പരസ്യ വരുമാനം ഉപയോക്താക്കൾക്കു കൂടി പങ്കുവയ്ക്കുന്ന പുതിയ സോഷ്യൽ നെറ്റ്‌വർക്കായ സു.കോയ്ക്കെതിരെയുള്ള ഫെയ്‌സ്ബുക്ക് വിലക്ക് ആ സോഷ്യൽ നെറ്റ്‌വർക്കിനെ ജനകീയമാക്കുന്നു. കേവലം 45 ലക്ഷം അംഗങ്ങൾ മാത്രമുള്ള സു.കോയെ 120 കോടിയോളം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് ഭയപ്പെടുകയും സു.കോയ്ക്ക് ഏതെങ്കിലും തരത്തിൽ പ്രചാരം ലഭിക്കുന്ന ലിങ്കുകൾക്കെല്ലാം ഫെയ്‌സ്ബുക്ക് ആപ്പുകളിൽ വിലക്കേർപ്പെടുത്തുകയും ചെയ്തതാണ് ഫെയ്‌സ്ബുക്കിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
ഇന്റർനെറ്റ് തുല്യതാവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഫ്രീ ബേസിക്‌സ് പദ്ധതിയുടെ കീഴിൽ സൗജന്യ ഇന്റർനെറ്റ് നൽകുന്ന ഫെയ്‌സ്ബുക്ക് സു.കോയെപ്പറ്റി ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾ അറിയുന്നതും അന്വേഷിക്കുന്നതും സുവിലേക്ക് നയിക്കുന്ന ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്ക്, ഫെയ്‌സ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം തുടങ്ങി ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്പുകളിലൊന്നിലും സു.കോ ലിങ്കുകൾ പോസ്റ്റ് ചെയ്യാനോ ഷെയർ ചെയ്യാനോ മേസേജ് ചെയ്യാനോ സാധിക്കില്ല. ലിങ്ക് സ്പാം ആയതിനാൽ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് നൽകുന്ന സന്ദേശം. എന്നാൽ, വിപ്ലവകരമായ സവിശേഷതകളോടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പുതിയ സോഷ്യൽ നെറ്റ്‌വർക്കിനെ മുളയിലേ നുള്ളുക എന്ന ലക്ഷ്യമാണ് ഫെയ്‌സ്ബുക്കിന്റെ വിലക്കിനു പിന്നിൽ എന്നാരോപണമുയരുന്നു.
ഫോട്ടോ, വിഡിയോ ഉൾപ്പെടെ ഏതു തരത്തിലുള്ള ഉള്ളടക്കവും സുഹൃത്തുക്കളുമായും ഫോളോവേഴ്‌സുമായും പങ്കുവയ്ക്കാവുന്ന സു.കോയുടെ ലിങ്കുകൾ സ്പാം ആണെന്നാണ് ഫെയ്‌സ്ബുക്ക് ആരോപിക്കുന്നത്. എന്നാൽ, ലിങ്കുകൾ അല്ലാതെ സു.കോയുടെ വിലാസം മാത്രം ടൈപ്പ് ചെയ്യുന്നതു പോലും ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുന്നു എന്നത് സ്പാം വാദത്തെ തള്ളിക്കളയുന്നു. ഏതു തരത്തിലുള്ള സ്പാം ലിങ്കുകളും ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കാനും അതുവഴി തട്ടിപ്പുകൾ നടത്താനും ഇപ്പോഴും സാധിക്കുമെന്നിരിക്കെ സു.കോയെ സ്പാം എന്നു വിശേഷിപ്പിച്ച് അടിമുടി വിലക്കേർപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് സോഷ്യൽ മീഡിയയിൽ നിന്ന് തങ്ങളെ തുടച്ചുനീക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സു.കോ സ്ഥാപകൻ സെബാസ്റ്റ്യൻ സോബ്‌സാക് പറഞ്ഞു.
പരസ്യവരുമാനം വഴി തടിച്ചുവീർക്കുന്ന ഫെയ്‌സ്ബുക്ക് സു.കോയെ പേടിക്കാനും ഊരുവിലക്കേർപ്പെടുത്താനും കാരണം സു.കോയുടെ ബിസിനസ് മോഡൽ തന്നെയാണ്. സു.കോയിലെ ഓരോ അംഗത്തിന്റെയും പേജിൽ പ്രദർശിപ്പിക്കുന്ന പരസ്യത്തിന്റെ വരുമാനത്തിന്റെ പങ്ക് അതാത് അംഗങ്ങൾക്കു തന്നെ ലഭിക്കും. ഇതാണ് ഫെയ്‌സ്ബുക്കിനെ വിറളി പിടിപ്പിക്കുന്നത് കടുംകൈകൾക്കു പ്രേരിപ്പിക്കുന്നതും. നിലവിൽ മറ്റൊരാൾ ക്ഷണിച്ചാൽ മാത്രമേ നമുക്ക് സു.കോയിൽ അംഗത്വം ലഭിക്കൂ. അങ്ങനെ അംഗത്വം ലഭിച്ചതിനു ശേഷം നമ്മുടെ പേജിൽ പ്രദർശിപ്പിക്കപ്പെടുന്ന പരസ്യങ്ങളുടെ വരുമാനത്തിന്റെ 45% നമുക്ക് ലഭിക്കും. 45% നമ്മെ സുവിലേക്കു ക്ഷണിച്ചവർക്കും ബാക്കി 10% സു.കോയ്ക്കും അവകാശപ്പെട്ടതായിരിക്കും.
ഈ ബിസിനസ് മോഡൽ അപകടകരമാണെന്നാണ് ഫെയ്‌സ്ബുക്കിന്റെ നിലപാട്. ഉള്ളടക്കത്തിന്റെ സ്വഭാവം അനുസരിച്ചായിരിക്കില്ല അതിന്റെ പ്രചാരമെന്നും ആളുകൾ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് പരസ്യവരുമാനം ലക്ഷ്യമിട്ടു മാത്രമാവുമെന്നും ഇത് സോഷ്യൽ മീഡിയ എന്ന ആശയത്തിനു തന്നെ ദോഷകരമാവുമെന്നും ഫെയ്‌സ്ബുക്ക് ഭയപ്പെടുന്നു. മറ്റൊരു സോഷ്യൽ നെറ്റ്‌വർക്കും ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്നില്ല എന്നിരിക്കെ തങ്ങളുടെ ബിസിനിസ് മോഡൽ മൗലികവും ഉപയോക്താക്കൾക്കു വരുമാനം നൽകുന്നതുമാണെന്നിരിക്കെ ബാക്കി ജനം തീരുമാനിക്കട്ടെ എന്നതാണ് സുവിന്റെ നിലപാട്. കൂടുതൽ അറിയുന്നതിന് സു നേരിട്ടു സന്ദർശിക്കാം. Tsu.co