Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യരുടെ തലമാറ്റിവെക്കൽ വിജയിച്ചു, 18 മണിക്കൂര്‍ ശസ്ത്രക്രിയ, മരണത്തെ മറികടക്കുമോ?

canavero_head_transplant

ലോകത്തിലെ ആദ്യ തലമാറ്റിവെക്കൽ ശസ്ത്രക്രിയ മനുഷ്യരിലും വിജയകരമായി പൂർത്തിയാക്കി. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോക്ടർ ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലാണ് തലമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ദി ടെലഗ്രാഫാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

18 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് മരണപ്പെട്ട രണ്ടു പേരുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ വിജയകരമായി ബന്ധിപ്പിച്ചത്. ശസ്ത്രക്രിയ വൻ വിജയമായിരുന്നുവെന്ന് വിയന്നയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇറ്റാലിയൻ ശാസ്ത്രജ്ഞൻ സെർജിയോ കാനവെരോ പറഞ്ഞു. ഇതോടെ ജീവിച്ചിരിക്കുന്നവരിലും പരീക്ഷണം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വിഡിയോയും ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഡോക്ടർ ഷ്യോപിങ്ങിന്റെ നേതൃത്വത്തില്‍ നേരത്തെ കുരങ്ങന്റെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ജീവിച്ചിരിക്കുന്നവരിലും പരീക്ഷണം വൈകാതെ തന്നെ നടത്തുമെന്നും കാനവേരോ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയയുടെ കൂടുതൽ വിവരങ്ങൾ സര്‍ജിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.

ആദ്യ പരീക്ഷണം കുരങ്ങുകളില്‍

കുരങ്ങുകളിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി വിവാദ ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. സെര്‍ജിയോ കനവാരോ അറിയിച്ചത് കഴിഞ്ഞ വർഷമാണ്. ജീവനുള്ള മനുഷ്യരില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുമെന്ന് പ്രഖ്യാപിച്ച ഡോ. സെര്‍ജിയോ കനവാരോയുടെ സംഘത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായായിരുന്നു ജീവനുള്ള കുരങ്ങുകളിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ.

ഇറ്റാലിയന്‍ ഡോക്ടര്‍ സെര്‍ജിയോ കനവെരോയും ചൈനീസ് ഡോക്ടര്‍ ഷ്യോപിങ് റെനിയുമാണ് തലമാറ്റിവെക്കൽ ശസ്ത്രക്രിയ പദ്ധതിക്ക് പിന്നിൽ പ്രവര്‍ത്തിക്കുന്നത്. കുരങ്ങുകളിലും എലികളിലും മനുഷ്യരുടെ മൃതശരീരങ്ങളിലുമെല്ലാം തലമാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ശരീരത്തിലെ മസിലുകള്‍ ക്ഷയിക്കുന്ന (വെര്‍ഡ്‌നിഗ് ഹോഫ്മാന്‍) അപൂര്‍വ്വ രോഗബാധിതനായ 31കാരനായ സ്പിരിഡോവിന്റെ തലയാണ് ആരോഗ്യമുള്ള മറ്റൊരു ഉടലിലേക്ക് മാറ്റിവെക്കുക എന്നാണ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നത്. 

ശസ്ത്രക്രിയ നിശ്ചയിച്ച സമയത്ത് ലഭിക്കുന്ന മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ ഉടലായിരിക്കും തല വെച്ചുപിടിപ്പിക്കുക. ആദ്യമായി മനുഷ്യരിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് 2013ലായിരുന്നു.

head-to-head

കനവാരോയാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയെന്ന ആശയം നടപ്പിലാക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത്. ആദ്യം ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കുന്നതിന് അമേരിക്കയെ സമീപിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. മാത്രമല്ല വലിയതോതില്‍ വിമര്‍ശം ഉയരുകയും ചെയ്തു. തുടര്‍ന്നാണ് ചൈന ഈ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കാന്‍ തയ്യാറായത്. ചൈനീസ് ഡോക്ടര്‍ റെന്‍ സിയോപിംഗിനൊപ്പം ചേര്‍ന്നാണ് ഡോ. കനവെരോ ദൗത്യവുമായി മുന്നോട്ടുപോകുന്നത്. ആയിരത്തിലേറെ എലികളില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയയാളാണ് ഡോ. ഷ്യോപിങ് റെനി. പത്ത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് എലികളില്‍ ഷ്യോപിങ് റെനി നടത്തുന്നത്.

തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ മനുഷ്യര്‍ മരണത്തെ മറികടക്കുന്നതിനുള്ള ആദ്യ പടിയാണെന്നാണ് ഡോ. കനവാരോയുടെ അവകാശവാദം. ഹെഡ് അനാസ്‌റ്റോമോസിസ് വെന്‍ച്യുര്‍ അഥവാ ഹെവന്‍ എന്ന പേരിലാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ അറിയപ്പെടുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശരീരമാണ് തലയില്‍ വെച്ചുപിടിപ്പിക്കുക. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് മസ്തിഷ്‌ക മരണം സംഭവിക്കുന്നയാളെയായിരിക്കും ദാതാവായി ഉപയോഗിക്കുക.

ശരീരദാതാവിന്റെയും സ്വീകരിക്കുന്നവരുടെയും കഴുത്ത് ഒരേസമയം ശരീരത്തില്‍ നിന്നും അതിമൂര്‍ച്ചയേറിയ ബ്ലേഡുകൊണ്ട് മുറിക്കും. രോഗിയുടെ തല ദാതാവിന്റെ ശരീരത്തിലേക്ക് പോളിഎഥിലീന്‍ ഗ്ലൈക്കോള്‍ എന്ന പശ ഉപയോഗിച്ച് ഒട്ടിയ്ക്കുകയാണ് ആദ്യഘട്ടം. മുറിച്ചുമാറ്റിയ ശിരസും ദാതാവിന്റെ നട്ടെല്ലും ചേര്‍ന്നുവരുന്ന രീതിയിലാണ് ഇത് ചെയ്യുന്നത്. ഈ ഭാഗത്തെ മസിലുകളും രക്തക്കുഴലുകളും പരസ്പരം തുന്നിച്ചേര്‍ക്കും. 

അതിനു ശേഷം രോഗിയുടെ തലയും ശരീരവും യോജിച്ച് പ്രവര്‍ത്തിക്കുന്നത് വരെ രോഗിയെ കോമാ സ്‌റ്റേജിലേക്ക് മാറ്റും. ഇത് നാല് ആഴ്ച്ചയോളം തുടരുമെന്നാണ് കരുതപ്പെടുന്നത്. നേരിയ തോതില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചായിരിക്കും നട്ടെല്ലിനെ ഉത്തേജിപ്പിക്കുക. ഇതുവഴി തലയും പുതിയ ശരീരവും തമ്മിലുള്ള ബന്ധം ശക്തിപ്പെടും. അബോധാവസ്ഥയില്‍ നിന്നുണരുന്ന രോഗിക്ക് നടക്കാനും സ്വന്തം മുഖം മനസ്സിലാക്കാനും പഴയ ശബ്ദത്തില്‍ തന്നെ സംസാരിക്കാനും സാധിക്കുമെന്നാണ് ഡോ. സെര്‍ജിയോ കനാവെറോ അവകാശപ്പെടുന്നത്. 99 ശതമാനം വിജയസാധ്യതയാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്. പുതിയ ശരീരത്തെ തല തിരസ്‌കരിക്കുമോ എന്നതാണ് ശസ്ത്രക്രിയ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് ഒഴിവാക്കാനായി ശക്തിയേറിയ മരുന്നുകള്‍ നല്‍കും.

അതേസമയം, തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ പുതിയ ശരീരത്തിലെ ജീനുകളും അണ്ഡങ്ങളും അനുസരിച്ചാകും കുട്ടികള്‍ ഉണ്ടാകുക എന്നതാണ് തലമാറ്റല്‍ ശസ്ത്രക്രിയ നേരിടുന്ന പ്രധാന വെല്ലുവിളി. അതായത് തലമാറ്റിവച്ച ഈ ശരീരത്തില്‍ നിന്നും മക്കളുണ്ടായാല്‍ അവരുമായി ജനിതകപരമായി ഒരു ബന്ധവുമില്ല.

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ന്യൂറോളജിക്കല്‍ സര്‍ജന്‍സ് പ്രസിഡന്റ് ഡോ. ഹണ്ട് ബട്ട്ജറാണ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയ പ്രമുഖന്‍. മൃതശരീരങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തി വികൃതസത്വങ്ങളെ സൃഷ്ടിക്കുന്ന ഡോ.ഫ്രാങ്കസ്‌റ്റൈന്‍ എന്ന സാങ്കല്‍പിക കഥാപാത്രത്തോട് ഡോ. കനാവെരോയെ ഉപമിക്കുന്നവരും ഏറെയാണ്. ഡോ. കനാവെരോയുടെ ബുദ്ധിനില പരിശോധിക്കണമെന്നായിരുന്നു ന്യൂയോര്‍ക്ക് മെഡിക്കല്‍ എത്തിക്‌സ് ഡയറക്ടര്‍ ആര്‍തര്‍ കപ്ലാന്റെ പ്രതികരണം.

head-transplant

ചൈനയില്‍ 40 വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ കുരങ്ങുകളില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം മാറ്റിവച്ച തലയും ശരീരവും പരസ്പരം സ്വീകരിക്കാതെ വന്നതോടെ കുരങ്ങ് ചത്തുപോവുകയായിരുന്നു. എന്നാല്‍ അന്നത്തെ നിലയില്‍ നിന്നും വൈദ്യശാസ്ത്രം ഏറെ മുന്നോട്ടു പോയെന്നാണ് ശസ്ത്രക്രിയയെ അനുകൂലിക്കുന്നവരുടെ വാദം.