീവികൾ. കൂടാതെ വെളുത്ത പശ പോലത്തെ ദ്രാവകവും. യുഎസിലെ തുറമുഖ നഗരമായ ഒറെഗണിലെ ‘എയിൽ 101’ ഹൈവേയിൽ വ്യാഴാഴ്ചയാണു സംഭവം.ഒറെഗൺ സ്റ്റേറ്റ് പൊലീസ് തന്നെയാണ് ചിത്രങ്ങൾ സഹിതം സംഭവം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
പശ പോലുള്ള ദ്രവം ദേഹത്തു പൊതിഞ്ഞു കാണപ്പെടുന്ന ‘‘സ്‍ലൈം ഈൽ’ എന്ന മത്സ്യമായിരുന്നു ട്രക്കിൽ നിറയെ. ഹാഗ് ഫിഷ്, സ്നോട് സ്നേക്ക്സ് എന്നും ഇതിനു പേരുകളുണ്ട്. റോഡിൽ പണിയെടുത്തു കൊണ്ടിരുന്ന തൊഴിലാളികളുടെ വാക്കു കേൾക്കാതെ മുന്നോട്ടു പോയ ട്രക്ക് ഭാരക്കൂടുതൽ കാരണം ഒരു വശത്തേക്കു മറിഞ്ഞെന്നാണു പൊലീസ് ഭാഷ്യം.
റോഡിൽ വീണ കണ്ടെയ്നറിൽ നിന്നു പുറത്തേക്ക് തെറിച്ച ജീവനുള്ളതും ഇല്ലാത്തതുമായ സ്‌ലൈം ഈലുകൾ ഹൈവേയുടെ ഒരു ഭാഗം മുഴുവൻ നിറഞ്ഞു. അവയുടെ ദേഹത്തുള്ള മനം മടുപ്പിക്കുന്ന സ്രവം റോഡിലും അടുത്തുള്ള വാഹനങ്ങളിലുമായി.
കണ്ടയ്നർ ഇടിച്ച് ഒരു കാറിലെ യാത്രക്കാർക്കും നിസ്സാര പരുക്കുണ്ട്. സ്‌ലൈം ഈലുകളുടെ ശരീരത്തിന് ഇരു വശവുമുള്ള ഗ്രന്ഥികൾ പുരപ്പെടുവിക്കുന്ന മ്യൂക്കസ് എന്ന സ്രവം വെള്ളവുമായി ചേർന്നതാണ് ഹൈവേയിൽ അതു പടരാൻ കാരണം. ബുൾഡോസർ കൊണ്ടു വന്ന് മത്സ്യങ്ങളെ നീക്കി, സ്രവം കഴുകിക്കളഞ്ഞ ശേഷമാണ് ഹൈവേ തുറന്നു കൊടുത്തത്
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam