Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദർ പിച്ചെയോട് ഗൂഗിളിൽ ജോലി ചോദിച്ച ആ ഏഴു വയസ്സുകാരിക്ക് ജോലി കിട്ടി!

Pichai-Chloe-Bridgewater

ഓർക്കുന്നുണ്ടോ? മാസങ്ങൾക്ക് ഒരു ഏഴു വയസ്സുകാരി ജോലി അന്വേഷിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ്ക്ക് കത്ത് എഴുതിയത്. അതെ ആ പെൺകുട്ടിക്ക് ഇപ്പോൾ ജോലി ലഭിച്ചിരിക്കുന്നു, അതും പേരുകേട്ട ടെക് കമ്പനിയിൽ തന്നെ. കുട്ടികൾക്ക് വേണ്ടിയുള്ള ഡിവൈസുകളും ടെക് പഠന സഹായികളും നിർമിക്കുന്ന കാനോ (Kano) എന്ന കമ്പനിയിലാണ് ബ്രിട്ടീഷ് സ്വദേശിയായ ക്ലോ ബ്രിഡ്ജ്‌വേയ്ക്കും സഹോദരി ഹോലിയ്ക്കും (അഞ്ചു വയസ്സ്) ജോലി ലഭിച്ചിരിക്കുന്നത്.

കാനോ പുറത്തിറക്കുന്ന ഓരോ ഉൽപന്നവും പരിശോധിച്ച് റിപ്പോർട്ട് നൽകുകയാണ് കുഞ്ഞു സഹോദരിമാർക്കുള്ള ജോലി. വിപണിയിൽ ഇറക്കുന്നതിനു മുൻപ് എല്ലാ പ്രോഡക്ടുകളും ക്ലോ ബ്രിഡ്ജ്‌വേയും സഹോദരിയും പരിശോധിച്ച് വിലയിരുത്തുമെന്ന് കാനോ വക്താവ് അറിയിച്ചു. എന്തായാലും കുഞ്ഞിലെ രസകരമായ ഒരു ജോലി കിട്ടിയ സന്തോഷത്തിലാണ് ക്ലോ ബ്രിഡ്ജ്‌വേയും സഹോദരിയും.

സുന്ദർ പിച്ചെയ്ക്ക് കത്തെയുഴുതിയ ക്ലോ ബ്രിഡ്ജ്‌വേ

ലോകത്തെ ഓരോ ടെക്കിയുടെയും അല്ലെങ്കില്‍ യുവതി യുവാക്കളുടെയും സ്വപ്നമാണ് സെർച്ച് എന്‍ജിൻ ഭീമൻ ഗൂഗിളിൽ ഒരു ജോലി. ഇതേ ആഗ്രഹം പ്രകടിപ്പിച്ച്, ഗൂഗിളിൽ ജോലി വേണമെന്ന് ആവശ്യപ്പെട്ട് ഏഴു വയസ്സുകാരി ക്ലോ ബ്രിഡ്ജ്‌വേയും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്ക് കത്തയക്കുകയായിരുന്നു.

മറുപടി ലഭിക്കുമെന്ന് കരുതിയല്ല ഇത്തരമൊരു കത്ത് അയച്ചത്. എന്നാൽ ഈ കത്തിന് സുന്ദർ പിച്ചൈ മറുപടി നല്‍കിയത് വലിയ വാർത്തയായി. കഠിനമായി പ്രയത്‌നിക്കുക, തന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുക, പഠനം കഴിഞ്ഞാല്‍ ജോലിക്ക് അപേക്ഷിക്കുക എന്നാണ് സുന്ദർ പിച്ചെ യുകെ സ്വദേശിയായ ക്ലോ ബ്രിഡ്ജ്‌വേയ്ക്ക് അന്നു മറുപടി നൽകിയത്.

ഗൂഗിള്‍ ബോസിന് എന്ന് അഭിസംബോധന ചെയ്ത് സ്വന്തം കൈപ്പടയിലാണ് ഈ കൊച്ചു വിദ്യാർഥി കത്തെഴുതിയത്. ഈ കത്ത് സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരുന്നു. കത്തിന്റെ തുടക്കം ഇങ്ങനെ: ഡിയർ ഗൂഗിൾ ബോസ്, എനിക്ക് ഗൂഗിളിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്​. അതോടൊപ്പം തന്നെ ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി ചെയ്യാനും ഒളിംപിക്സിൽ നീന്താനും എനിക്ക് താൽപര്യമുണ്ട്. 

ജോലി ചെയ്യാന്‍ ഏറ്റവും പറ്റിയ സ്ഥലമേതാണെന്ന മകളുടെ ചോദ്യത്തിന് ഗൂഗിള്‍ നന്നായിരിക്കുമെന്ന് പിതാവ് ആന്‍ഡി പറയുകയുണ്ടായി. അവിടെയാണെങ്കില്‍ ക്ലോയ്ക്ക് ബീന്‍ ബാഗില്‍ ഇരിക്കാം, സ്ലൈഡില്‍ കളിക്കാം, ഇഷ്ടം പോലെ കാര്‍ട്ട് ഓടിച്ചു നടക്കാം എന്നെല്ലാം ആന്‍ഡി ധരിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ക്ലോയുടെ കത്തെഴുത്ത്. തനിക്ക് കംപ്യൂട്ടറുകളും റോബോട്ടുകളും ഇഷ്ടമാണെന്നും ഇപ്പോള്‍ ഒരു ടാബ്ലറ്റില്‍ കളിക്കാറുണ്ടെന്നും 'പ്രിയപ്പെട്ട ഗൂഗിള്‍ ബോസ്' എന്ന് തുടങ്ങുന്ന കത്തില്‍ ക്ലോ എഴുതി. 

താന്‍ ക്ലാസിലെ നല്ല കുട്ടിയാണെന്നും സ്‌പെല്ലിങ്ങ്, വായന, കണക്ക് എന്നിവയിലെല്ലാം മികച്ചതാണെന്നുമുള്ള അധ്യാപികയുടെ സാക്ഷ്യപ്പെടുത്തലും കുഞ്ഞു ക്ലോ തന്റെ ജോലി അപേക്ഷയില്‍ നിരത്തുന്നുണ്ട്. ഇത് തന്റെ ആദ്യ ജോലിക്കുള്ള അപേക്ഷയാണെന്നും ഇതിനു മുന്‍പ് ക്രിസ്മസ് പാപ്പയ്ക്ക് മാത്രമാണ് കത്തയച്ചിട്ടുള്ളതെന്നും ക്ലോ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യണമെന്നും ഒളിംപിക്‌സിന്റെ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കണമെന്നുമുള്ള ആഗ്രഹങ്ങളും ക്ലോ കത്തില്‍ പങ്കുവച്ചിരുന്നു. കത്തിന് നന്ദി പറഞ്ഞു കൊണ്ടും ക്ലോയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുമാണ് സുന്ദര്‍ പിച്ചെ മറുപടി കത്തയച്ചത്. കഠിനമായി പ്രയത്‌നിക്കുകയും സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്താല്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നതും, ഒളിംപിക്‌സിന് നീന്തുന്നതും അടക്കമുള്ള ക്ലോയുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കുമെന്നും പിച്ചെ മറുപടി കത്തില്‍ പറഞ്ഞു.