വലിയരു വിഭാഗം സോഷ്യൽമീഡിയ ഉപയോക്താക്കളുടെ ശക്തമായ പ്രതിഷേധവും ചില ന്യൂസ് ഏജൻസികളുടെ വാർത്തയും പ്രതിരോധിക്കാൻ ഫെയ്സ്ബുക്കിനു കഴിഞ്ഞില്ല. അവസാനം ടിഎസ്‌യു ഡോട്ട് കോ യ്ക്കെതിരായ നിരോധനം ഫെയ്സ്ബുക്കിനു നീക്കേണ്ടിവന്നു. കുറഞ്ഞ ഉപഭോക്താക്കളുള്ള സോഷ്യൽമീഡിയ സേവനമായ ടിഎസ്‌യു ഭാവിയിൽ ഭീഷണിയാകുമെന്ന് കണ്ടാണ് 1.5 ബില്യൺ പോസ്റ്റുകൾ ഫെയ്സ്ബുക്ക് നീക്കം ചെയ്തത്.
ഉപയോക്താക്കൾക്ക് വരുമാനം പങ്കുവയ്ക്കുന്ന ടിഎസ്‌യു വളരെ പെട്ടെന്നാണ് മുന്നേറ്റം നടത്തിയത്. എന്നാൽ വരുമാനം കൂട്ടാനായി ചിലർ ടിഎസ്‌യു ലിങ്കുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. ഇതാണ് നിരോധനത്തിന്റെ മുഖ്യകാരണം. എന്നാൽ ഫെയ്സ്ബുക്ക് വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയാണെന്ന് കാണിച്ച് സോഷ്യൽമീഡിയകളിൽ വലിയ ക്യാംപയിൻ തന്നെ തുടങ്ങിയിരുന്നു. അവസാനം ആഴ്ചകൾക്കു ശേഷം ഈ വിലക്ക് നീക്കാൻ ഫെയ്സ്ബുക്ക് തന്നെ തീരുമാനിക്കുകയായിരുന്നു.
ടി,എസ്, യു എന്നീ മൂന്ന് ഇംഗ്ലിഷ് അക്ഷരങ്ങളാണ് ഫെയ്സ്ബുക്ക് വിലക്കിയിരുന്നത്. ആ അക്ഷരങ്ങളുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ വരുന്ന സകല പോസ്റ്റുകളും വിഡിയോകളും ഫോട്ടോകളുമെല്ലാം തേടിപ്പിടിച്ച് ഡിലീറ്റ് ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 25 മുതലാണ് Tsu.co എന്ന ഈ വെബ്സൈറ്റിന്റെ ഫെയ്സ്ബുക്കിലുള്ള സകല ഇടപാടുകൾക്കും കമ്പനി കത്തിവച്ചു തുടങ്ങിയത്. അതിലേക്ക് നയിച്ചതാകട്ടെ എഫ്ബി ഉപയോഗിച്ച് ടിഎസ്‌യുവിലേക്ക് ആളെക്കൂട്ടാൻ തുടങ്ങിയതും. ഫെയ്സ്ബുക്കിൽ mention ചെയ്യുന്നതുവഴി ഒരു ദിവസം ശരാശരി 2534 പുതിയ യൂസർമാരെയാണ് ടിഎസ്‌യുവിന് ലഭിച്ചു കൊണ്ടിരുന്നത്. അതോടെ ടിഎസ്‌യു.കോയുമായി ബന്ധപ്പെട്ട സകല ലിങ്കുകളും ഫെയ്സ്ബുക്ക് നീക്കാൻ തുടങ്ങി.

കമ്പനിയുടെ കീഴിലുള്ള ഇൻസ്റ്റഗ്രാമിലും മെസഞ്ചറിലുമെല്ലാം ഇതുതന്നെയായിരുന്നു സ്ഥിതി. Tsu.co എന്ന് ഉൾപ്പെടുത്തി എന്തെങ്കിലും പോസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ ‘ഇത് അനുവദിക്കില്ല’ എന്ന മെസേജാണ് എല്ലാവർക്കും ലഭിച്ചിരുന്നത്. നിങ്ങൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ലിങ്ക് സുരക്ഷിതമല്ലെന്ന് ഞങ്ങളുടെ പരിശോധനയിൽ മനസിലായതുകൊണ്ടാണ് ഈ നടപടിയെന്നാണ് എഫ്ബി പറഞ്ഞിരുന്ന ന്യായം.
ആരെങ്കിലും ‘ക്ഷണി’ച്ചാൽ മാത്രം അംഗത്വമെടുക്കാവുന്ന രീതിയിലൊരുക്കിയ ടിഎസ്‌യു വെബ്സൈറ്റ് ആരംഭിച്ച് ഏതാനും മാസങ്ങൾക്കകം തന്നെ 45 ലക്ഷത്തിലേറെ യൂസർമാരെ ലഭിച്ചിരുന്നു. യൂസർമാരുടെ പോസ്റ്റുകൾ ‘വിറ്റ്’ പരസ്യക്കാരിൽ നിന്ന് കാശുണ്ടാക്കുന്ന ഫെയ്സ്ബുക്ക് തന്ത്രത്തിന് നേർവിപരീതമാണ് ടിഎസ്‌യുവിന്റെ പ്രവർത്തനം. എഫ്ബിയിൽ 100% പരസ്യവരുമാനവും കമ്പനിക്കാണ്. അടുത്തിടെ 11 ശതമാനത്തിന്റെ വർധനയാണ് പരസ്യവരുമാനത്തിൽ ഫെയ്സ്ബുക്കിനുണ്ടായത്. അതേസമയം ടിഎസ്‌യു വെബ്സൈറ്റിൽ ഓരോ യൂസറുടെയും പേജിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം യൂസർക്ക് തന്നെ ലഭിക്കും.

ഓരോ യൂസറുടെയും പേജിലെ പരസ്യത്തിൽ നിന്നുള്ള വരുമാനത്തിൽ 10% മാത്രമാണ് ടിഎസ്‌യുവിന് ലഭിക്കുക, 45% തുക യൂസർക്കുള്ളതാണ്. ബാക്കി 45% ആ യൂസറെ ടിഎസ്‌യുവിലേക്ക് എത്തിച്ച സുഹൃത്തിനുള്ളതും. ടിഎസ്‌യു വഴി ലഭിക്കുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകാനും ഓപ്ഷനുണ്ട്. ഇതോടെയാണ് സകലരെയും ടിഎസ്‌യുവിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റുകൾ എഫ്ബിയിൽ നിറയാൻ തുടങ്ങിത്. ഈ നീക്കം തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ഫെയ്സ്ബുക്ക് ‘ബ്ലോക്കിങ്ങു’മായി രംഗത്തെത്തിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.