ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. രാവിലെ 11.35ഓടെ എയർ ഏഷ്യയുടെ ആ ക്യുസെഡ് 535 ഫ്ലൈറ്റ് പറന്നുയർന്നു. പക്ഷേ മുന്നേമുക്കാൽ മണിക്കൂർ വരുന്ന യാത്രയിൽ അരമണിക്കൂർ തികയും മുൻപ് ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങൾ. യാത്രക്കാരും സ്റ്റാഫംഗങ്ങളും നിലവിളിയോടെയാണ് അതിനെ നേരിട്ടത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ വിമാനം സുരക്ഷിതമായി താഴെയെത്തിയപ്പോൾ യാത്രക്കാർ പറഞ്ഞു: ‘വിമാനം തകർന്നെന്നാണു കരുതിയത്. ആ ദുർഘട നിമിഷങ്ങളിൽ അതിനോടകം ഞങ്ങൾ പരസ്പരം ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞിരുന്നു...’
പെർത്തിൽ നിന്ന് ഇന്തൊനീഷ്യയിലെ ബാലിയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലായിരുന്നു കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്ര തുടങ്ങി 25 മിനിറ്റ് കഴിഞ്ഞ നേരം. പടിഞ്ഞാറൻ ഓസ്ട്രേലിയയ്ക്കു മുകളിലെത്തിയിരുന്നു. പെട്ടെന്നാണ് തികച്ചും അപ്രതീക്ഷിതമായി വിമാനം 20,000 അടി താഴേക്കു പതിച്ചത്. അതായത് 32,000 അടിയിൽ നിന്ന് 10,000 അടി താഴേക്ക്. സ്വാഭാവികമായും യാത്രക്കാരുടെ മുന്നിലേക്ക് ഓക്സിജൻ മാസ്കുകൾ വന്നുവീണു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ 145 യാത്രക്കാരും ചുറ്റിലും നോക്കിയപ്പോൾ സ്റ്റാഫ് അംഗങ്ങൾ എന്തൊക്കെയോ ഭീതിയോടെ വിളിച്ചു പറയുന്നു.
അൽപം ആശ്വാസത്തിനു വേണ്ടി അവരെ നോക്കിയ യാത്രക്കാരുടെ ഭയം പക്ഷേ ഇരട്ടിക്കുകയായിരുന്നു. വിമാനം തകരാൻ പോകുന്ന വിധമായിരുന്നു സ്റ്റാഫിന്റെ മറുപടികൾ. പലരുടെയും കണ്ണുകളിൽ ഭീതി നിറഞ്ഞിരുന്നു. ഞെട്ടി അലറി വിളിക്കുകയായിരുന്നു അവർ. യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിനു പകരം ഇത്തരത്തിൽ അവരുടെ ഭയം കൂട്ടിയതിന് പിന്നീട് വ്യാപകവിമർശനവും എയർ ഹോസ്റ്റസുമാർ ഉൾപ്പെടെയുള്ളവർക്കു നേരെയുണ്ടായി. അവരുടെ പേടി കണ്ടാണ് തങ്ങളും പേടിച്ചു വിറച്ചതെന്നാണ് യാത്രക്കാർ പിന്നീടു പറഞ്ഞത്. എന്താണു സംഭവിക്കുന്നതെന്നു പോലും പറയാതെ നിർണായക സമയത്ത് പൈലറ്റിന്റെ ഇടപെടലും ഉണ്ടായില്ലെന്നും പരാതിയുണ്ട്.
പലരും അവരുടെ വീട്ടിലേക്ക് മൊബൈലിൽ നിന്ന് ‘അവസാന’ മെസേജുകൾ വരെ അയച്ചു. ‘കാബിൻ പ്രഷർ’ നഷ്ടപ്പെട്ടതാണ് പെട്ടെന്നുള്ള വിമാനത്തിന്റെ ‘പതന’ത്തിനു കാരണമായതായി പറയുന്നത്. എന്നാൽ ‘സാങ്കേതിക പ്രശ്നം’ കാരണമാണ് വിമാനം തിരികെ പെർത്തിലേക്കു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാർക്ക് പിന്നീട് ബാലിയിലേക്ക് മറ്റൊരു വിമാനം ഏർപ്പാടാക്കിക്കൊടുത്തു. ഇത്രയേറെ പരിഭ്രാന്തിയുണർത്തിയ സംഭവമാണെങ്കിലും യാത്രക്കാരിലാര്‍ക്കും ചെറിയൊരു പരുക്കു പോലും ഏറ്റില്ല.
യാത്രക്കാരുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രാധാന്യമെന്ന് പിന്നീട് എയർ ഏഷ്യ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമയും പറഞ്ഞു. വിമാനത്തിനു സംഭവിച്ച സാങ്കേതികത്തകരാറിനെപ്പറ്റി പെർത്തിലെ എയർഏഷ്യ സാങ്കേതിക വിദഗ്ധർ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതാദ്യമായിട്ടല്ല എയർ ഏഷ്യ വിമാനത്തിൽ ഇത്തരമൊരു സംഭവം. ഇക്കഴിഞ്ഞ ജൂണിൽ െപർത്തിൽ നിന്നു പുറപ്പെട്ട ഡി7237 വിമാനം മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ പാതിവഴിയിൽ വച്ചു തിരികെ പോരേണ്ടി വന്നിരുന്നു. യാത്ര തുടങ്ങി രണ്ടു മണിക്കൂർ തികയും മുൻപേയാണ് ‘എൻജിൻ തകരാർ’ കാരണം വിമാനം തിരിച്ചിറക്കേണ്ടി വന്നത്.