‘നല്ല സുഹൃത്തുക്കൾ ബ്രാ പോലെയാണ്. നമ്മുടെ ഹൃദയത്തോട് ചേർന്നു നിൽക്കും. നമുക്ക് എല്ലാ പിന്തുണയും നൽകും...’ നെറ്റ്‌ലോകത്ത് പ്രചരിക്കുന്ന കോമഡി കമന്റുകളിലൊന്നാണിത്. പക്ഷേ അത്തരത്തിൽ ശരിക്കും സ്ത്രീകളുടെ ഹൃദയത്തോട് ചേർത്തു നിർത്താവുന്ന ഒരുൽപന്നം വിപണിയിലെത്തിക്കുകയാണ് കനേഡിയൻ കമ്പനിയായ നിക്സ് വെയെർ. വസ്ത്രത്തോടൊപ്പം തന്നെ ഫാഷൻ ലോകത്തെ ഒരു പുതിയ ടെക്നോ ട്രെൻഡ് കൂടിയാവുകയാണിത്. ബ്രാ നിർമിക്കുന്നവർ സ്ത്രീകളെ സഹായിക്കുക എന്നതിനു പകരം ഫാഷനാണ് പ്രാധാന്യം നൽകുന്നതെന്നു പറയുന്നു ജൊവാൻ ഗ്രിഫിത്ത്സ് എന്ന വ്യവസായി. സ്ത്രീകൾക്ക് അവർ അർഹിക്കുന്ന രീതിയിലല്ല ബ്രാ ലഭിക്കുന്നതെന്ന് വ്യക്തമാക്കിയാണ് കക്ഷിയുടെ കീഴിലുള്ള നിക്സ് വെയർ ഇവലൂഷൻ ബ്രാ എന്ന ഉൽപന്നം രംഗത്തെത്തിച്ചിരിക്കുകയാണ്. ഊരിമാറ്റാതെ തന്നെ എട്ടു തരത്തിൽ ഇത് ഉപയോഗിക്കാനാകുമെന്നാണ് കമ്പനി വാഗ്ദാനം. എഴുപതോളം വനിതകളിൽ പരീക്ഷിച്ചാണ് ഈ 8 ഇൻ 1 ഇവലൂഷൻ വിപണിയിലെത്തിക്കുന്നത്.
ഓഫിസിൽ നിന്ന് വരും വഴി ജിമ്മിൽ കയറാം, അതുകഴിഞ്ഞ് യോഗ ക്ലാസിനു പോകാം, നൃത്തം ചെയ്യാനുണ്ടെങ്കിൽ അതിനും പോകാം, ക്ഷീണിച്ചാൽ കിടന്നുറങ്ങാനും പോകാം...അപ്പോഴൊന്നും ഓരോ തരം ബ്രാ ധരിക്കേണ്ടി വരില്ല. സ്ട്രാപ്പുകളിലെ ഏതാനും ചില ചെറിയ അഡ്ജസ്റ്റുമെന്റുകളിലൂടെ ഓരോ സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തിലേക്ക് ഇവലൂഷനെ മാറ്റിയെടുക്കാം. നിറം വരെ മാറ്റാം. സ്പോർട്സ് ബ്രാ, യോഗാ ബ്രാ എന്നൊക്കെപ്പറഞ്ഞുള്ള ഫാഷൻ തട്ടിപ്പിന്റെ കഴുത്തിന് പിടിച്ചാണ് ഇവലൂഷന്റെ വരവെന്നു ചുരുക്കം. ഇതിന്റെ നിർമാണത്തിന് പണം തേടി കിക്ക് സ്റ്റാർട്ടർ എന്ന ക്രൗഡ് ഫണ്ടിങ് കമ്പനിയിൽ വിവരങ്ങൾ ചേർത്തിരിക്കുകയാണ് നിക്സ് വെയർ. 30000 ഡോളർ ലക്ഷ്യമിട്ടാണ് ക്രൗഡ് ഫണ്ടിങ് തേടിയതെങ്കിലും ഇപ്പോൾത്തന്നെ ഒരു ലക്ഷം ഡോളറിനടുത്തെത്തി. അത്രമാത്രം താൽപര്യത്തോടെയാണ് പലരും ഇതിനെപ്പറ്റി അന്വേഷിക്കുന്നതെന്നും പറയുന്നു ജൊവാൻ.
ഓരോ ശരീരാകൃതിക്കും ഒട്ടിച്ചേരുംവിധമാണ് നിർമാണം. ഹൈ പെർഫോമൻസ് ഫാബ്രിക് ടെക്നോളജിയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. തിരിച്ചും മറിച്ചും ഇടാൻ സാധിക്കും. എന്നുവച്ച് അണുക്കൾ പ്രശ്നമുണ്ടാക്കില്ല–ആന്റി മൈക്രോബിയലാണ്. ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കും, വിയർപ്പുമണവും തടയും പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. ഫാഷനും ഫങ്ഷനും ഒരുമിച്ചു ചേർത്തിരിക്കുകയാണെന്ന് കമ്പനി പറച്ചിൽ. വനിതകൾ കാത്തിരുന്ന ഉൽപന്നം എന്നാണ് നിക്സ് വെയർ ഇതിനെ വിശേഷിപ്പിക്കുന്നത്. 55 ഡോളറിന് വൈകാതെ തന്നെ ഇവലൂഷൻ ബ്രാ വിപണിയിലെത്തിക്കാനാണ് കമ്പനി നീക്കം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.