Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില മെഗാപിക്‌സല്‍ ചിന്തകള്‍

megapx-iphone

സ്മാർട്ഫോണ്‍ വാങ്ങുന്നവര്‍ പോലും ആദ്യം ആരായുന്ന കാര്യങ്ങളില്‍ ഒന്ന് കാമറയ്ക്ക് എത്ര മെഗാപിക്‌സല്‍ ഉണ്ട് എന്നാണ്. കൂടുതല്‍ മെഗാപിക്‌സല്‍ ഉണ്ട് എന്നത് മെച്ചെപ്പെട്ട പടം കിട്ടാന്‍ ഉപകരിക്കുമോ? മെഗാപിക്‌സല്‍ കൂടി എന്ന ഒരു കാര്യം കൊണ്ടു മാത്രം പടം നന്നാകണമെന്നില്ല. അതു തന്നെയല്ല, ചീത്തയാകുകയും ചെയ്യാം.

നല്ലപടം കിട്ടാന്‍ ഒരു കാമറയില്‍ വേണ്ട ചില ഘടകങ്ങല്‍ പരിശോധിക്കാം:

സെന്‍സറിന്റെ വലുപ്പം

ഇന്നുപയോഗിക്കുന്ന സാങ്കേതിക വിദ്യയില്‍ പൊതുവെ പറഞ്ഞാല്‍ സെന്‍സറിന്റെ വലുപ്പം കൂടുന്നതനുസരിച്ച് പടം നന്നാകും.

മെഗാപിക്‌സലിന്റെ എണ്ണം

തീര്‍ച്ചയായും ഇതൊരു വലിയ ഘടകം തന്നെയാണ്. കുറഞ്ഞ മെഗാപിക്‌സല്‍ സെന്‍സറുള്ള കാമറയുടെ പടങ്ങള്‍ ക്രോപ്പുചെയ്യുമ്പോള്‍ ക്വാളിറ്റി കുറയുന്നു. കൂടുതല്‍ മെഗാപിക്‌സലസലുള്ള കാമറകൊണ്ടുള്ള ഒരു പ്രധാന ഗുണം അവയെ വേണമെങ്കില്‍ ക്രോപ്പുചെയ്യാമെന്നതാണ്.

ലെന്‍സിന്റെ ഗുണം

കൊള്ളില്ലാത്ത ലെന്‍സും കൂടുതല്‍ മെഗാപിക്‌സലും മോശം പടം കിട്ടാനുള്ള എളുപ്പ വഴിയിലൊന്നാണ്. പല മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും പ്ലാസ്റ്റിക്ക് ലെന്‍സുകളാണുപയോഗിക്കുന്നത്.

Apertureന്റെ വലിപ്പം

വലിപ്പമുള്ള aperture കൂടുതല്‍ വെളിച്ചം കടത്തിവിടുകയും വെട്ടം കുറഞ്ഞ സാഹചര്യത്തിലും താരതമ്യേന നല്ല പടം ഉറപ്പാക്കുകയും ചെയ്യും.

നല്ല പ്രോസസര്‍

പിടിച്ചെടുക്കുന്ന ഡെയ്റ്റ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നുള്ളതും വലിയ ഒരു ഘടകമാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂടുതലായും മൊബൈല്‍ ഫോണ്‍ കാമറാ ഉപയോഗിക്കുന്നവര്‍ക്കു വേണ്ടിയാണ്. കാമറ ഉപയോഗിക്കുന്നവര്‍ക്ക് അത്തരം ബാലപാഠങ്ങള്‍ ആവശ്യമില്ലല്ലോ.

മെഗാപിക്‌സല്‍ യുദ്ധത്തില്‍ കാനോണു സോണിയും

ഇടക്കാലത്ത് മെഗാപിക്‌സല്‍ യുദ്ധത്തില്‍ ഒരു മെല്ലെപ്പോക്ക് വന്നിരുന്നു. സോണിയുടെ 36MP സെന്‍സറില്‍ നിക്കോണും സോണിയും കാര്യമായ നേട്ടം കൊയ്തതോടെ കാനോണും ആ വഴിക്കു തിരിഞ്ഞ് 50MP സെന്‍സര്‍ ഇറക്കി. ഇപ്പോള്‍ കേള്‍ക്കുന്നത് 75MP, 120MP, 250MP സെന്‍സറുകളൊക്കെ കാനോൺ ടെസ്റ്റു ചെയ്യുന്നുണ്ടെന്നാണ്.

കാലഹരണപ്പെട്ട സെന്‍സര്‍ സാങ്കേതികവിദ്യയാണു കമ്പനി ഉപയോഗിക്കുന്നതെന്നു പറഞ്ഞ് കാനോണിനെ എഴുതി തള്ളിയവരുടെ മുന്നിലേയ്ക്ക് കൂടിയ മെഗാപിക്‌സലുകളുള്ള 5DS/R മോഡലുകളുമായി എത്തി തങ്ങളിലേക്കു കുറച്ചു ശ്രദ്ധ തിരിക്കാന്‍ കമ്പനിക്കായി. 5DS ചില സന്ദര്‍ഭങ്ങളിലെങ്കിലും എതിരാളികളെ കവച്ചുവയ്ക്കുന്ന പ്രകടനം നടത്തുന്നു എന്നവിലയിരുത്തല്‍ കാനനു കൂടുതല്‍ മെഗാപിക്‌സലുകള്‍ കൊണ്ടുവരാനുള്ള പ്രചോദനമാകാം. മറുപടിയായി സോണിയും മെഗാപിക്‌സലുകള്‍ കൂട്ടാന്‍ ശ്രമിച്ചേക്കും. അതായത് താമസിയാതെ മെഗാപിക്‌സല്‍ യുദ്ധം മുറുകിയേക്കാം.

ആപ്പിളും എച്ച്റ്റിസിയും നോക്കിയയും

താരതമ്യേനെ വളരെ ചെറിയ സെന്‍സറുകളുമായി ഇറങ്ങുന്ന ഫോണ്‍ കാമറകളെ പരിഗണിക്കേണ്ട കാര്യംതന്നെയുണ്ടോ? ഉണ്ട്. കാരണം മൊബൈല്‍ കാമറകളില്‍ നടന്ന പരീക്ഷണങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഏതു തരത്തിലുള്ള പരീക്ഷണവും വിജയം കണ്ടാല്‍ അതു ഫോട്ടോഗ്രാഫി വ്യവസായത്തെ മുഴുവനായും ബാധിക്കാം.

ഫോണ്‍ കാമറയുടെ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ശരിക്കും ഞെട്ടിച്ചത് നോക്കിയ തന്നെയായിരുന്നു. അവരുടെ 'പ്യൂവര്‍വ്യൂ' സാങ്കേതികവിദ്യ അഞ്ചു വര്‍ഷത്തെ ഗവേഷണ ഫലമായിരുന്നു. സുപ്രശസ്ത ലെന്‍സ് നിര്‍മ്മാതാക്കളായ കാള്‍ സൈസുമായിച്ചേര്‍ന്ന് (നോക്കണേ, ലെന്‍സിനു നോക്കിയ കൊടുത്ത പ്രാധാന്യം!) അവര്‍ തങ്ങളുടെ കാമറയ്ക്കുവേണ്ടി പണിയെടുത്തത്. പ്യൂവര്‍വ്യൂ ടെക്‌നോളജി സിംബിയന്‍ സിസ്റ്റത്തിനു വേണ്ടി മാത്രമായിരുന്നു അവര്‍ തയ്യാറാക്കിയത്. തങ്ങളുടെ കമ്പനി വിന്‍ഡോസ് സിസ്റ്റത്തിലേക്ക് മാറിയപ്പോള്‍ പ്യുവര്‍വ്യൂ വിദ്യ അതേപടി പറിച്ചു നടാന്‍ കമ്പനിക്ക് അന്ന് ആയില്ല. നോക്കിയയുടെയും സിംബിയന്റെയു പതനം ഇമേജിങ് സാങ്കേതിക വിദ്യയുടെ ആ വഴിക്കുള്ള മുന്നേറ്റം ഇല്ലാതാക്കി. കമ്പനിയെ ഏറ്റെടുത്ത മൈക്രോസോഫ്റ്റ് പടത്തിന്റെ ക്വാളിറ്റിയില്‍ വിപ്ലവകരമായ ഒരു മാറ്റവും ഇന്നേവരെ കൊണ്ടുവന്നതായി അറിയില്ല. പ്യൂവര്‍വ്യൂ ടെക്‌നോളജിയോ അതിന്റെ വകഭേദമോ വലിയ പ്രൊഫെഷണല്‍ കാമറകളില്‍ പരീക്ഷിച്ചു നോക്കാനായി കാമറ കമ്പനികളും മുന്നോട്ടു വന്നില്ല.

മെഗാപിക്‌സലുകളുടെ കാര്യത്തില്‍ ഒരു തിരിച്ചു നടപ്പിനുള്ള ധൈര്യം കാണിച്ചത് എച്ച്റ്റിസിയാണ്. (ഫുള്‍ ഫ്രെയിം കാമറയില്‍ സോണിയും. A7S സീരിസില്‍ 12 MPസെന്‍സര്‍ ആണുള്ളത്.) സാങ്കേതികമായി പറഞ്ഞാല്‍ സെന്‍സര്‍ ടെക്‌നോളജിയെപ്പറ്റി നന്നായി പഠച്ചശേഷം നടിത്തിയ ഒരു നീക്കമായിരുന്നു അത്. 4MP സെന്‍സറുമായി ഇറങ്ങിയ എച്ച്റ്റിസി വണ്‍ കാമറ 'അള്‍ട്രാപിക്‌സല്‍' അധവാ, വലിയ ഫോട്ടോസൈറ്റ് (photosite) ആണുപയോഗിച്ചത്. ഈ കാമറയില്‍ വെളിച്ചമുള്ള സ്ഥലങ്ങളില്‍ എടുത്ത പടങ്ങളില്‍ പിക്‌സലുകളുടെ കുറവ് എടുത്തു കാണിച്ചു എന്നതു കമ്പനിക്കു തിരിച്ചടിയായി.

മെഗപിക്‌സലുകളുടെ കാര്യത്തില്‍ ഏറ്റവും സമചിത്തത കാണിച്ച കമ്പനികളില്‍ ഒന്ന് ആപ്പിള്‍ ആണ്. ഈ വര്‍ഷമാണ് കമ്പനി തങ്ങളുടെ ഫോണില്‍ 12MP സെന്‍സര്‍ ഘടിപ്പിക്കുന്നത്. അതും, നാലു മോഡലുകളില്‍ 8MP കാമറ നല്‍കിയ ശേഷം. 8MP യില്‍ നിന്നുകൊണ്ടു തന്നെ ഓരോ കൊല്ലവും പുതിയ മോഡലില്‍ പടം മെച്ചെപ്പെടുത്താന്‍ ആപ്പിളിനായി എന്നതു തന്നെ മെഗാപിക്‌സല്‍ എണ്ണം മാത്രമല്ല പടത്തിന്റെ ക്വാളിറ്റി നിര്‍ണ്ണയിക്കുന്നതെന്നതിന്റെ ഏറ്റവും നല്ല തെളിവുമാണ്.

മെഗാപിക്‌സല്‍ കൂടിയാലുള്ള ചില പ്രശ്‌നങ്ങള്‍

ഏറ്റവും നല്ല ലെന്‍സുകള്‍ ഉപയോഗിച്ചാല്‍ മാത്രമെ കൂടുതല്‍ മെഗാപിക്‌സല്‍ ഉള്ള കാമറയുടെ മുഴുവന്‍ കഴവും ചൂഷണം ചെയ്യാനാകൂ.

മോശം ടെക്‌നീക് ഉള്ളവര്‍ എടുക്കുന്ന പടങ്ങളിലെ വികലതകള്‍ പെരുപ്പിച്ചു കാണിക്കും. ഉദാഹരണത്തിന് ഫോക്കസിങില്‍ വരുന്ന നേരിയ പഴവിനോടു പോലും കൂടുതല്‍ മെഗാപിക്‌സലുകളുള്ള സെന്‍സര്‍ സഹിഷ്ണുത കാണിക്കില്ല.

പിന്നെ, കംപ്യൂട്ടര്‍ അപ്‌ഗ്രേഡു ചെയ്യേണ്ടതായി വരും. എഡിറ്റിങില്‍ ആനന്ദം കണ്ടെത്തുന്നവര്‍ റോ പടങ്ങളെ DNG അല്ലെങ്കില്‍ TIFF ഫയലുകളാക്കി മാറ്റി ഫോട്ടോഷോപ്പില്‍ കൊണ്ടുവന്ന് അവസാന മിനുക്കു പണി നടത്തുന്നു.ഒരു ഷൂട്ടില്‍ നിരവധി പടങ്ങള്‍ കാണാമല്ലോ. അങ്ങനെ നോക്കുമ്പോള്‍ എത്ര MP ഫയലുകളാണ് കംപ്യൂട്ടര്‍ കൈകാര്യം ചെയ്യേണ്ടി വരിക? തീര്‍ച്ചയായും റാം അപ്േഗ്രഡു ചെയ്യേണ്ടതായി വരും. ഹാര്‍ഡ്ഡിസ്‌കും വേറെ വേണ്ടിവരും.

ഇന്ന് ഏറ്റവും കൂടുതല്‍ മെഗാപിക്‌സല്‍ ഉള്ള DSLR കാനന്‍ 5DS ല്‍, F 8 നു മുകളില്‍ ലെന്‍സിന്റെ ഡയഫ്രം അടയ്ക്കുന്നത് ഡിഫ്രാക്ഷന്‍ മൂലം പടത്തിന്റ ഷാര്‍പ്‌നെസ് കുറയാനിടവരും എന്നത് മാക്രോ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്.

കൂടുതല്‍ മെഗാപിക്‌സല്‍ കൊണ്ടു ഗുണമോ ദോഷമോ?

ലെന്‍സടക്കമുള്ള കാര്യങ്ങള്‍ ശരിയായാല്‍, കൂടുതല്‍ മെഗാപിക്‌സലുളള കാമറകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിടിച്ചെടുത്തു കഴിവു തെളിയിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.