ലയണല്‍ മെസ്സിയുടെ വിവാഹവാര്‍ത്തകളാണ് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം. വിവാഹസല്‍ക്കാരത്തിലെ വിഭവങ്ങളുടെ പട്ടിക വരെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെള്ളിയാഴ്ചയാണ് ദീര്‍ഘകാലത്തെ പ്രണയം വിവാഹത്തിലെത്തുന്നത്.
ഇത്രയും ആഘോഷിച്ചൊരു വിവാഹം കായികലോകം ഇന്നേവരെ കണ്ടിട്ടില്ല. വെള്ളിയാഴ്ച ലയണല്‍ മെസിയുടെ നാടായ റൊസാരിയോയിലേക്ക് കളിക്കളത്തിലെ താരങ്ങളെല്ലാം പറന്നിറങ്ങും. 5 വയസുമുതല്‍ പരിചിതരാണ് മെസിയും അന്റോണെല്ലാ റൊക്കൂസോയും. ബാര്‍സിലോനയിലേക്ക് മെസി മാറിയതോടെ ആ കൂട്ടുകെട്ടും പിരിഞ്ഞു. എന്നാല്‍ 2008ല്‍ മെസി ഔദ്യോഗികമായി അറിയിച്ചു കളിക്കൂട്ടുകാരിയുമായി താന്‍ പ്രണയത്തിലാണെന്ന്.
പിന്നീടെപ്പോഴും മെസിക്കൊപ്പം അന്റോണല്ലയേയും കണ്ടു. 2012ല്‍ ആദ്യ കുഞ്ഞ് പിറന്നു- തിയാഗോ. 2015ല്‍ തിയാഗോയ്ക്ക് ഒരനുജനും. ലോകം കാത്തിരിക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ 250 വിഐപി അതിഥികളാണെത്തുന്നത്. നെയ്മര്‍, സുവാരസ്, സെര്‍ജിയോ ബുസ്കെറ്റ്സ്, സാവി തുടങ്ങി ബാര്‍സയുടെ മിന്നും താരങ്ങളെല്ലാമുണ്ടാകും. എന്നാല്‍ ലാലീഗയിലെ എതിരാളി ക്രിസ്റ്റ്യാനോയ്ക്കും മുന്‍ പരിശീലകന്‍ ലൂയി എന്‍റിക്കെയ്ക്കും ക്ഷണമില്ലെന്നാണ് വിവരം.
ഭക്ഷണമെന്തൊക്കെയെന്ന് അറിയിച്ച് മെനുകാര്‍ഡ് തന്നെ പുറത്തു വന്ന് കഴിഞ്ഞു. അര്‍ജന്റൈന്‍ വിഭവങ്ങള്‍ക്കൊപ്പം സ്പാനിഷ് മസാലയും വിരുന്നിന് രുചിക്കൂട്ടൊരുക്കും. റൊസാരിയോ നഗരം മാത്രമല്ല ലോകം മുഴുവനും കാത്തിരിക്കുകയാണ് ഫുട്ബോള്‍ രാജകുമാരന്റെ മിന്നുകെട്ടിനായി.