Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരരെ നേരിടാൻ പാരാ ഫോഴ്സസ് പരിശീലനം അതികഠിനം: വിഡിയോ

para-force

ഇന്ത്യൻ സ്പെഷൽ ഫോഴ്സസ് ഏറ്റെടുത്ത ദൗത്യങ്ങളൊന്നും പരാജയപ്പെട്ട ചരിത്രമില്ല. പിഒകെ ദൗത്യവും വൻവിജയം നേടി തിരിച്ചെത്തിയിരിക്കുന്നു, ഒരു പോറലുപോലും ഏൽക്കാതെ. 1971ലെ യുദ്ധത്തിനുശേഷം കശ്‌മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുന്നത് ഇതാദ്യമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അമേരിക്കയ്ക്കും ഇസ്രായേലിനും മാത്രമാണ് ഇത്രയും മികച്ച സ്പെഷൽ ഫോഴ്സസുള്ളത്. ഇവരുടെ പട്ടികയിലേക്ക് ഇന്ത്യൻ സ്പെഷൽ ഫോഴ്സസും ചേര്‍ന്നിരിക്കുന്നു.

അതിർത്തി കടന്നുള്ള ഏതൊരാക്രമണവും നടത്താൻ ഈ സ്പെഷസൽ ഫോഴ്സസ് മാത്രം മതിയെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ ഈ നീക്കം. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി ഇതോടെ ഇന്ത്യ മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം മ്യാൻമറിൽ അതിർത്തി കടന്നു ചെറിയൊരാക്രമണം നടത്തിയതാണ് ഇതിനു മുൻപ് ഇന്ത്യ പരോക്ഷമായെങ്കിലും സമ്മതിച്ചിട്ടുള്ള അതിർത്തി കടന്നുള്ള ഒരു നടപടി. എന്നാൽ മ്യാൻമറും ഇതും തമ്മിൽ വ്യത്യാസമുണ്ട്. മ്യാൻമർ ഒരു സുഹൃദ് രാജ്യമാണ്. അവിടത്തെ ഭരണകൂടത്തിന്റെ പിന്തുണയോടെയല്ല അവിടെനിന്നു നാഗാ ഒളിപ്പോരാളികൾ ഇന്ത്യയിൽ ആക്രമണം നടത്തിയിരുന്നത്. അതിനാൽ മ്യാൻമർ ഭരണകൂടം ഔദ്യോഗികമായി പ്രതിഷേധിച്ചെങ്കിലും മൗനസമ്മതമുണ്ടായിരുന്നു.

ഇസ്രയേൽ ഇറാഖിന്റെ ആണവനിലയം തകർത്തതാണു സർജിക്കൽ സ്ട്രൈക്കിന്റെ ഏറ്റവും നല്ല ഉദാഹരണമായി പറയുന്നത്. ഇന്ത്യ നടത്തിയത് അതല്ല. ഇതു യഥാർഥ കമാൻഡോ ഓപ്പറേഷനാണ്. പ്രത്യേക പരിശീലനം നേടിയ സ്പെഷൽ ഫോഴ്‌സസിലെ പാരാ കമാൻഡോകളെ ചെറിയ സംഘമായി ശത്രുഭൂമിയിലേക്ക് അയച്ച് ഒന്നിലധികം ചെറിയ താവളങ്ങൾ തകർക്കുകയാണ് പദ്ധതി.

ഇന്ത്യൻ സ്പെഷൽ ഫോഴ്സസിന്റെ പരിശീലനം അതികഠിനം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്പെഷൽ ഫോഴ്സസ് ഏതെന്നു ചോദിച്ചാൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത പേരാണ് ‘ഇന്ത്യൻ പാരാ’. വായുവിലും കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണം നടത്താൻ കഴിവുള്ളവർ. പൊതുവേ ഇവർ അറിയപ്പെടുന്നത് 1, 2, 3, 4, 9, 10, 21 PARA എന്നാണ്. വർഷത്തിൽ രണ്ടു തവണയാണ് പാരാ ഫോഴ്സിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. അപേക്ഷകരിൽ യോഗ്യത നേടുന്നത് 8–10 ശതമാനം മാത്രം.

പ്രധാനമായും ആർമിയിൽ നിന്നുള്ള ജവാന്മാരാണ് സ്പെഷൽ ഫോഴ്സസിലേക്കു വരുന്നത്. നീണ്ട മൂന്നര വർഷമാണ് ഇവരുടെ പരിശീലനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും അതിലേറെ കഠിനവുമാണ് ഇവരുടെ പരിശീലനം. ഒരു പാരാ കമാൻഡോയുടെ പരിശീലന ദിവസം തുടങ്ങുന്നത് 20 കിലോമീറ്റർ ഓട്ടത്തോടെയാണ്. അതുകഴിഞ്ഞു നുഴഞ്ഞുകയറ്റം, കടന്നാക്രമണം, അത്യാധുനിക തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം, ഇന്റലിജൻസ് ഏജൻസികളുടെ പരിശീല ക്ലാസുകൾ എല്ലാം ഇവർക്കു നൽകുന്നു.

തീപിടിക്കാത്ത, നനയാത്ത യൂണിഫോമാണ് ഉപയോഗിക്കുന്നത്.

പ്രധാന ആയുധം: ടെയ്‌വർ–21. ഇസ്രയേൽ നിർമിത റൈഫിൾ. മിനിറ്റിൽ 750–900 റൗണ്ട് നിറയൊഴിക്കാം. ഭാരം: നാലുകിലോഗ്രാമിൽ താഴെ. പരിധി: 400 മീറ്റർ‌. വെള്ളത്തിലിട്ടാലും പ്രശ്നമില്ല. രണ്ടാമത്തെ ആയുധം: തൊട്ടടുത്തുനിന്നുള്ള ഏറ്റുമുട്ടലിന് ഉപയോഗിക്കാൻ 9 എംഎം സെമി–ഓട്ടമാറ്റിക് പിസ്റ്റൾ.

ലോഗോ ബലിദാൻ: പാര കമാൻഡോകൾക്ക് (സ്പെഷർ ഫോർസസ്). നൽകുന്ന മുദ്രയാണ്, അല്ലെങ്കിൽ ബാഡ്ജ് ആണ് ‘ബലിദാൻ’.

ബൂട്ട്സ്: ഉരുക്കു കവചിതം. ഏതു ഭൂപ്രദേശത്തും ഉപയോഗിക്കാവുന്നവിധം ഭാരംകുറഞ്ഞത്. ഹെൽമറ്റ്: ഭാരം കുറഞ്ഞത്. കൈത്തോക്കുകൊണ്ടുള്ള വെടി തടുക്കും.

വയർലെസ്: അത്യാധുനികം. ഉയർന്ന ഫ്രീക്വൻസി. ബുള്ളറ്റ് പ്രൂഫ് മേൽച്ചട്ട: ഭാരം കുറഞ്ഞത്. ഉയർന്നശേഷിയുള്ള സിന്തറ്റിക് ഫൈബറായ കെവ്‌ലർ നിർമിതം.

സ്പെഷൽ ഗ്രൂപ്പ്: ഗോസ്റ്റ് ഫോഴ്സ് (അദൃശ്യസേന) രേഖകളിൽ ഇല്ല. സായുധസേനയിലെ അതിവിദഗ്ധരുടെ സംഘത്തിലെ മിടുക്കൻമാർ അംഗങ്ങൾ. പാക്ക് സൈന്യത്തിനെതിരെ ഗൂഢമായ ആക്രമണങ്ങൾക്ക് (ബ്ലാക്ക് ഓപറേഷൻ‌സ്) ഉപയോഗിക്കുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എ.ബി. വാജ്‌പേയി എന്നീ പ്രധാനമന്ത്രിമാർ ദൗത്യങ്ങൾക്കു നിയോഗിച്ചു. കാബിനറ്റ് സെക്രട്ടേറിയറ്റ് സുരക്ഷാവിഭാഗം ഡയറക്ടർ ജനറലിനു മുൻപാകെ നേരിട്ടു റിപ്പോർട്ട് ചെയ്യും.

ആയുധങ്ങൾ: ടെയ്‌വർ–21, നേഗെവ് ലൈറ്റ് മെഷിൻ ഗൺ, എ4എ1 അമേരിക്കൻ റൈഫിൾ. കൂടാതെ ഇസ്രയേൽ, റഷ്യൻ നിർമിത റൈഫിളുകളും. പാരാ കമാൻഡോസ് കരസേനയുടെ പാരഷൂട്ട് റെജിമെന്റിന്റെ ഭാഗമായി 1966ൽ രൂപീകരിച്ചു. 10 ബറ്റാലിയനുകളിൽനിന്ന് ഏഴെണ്ണം അവരവർ വൈദഗ്ധ്യം നേടിയ ഭൂപ്രദേശങ്ങളിൽ വിന്യസിക്കപ്പെടുന്നു. (മരുഭൂമിയിലെ യുദ്ധം, പർവതപ്രദേശങ്ങളിലെ യുദ്ധം തുടങ്ങിയവ)

50 പാരാ ഇൻഡിപെൻഡന്റ് ബ്രിഗേഡിന്റെ ഭാഗമായി മൂന്നു യൂണിറ്റുകൾ ആഗ്രയിൽ‌ നിലകൊള്ളുന്നു. ഉത്തരവു വന്നാലുടൻ വിന്യസിക്കപ്പെടാൻ സർവസജ്ജം. ലക്ഷ്യം: ഉഗ്ര ഭീകരസംഘടനകളുടെ നേതാക്കളെ ഉന്മൂലനം ചെയ്യുക. ശത്രുരാജ്യാതിർത്തി കടന്നു ഭീകരനീക്കങ്ങൾ കണ്ടെത്തി നശിപ്പിക്കുക

ദൗത്യങ്ങൾ: 1971 ഇന്ത്യ–പാക്ക് യുദ്ധം, 1987 ശ്രീലങ്കയിലെ ഐപികെഎഫ് സൈനികനടപടി, 1988 മാലി ദ്വീപിലെ സൈനിക നടപടി, ‘ഓപ്പറേഷൻ കാക്ടസ്’, 1999 കാർഗിൽയുദ്ധം, ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും.
മാർ‌കോസ്: 1987ൽ ഇന്ത്യൻ നാവികസേനയാണു മറൈൻ കമാൻഡോസ് (മാർകോസ്) രൂപീകരിച്ചത്. ‘മുതലകൾ’എന്നു വിളിപ്പേര്. ഏതു പ്രദേശത്തും പോരാട്ടത്തിനു തയാർ. കടൽയുദ്ധത്തിനു പ്രത്യേക പരിശീലനം. ലക്ഷ്യം ശത്രുരാജ്യത്തിന്റെ അതിർത്തിക്കപ്പുറം തീരപ്രദേശങ്ങളിൽ ഒളിയാക്രമണം. ശത്രുസങ്കേത പരിശോധന.

ദൗത്യം: ശ്രീലങ്കയിലെ ഐപികെഎഫ്, 1980 മാലി, 1999 കാർഗിൽ യുദ്ധം, ജമ്മു കശ്മീരിൽ നിലവിൽ ഓപ്പറേഷൻ രക്ഷക് ദൗത്യം. ‌‌ ഗരുഡ് വ്യോമസേനയുടെ കമാൻഡോ വിഭാഗമായ

ഗരുഡ്: 2004ൽ രൂപീകരിച്ചു.സ്പെഷൽ ഫോഴ്‌സസ് വിഭാഗത്തിൽ അവസാനം ഉടലെടുത്തത്. ലക്ഷ്യം: വിമാനത്താവളങ്ങൾ പിടിച്ചെടുക്കൽ, ആകാശമാർഗം ആക്രമണം, ശത്രുരാജ്യത്തു കടന്നു മോചിപ്പിക്കൽ.

ദൗത്യങ്ങൾ: യുഎൻ സമാധാനസേനയുടെ ഭാഗമായി കോംഗോയിൽ, 2016 പഠാൻകോട്ട് ഭീകരാക്രമണം, ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ നടപടി.