Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതെല്ലാം അറിയണം, ഫെയ്സ്ബുക്ക് നിങ്ങളെ വിറ്റ് നേടിയത് 2379030 കോടി രൂപ!

whatsapp-fb

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഫെയ്സ്ബുക്ക് ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണിൽ നിങ്ങൾ പുതിയൊരു നമ്പർ സേവ് ചെയ്തെന്നു വയ്ക്കുക. ഏതാനും സമയം കഴിഞ്ഞ് ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്യുമ്പോൾ കാണാം നിങ്ങൾ സേവ് ചെയ്ത നമ്പറിന്റെ ഉടമയുടെ പ്രൊഫൈൽ കണ്മുന്നിൽ, അതും ഫ്രണ്ട് സജഷനായി! സാമാന്യബുദ്ധിയുള്ള ആർക്കും അതിൽ നിന്നുതന്നെ മനസിലാകും ഫെയ്സ്ബുക്കിനു നമ്മുടെ ഫോണിലും ഫോൺ നമ്പറിലുമുള്ള ‘പിടി’. ഇക്കാര്യം തങ്ങളുടെ ഡേറ്റ പോളിസിയിലും വ്യക്തമാക്കുന്നുണ്ട് കമ്പനി. കംപ്യൂട്ടറിലോ ഫോണിലോ മറ്റേതു ഡിവൈസിലാണെങ്കിലും അതിലെ വിവരങ്ങളെല്ലാം ‘ചോർത്താന്‍’ യൂസർ തന്നെ സ്വമേധ.ാ ഫെയ്സ്ബുക്കിന് അനുമതി നൽകുന്നുണ്ട്. അതാണ് പലപ്പോഴും വായിക്കാൻ പോലും െമനക്കെടാതെ നാം അനുവദിച്ചു കൊടുക്കുന്ന 'Privacy policy'. ഉപയോക്താവിന്റെ അനുവാദമില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിക്കരുതെന്നാണ് യുഎസിൽ ഉള്‍പ്പെടെ നിയമം അനുശാസിക്കുന്നത്. Privacy policy അംഗീകരിച്ചു കൊടുക്കുന്നതോടെ നമ്മുടെ ഡിവൈസിലെയും നാം ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നതുമായ വിവരങ്ങളെല്ലാം കമ്പനിക്ക് യഥേഷ്ടം ഉപയോഗിക്കാം. We collect information from or about the computers, phones, or other devices where you install or access our Services, depending on the permissions you'ev granted... എന്നാണ് ഡേറ്റ പോളിസിയിൽ എഫ്ബി വ്യക്തമാക്കുന്നത്. (ചിത്രം കാണുക)

fb-data-policy-1

ഉപയോക്താവിന്റെ സമ്മതത്തോടെ ഡേറ്റ ശേഖരിക്കുന്നതോടെ നിയമത്തിനും ഇക്കാര്യത്തിൽ ഇടപെടാനാകില്ല. ഈ ‘അനുവാദം’ അത്യാവശ്യമായതു കൊണ്ടാണ് ഇപ്പോൾ വാട്ട്സാപ്പും ഫോൺ നമ്പർ ഫെയ്സ്ബുക്കിന് മറിച്ചുകൊടുക്കുന്നതിന് ഉപയോക്താവിന്റെ സമ്മതം തേടുന്നത്. അനുവാദം നൽകിയില്ലെങ്കിലും ഫെയ്സ്ബുക്കിന് വേണ്ട ചില വിവരങ്ങള്‍ ഇനിയും തങ്ങൾ ‘മറിച്ചുകൊടുക്കുമെന്നും’ വാട്ട്സാപിന്റെ പുതിയ നയത്തിലുണ്ട് (ചിത്രം 2) അതിൽ പക്ഷേ ഫോൺനമ്പറുണ്ടാകില്ലെന്നു മാത്രം.

wapp-new-policy-2

വാട്ട്സാപ്പും ഫെയ്സ്ബുക്കും ഒരുമിച്ചാണു നിങ്ങളുടെ ഡിവൈസിലുള്ളതെങ്കിൽ ഡിവൈസിന്റെ വിവരങ്ങൾ അറിയുന്നതിന് ഫെയ്സ്ബുക്കിന് വാട്ട്സാപ്പ് നമ്പര്‍ പോലും ആവശ്യമില്ല. അതേസമയം ഫെയ്സ്ബുക്ക് ഉപയോഗിക്കാത്ത ഒട്ടേറെപ്പേർ വാട്ട്സാപ്പിന്റെ ആരാധകരാണ്. ഉപയോഗിക്കാൻ എളുപ്പമാണെന്നതും കൂടുതൽ ഫീച്ചറുകളും എല്ലാറ്റിനുമുപരിയായി പരസ്യമില്ലാത്തതും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുമാണ് അതിനു കാരണം. ഇത്തരത്തിൽ ‘രഹസ്യാത്മകത’ ആഗ്രഹിക്കുന്നവരെക്കൂടി തങ്ങളുടെ പരസ്യ‌നെറ്റ്‌വർക്കിലേക്ക് എത്തിക്കുകയാണ് എഫ്ബി ലക്ഷ്യം. അല്ലാത്തവർ വാട്ട്സാപ് ഉപയോഗിക്കേണ്ടെന്നു തന്നെയാണ് പുതിയ നയംമാറ്റത്തിലൂടെ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഇത്രമാത്രം വിലയുണ്ടോ ഒരു ഫോൺ നമ്പറിന്?

‘ഒരുപക്ഷേ മറ്റാരേക്കാളും നന്നായി നിങ്ങളെ അറിയാവുന്ന സുഹൃത്ത്’ ഫെയ്സ്ബുക്കിനെ ഇങ്ങനെ വിശേഷിപ്പിച്ചാൽ തെറ്റുപറയാനാകില്ല. കാരണം മറ്റുള്ളവരിൽ നിന്ന് നിങ്ങൾ ഒളിച്ചു ചെയ്യുന്ന കാര്യങ്ങളും മറ്റുള്ളവർ അറിയരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളും വരെ ഫെയ്സ്ബുക്കിന് അറിയാം. അതിന് എഫ്ബിയിൽ കയറണമെന്നില്ല, എഫ്ബിയുടെ ‘ലൈക്ക്’ ‘ഷെയർ’ ബട്ടൺ പോലുള്ള ഏതെങ്കിലും സൗകര്യം ഉപയോഗപ്പെടുത്തുന്ന വെബ്സൈറ്റുകളിൽ നിങ്ങൾ കയറിയാൽ ആ ‘ബട്ടണുകൾ’ വഴി തന്നെ നിങ്ങളുടെ ‘സേർച്ച്’ വിവരങ്ങൾ ചോർത്തപ്പെടും. ‘ഫെയ്സ്ബുക്ക് പിക്സൽ’ എന്നൊരു ടൂളും നൽകുന്നുണ്ട് പല വെബ്സൈറ്റുകൾക്കും. ആ ടൂളുള്ള വെബ്സൈറ്റിലേക്കു കയറുന്ന ഫെയ്സ്ബുക്ക് യൂസറുടെ ‘സേർച്ച്’ വിവരങ്ങളും മറ്റും ആക്റ്റിവിറ്റികളും ഒരേസമയം വെബ്സൈറ്റിനും എഫ്ബിക്കും ട്രാക്ക് ചെയ്യാം.പോൺസൈറ്റുകളിൽ ‘ലൈക്ക്’ ബട്ടണുണ്ടെങ്കിൽ ഡിജിറ്റൽ ലോകത്തെ നിങ്ങളുടെ ‘ഇരുണ്ട രഹസ്യങ്ങളും’ എഫ്ബി പിടിച്ചെടുക്കും. തീർന്നില്ല, Epsilon, Acxiom തുടങ്ങിയ കമ്പനികളുമായുണ്ട് എഫ്ബിക്ക് കൂട്ട്. ഗവണ്മെന്റ് റെക്കോർഡുകൾ, സർവേ ഡേറ്റ, സബ്സ്ക്രിപ്ഷൻ ലിസ്റ്റുകൾ തുടങ്ങിയവയിൽ നിന്ന് ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നവരാണ് ഈ കമ്പനികൾ. ഇവിടെയും ലക്ഷ്യം ഫെയ്സ്ബുക്ക് ഉപയോക്താക്കളെ കൂടുതൽ ‘അടുത്തറിയുക’ എന്നതുതന്നെ. ഈ വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയൊന്നുമില്ല. മറിച്ച് ആ വിവരങ്ങൾ ഓരോ കമ്പനികൾക്കായി മറിച്ചു കൊടുക്കും. അവർ നിങ്ങൾക്ക് ഇമെയിലായും എസ്എംഎസായുമെല്ലാം പരസ്യലിങ്കുകൾ അയച്ചുതരും. ഇക്കാര്യം വേണമെങ്കിൽ പരീക്ഷിച്ചും നോക്കാം: പുതിയൊരു ഫോൺ വാങ്ങുക, പുതിയൊരു നെറ്റ്‌വർക് കണക്‌ഷനുമെടുക്കുക. നമ്പർ മറ്റാർക്കും കൊടുക്കരുത്. ഫെയ്സ്ബുക്ക് മാത്രം ഇൻസ്റ്റാൾ ചെയ്യുക. അത്യാവശ്യം പോസ്റ്റിങ്ങും ചാറ്റിങ്ങുമൊക്കെ നടത്തുക. തൊട്ടുപിറകെയെത്തും നിങ്ങൾക്കും സർവീസ് പ്രൊവൈഡർമാർക്കും മാത്രം അറിയാവുന്ന പുതിയ ഫോൺ നമ്പറിലേക്ക് പരസ്യപ്പെരുമഴ-എസ്എംഎസായിത്തന്നെ! ചിലതിൽ നിങ്ങളുടെ നമ്പറിലൂടെയായിരിക്കും അഭിസംബോധന - Hi 82818958... എന്ന മട്ടിൽ!

ട്രൂകോളർ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താലും ഇതു തന്നെ സ്ഥിതി. ട്രൂകോളർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഒരൊറ്റ മൊബൈൽ നമ്പറിൽ നിന്ന് അവർ ശേഖരിക്കുന്ന വിവരങ്ങൾ കണ്ടാൽത്തന്നെ ഞെട്ടും- ലൊക്കേഷൻ, ഐപി അഡ്രസ്, ഡിവൈസ് ഐഡി, ഡിവൈസ് നിർമാതാവ്, ഡിവൈസ് ടൈപ്പ്, ഹാർഡ്‌വെയർ സെറ്റിങ്സ്, ഐഡി ഫോർ അഡ്വർടൈസിങ്, ഒഎസ്, ഓപറേറ്റർ, സ്ക്രീൻ റെസലൂഷൻ, യൂസേജ് സ്റ്റാറ്റിസ്റ്റിക്സ്, ഡിവൈസ് ലോഗ്, ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ, മെസേജുകൾ, ഫോൺ വിളിച്ചതിന്റെ സമയം, ദൈർഘ്യം...ഇങ്ങനെ നീണ്ടു പോകുന്നു അത്. അതായത് ട്രൂകോളർ ഇൻസ്റ്റാൾ ചെയ്യുന്ന ഒരാളുടെ ഫോണിൽ നടക്കുന്ന സകലകാര്യങ്ങളും വിദൂരത്തിരുന്ന് ആരൊക്കെയോ നിരീക്ഷിക്കുന്നുണ്ടെന്നർഥം! അപ്പോൾപ്പിന്നെ ദിവസത്തിന്റെ മുക്കാൽ ഭാഗവും നാം ചെലവഴിക്കുന്ന ഫെയ്സ്ബുക്കിന് നമ്മുടെ എന്തെല്ലാം വിവരങ്ങൾ ശേഖരിച്ചെടുക്കാനാകുമെന്നത് ഊഹിക്കാവുന്നതല്ലേയുള്ളൂ...!

കള്ളുകുടിയനാണോ അതോ കുടുംബസ്നേഹിയാണോ നിങ്ങൾ?

അടുത്തിടെ പുതുക്കിയ Ad preference settings വന്നപ്പോഴായിരുന്നു യൂസർമാരുടെ ഏതെല്ലാം വിവരങ്ങളാണ് ഫെയ്സ്ബുക്ക് ഉപയോഗപ്പെടുത്തുന്നതെന്ന കാര്യം വ്യക്തമായത്. യൂസർമാർക്ക് ആവശ്യമുള്ള(?) പരസ്യങ്ങൾ എത്തിക്കുന്നതിനായി പ്രധാനമായും പഴ്സനൽ വിവരങ്ങളിൽ നിന്ന് 98 കാര്യങ്ങളാണ് ഫെയ്സ്ബുക്ക് ശേഖരിക്കുന്നത്. അവയിലെ ചില ‘ഡേറ്റ പോയിന്റുകൾ’ നോക്കാം: ഫെയ്സ്ബുക്ക് യൂസറുടെ ലൊക്കേഷൻ, വയസ്സ്, ജനറേഷൻ, ലിംഗം, ഭാഷ, വിദ്യാഭ്യാസനിലവാരം, പഠിക്കുന്നതെന്താണ്, വിദ്യാലയം, വരുമാനം, സ്വന്തം വീടുണ്ടോ, എന്തുതരം വീടാണ്, വീടിന്റെ വില, സ്ഥലത്തിന്റെ മൂല്യം, വീടുണ്ടാക്കിയ വർഷം, പ്രവാസിയാണോ, അടുത്തിടെയാണോ കല്യാണം കഴിച്ചത്, അടുത്തിടെ വിവാഹിതരായ ഏതെങ്കിലും സുഹൃത്തുണ്ടോ, അടുത്ത 30 ദിവസത്തിനകം ഏതെങ്കിലും തരത്തിലുള്ള വാർഷികാഘോഷം നടത്തുന്നവരാണോ, അതു നടത്തുന്ന കൂട്ടുകാരുണ്ടോ, ജന്മദിനം, റിലേഷൻഷിപ് സ്റ്റാറ്റസ്, ജോലി, മാതാപിതാക്കൾ, കുഞ്ഞിനായി കാത്തിരിക്കുന്നവരാണോ, രാഷ്ട്രീയനിലപാട്, ആരുടെ കീഴിലാണു ജോലി-ഏത് മേഖലയിൽ, എന്താണ് തസ്തിക, ഓഫിസ് എവിടെ, ഹോബി, ബൈക്കുണ്ടോ, കാർ വാങ്ങാൻ പദ്ധതിയുണ്ടോ, ഓട്ടോപാർട്സ് ആവശ്യമുള്ളവരാണോ, കാറിന്റെ ബ്രാൻഡ്/സ്റ്റൈൽ, കാർ വാങ്ങിയ വർഷം, അടുത്ത കാറിന് എത്ര പണം വരെ മുടക്കും, സ്വന്തം കമ്പനിയിൽ എത്ര സ്റ്റാഫുണ്ട്, ചെറുകിട ബിസിനസ് എന്തെങ്കിലുമുണ്ടോ, മാനേജ്മെന്റ് എക്സിക്യൂട്ടീവാണോ, ചാരിറ്റിയിൽ താത്പര്യമുണ്ടോ, ഫോണിന്റെ ഓപറേറ്റിങ് സിസ്റ്റം, കളിക്കുന്ന ഗെയിം, ഫെയ്സ്ബുക്ക് ഇവന്റ് തയാറാക്കിയ യൂസര്‍മാർ, എഫ്ബി പേയ്മെന്റ് നടത്തുന്നവർ, ശരാശരിയിലും കൂടുതൽ എഫ്ബി പേയ്മെന്റിൽ ചെലവാക്കുന്നവര്‍, സ്വന്തമായി എഫിബി പേജുള്ളവർ, ഇന്റർനെറ്റ് ബ്രൗസർ, ഇമെയിൽ സർവീസ്, ടെക്നോളജിയിൽ താത്പര്യമുണ്ടോ, ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ, നിക്ഷേപകരാണോ, ക്രെഡിറ്റ് കാർഡ് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ, ഏതു തരം ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡുണ്ടോ. റേഡിയോ കേൾക്കുന്നവർ, ഇഷ്ടപ്പെട്ട ടിവി ഷോകൾ, ഉപയോഗിക്കുന്ന മൊബൈല്‍, ഇന്റർനെറ്റ് കണക്‌ഷൻ, സ്മാർട്ഫോണോ ടാബ്‌ലറ്റോ സ്വന്തമായുള്ളവർ, ഏതുതരം തുണിത്തരങ്ങളാണ് ഇഷ്ടം, ഡിസ്കൗണ്ട് ഇഷ്ടപ്പെടുന്നവരാണോ, അലർജിക്ക് മരുന്നു കഴിക്കുന്നുണ്ടോ, മറ്റ് മരുന്നുകള്‍, വളർത്തുമൃഗങ്ങൾക്കായി പണം ചെലവഴിക്കുന്നവർ, കുട്ടികൾക്കായി പണം ചെലവഴിക്കുന്നവർ, ഓൺലൈൻ ഷോപിങ് താത്പര്യം, പ്രിയപ്പെട്ട റസ്റ്ററന്റുകൾ, കയറുന്ന കടകൾ, വിവിധ കമ്പനികളുടെ ഇന്‍ഷൂറൻസ് പോലുള്ള ഓഫറുകളിൽ താത്പര്യം പ്രകടിപ്പിക്കുന്നയാളാണോ, വീട്ടിൽ എത്ര സമയമുണ്ടാകും. വൈകാതെ വിദേശത്തേക്കു പോകുന്നവർ, സ്പോർട്സിൽ (ഒളിംപിക്സിലും) താൽപര്യമുള്ളവർ, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ, എന്തുതരം യാത്രയാണ്, വെക്കേഷന് എങ്ങനെ സമയം ചെലവഴിക്കുന്നു, അടുത്തിടെ ഉപയോഗിച്ച ട്രാവൽ ആപ് തുടങ്ങി വീട്ടിലേക്ക് വാങ്ങുന്ന പലചരക്കു സാധനങ്ങൾ, സൗന്ദര്യവർധകവസ്തുക്കള്‍ എന്നിവയെക്കുറിച്ചും മദ്യം ‘വൻതോതിൽ’ വാങ്ങുന്നയാളാണോ. എന്നതിനെക്കുറിച്ചും ഉൾപ്പെടെ ഫെയ്സ്ബുക്ക് അന്വേഷിക്കുന്നുണ്ട്. ഓരോ വിവരത്തിലും വ്യക്തമാണ് അതുവഴി ഏതെല്ലാം കമ്പനികളെയാണ് ഫെയ്സ്ബുക്ക് പരസ്യത്തിനു വേണ്ടി ലക്ഷ്യമിടുന്നതെന്ന്. ഈ വിവരശേഖരണത്തിന് ഫെയ്സ്ബുക്കിലെ ആക്ടിവിറ്റികളിലൂടെ മാത്രം ‘മോണിറ്ററിങ്’ സാധ്യമല്ല. ഫോണിലെ വിവരങ്ങൾ ചോർത്താൻ ആദ്യം നമ്പർ അറിയേണ്ടത് അത്യാവശ്യമാണ്. അത് കിട്ടിക്കഴിഞ്ഞാൽ പിന്നെ മേൽപ്പറഞ്ഞ വിവരങ്ങൾ കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല താനും.

വിൽപനയ്ക്കു റെഡി, നിങ്ങളാണ് ഉൽപന്നം; വില 35500 കോടി ഡോളർ!

ഇങ്ങനെ നിങ്ങളുടെ എഫ്ബി പോസ്റ്റുകളും പ്രൊഫൈലും ലൊക്കേഷനും ഇന്റർനെറ്റ് സേർച്ചും ഓൺലൈൻ ഷോപ്പിങ്ങും മറ്റെല്ലാം വിശകലം ചെയ്ത് ഓരോ യൂസറുടെയും ഒരു ‘ബയോഡേറ്റ’ തന്നെ കമ്പനി സെർവറിലാക്കിയിട്ടുണ്ടാകും. (പണ്ട് യാഹൂവിലായിരിക്കെ തങ്ങൾ ഈ ജോലിയാണ് ചെയ്തിരുന്നതെന്ന് വാട്ട്സാപ് സ്ഥാപകരായ ജാൻ കൂമും ബ്രയാനും പറഞ്ഞത് ഇവിടെ ചുമ്മാതൊന്ന് ഓർക്കാം). ഇങ്ങനെ നിങ്ങളൊരു ബാച്ച്‌ലറാണോ കൈയ്യിൽ എത്രത്തോളം കാശുണ്ട്, പ്രവാസിയാണോ, കാർ വാങ്ങാൻ ആഗ്രഹിക്കുന്നയാളാണോ പുസ്തകപ്രേമിയാണോ തുടങ്ങി സകല കാര്യങ്ങളും ആ ‘ബയോഡേറ്റ’യിലുണ്ടാകും. ലക്ഷങ്ങൾ വിലവരും ആ ഡേറ്റയ്ക്കെന്നതാണു സത്യം. കാരണം വർഷങ്ങളോളം ഉപയോഗപ്പെടുത്താം അത്, ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്താൽ മാത്രം മതി. ഉപയോക്താക്കളുടെ ഈ ‘ബയോഡേറ്റ’ വിവിധ കമ്പനികൾക്ക് വിൽക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുക. നിങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിൽ 90 ശതമാനം വരെ കൃത്യമായതായിരിക്കും ആ ഡേറ്റ. ആ വിവരശേഖരണത്തിനു സഹായിച്ചവയുടെ കൂട്ടത്തിൽ പ്രധാന പങ്ക് ഫോൺ നമ്പറിനു തന്നെയാണ്.

വിവിധ കമ്പനികൾക്ക് ഡേറ്റ കൈമാറ്റത്തിലൂടെ ഫെയ്സ്ബുക്ക് കഴിഞ്ഞ വർഷമുണ്ടാക്കിയത് 35,500 കോടി ഡോളറിന്റ (ഏകദേശം 2379030 കോടി രൂപ) വരുമാനമാണെന്നറിയുമ്പോഴാണ് ഒരു ഫോൺനമ്പറിന്റെ യഥാർഥ വില മനസിലാകുക. ഫോൺ നമ്പറിനോടുള്ള എഫ്ബിയുടെ ഈ കൊതി മനസിലാക്കാൻ മറ്റൊരു കാര്യം കൂടി അറിയുക. അത്രയൊന്നും എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാനാകില്ല നമുക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട്. ഡിലീറ്റ് ഓപ്ഷൻ ‘ലോഡ്’ ചെയ്തുവരാൻ തന്നെ ‘അസാധാരണ’ സമയമെടുക്കും. കൂടാതെ ഡിലീറ്റ് ചെയ്താലും ഏതാനും ദിവസം അക്കൗണ്ടങ്ങനെ കിടക്കും. അതെത്ര ദിവസമെന്നൊന്നും കമ്പനി പറയുന്നില്ല. അതിനിടെ റീ-ലോഗിൻ ചെയ്താൽ അക്കൗണ്ട് പിന്നെയും ആക്ടിവേറ്റാകും. ഡിലീറ്റായാലും നിങ്ങളുടെ സകല ഡേറ്റയും 90 ദിവസം വരെ ഫെയ്സ്ബുക്ക് സൂക്ഷിച്ചു വയ്ക്കും. പക്ഷേ ചില വിവരങ്ങൾ എഫ്ബിയുടെ ഡേറ്റബേസിൽ നിന്ന് ഒരിക്കലും പോകില്ല, ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത് നിങ്ങളുടെ ‘ലോഗ് റെക്കോർഡ്’ ആണ്. കംപ്യൂട്ടറിലെ അല്ലെങ്കിൽ എഫ്ബി ഇൻസ്റ്റാൾ ചെയ്ത ഡിവൈസിലെ നിങ്ങളുടെ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു വയ്ക്കുന്നതാണിത്. (ചിത്രം കാണുക) വ്യക്തമായെഴുതിയിട്ടുണ്ട് അക്കൗണ്ട് ഡിലീറ്റായാലും 'Copies of some material(ex: log records) may remain in our database but are disassociated from personal identifiers എന്ന്.

fb-delete-data-policy

നിങ്ങള്‍ പോലും അറിയാതെയാണീ വിൽപന!

ഇത്രയും നാളില്ലാത്ത ഈ പരസ്യക്കച്ചവടത്തിലേക്കാണ് ഇപ്പോൾ വാട്ട്സാപ്പിനെയും ഫെയ്സ്ബുക്ക് വലിച്ചിഴച്ചിരിക്കുന്നത്. നിങ്ങളുടെ വാട്ട്സാപ് നമ്പർ എവിടെയും പോസ്റ്റ് ചെയ്യില്ല, ആർക്കും നൽകുകയുമില്ല. ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്യില്ല തുടങ്ങിയ കാര്യങ്ങളെല്ലാം പുതിയ സ്വകാര്യതാനയത്തിൽ പറയുന്നുണ്ട്. പക്ഷേ ഫെയ്സ്ബുക്കുമായി പ്രവർത്തനം ശക്തമാക്കിയ സാഹചര്യത്തിൽ ചില അടിസ്ഥാനകാര്യങ്ങൾ ശേഖരിക്കുമെന്നും നയം വ്യക്തമാക്കുന്നു. എഫ്ബിയുമായി നമ്പർ കണക്ട് ചെയ്താൽ കൂടുതൽ ഫ്രണ്ട് സജഷനുകൾ നൽകാനും അതുപകരിക്കും. നിങ്ങൾക്കു യോജിച്ച പരസ്യങ്ങളും നല്‍കാനാകും. (എഫ്ബി അക്കൗണ്ട് ഉണ്ടെങ്കിൽ) അതായത് നിങ്ങൾക്ക് ആവശ്യമുള്ള കമ്പനിയുടെ ഉൽപന്ന പരസ്യങ്ങൾ കണ്മുന്നില്‍ വരും. ഇതൊക്കെ നല്ലതല്ലേ എന്ന ചോദ്യവും സ്വാഭാവികം. ശരിതന്നെ. പക്ഷേ നിങ്ങളെ വിൽപനച്ചരക്കാക്കി തയാറാക്കിയ ഡേറ്റ എത്രത്തോളം സുരക്ഷിതമാണ്? ഒരു നല്ല ഹാക്കർ വിചാരിച്ചാൽ തട്ടിയെടുക്കാവുന്നതല്ലേയുള്ളൂ അതെല്ലാം? ആ വിവരങ്ങൾ മൂന്നാമതൊരാളുടെ കൈയ്യിലെത്തിയാൽ അവരതിനെ എങ്ങനെയാകും ഉപയോഗപ്പെടുത്തുക? അത്തരം ഹാക്കിങ് സംഭവങ്ങളും ഏറുകയാണെന്നോർക്കുക. മാത്രവുമല്ല നമ്മുടെ പഴ്സനൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത് ആരായാലും നാം സംശയദൃഷ്ടിയോടെയാണു കാണുക. ചോദ്യങ്ങൾ ഏറുമ്പോൾ പലപ്പോഴും പറയാറുമുണ്ട്- ‘മതിമതി, ഇത്രയൊക്കെ അറിഞ്ഞാൽ മതി’യെന്ന്. ഇങ്ങനെ സ്വന്തം കാര്യങ്ങൾ പരസ്യപ്പെടുത്താൻ അധികമാരും തയാറാകില്ലെന്നും ഫെയ്സ്ബുക്കിനറിയാം. അതുകൊണ്ടാണ് നമ്മൾ പോലുമറിയാതെയുള്ള ഈ ‘ഫോൺ നമ്പർ’ വഴിയുള്ള ഡേറ്റ ചോർത്തൽ. അതൊരുതരത്തിൽപ്പറഞ്ഞാൽ ചതിയല്ലേ?

ഇത്തരം പേടി കൊണ്ടും ഓരോ യൂസറെയും വിറ്റുതിന്നുന്ന ‘ഫെയ്സ്ബുക്കിയൻ’ രീതി അറിയാവുന്നതു കൊണ്ടുമാണ് പലരും വാട്ട്സാപിനെ മാത്രം സ്വീകരിക്കുന്നതും എഫ്ബിയെ തങ്ങളുടെ ഡിവൈസിൽ നിന്ന് മാറ്റി നിർത്തുന്നതും. അത്തരക്കാരെയും പിടികൂടുകയാണ് പുതിയ നയംമാറ്റത്തിലൂടെ സക്കർബർഗിന്റെ ലക്ഷ്യം. അതിനിടെ വിയോജനശബ്ദവുമായി ഒട്ടേറെപ്പേരെത്തിയിട്ടുണ്ട്. ഈ പരമ്പരയുടെ കമന്റുകളായിത്തന്നെ മിക്ക വായനക്കാരും നിർദേശിച്ചത്, ബദൽ മെസേജിങ് സർവീസുകൾ ഏറെയുണ്ടെന്ന കാര്യമാണ്. അതായത് വാട്ട്സാപ്പിനെ അങ്ങൊഴിവാക്കിയേക്കാമെന്ന നിർദേശം. ഒരുപക്ഷേ അതുതന്നെയാകണം ഫെയ്സ്ബുക്കിന്റെയും ലക്ഷ്യം. തനിനാടൻ ഭാഷയിൽ പറഞ്ഞാൽ ‘തനിക്കാക്കി വെടക്കാക്കുന്ന’ രീതി. കോടികൾ മുടക്കി വാട്ട്സാപ്പിനെ ഫെയ്സ്ബുക്ക് സ്വന്തമാക്കിയത് അതിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനായിരുന്നോ? കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ അതുതന്നെയാണു സംഭവിക്കുക. അങ്ങിനെ പറയാൻ വ്യക്തമായ കാരണങ്ങളും തെളിവുകളുമുണ്ട്...

(അതേക്കുറിച്ച് നാളെ)  

related stories