ഒപ്പോ, വിവോ ബ്രാൻഡുകൾ രണ്ടു വർഷം മുൻപുവരെ ചൈനയുടെ സ്മാർട്ട്ഫോൺ മാർക്കറ്റിൽ യാതൊരു ചലനവുമുണ്ടാക്കിയിരുന്നില്ല. വിപണിയിലെ ജനപ്രിയ ഫോണുകളുടെ പട്ടികയിൽ ആദ്യ അഞ്ചിന്റെ അടുത്തെത്താൻ പോലും ഇവർക്കു കഴിഞ്ഞിരുന്നുമില്ല. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ആഗോള ഭീമനായ ആപ്പിളിന്റെ ഐഫോണിനെ തള്ളിമാറ്റി ചൈനയുടെ മൊബൈൽ വിപണി ഈ ബ്രാൻഡുകൾ പിടിമുറുക്കിയിരിക്കുന്നു. ഇതിന് ഈ കമ്പനികൾ നന്ദിപറയേണ്ടതു ചെങ് ഷിയാങ്ങിനെപ്പോലുള്ളവരോടാണ്.
മിയാഓഷിയയിലെ ഇലക്ട്രോണിക്സ് വ്യാപാരിയാണ് ചെങ് ഷിയാൻ. മൊബൈൽ ഫോൺ വിൽപ്പനയ്ക്കൊപ്പം ബ്രാൻഡുകളുെട പരസ്യം വിചാറ്റ് അടക്കമുള്ള മെസെജിങ് സംവിധാനങ്ങൾവഴി പ്രചരിപ്പിക്കുന്നതിന് ഇവർക്കു കമ്പനികൾ വലിയ കമ്മിഷൻ നൽകുമായിരുന്നു. 40 യുവാൻ മുതലായിരുന്നു കമ്മിഷൻ. ഒപ്പോയുടെ ഹൈ എൻഡ് സ്മാർട്ട് ഫോണുകൾക്ക് 200 യുവാൻ വരെ ഷിയാനു കമ്മിഷൻ ലഭിക്കുമായിരുന്നു. ഒപ്പോ ആർ9 ബ്രാൻഡ് ചൈനക്കാർ പരിചയപ്പെട്ടതുതന്നെ ഷിയാനെപ്പോലുള്ള ചെറുകിട മൊബൈൽ ഷോപ്പ് ഉടമകൾ വഴിയാണ്. മെസെജുകൾ വഴി ഫോണിന്റെ ഗുണങ്ങൾ അറിഞ്ഞ് ആളുകൾ അവ വാങ്ങാനെത്തി. അതു ചൈനയിലെ മൊബൈൽ ഫോൺ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഷിയാനും സമാനചിന്താഗതിക്കാരായ പതിനായിരക്കിനു വ്യാപാരികളും ചേർന്നു നടത്തിയ ഈ ഉദ്യമം ആപ്പിൾ, സാംസങ് തുടങ്ങിയ കുത്തകൾക്കെതിരായ പടപ്പുറപ്പാടുതന്നെയായിരുന്നു.

ചൈനയിലെ മൊബൈൽ ഫോൺ വിപണി കയ്യാളിയിരുന്നതു പ്രാദേശിക വിൽപ്പനശാലകളായിരുന്നു. കൂടുതലും വിദൂര പ്രവിശ്യകളിലുള്ളവ. ഇവിടങ്ങളിലേക്കു യഥേഷ്ടം ഫോണുകൾ എത്തിക്കാനും വിൽക്കാനും ഒപ്പോയ്ക്കും വിവോയ്ക്കും കഴിഞ്ഞു. ഓൺലൈൻ വിപണിയൊക്കെ വിട്ട് ആളുകൾ ഇത്തരം കടകളിൽനിന്നു കുറഞ്ഞ വിലയുള്ള ഫോണുകൾ വാങ്ങിത്തുടങ്ങി. അതോടെ ചൈനീസ് ഫോൺ വിപണി കീഴ്മേൽ മറിഞ്ഞു. തീർത്തും നാടൻ ബ്രാൻഡ് ആയിരുന്ന ഷവോമി പോലും ഇതിൽ ഞെരിഞ്ഞമർന്നുപോയി.
വിൽപ്പന ചൂടുപിടിച്ചതോടെ ചൈനയിൽ വിറ്റഴിക്കുന്ന ഓരോ മൂന്നു സ്മാർട്ട് ഫോണിലും ഒരെണ്ണം ഒപ്പോയോ വിവോയോ ആയി മാറി. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലായിരുന്നു വിപണിയിലെ ഈ കുതിച്ചുചാട്ടം. ഇക്കാലത്ത് ഐഫോണിന്റെ വിപണി വിഹിതം വെറും ഏഴു ശതമാനം മാത്രമായിരുന്നു. മൂന്നു വർഷത്തിനിടയിൽ ആപ്പിളിന്റെ ചൈനയിലെ ഏറ്റവും ചെറിയ വിപണി വിഹിതമായിരുന്നു ഇത്. മുൻനിര നഗരങ്ങളായ ബീജിങിനേക്കാളും ഷങ്ഹായിയേക്കാളും ഒപ്പോയും വിവോയും വിപണി ലക്ഷ്യംവച്ചത് ചൈനയിലെ ഗ്രാമീണ മേഖലകളിലായിരുന്നു. ഇ-കൊമേഴ്സ് രംഗത്തുനിന്നു മാറി സ്റ്റോറുകളിലൂടെയുള്ള വിൽപ്പനയ്ക്കാണ് അവർ മുൻതൂക്കം നൽകിയത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ പിന്നിടുന്ന മൂന്നു പാദത്തിലും ഇതായിരുന്നു ബിസിനസ് മാതൃക. എന്നാൽ, ബ്രാൻഡ് വിലയുടെ ഔന്നത്യം മുറുകെപ്പിടിക്കുന്നതിലായിരുന്നു ആപ്പിളിന്റെ ശ്രദ്ധ.
പ്രാദേശിക വിപണിയിൽനിന്നുള്ള ലാഭവും വരുമാനവും പകുത്തെടുക്കാൻ ഒപ്പോയും വിവോയും തയാറായതും വിശ്വാസയോഗ്യവും ഊർജസ്വലവുമായ ഒരു വിപണിശൃംഖലയും രൂപപ്പെടുത്താൻ കഴിഞ്ഞതും ഇവരുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചെന്ന് ബീജിങ് കേന്ദ്രമാക്കിയുള്ള ഐഡിസി അനലിസ്റ്റ് ജിൻ ദി പറയുന്നു. സെയിൽസ് റെപ്രസന്റേറ്റിവുമാർക്ക് അവർ സബ്സിഡി നൽകി. ഈ സബ്സിഡി പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ അവർ തയാറായില്ലെങ്കിലും, കഴിഞ്ഞ വർഷം ഈ ഇനത്തിൽ വലിയ തുകയാണ് രണ്ടു ബ്രാൻഡുകളും ചെലവാക്കിയതെന്ന് ഇവർ പറയുന്നു. വിപണിയിൽ അവർ വലിയൊരു മാറ്റം കൊണ്ടുവന്നു - പ്രാദേശിക വിപണി പ്രധാന വിൽപ്പന കേന്ദ്രമാക്കുക എന്നതായിരുന്നു ആ മാറ്റം - അവർ പറയുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി ചൈനയിൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും കുതിപ്പായിരുന്നു. 2015 സാമ്പത്തിക വർഷം ആപ്പിൾ ചൈനയിൽനിന്നുണ്ടാക്കിയത് 59 ബില്യൺ ഡോളറാണ്. രണ്ടു വർഷം മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയായിരുന്നു അത്. ഇക്കാലത്ത് ആപ്പിളിന്റെ ഓഹരി മൂല്യം 60 ശതമാനം വർധിച്ചു. വിപണി വളർച്ചയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആപ്പിളിന്റെ മൊത്തം വരുമാനത്തിന്റെ 30 ശതമാനം ചൈനയിൽനിന്നായിരുന്നു. ഷവോമിക്കൊപ്പമായിരുന്നു ആപ്പിളിന്റെ കുതിപ്പ്. ഷവോമിയെ മറികടക്കാൻ വലിയ ഐഫോൺ മോഡൽ പുറത്തിറക്കിയോടെ വ്യാപാരത്തിൽ ഇരു കമ്പനികളും ഒപ്പത്തിനൊപ്പമായി. ചൈനീസ് സമ്പദ്‌വ്യവസ്ഥ തകർന്നപ്പോഴും അവിടെ വലിയ നിക്ഷേപം നടത്തുമെന്ന് ടിം കുക്ക് പ്രഖ്യാപിച്ചത് ഈ വളർച്ചയുടെ ഉറപ്പിലായിരുന്നു.
ചൈന സാമ്പത്തിക മാന്ദ്യം അഭിമുഖീകരിച്ചു തുടങ്ങിയപ്പോൾ ആപ്പിളിന്റെ മേൽ പതിയെ നിയന്ത്രണങ്ങൾ വന്നു തുടങ്ങി. ഐട്യൂൺസ് സിനിമകൾ, ഐബുക്സ് തുടങ്ങിയവ ബ്ലോക്ക് ചെയ്തു. ആപ്പിളിന്റെ വ്യാപാര വളർച്ചയുടെ ഒരു കാലഘട്ടത്തിന് അവസാനം കുറിക്കുന്നതായിരുന്നു ഈ തീരുമാനങ്ങൾ. സാമ്പത്തിക മാന്ദ്യം ചൈനയെ ബാധിച്ചപ്പോൾ വില കുറഞ്ഞതിനോടു ജനത്തിനു പ്രിയമേറി. ഒപ്പോയും വിവോയും താഴ്ന്ന വിലശ്രേണിയിൽനിന്നു നേട്ടമുണ്ടാക്കാൻ ശ്രമം തുടങ്ങി. ഷോപ്പുകളിൽ വിലകുറഞ്ഞ ഫോണുകൾ അവർ യഥേഷ്്ടം ലഭ്യമാക്കി. അങ്ങനെ വിപണി കയ്യടക്കാൻ തുടങ്ങി. ചൈനയിൽ ഇനി ആപ്പിൾ രക്ഷപ്പെടുന്നതിനു പുതിയ എന്തെങ്കിലും വഴി വേണ്ടിവരുമെന്നു കൗണ്ടർ പോയന്റ് റിസേർച്ച് ഡയറക്ടർ നീൽ ഷാ പറയുന്നു. അതുവരെയുള്ള സമയം ഒപ്പോയ്ക്കും വിവോയ്ക്കും വിപണയിലെ അവരുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിനു വിനിയോഗിക്കുകയും ചെയ്യാം.

ഒപ്പോയും വിവോയും 4 കോടി സ്മാർട്ട്ഫോണുകളാണു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പുറത്തിറക്കിയത്. ഇതിന്റെ 34 ശതമാനവും ചൈനയിലാണു വിറ്റഴിച്ചത്. 2012ൽ ഇവരുടെ മൊത്തം വിപണി വിഹിതം വെറും 2.5 ശതമാനം മാത്രമായിരുന്ന സ്ഥാനത്താണിത്. ഇക്കാലത്ത് ഐഫോണിന്റെ ഷിപ്മെന്റ് മൂന്നിലൊന്നായി കുറഞ്ഞു. ഏകദേശം 82 ലക്ഷം ഫോണുകളായാണു കുറഞ്ഞത്. അതായതു വിവോയുടെ പകുതിയിലും കുറവ്. ഒരുകാലത്ത് വിപണിയെ നിയന്ത്രിച്ചിരുന്ന സാംസങ് അഞ്ചു ശതമാനത്തിനടുത്താണ് വിപണി വിഹിതം വഹിക്കുന്നത്. ഐഫോണിന്റെ വിപണി വീഴ്ചയ്ക്കു പിന്നാവെ നിരവധി തവണ ടിം കുക്ക് ചൈന സന്ദർശിച്ചിരുന്നു. ബീജിങിലും ഷങ്‌ഹനിലും റിസേർച്ച് സെന്ററുകൾ തുറക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചു. യൂബറിന്റെ പ്രധാന എതിരാളികളായ ദിദി ചങ്സിങിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. വിപണി തിരികെപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെല്ലാം.
ആപ്പിളിനു ചൈനയിൽ അടിപതറിയതിന്റെ കാരണം ഇപ്പോഴും പൂർണമായും വ്യക്തമല്ല. ഐഫോൺ 5സി, എസ്ഇ മോഡലുകൾ ഉപയോഗിച്ചു വിപണി തിരികെ പിടിക്കാനുള്ള ശ്രമങ്ങളും വിഫലമായി. ആപ്പിളിനോടു കിടപിടിക്കത്തക്ക ഹൈ എൻഡ‍് ഫോണുകൾ ഒപ്പോയും വിവോയും പാതി വിലയ്ക്കു പുറത്തിറക്കി. ഐഫോൺ 7ന് ആപ്പിൾ 5388 യുവാൻ വിലയിട്ടപ്പോൾ ഒപ്പോയുടെ ആർ9 പ്ലസിനു വില 2999 യുവാൻ. അലൂമിനിയം ബോഡി, ആറ് ഇഞ്ച് ഡിസ്പ്ലേ, 16 മെഗാ പിക്സൽ ക്യാമറ, 19 മണിക്കൂർ ബാറ്ററി, ഫോട്ടോ, വെബ് ബ്രൗസിങ് തുടങ്ങി എല്ലാ സാങ്കേതിക സവിശേഷതകളും ഈ ഫോണിനും ഉണ്ട്. വിവോയുടെ ഹൈഎൻഡ് മോഡലായ എക്സ്പ്ലേ6 4498 യുവാനാണു ചൈനീസ് വിപണിയിൽ വില. ഓഫ്ലൈൻ വിപണിയിലൂടെ ഇത്തരം ലക്ഷക്കണക്കിനു ഫോണുകൾ വിറ്റഴിക്കപ്പെട്ടു.
വിവോ ഇന്ന് അവരുടെ ക്യാമറ ക്വാളിറ്റിയിലും ഒപ്പോ ബാറ്ററി ലൈഫിലുമാണു ശ്രദ്ധവയ്ക്കുന്നത്. പക്ഷേ വിപണന തന്ത്രം ഒന്നുതന്നെ. ചൈനയിലെ പതിനായിരക്കണക്കിനു വരുന്ന ചെറുകിട മൊബൈൽ ഷോപ്പ് ഉടമകളെ ശക്തിപ്പെടുത്തൽ. 240000 ഷോപ്പുകളിലൂടെയാണ് ജൂണിൽ തങ്ങളുടെ ചൈനയിലെ പ്രധാന വിൽപ്പന നടന്നതെന്നാണ് ഒപ്പോ പറയുന്നത്. വിവോ ഇതിന്റെ പാതിയോളം ഷോപ്പുകൾ വഴി വിറ്റഴിക്കുന്നത്. വിൽപ്പനയുടെ കണക്കുകൾ സംബന്ധിച്ചു കൃത്യമായ കണക്കുകൾ പറയുന്നില്ലെങ്കിലും കടകളിലൂടെയാണു 90 ശതമാനം വിൽപ്പനയെന്ന് ഇരു കമ്പനികളും ചൂണ്ടിക്കാട്ടുന്നു. വൻ നഗരങ്ങളിൽ നാമമാത്രമായി മാത്രമേ ആപ്പിൾ സ്റ്റോറുകളുണ്ടായിരുന്നുള്ളൂവെന്നതും ശ്രദ്ധേയം.
ഇന്ന് ഒപ്പോയും വിവോയും ആപ്പിളിനെക്കുറിച്ചു വേവലാതിപ്പെടുന്നില്ല. അവർ ലക്ഷ്യം നേടിയെന്നാണു കമ്പനി എക്സിക്യൂട്ടിവുകൾതന്നെ പറയുന്നത്. വിപണിയെക്കുറിച്ചു കൃത്യമായ ധാരണയുണ്ടായിരിക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയുമാണു വേണ്ടതെന്നും അതാണ് ഒപ്പോ സ്വീകരിച്ച ശൈലിയെന്നും വിൽപ്പന വിഭാഗം വൈസ് പ്രസിഡന്റ് അലൻ വു പറയുന്നു. ക്യാമറയും മ്യൂസിക്കുമാണു ഭാവിയിലേക്കു തങ്ങളുടെ മുഖ്യ ശ്രദ്ധയെന്നും, ഇക്കാര്യത്തിൽ ഉപയോക്താക്കൾക്കു തങ്ങളിൽനിന്നു വലിയ പ്രതീക്ഷയാണുള്ളതെന്നും വിവോ വൈസ് പ്രസിഡന്റ് നി സുഡോങ് ചൂണ്ടിക്കാട്ടുന്നു.

ചൈനയിൽ യുവാക്കൾക്കിടയിൽ ഏറെ പ്രിയം പിടിച്ചു പറ്റാൻ ഇതിനോടകം ഈ ഫോണുകൾക്കു കഴിഞ്ഞിട്ടുണ്ട്. ചെൻ സിയു എന്ന യുവാവിന്റെ പ്രതികരണം കേൾക്കൂ – മനോഹരമായ ഡിസൈനും ഉയർന്ന ഫോട്ടോഗ്രഫി േശഷിമാണു താൻ വിവോ തെരഞ്ഞെടുക്കാൻ കാരണം. ഇതിനു വലിയ വിലയില്ല. മറ്റ് ആൻഡ്രോയ്ഡ് ഫോണുകളെപ്പോലെ കുറച്ചു നാൾ ഉപയോഗിച്ചു കഴിയുമ്പോൾ സ്ലോ ആകില്ല – ഇതുതന്നെയാണ് ചൈനീസ് യുവത്വത്തിൽ നല്ലൊരു പങ്കിന്റെയും അഭിപ്രായം. ഇതാണ് അവരുടെ വളർച്ചയുടെ രഹസ്യവും.