Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുത്തം നോക്കി വിവാഹം നടന്നില്ല, ന്യൂജെൻ വഴി നോക്കിയ യുവാവിന് ആലോചനകളുടെ പെരുമഴ!

Ranjish രഞ്ജിഷ് അമ്മയ്ക്കും അച്ഛനുമൊപ്പം

'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്നും പറയുംപോലെയാണ് വിവാഹവും. എത്രയൊക്കെ പരിശ്രമിച്ചാലും ഇരുപത്തിനാലു മണിക്കൂർ വിവാഹ ആലോചനകളുടെ പുറകെ നടന്നാലും തടസ്സങ്ങളായി ഒട്ടേറെ കാര്യങ്ങൾ നിരന്നു നിൽക്കുന്നുണ്ടാവും. ജാതി, മതം, ജാതകം, സാമ്പത്തികം, ജോലി, നിറം തുടങ്ങി ഒരു നൂറോളം കാര്യങ്ങൾ ചേർന്നു കിട്ടിയാൽ മാത്രമേ വിവാഹം മംഗളമായി നടക്കൂ. ഇതിലേതെങ്കിലും ഒന്നു പാളിപ്പോയാൽ മതി പിന്നെ കാത്തു കാത്തിരിക്കേണ്ടി വരും. 

അത്തരത്തിൽ കാത്തുമടുത്തൊരു യുവാവ് തന്റെ വിവാഹ ആലോചന വ്യത്യസ്തമായി പരസ്യം നല്‍കിയിരിക്കുകയാണ് ഇപ്പോൾ. മാട്രിമോണിയൽ സൈറ്റുകൾ വഴിയല്ല സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് യുവാവ് വിവാഹപ്പരസ്യം നൽകിയത്. മഞ്ചേരി സ്വദേശിയായ രഞ്ജിഷ് ആണ് കഥാനായകൻ. പോസ്റ്റിട്ട നിമിഷം മുതൽ രഞ്ജിഷിന്റെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നുമുണ്ട്.

34കാരനായ തന്റെ കല്ല്യാണം ഇതുവരെ ശരിയായിട്ടില്ലെന്നും ഡിമാന്റുകളൊന്നുമില്ല, ജാതി വിഷയമല്ലെന്നും പറഞ്ഞാണ് രഞ്ജിഷ് ഫേസ്ബുക്കിലൂടെ പരസ്യം നൽകിയത്. ഫൊട്ടോഗ്രാഫറായ തന്റെ വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും ആണുള്ളതെന്നും ഫേസ്ബുക്കിനെ ഇത്തരത്തിൽ പ്രയോജനപ്പെടുത്താമെന്ന ആശയം തന്റേതല്ല അദ്ദേഹത്തിന്റെ പേരു പിന്നീടു പറയാമെന്നും പറഞ്ഞാണ് രഞ്ജിഷ് ഫേസ്ബുക്കിൽ വിവാഹ ആലോചന നൽകിയത്. പോസ്റ്റു മാത്രമല്ല ഒപ്പം അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള സെൽഫിയും കക്ഷി പങ്കുവച്ചിട്ടുണ്ട്.

'' എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. My number: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റു ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ചനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. #FacebookMatrimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം. #RanjishManjeri''

എന്തായാലും ഈ ഒരൊറ്റ ഫേസ്ബുക് പോസ്റ്റോടെ വിവാഹ ആലോചനകളുടെ പ്രളയമാണ് രഞ്ജിഷിന്. പോസ്റ്റിൽ നമ്പർ കൂടി നൽകിയിരിക്കുന്നതു കൊണ്ട് ഈ നേരം വരെ കക്ഷി ഫോൺ താഴെ വച്ചുകാണില്ലെന്നും ഉറപ്പ്, കാരണം അത്രയ്ക്കുണ്ട് പോസ്റ്റിനു കിട്ടിയ പ്രതികരണം. വിവാഹ ആലോചനകൾക്കൊപ്പം രഞ്ജിഷിനു മംഗളങ്ങൾ നേർന്നും ഇത്തരമൊരു വെറൈറ്റി ആശയത്തിനു നന്ദിയെന്നു പറഞ്ഞും കമന്റുകളുടെ ബഹളമാണ്. 

പതിനയ്യായിരത്തിനടുത്ത് ലൈക്കുകളും മൂവായിരത്തിൽപ്പരം ഷെയറുകളുമാണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. വ്യത്യസ്തമായ വിവാഹപ്പരസ്യത്തിലൂടെ സോഷ്യൽ മീഡിയയുടെ ഹീറോ ആയിരിക്കുകയാണ് ഇപ്പോൾ രഞ്ജിഷ്.

Read more: Trenidng News in Malayalam, Viral News in Malayalam, Beauty Tips in Malayalam

related stories