ജൂണില്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ വച്ചാണ് ആപ്പിള്‍, ഐഒഎസ് 11 ന്റെ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ഇതിന്റെ ബീറ്റ പതിപ്പ് ഡെവലപ്പര്‍മാര്‍ക്കായി പുറത്തിറക്കുകയും ചെയ്തു. യൂസര്‍മാരുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കുന്ന നിരവധി പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 11 ന്റെ വരവ്. നോട്ട്സ്, ക്യാമറ, മ്യൂസിക്, ആപ്പ്സ്റ്റോര്‍, ഫോട്ടോസ്, കലണ്ടര്‍ തുടങ്ങി നിരവധി ആപ്പുകളില്‍ ഐഒഎസ് 11 പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓഗ‌്മെന്റഡ് റിയാലിറ്റിയ്ക്കൊപ്പം ഐപാഡിനെ ഒരു ലാപ്ടോപ്പിന് പകരക്കാരനാക്കി മാറ്റുന്ന ഫങ്ഷനുകളുമാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ചിലത്. സെപ്റ്റംബര്‍ 17 ന് ഐഫോണ്‍ ലോഞ്ചിനൊപ്പമാണ് ആപ്പിള്‍ ഐഒഎസ് 11 പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചത്. ഐഒഎസ് 11 ലെ മികച്ച കുറച്ച് ഫീച്ചറുകള്‍ പരിചയപ്പെടാം.
1. എയര്‍പ്ലേ 2
എയര്‍പ്ലേയുടെ ഏറ്റവും പുതിയ പതിപ്പ് എയര്‍പ്ലേ 2 മായാണ് ഐഒഎസ് 11 എത്തുന്നത്. ഇത് വീട്ടിലെ ഓഡിയോ സിസ്റ്റങ്ങളും സ്പീക്കറും നിയന്ത്രിക്കാന്‍ യൂസറെ സഹായിക്കുന്നു. എല്ലാ സ്പീക്കറുകളിലും സംഗീതം ഉടനടി പ്ലേ ചെയ്യുന്നതിനും ഒരേ സമയം ഇവയെ തമ്മില്‍ സിങ്ക് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. ഇത് നിങ്ങളുടെ അതിഥികളെ തീര്‍ച്ചയായും ഇംപ്രസ് ചെയ്യിക്കും.
2. എയര്‍പോഡ്സ് കണ്‍ട്രോള്‍ കസ്റ്റമൈസേഷന്‍
വയര്‍ലെസ് എയര്‍പോഡ്സ് ഈയര്‍ ഫോണുകളുടെ നിയന്ത്രണം കസ്റ്റമൈസ് ചെയ്യാന്‍ ഐഒഎസ് 11 ല്‍ സാധിക്കും. സെറ്റിംഗ്സ് > ബ്ലൂടൂത്ത്> എയര്‍പോഡ്സ് ല്‍ വലത് അല്ലെങ്കില്‍ ഇടതില്‍ ടാപ്പ് ചെയ്ത് എയര്‍പോഡില്‍ രണ്ട് തവണ ടാപ് ചെയ്താല്‍ ഇത് സെറ്റ് ചെയ്യാം. ഇവിടെ വലത് അല്ലെങ്കില്‍ ഇടത് എയര്‍പോഡില്‍ രണ്ട് തവണ ടാപ് ചെയ്താല്‍, സിരി ആക്ടിവേറ്റു ചെയ്യുക, പ്ലേ/പോസ്, അടുത്ത ട്രാക്ക്, മുന്‍ ട്രാക്ക് അല്ലെങ്കില്‍ ഓഫ് ചെയ്യുക തുടങ്ങിയ രീതിയില്‍ കാര്യങ്ങള്‍ സെറ്റ് ചെയ്ത് വയ്ക്കാം.
3. എആര്‍ കിറ്റ്
എആര്‍കിറ്റ് എന്ന പേരില്‍ പുതിയ ഓഗ്‌മെന്റഡ് റിയാലിറ്റി ഫ്രെയിംവര്‍ക്കാണ് ഐഒഎസ് 11 കൊണ്ടുവരുന്നത്. ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ ആപ്പുകളില്‍ വേഗതയേറിയതും വിസ്മയകരവുമായ എആര്‍ അനുഭവം നിര്‍മിക്കാന്‍ ഇത് സഹായിക്കുന്നു. നമ്മള്‍ പോക്മാന്‍ ഗോയില്‍ കണ്ടത് പോലെ ഡിജിറ്റല്‍ വസ്തുക്കളെ യഥാർഥ പരിസരവുമായി സമന്വയിപ്പിക്കുകയാണ് എആര്‍കിറ്റ് ചെയ്യുന്നത്.
4. ഓട്ടോമാറ്റിക് സെറ്റപ്പ്
നിങ്ങള്‍ ഒരു പുതിയ ഐഫോണോ, ഐപാഡോ വാങ്ങിയെന്നിരിക്കട്ടെ. അത് നിങ്ങളുടെ പഴയ അല്ലെങ്കില്‍ മറ്റൊരു ഡിവൈസിന് ഐഒഎസ് സമീപം വച്ചാല്‍ വേഗത്തില്‍ അത് സെറ്റപ്പ് ചെയ്യാം. പെഴ്സണല്‍ സെറ്റിംഗ്സ്, മുന്‍ഗണനകള്‍, ഐക്ലൗഡ് കീ ചെയിന്‍ പാസ്സ്‌വേര്‍ഡ് തുടങ്ങിയ ഇത്തരത്തില്‍ ഓട്ടോമാറ്റിക് ആയി ട്രാന്‍സ്ഫര്‍ ചെയ്യാം.
5. പുതിയ കണ്‍ട്രോള്‍ സെന്റര്‍
ഐഒഎസ് 11 ലെ കണ്‍ട്രോള്‍ സെന്ററിനെ ആപ്പിള്‍ അടിമുടി നവീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് കസ്റ്റമൈസ് ചെയ്യാവുന്നതുമാണ്. അതായത്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള സെറ്റിംഗ്സുകള്‍ക്കും ആപ്പുകള്‍ക്കും എളുപ്പത്തില്‍ ഷോര്‍ട്ട്കട്ടുകള്‍ കൊടുക്കാന്‍ ഇതിലൂടെ കഴിയും.
6. ഡ്രൈവ് ചെയ്യുമ്പോള്‍ "ഡു നോട്ട് ഡിസ്റ്റര്‍ബ്"
നിങ്ങള്‍ ഡ്രൈവ് ചെയ്ത് തുടങ്ങുമ്പോള്‍, നിങ്ങള്‍ യാത്രയിലാണെന്ന് ഐഫോണ്‍ മനസിലാക്കുകയും ഫോണ്‍ കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍ മുതലായവയിലൂടെ നിങ്ങളുടെ ശ്രദ്ധമാറുന്നതില്‍ നിന്ന് തടയുകയും ചെയ്യും. ഒപ്പം നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് നിങ്ങള്‍ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന സന്ദേശവും നല്‍കും.
7. നോട്സിലെ ഡോക്യുമെന്റ് സ്കാനര്‍
നോട്സ് ആപ്പിലെ ഡോക്യുമെന്റ് സ്കാനര്‍, ഒരു ഡോക്യുമെന്റിന്റെ ഫോട്ടോ ഈ ആപ്പിലേക്ക് ചേര്‍ത്ത് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി കണ്ടെത്തും. തുടര്‍ന്ന് അരികുകള്‍ ക്രോപ് ചെയ്ത് ചരിവുകള്‍ നേരേയാക്കി സ്കാന്‍ ചെയ്ത ഡോക്യുമെന്റുകളുടെ രൂപത്തിലാക്കി തരും. ഇതില്‍ ആപ്പിള്‍ പെന്‍സില്‍ വച്ച് വിട്ടുപോയ ഭാഗം പൂരിപ്പിക്കുകയോ സൈന്‍ ചെയ്യുകയോ ആകാം.
8. ഐപാഡിലെ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ഫീച്ചര്‍
ഐപാഡിനായി പുതിയ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ഫീച്ചര്‍ ഐഒഎസ് 11 ല്‍ അവതരിപ്പിക്കുന്നുണ്ട്. ടെക്സ്റ്റുകള്‍, ഫോട്ടോസ്, ഫയല്‍സ് എന്നിവ ആപ്പുകള്‍ക്കിടയില്‍ എളുപ്പത്തില്‍ മൂവ് ചെയ്യുന്നതിന് ഈ ഫീച്ചര്‍ നിങ്ങളെ സഹായിക്കും. സ്കീനിലെ എന്തും എങ്ങോട്ട് വേണമെങ്കിലും ഇത്തരത്തില്‍ മാറ്റം.
9. വൈ-ഫൈ പാസ്സ്‌വേര്‍ഡ് എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍
നിങ്ങള്‍ സുഹൃത്തിനെയോ, കുടുംബാംഗങ്ങളെയോ സന്ദര്‍ശിക്കുകയാണെന്ന് ഇരിക്കട്ടെ, അപ്പോള്‍ അവരുമായി വൈ-ഫൈ പങ്കുവയ്ക്കുന്നതിന്, വൈഫൈ നെറ്റുവര്‍ക്കിന്റെ പേരും പാസ്സ്‌വേര്‍ഡും കണ്ടെത്താന്‍ കഴിയാത്തത് ഒരു പ്രശ്നമാകാറുണ്ട്. ഇതിനൊരു പരിഹാരവുമായാണ് ഐഒഎസ് 11 എത്തുന്നത്. ഒരു ഗസ്റ്റ് അല്ലെങ്കില്‍ യൂസര്‍ ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അയാളെ ഓട്ടോമാറ്റിക് ആയി ഗസ്റ്റ് യൂസറായി ലോഗിന്‍ ചെയ്യുകയും 'ഗസ്റ്റിന് വൈ-ഫൈ പാസ്സ്‌വേര്‍ഡ് കൈമാറണോ എന്ന് ചോദിക്കുകയും ചെയ്യും. നിങ്ങള്‍ അത് അപ്രൂവ് ചെയ്താല്‍ വൈ-ഫൈ പാസ്സ്‌വേര്‍ഡ് ഗസ്റ്റിന്റെ ഫോണിലേക്ക് അയച്ചുകൊടുക്കും.
10. ലൈവ് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാം
ഐഒഎസ് 11 ല്‍ ലൈവ് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. പ്രത്യേകിച്ച്, വിഡിയോ ലൂപ്പുകള്‍ ട്രിം ചെയ്യാന്‍ സാധിക്കുമെന്നതാണ്. കീഫോട്ടോകള്‍ തെരഞ്ഞെടുക്കാനും, ലൈവ് ഫോട്ടോയുടെ ലൂപ് സൗണ്ട് മ്യൂട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും.
11. മാപ്പുകള്‍
ആപ്പിള്‍ മാപ്പും കൂടുതല്‍ സ്മാര്‍ട്ട് ആയതായി കമ്പനി പറയുന്നു. നിങ്ങള്‍ വാഹനത്തില്‍ സഞ്ചരിക്കുകയാണെങ്കിലും നടക്കുകയാണെങ്കിലും പഴയതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ മാപ്പ് ഉപകാരപ്പെടുമെന്ന് കമ്പനി പറയുന്നു. ഷോപ്പിങ് സെന്ററുകളുടെയും എയര്‍പോര്‍ട്ടുകളുടെയും ഉള്ളിലേക്കും സൂം ചെയ്തു ചെല്ലാമത്രെ. (ഇപ്പോള്‍ ഇത് അമേരിക്കയില്‍ മാത്രമെ സാധിക്കൂ.) നാവിഗേഷനില്‍ എത്ര സ്പീഡ് ആകാമെന്നും ഏതു ലെയ്‌നാണ് ട്രാഫിക് കുറഞ്ഞത് എന്നുമൊക്കെ കാണിക്കും. ആപ്പിള്‍ കാര്‍ മോഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ നോട്ടിഫിക്കേഷനുകള്‍ താത്കാലികമായി തടയുകയും മെസേജും മറ്റും അയയ്ക്കുന്ന ആളുകളോട് 'ഓട്ടോ-റിപ്ലൈ' ഉപയോഗിച്ച് നിങ്ങള്‍ ഡ്രൈവ് ചെയ്യുകയാണ് എന്ന് അറിയിക്കുകയും ചെയ്യും. എന്നാല്‍ ഒരു എമര്‍ജന്‍സി മോഡും ഉണ്ട്. അത്യാവശ്യക്കാര്‍ക്ക് ഈ കവചങ്ങള്‍ ഭേദിച്ച് നിങ്ങളോട് സമ്പര്‍ക്കം പുലര്‍ത്താം.
12. നോട്സിന് ഉള്ളില്‍ വരയ്ക്കാം
നോട്സിനുള്ളില്‍ എന്തെങ്കിലുമൊക്കെ വരയ്ക്കാന്‍ കഴിയും. ഇവ മെയില്‍ ആപ്പിലെ ഇ-മെയിലില്‍ ഉള്‍പ്പെടുത്താനും കഴിയും. കൈപ്പടയില്‍ എഴുതിയ വാക്കുകള്‍ സേര്‍ച്ച് ചെയ്യാനും കഴിയും (ഇംഗ്ലീഷും, ചൈനയും മാത്രം)
13. ആപ്പിള്‍ പെന്‍സില്‍ വച്ച് തത്ക്ഷണ മാര്‍ക്കപ്പ്
ഐപാഡ് പ്രൊയില്‍ ആപ്പിള്‍ പെന്‍സില്‍ ഉപയോഗിച്ചുള്ള തത്ക്ഷണ മാര്‍ക്കപ്പ് ഐഒഎസ് 11 സാധ്യമാക്കുന്നു. ഉദാഹരണത്തിന് ആപ്പിള്‍ പെന്‍സില്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പിഡിഎഫുകള്‍, സ്ക്രീന്‍ഷോട്ടുകള്‍ എന്നിവയില്‍ വരയ്ക്കാനും എഴുതാനുമൊക്കെ കഴിയും.
14. ആപ്പിള്‍ പെന്‍സില്‍ ഉപയോഗിച്ച് തത്ക്ഷണ നോട്ടുകള്‍
ലോക്ക് ചെയ്ത സ്ക്രീനിലെ ആപ്പിള്‍ പെന്‍സില്‍ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ നോട്സ് ആപ്പ് ഉടനടി തുറന്നുവരും. സ്കീന്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ഉടനടി നിങ്ങളുടെ ആശയങ്ങള്‍ കുറിച്ച് വയ്ക്കാന്‍ ഇതിലൂടെ കഴിയും.
15. ഐഫോണ്‍ സ്റ്റോറേജ് മാനേജ്മെന്റ്
സ്റ്റോറേജ് തീര്‍ന്നുപോകുന്നതാണ് ഐഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന ഒരു മോശം അനുഭവം. എന്നാല്‍ പുതിയ ഐഒഎസ് 11 അധികം ഉപയോഗിക്കാത്ത ആപ്പുകളെ കണ്ടെത്തി സ്റ്റോറേജ് സ്പേസ് ലാഭിക്കാന്‍ സഹായിക്കുന്നു. "ഓഫ് ലോഡ് അണ്‍യൂസ്ഡ് ആപ്പ്സ്" എന്നാണ് ഈ ഫീച്ചര്‍ അറിയപ്പെടുന്നത്. ഡിലീറ്റ് ചെയ്താലും ഈ ആപ്പുകളിലെ ഡോക്യുമേന്റുകളും വിവരങ്ങളും നഷ്ടമാകില്ല. പിന്നീട് വീണ്ടും ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഇവ പൂര്‍ണ്ണമായും റിസ്റ്റോര്‍ ചെയ്യും. ഡിലീറ്റ് ചെയ്ത ആപ്പുകള്‍ മങ്ങിയത് പോലെയാകും ഐഫോണ്‍ സ്റ്റോറേജ് സ്കീനില്‍ കാണിക്കുക. ഇതില്‍ ഒന്ന് ടാപ്പ് ചെയ്താല്‍ അവ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാം.
മെസേജുകളില്‍ വരുന്ന വിഡിയോകളും ഫോട്ടോകളുമാകും സ്റ്റോറേജ് തീര്‍ക്കുന്ന മുഖ്യപ്രതികള്‍. പുതിയ ഫീച്ചര്‍ വലിയ ഫയലുകളെ കണ്ടെത്തി ഐക്ലൗഡിലേക്ക് ഓട്ടോമാറ്റിക് ആയി സേവ് ചെയ്യും. കൂടാതെ, ഒരു വര്‍ഷത്തിലേറെയായ സന്ദേശങ്ങള്‍ തനിയെ ഡിലീറ്റ് ചെയ്യാനും സൗകര്യമുണ്ട്.
16. മാപ്പിലെ ലെയ്ന്‍ ഗൈഡന്‍സ്
ഡ്രൈവ് ചെയ്യുമ്പോള്‍ പോകേണ്ട ലെയ്ന്‍ കാണിക്കുന്നതിനാല്‍ വളവ് അല്ലെങ്കില്‍ എക്സിറ്റില്‍ എത്തുമ്പോള്‍ വഴി തെറ്റാതിരിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ഒപ്പം നിങ്ങള്‍ ഡ്രൈവ് ചെയ്യുന്ന റോഡിലെ വേഗപരിധിയും കാണിക്കും.
17. മെച്ചപ്പെടുത്തിയ ലോക്ക് സ്കീന്‍ നോട്ടിഫിക്കേഷനുകള്‍
ഐഒഎസ് 11 ലോക്ക് സ്കീന്‍ നോട്ടിഫിക്കേഷനുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ എല്ലാ നോട്ടിഫിക്കേഷനുകളും ഒരിടത്ത് കാണാം. സ്ക്രീനിന് മുകളിലെ കവര്‍ ഷീറ്റ് പോലെയുള്ള ഭാഗം താഴേക്ക് വലിച്ചാല്‍ നിങ്ങളുടെ എല്ലാ നോട്ടിഫിക്കേഷനുകളും ഒരിടത്ത് കാണാം.
18. ലൈവ് ഫോട്ടോയിലെ മാറ്റങ്ങള്‍
ആപ്പിള്‍, ലൈവ് ഫോട്ടോകള്‍ മുന്‍പത്തെക്കാള്‍ കൂടുതല്‍ ക്രീയാത്മകവും സ്‌പഷ്‌ടവുമാക്കി മാറ്റിയിട്ടുണ്ട് പുതിയ ഐഒഎസ് 11 ല്‍. ലൂപ്, ബൗണ്‍സ്, ലോങ്ങ് എക്സ്പോഷര്‍ എന്നിവയിലാണ് പ്രധാനമാറ്റങ്ങള്‍. ലൂപ് ഫീച്ചര്‍ നിങ്ങളുടെ ലൈവ് ഫോട്ടോസ് രസകരമായ വിഡിയോ ലൂപുകളാക്കി മാറ്റാന്‍ സഹായിക്കുന്നു.
19. മെച്ചപ്പെടുത്തിയ മെമ്മറീസ് വിഡിയോ
ഫോട്ടോസ് ആപ്പ് തനിയെ തയ്യാറാക്കുന്ന മെമ്മറീസ് വിഡിയോയിലെ കാര്യമായ മെച്ചപ്പെടുത്തലുകള്‍ ആപ്പിള്‍ നടത്തിയിട്ടുണ്ട്. പോട്രെയിറ്റ് അല്ലെങ്കില്‍ ലാന്‍ഡ്‌സ്കേപ്പ് മോഡില്‍ കാണുമ്പോള്‍, ഈ മെമ്മറീസ് വിഡിയോ ഐഒഎസ് 11 തനിയെ ഒപ്റ്റിമൈസ് ചെയ്യും.
20. ഒന്നിലധികം ഡിവൈസുകളില്‍ സിങ്ക് ചെയ്യാന്‍ കഴിയുന്ന മെസേജിംഗ് ആപ്പ്
മെസേജിംഗ് ആപ്പിന് ഒന്നിലധികം ഐഒഎസ് ഡിവൈസുകളില്‍ മെച്ചപ്പെട്ട സിങ്കിംഗ് ഐഒഎസ് 11 നല്‍കുന്നു. അതായത്, നിങ്ങള്‍ ഐഫോണില്‍ നിന്ന് ഒരു സന്ദേശം ഡിലീറ്റ് ചെയ്താല്‍ അത് ഐപാഡില്‍ നിന്നും മാകില്‍ നിന്നും ഡിലീറ്റ് ആകും. അതുപോലെ തിരിച്ചും. ഇതിന് എന്‍ഡ്-ടു-എന്‍ഡ് സബ്സ്ക്രിപ്ഷന്റെ പിന്തുണയുമുണ്ട്.
21. ഐപാഡിലെ മള്‍ട്ടിടാസ്കിംഗ്
ഐപാഡില്‍ എളുപ്പത്തില്‍ മള്‍ട്ടി ടാസ്കിംഗ് നടത്താന്‍ ഐഒഎസ് 11 സഹായിക്കുന്നു. ഡോക്കില്‍ നിന്നും രണ്ടമത് ഒരു ആപ്പ് ഓപ്പണ്‍ ചെയ്യാനും സ്പ്ളിറ്റ് വ്യൂവിലൂടെ ഇതിനെ നിയന്ത്രിക്കാനും കഴിയും. മാകിന് സമാനമായ ആപ്പ് സ്വിച്ച് ഫീച്ചറും പുതുതായി കൊണ്ടുവന്നിട്ടുണ്ട്.
22. മ്യൂസിക്-സോഷ്യല്‍ ഫീച്ചറുകള്‍
മ്യൂസിക് കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ആപ്പിള്‍ മ്യൂസിക് ആപ്പില്‍ പുതിയ സോഷ്യല്‍ ഫീച്ചറുകള്‍ കൂടിചേര്‍ത്തിട്ടുണ്ട്. മ്യൂസിക് ആപ്പില്‍ ഫ്രണ്ട് റെക്കമെന്‍ഡേഷനും വെരിഫൈഡ് അക്കൗണ്ടുകളുമുണ്ട്. മ്യൂസിക് ആപ്പ് യൂസര്‍മാര്‍ക്ക് പ്രൊഫൈലുകള്‍ നിര്‍മിക്കാനും അവര്‍കേള്‍കുന്ന പ്ലേ ലിസ്റ്റുകളും, ആല്‍ബങ്ങളും, ഗായകരും, സ്റ്റേഷനുമൊക്കെ പ്രദര്‍ശിപ്പിക്കാനും കഴിയും. മറ്റ് ആപ്പുകള്‍ക്കും ഉപയോഗിക്കുന്നയാള്‍ക്ക് ഏതെല്ലാം തരം പാട്ടുകളാണ് ഇഷ്ടമെന്നു മനസിലാക്കാന്‍ അനുവദിക്കുന്നു. 40 മില്യണിലധികം പാട്ടുകളുള്ള ആപ്പില്‍ മ്യൂസിക് സര്‍വീസ് ഉപയോഗിച്ച് ആപ്പുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന പുതിയ മ്യൂസിക് എപിഐ ഡെവലപ്പര്‍മാര്‍ക്ക് വേണ്ടിയും പുറത്തിറക്കിയിട്ടുണ്ട്.
23. ഐപാഡിലെ ഫയല്‍ ആപ്പ്
ഐഒഎസ് 11 ഐപാഡിന് വേണ്ടി പുതിയ ഫയല്‍സ് ആപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ എല്ലാ ഫയലുകളും ഒരു കേന്ദ്രീകൃത സ്ഥലത്ത് കാണാനും സേര്‍ച്ച് ചെയാനും ബ്രൗസ് ചെയ്യാനും കഴിയുന്നു. ക്ലൗഡിലും ലോക്കലായും സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ ഒരേ സ്ഥലത്ത് കാണാം.
24. പുതിയ ഐപാഡ് ഡോക്
ഐഒഎസ് 11 ല്‍, ഐപാഡിന് പുതിയ ഡോക് നല്‍കിയിരിക്കുന്നു. സ്കീനില്‍ സ്വൈപ്പ് ചെയ്താല്‍ ഇത് ദൃശ്യമാകും. ഇതില്‍ നിങ്ങള്‍ക്ക് നിരവധി ആപ്പ് ഷോര്‍ട്ട്കട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. ഡോക്കിന്റെ വലത് വശത്ത് നിങ്ങള്‍ ഏറ്റവും അടുത്ത് ഓപ്പണ്‍ ചെയ്ത ആപ്പുകളും ഐഫോണിലും മാകിലും ഉപയോഗിച്ച ആപ്പുകളും കാണാന്‍ കഴിയും.
25. പുതിയ മെസേജ് ആപ്പ് ഡ്രോയര്‍
മെസേജിംഗ് ആപ്പിലെ നവീകരിച്ച ആപ്പ് ഡ്രോയര്‍ സ്റ്റിക്കറുകള്‍, ഇമോജി, ഗെയിംസ് മുതലായവ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു.
26. കൂടുതല്‍ വ്യക്തിഗതമായ ന്യൂസ് ആപ്പ്
നവീകരിച്ച പുതിയ ആപ്പിള്‍ ന്യൂസ് ആപ്പ് നിങ്ങളുടെ അഭിരുചിക്കനുസൃതമായി വ്യക്തിഗതമാക്കിയ ന്യൂസ് സ്റ്റോറികളാകും പ്രദര്‍ശിപ്പിക്കുക. കൂടാതെ സ്പോട്ട്ലൈറ്റ് എന്ന ടാബില്‍ എഡിറ്റര്‍മാര്‍ക്ക് ഓരോ ദിവസത്തെയും വ്യത്യസ്ത ടോപിക്കുകള്‍ പരിപാലിക്കാനും കഴിയും. ടുഡേ വ്യൂ എന്ന പേരില്‍ താത്പര്യജനകമായ വിഡിയോകളുടെ ഒരു വിഭാഗവുമുണ്ട്.
27. മെസേജിലൂടെ പണം കൈമാറാം
ഇനി ആപ്പിള്‍ പേ ഉപയോഗിക്കുന്ന രണ്ടു പേര്‍ക്ക് യഥേഷ്ടം മെസേജ് ആപ്പിലൂടെ കാശു കൈമാറാം. മെസേജ് ആപ്പിലൂടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തത്ക്ഷണം പണം കൈമാറാം. പണം ലഭിച്ചുകഴിഞ്ഞാല്‍ അത് ആപ്പിള്‍ പേ ക്യാഷില്‍ സൂക്ഷിക്കും. അത് മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാനോ, ആപ്പിള്‍ പേ ഉപയോഗിച്ച് ഓണ്‍ലൈന്‍ സ്റ്റോറുകളിലോ, ആപ്പുകള്‍ക്ക് വേണ്ടി ഉപയോഗിക്കാനോ അതുമല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ കഴിയും.
28. ക്യാമറാ ആപ്പിലെ പ്രോഫഷണല്‍ നിലവാരത്തിലുള്ള ഫില്‍ട്ടറുകള്‍
പ്രോഫഷണല്‍ നിലവാരത്തിലുള്ള ഫില്‍ട്ടറുകളാണ് ഐഒഎസ് 11 ലൂടെ ആപ്പിള്‍ എത്തിക്കുന്നത്. തത്ഫലമായി ഫോട്ടോകള്‍ കൂടുതല്‍ സ്പഷ്ടവും സ്കിന്‍ ടോണുകള്‍ കൂടുതല്‍ സ്വാഭാവികമായും കാണപ്പെടുന്നു. നിലവാരം ഒട്ടും നഷ്ടപ്പെടാതെ പകുതി ഫയല്‍ സൈസില്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന പുതിയ തലമുറ കംപ്രഷന്‍ സാങ്കേതിക വിദ്യയും ആപ്പിള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
29. ക്വിക് ടൈപ് കീബോര്‍ഡ്-ഐ പാഡ്
ഇപ്പോള്‍ നിങ്ങള്‍ക്ക് അക്ഷരങ്ങളും, നമ്പറുകളും, ചിഹ്നങ്ങളും, വിരാമ ചിഹ്നങ്ങളുമെല്ലാം അതെ കീബോര്‍ഡില്‍ തന്നെ കാണാം. പുറകിലേക്കും മുന്നിലേക്കും സ്വിച്ച് ചെയ്യാതെ തന്നെ ഇവ ടൈപ് ചെയ്യാം. കീയില്‍ മൃദുവായൊന്ന് അമര്‍ത്തിപ്പിടിച്ചാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ക്യാരക്ടര്‍ തെരഞ്ഞെടുക്കാം. 12.9 ഇഞ്ച് ഐപാഡ് പ്രൊ ഒഴികെയുള്ള എല്ലാ ഐപാഡ് മോഡലുകളിലും പുതിയ കീബോര്‍ഡ് പ്രവര്‍ത്തിക്കും.
30. ക്വിക് ടൈപ് കീബോര്‍ഡ്-ഐഫോണ്‍
ഐഫോണില്‍ ഒരു കൈ കൊണ്ടുള്ള ടൈപ്പിംഗ് എളുപ്പമാക്കുന്ന ഒരു പുതിയ ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിക്കുന്നു. ഐഒഎസ് 11 കീബോര്‍ഡിലെ ഇമോജി കീയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ ഒരു കൈ കൊണ്ട് ടൈപ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇതോടെ കീബോര്‍ഡ് നിങ്ങളുടെ തള്ളവിരളിന്റെ സ്ഥാനത്തേക്ക് അടുത്ത് വരും.
31. നവീകരിച്ച ആപ്പ് സ്റ്റോര്‍
ആപ്പ് സ്റ്റോര്‍ ആപ്പ് അടിമുടി നവീകരിച്ചിട്ടുണ്ട് ആപ്പിള്‍. ഇത് പുതിയ ആപ്പുകളും ഗെയിമുകളും കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു. ആപ്പ് സ്റ്റോറില്‍ വിദഗ്ധര്‍ തയ്യാറാകുന്ന പ്രതിദിന സ്റ്റോറികള്‍ക്കായി ടുഡേ എന്നൊരു ടാബും, ഗെയിമുകള്‍ക്ക് മാത്രമായി ഒരു ടാബും നല്‍കിയിട്ടുണ്ട്. കൂടാതെ വിവിധ തീമുകളെ അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന ആപ്പ് ടാബുമുണ്ട്. കൂടുതല്‍ മെച്ചപ്പെടുത്തിയ സേര്‍ച്ച് ഫലങ്ങള്‍, എഡിറ്റോറിയലുകളും, ലിസ്റ്റുകളും, നുറുങ്ങുകളും കാണിച്ചുതരും.
32. നവീകരിച്ച പോഡ് കാസറ്റ് ആപ്പ്
ഐഒഎസ് 11 ല്‍ ആപ്പിള്‍ പോഡ് കാസറ്റ് ആപ്പിന്റെ രൂപകല്‍പനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആപ്പിള്‍ മ്യൂസിക്, പുതിയ ആപ്പ് സ്റ്റോര്‍ ആപ്പ് എന്നിവയ്ക്ക് സമാനമാണ് പുതിയ പൊടകാസറ്റ് ആപ്പ്. നാവിഗേഷനും മുന്‍പത്തെക്കാള്‍ അവബോധജന്യമാക്കിയിട്ടുണ്ട്.
33. സ്കീന്‍ റെക്കോര്‍ഡിംഗ്
ഐഒഎസ് 11 നിങ്ങള്‍ സ്ക്രീനില്‍ ചെയ്യുന്നതൊക്കെ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. ഇത് ട്യൂട്ടോറിയലുകളും, ആപ്പുകളുടെ ഉപയോഗത്തിന്റെ ഡെമോയും, ഗെയിം കളിക്കുന്നതുമൊക്കെ റെക്കോര്‍ഡ് ചെയ്യുന്നത് എളുപ്പമാക്കും.
34. സിരി ക്വിക് ടൈപ്പ് ഇംപ്രൂവ്മെന്റ്സ്
കൂടുതല്‍ സ്മാര്‍ട്ട് ആയി മാറിയ സിരി നിങ്ങള്‍ അടുത്തിടെ കണ്ട സിനിമകള്‍, സ്ഥലങ്ങള്‍, ഉള്ളടക്കങ്ങള്‍ മുതലായവ സജസ്റ്റ് ചെയ്തുതരും. നിങ്ങള്‍ ഒരു സുഹൃത്തിനോട് നിങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് പറയുകയാണെങ്കില്‍, നിങ്ങള്‍ അവിടെ എത്തിച്ചേരുന്ന ഉദ്ദേശ സമയവും സിരി പറഞ്ഞു തരും.
35. സിരി തത്സമയ പരിഭാഷ
മെഷീന്‍ ലേണിംഗിനോടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടും നന്ദി പറയാം. സ്വാഭാവികമെന്ന് തോന്നിക്കുന്ന സ്വരത്തോടെ സിരി കൂടുതല്‍ ആവിഷ്‌കരണസമര്‍ഥമായി മാറിയിട്ടുണ്ട്. നിങ്ങള്‍ക്ക് സിരിയോട് ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ട് തത്സമയം ചൈനീസ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയും. ഈ ഫീച്ചര്‍ ബീറ്റയിലാണ് ഇപ്പോള്‍ ഉള്ളത്, പൂര്‍ണമായും സജ്ജമായിട്ടില്ല.
36. സഫാരിയില്‍ സിരി
നിങ്ങള്‍ വായിക്കുന്ന കണ്ടന്റിന് അനുസൃതമായി സിരി സേര്‍ച്ച് സജഷന്‍സ് നല്‍കും. നിങ്ങള്‍ ഒരു അപ്പോയിന്റ്മെന്റ് ഉറപ്പിച്ചു അല്ലെങ്കില്‍ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു എന്നിരിക്കട്ടെ, ആ തീയതി കലണ്ടര്‍ ആപ്പില്‍ ഒരു ഇവന്റ് ആയി ചേര്‍ക്കണോയെന്ന് സിരി നിങ്ങളോട് ചോദിക്കും.
37. സിരി വാര്‍ത്തകള്‍ നിര്‍ദ്ദേശിക്കുന്നു
നിങ്ങള്‍ എത്രത്തോളം കൂടുതല്‍ സിരി ഉപയോഗിക്കുന്നോ, അത്രത്തോളം അത് സ്മാര്‍ട്ടര്‍ ആയി മാറുന്നു. നിങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് അത് ന്യൂസ് ആപ്പില്‍ വാര്‍ത്തകള്‍ സജസ്റ്റ് ചെയ്യും. ഇത് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വാര്‍ത്തകള്‍ കൂടുതല്‍ വ്യക്തിഗതമാക്കി മാറ്റുന്നു.
38. സിരി പെയ്മെന്റുകള്‍ നിര്‍ദ്ദേശിക്കും
മെസേജ് ആപ്പ് വഴി പണം അയക്കാനും സ്വീകരിക്കാനും കഴിയുമെന്ന കാര്യം നമ്മള്‍ നേരത്തെ സംസാരിച്ചതാണ്. നിങ്ങള്‍ പണത്തെക്കുറിച്ച് മെസേജിംഗ് ആപ്പിള്‍ സംഭാഷണം നടത്തുകയാണെങ്കില്‍ പണം അയക്കാനും സ്വീകരിക്കാനും സിരി നിങ്ങളോട് ആപ്പിള്‍ പേ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചേക്കാം. കൂടാതെ, പെയ്മെന്റുകള്‍ സംബന്ധിച്ച നിങ്ങളുടെ ശബ്ദ നിര്‍ദ്ദേശങ്ങളോട് സിരിയ്ക്ക് പ്രതികരിക്കാനും കഴിയും.
39. ഹോം ആപ്പിലെ സ്പീക്കാര്‍ പിന്തുണ
ഐഒഎസ് 11 ലെ ഹോം ആപ്പ്, എയര്‍പ്ലേ 2 വിലൂടെ നിങ്ങളുടെ സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് മള്‍ട്ടി-റൂം പിന്തുണ സാധ്യമാക്കുന്നു. അതായത്, ഹോം ആപ്പിലൂടെ ഓരോ മുറിയിലേയും സ്പീക്കറുകളുടെ വോള്യവും പ്ലേ ലിസ്റ്റുമൊക്കെ പ്രത്യേക നിയന്ത്രിക്കാന്‍ കഴിയും. അതുകൊണ്ട് അടുക്കളയിലെയും ലിവിംഗ് റൂമിലെയും സംഗീതം ഒരേസമയം നിങ്ങള്‍ക്ക് ഹോം ആപ്പില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയും.
40. സിരിയില്‍ ടൈപ്പ് ചെയ്യാം
നിങ്ങള്‍ പറയുന്നത് സിരിയ്ക്ക് മനസിലാക്കാന്‍ കഴിയുന്നില്ലേ? സാരമില്ല, നിങ്ങള്‍ ആ നിര്‍ദ്ദേശങ്ങള്‍ ടൈപ്പ് ചെയ്ത് കൊടുക്കാന്‍ കഴിയും. ടൈപ്പ് ചെയ്ത ശേഷം എന്റര്‍ ബട്ടണ്‍ അമര്‍ത്തിയാലുടന്‍ സിരി പ്രതികരിക്കും. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാന്‍ സെറ്റിങ്ങ്സിലെ General > Accessibility > Siri എന്നതില്‍ പോയാല്‍ മതി.. തുടര്‍ന്ന് ടൈപ് ടു സിരി എന്നതില്‍ ടോഗിള്‍ ചെയ്താല്‍ മതി.
41. വോള്യം ഇന്‍ഡിക്കേറ്ററിലെ മാറ്റം
ഐഒഎസ് 11 ലെ ഏറ്റവും നല്ല മാറ്റങ്ങളിലൊന്നാണിതെന്ന് പറയാം. വോള്യം സ്ലൈഡര്‍ ഇനി സ്ക്രീനിന് നടുവില്‍ വന്ന് നില്‍ക്കില്ല. ഐഒഎസ് 11 ല്‍ ഇപ്പോള്‍ വോള്യം ഇന്‍ഡിക്കേറ്റര്‍ മുകളില്‍ വലതുഭാഗത്തായി വളരെ ഒതുക്കത്തോടെയാണ് വരുന്നത്.