Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോയ്ക്ക് ജന്മം നൽകിയത് ഇഷ, 2.5 ലക്ഷം കോടിയുടെ ‘കച്ചവട’ രഹസ്യം വെളിപ്പെടുത്തി അംബാനി

Mukesh-Ambani-Daughter

ഇന്ത്യൻ ടെലികോം മേഖലയിൽ ഒന്നര വർഷത്തിനുള്ളിൽ ചരിത്രസംഭവമായി മാറിയ റിലയൻസ് ജിയോയുടെ പിന്നണി രഹസ്യങ്ങൾ വെളിപ്പെടുത്തി മുകേഷ് അംബാനി. വർഷങ്ങളോളം നീണ്ട ചർച്ചകൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ജിയോ കൊണ്ടുവന്നത്. ലഭ്യമായ റിപ്പോർട്ടുകള്‍ പ്രകാരം ഏകദേശം രണ്ടര ലക്ഷം കോടി രൂപയാണ് ജിയോയ്ക്കായി അംബാനി നിക്ഷേപിച്ചത്.

ഇത്രയും വലിയ പദ്ധതിയുടെ തുടക്കത്തെ കുറിച്ച് മുകേഷ് അംബാനി വെളിപ്പെടുത്തി. 2011 തന്റെ മകൾ ഇഷയാണ് ജിയോ പദ്ധതി ആദ്യമായി മുന്നോട്ടുവെക്കുന്നതെന്നും അംബാനി പറഞ്ഞു. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി.

2011 ൽ അമേരിക്കയിലെ യാലെ സർവ്വകലാശാലയിൽ പഠിക്കുന്ന കാലത്ത് ഇഷ അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ജിയോ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. പഠനത്തിന്റെ ഭാഗമായി അവൾക്ക് ഇന്റർനെറ്റിന്റെ സഹായത്തോടെ കുറച്ചു റിപ്പോർട്ടുകൾ തയ്യാറാക്കാനുണ്ടായിരുന്നു. അന്ന് വീട്ടിലെ ഇന്റർനെറ്റിന്റെ വേഗത്തെ കുറിച്ചു മകൾ പറഞ്ഞ പരാതിയും അംബാനി ഓർത്തെടുത്തു.

ഇതേക്കുറിച്ച് ഇഷയുടെ സഹോദരൻ ആകാശ് പറഞ്ഞത് ഇങ്ങനെ, ‘ഡാഡ് നിങ്ങളുടെ തലമുറയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല. പഴയ കാലത്ത് ടെലികോം ശബ്ദം മാത്രമായിരുന്നു, കോളുകൾ വിളിച്ചാലും സ്വീകരിച്ചാലും ജനങ്ങൾ പണം നൽകേണ്ടിവന്നു, എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്.’

akash-ambani

ഇഷയും ആകാശും ഈ ആശയം മുന്നോട്ടുവെക്കുന്ന സമയത്ത് ഇന്ത്യയിൽ ഇന്റർനെറ്റ് നെറ്റ്‌വർക്ക് വേഗം പരിതാപകരമായിരുന്നു. കുറഞ്ഞ ഡേറ്റ ഉപയോഗിക്കാൻ ജനങ്ങൾ വലിയ തുക നല്‍കണം. രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക് അത് താങ്ങാൻ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ അതിവേഗ ഡേറ്റ ജനങ്ങൾക്ക് എങ്ങനെ നൽകാമെന്ന് ചിന്തിച്ചു തുടങ്ങിയത്. 2011 ൽ ഇഷ മുന്നോട്ടുവെച്ച ആശയമാണ് 2016 സെപ്റ്റംബറിൽ റിലയൻസ് ജിയോ അവതരിപ്പിക്കുന്നതിലേക്ക് എത്തിയതെന്നും മുകേഷ് അംബാനി പറഞ്ഞു.

ഇനി മുകേഷ് അംബാനിയുടെ ദിനങ്ങൾ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ഇൻഫോകോം അതിവേഗം കുതിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ തന്നെ ടെലികോം വിപണി ഒന്നടങ്കം പിടിച്ചടക്കാൻ ജിയോയ്ക്ക് സാധിച്ചു. മറ്റു കമ്പനികളായ വോഡഫോൺ, ഐഡിയ, എയർടെൽ കമ്പനികളിലെ പ്രതിസന്ധിയിലാക്കാനും ജിയോയ്ക്ക് സാധിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 16 കോടിയാണ്.

reliance-jio

ഇന്ത്യയിൽ ജിയോ മാത്രമാകും?

ഏതൊരു ബിസിനസ് തുടങ്ങുമ്പോഴും വേണ്ടുവോളം പണം ആവശ്യമാണ്. വിപണിയും ഉപഭോക്താക്കളെയും പിടിക്കാൻ കോടികളുടെ പണമെറിയേണ്ടി വരും. സൗജന്യവും ഓഫറുകളും നൽകി ഉപഭോക്താക്കളെ പിടിച്ചുനിർത്താൽ തുടക്കത്തിൽ ചുമ്മാ പണം ചിലവഴിക്കേണ്ടി വരും. എന്നാൽ ഇതെല്ലാം തിരിച്ചുപിടിക്കാനുള്ള സൂത്രവിദ്യകളും മുൻകൂട്ടി കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ വൻ നഷ്ടം സഹിക്കേണ്ടിവരും. 

അതെ, മുകേഷ് അംബാനി ചെയ്തതും ഇതേ സൂത്രവിദ്യയാണ്. ജിയോ എന്ന പുതിയ കമ്പനി തുടങ്ങിയപ്പോൾ രാജ്യം ഒന്നടങ്കം ഒരു ടെലികോം സര്‍വീസിന്റെ പിന്നാലെ പോയി. ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് ഡേറ്റാ വിപ്ലവം തന്നെ കൊണ്ടുവന്നു. വേണ്ടുവോളം ഫ്രീ നൽകി മറ്റു ടെലികോം കമ്പനികളെ എല്ലാ പ്രതിസന്ധിയിലാക്കാനും ജിയോയ്ക്ക് സാധിച്ചു. ഡേറ്റാ വിപണി പിടിച്ചക്കിയ റിലയൻസ് ജിയോയുടെ അടുത്ത ലക്ഷ്യം മൊബൈൽ വിപണിയാണ്. ഇതിന്റെ തുടക്കം മാത്രമാണ് ജിയോഫോൺ. 

jio-network

കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യത്തെ ഡേറ്റാ വിപ്ലവം തുടങ്ങിയത്. പേടിച്ചു വിറച്ചു ഡേറ്റ ഉപയോഗിച്ചിരുന്നവരെ പരിധിയില്ലാ ഡേറ്റ നൽകിയ മുകേഷ് അംബാനി ഞെട്ടിച്ചു. വർഷങ്ങളായി റിലയൻസിനെ വിമർശിക്കുന്നവർ പോലും ജിയോ ഫ്രീ പദ്ധതികളെ അഭിനന്ദിച്ചു. കാരണം ഒരു ജിബി ഡേറ്റയ്ക്ക് സെപ്റ്റംബർ വരെ വാങ്ങിയിരുന്നത് ശരാശരി 250 രൂപയായിരുന്നു. ഈ തുക പത്തു രൂപയാക്കിയത് ജിയോ തന്നെ. 

ജിയോയുടെ വരവ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കി 

ടൈക്കൂൺ എന്ന വാക്ക് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയത് മുകേഷ് അംബാനിയാണ്. ജിയോ എന്ന പേരിൽ ചീറിയടിച്ച ചുഴലി കാറ്റിൽ ടെലികോം ചെറുമരങ്ങൾ കടപുഴക്കിയെറിയപ്പെട്ടു. തമ്മില്‍ ലയിച്ചും ചാര്‍ജുകള്‍ വെട്ടിക്കുറച്ചും പിടിച്ചു നിൽക്കാൻ പാടുപെടുകയാണ് മറ്റ് സേവനദാതാക്കൾ. സെപ്റ്റംബർ ഒന്നിനാണ് വെൽകം ഓഫറുമായി ജിയോ വിപണിയിലേക്ക് എത്തിയത്. ഡിസംബർ 31ന് ഹാപ്പി ന്യൂ ഇയർ ഓഫറായി അതു മാറി. മാർച്ച് 31നു ശേഷവും നാലു മാസത്തേക്കു കൂടി അൺലിമിറ്റഡ് ഡേറ്റാ സേവനം നൽകി. ഇപ്പോഴും മിതമായ നിരക്കിൽ ദിവസം ഒരു ജിബി ഡേറ്റ നൽകുന്നുണ്ട്. 

വിപണിയിലെത്തി 170 ദിവസത്തിനകം പത്തു കോടി ഉപഭോക്താക്കളാണ് ജിയോ നേടിയത്. എയർടെൽ, വോ‍ഡഫോൺ, ഐഡിയ തുടങ്ങി കമ്പനികളെ പിന്നിലാക്കി ഓരോ മാസവും ലക്ഷങ്ങളാണ് ജിയോ സേവനം സ്വീകരിക്കുന്നത്. ദിവസവും ഓരോ സെക്കന്‍ഡിലും ഏഴിനടുത്ത് ഉപഭോക്താക്കൾ ജിയോയ്ക്ക് ഉണ്ടാകുന്നുവെന്ന കണക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ മാസവും 120 കോടി ജിബി ഡേറ്റയാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ജിയോയിലൂടെയാണ്. ആദ്യ മാസങ്ങളിൽ 100 കോടി ജിബി ഡേറ്റ വരെ ജിയോ വരിക്കാർ ഉപയോഗിച്ചിരുന്നു. 

reliance-jio-ambani

ജിയോ ശരിക്കും ഒരു സ്റ്റാർട്ടപ്പല്ല 

പെട്ടെന്ന് പൊട്ടിമുളച്ച ഒരു പ്രസ്ഥാനമല്ല ജിയോ. ഒരു കുടുംബ പ്രശ്നത്തിൽ നിന്നുയർന്ന കമ്പനിയെന്ന ചരിത്രവും ജിയോയ്ക്കുണ്ട് 2002ൽ ധീരുഭായ് അംബാനിയുടെ നിര്യാണത്തോടെ അംബാനി സഹോദരൻമാർ തമ്മിൽ അധികാരതർക്കം നടക്കുകയും അവസാനം മാതാവ് കോകില ബെന്നിന്റെ ആശിർവാദത്തോടെ കമ്പനി രണ്ടായി മാറുകയും ചെയ്തു. അനിൽ അംബാനിക്ക് ടെലകോം, ഊർജ്ജം വിനോദം, സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ ചുമതലയും മുകേഷ് അംബാനിക്ക് റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഐപിസിഎല്ലിന്റെയും ചുമതല ലഭിച്ചു. 

jio-feature-phone

യഥാർഥത്തിൽ റിലയൻസ് മൊബൈലുകളുടെ 2000ലുണ്ടായ വിപ്ലവത്തിന്റെ പിന്നിലുണ്ടായിരുന്നത് മുകേഷ് അംബാനിയായിരുന്നു. സാധാരണക്കാരുടെ കൈയ്യിൽ മൊബൈലെത്തിച്ചത് റിലയൻസിന്റെ ആ 500 രൂപ മൊബൈൽ വിപ്ലവമായിരുന്നു. ഡയറക്ടർ ബോർഡിൽ പോലുമില്ലാതിരുന്ന അനിൽ അംബാനിയുടെ കൈവശം ടെലികോം എത്തിയതോടെ മുകേഷ് അംബാനി ആ രംഗം ഉപേക്ഷിച്ചു (ഇത്തരമൊരു ഒത്തുതീർപ്പ് വ്യവസ്ഥ ഉണ്ടായിരുന്നത്രെ). 2010ൽ ആ വ്യവസ്ഥയുടെ കാലപരിധി അവസാനിച്ചു. ഇൻഫോടെല്ലിന്റെ 95 ശതമാനം നിയന്ത്രണം മുകേഷ് അംബാനി ഏറ്റെടുത്തു. 4800 കോടിരൂപയ്ക്ക് 4 ജി സ്പെക്ട്രം ലേലം അംബാനി നേടി. ജിയോ എന്ന നാമകരണം ചെയ്തപ്പെട്ട പദ്ധതിക്കായി ഫൈബർ ഒപ്ടിക് നെറ്റ്​വർക്കുകൾ രാജ്യമൊട്ടാകെ വിരിഞ്ഞു. 

ചൈനയ്ക്കുശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപഭോക്താക്കളുള്ള രാജ്യമാണ് നമ്മുടേത്. മൊബൈൽ ടെക്നോളജിയുടെ വളർച്ച മനസിലാക്കി. വിത്തുപാകിയതിന്റെ ഫലമായി രൂപം കൊണ്ട ഒരു വൻ വൃക്ഷമാണ്. ബ്രിട്ടീഷ് ടെലകോം, ‍ഡച്ച് ടെലകോം, മിലികോം, എംടിഎസ്, ഓറഞ്ച്, റോഗേഴള്സ്, ടെലിയസോനെര, ടിം എന്നീ കമ്പനികളാണ് ജിയോയ്ക്ക് ഒപ്പമുള്ളത്. 80 ഓളം രാജ്യങ്ങളിൽ ഏകദേശം ഒരു ബില്യൺ ഉപഭോക്താക്കളുണ്ട് ഈ സഖ്യത്തിന്. 

രണ്ടു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ജിയോയ്ക്കായുള്ള നിക്ഷേപം. രാജ്യത്തെ 22 ടെലികോം സർക്കിളുകളിലും 90,000 എകോ ഫ്രണ്ട്​ലി ടവറുകളും ഏകദേശം 250000 കിലോമീറ്റർ ഫൈബർ ഒപ്ടിക്സ് കേബിളുമെന്ന അടിത്തറയിലാണ് ജിയോയുടെ നിൽപ്പ്. നിലവിലെ 2ജി, 3ജി നെറ്റ്​വർക്കുകളിൽ നിന്നാണ് മറ്റുള്ള സേവനദാതാക്കൾ 4ജി ലഭ്യമാക്കുന്നതെന്നതും നിലവിലെ കേബിളുകൾ 5 ജിയിലേക്കാൻ കോടികൾ ചിലവഴിക്കേണ്ടി വരുമെന്നതും 5 ജിയിലേക്കുള്ള ജിയോയുടെ വഴി സുഗമമാക്കുന്നു. 

JIO

ഏതായാലും പെട്ടെന്നുള്ള വരുമാനം മുകേഷ് അംബാനിയെ ബാധിക്കുന്നതേയില്ല. ഭാവിയിലേക്കുള്ള അംബാനിയുടെ പന്തയത്തുക മാത്രമാണ് രണ്ടു ലക്ഷം കോടി രൂപ. 2021 ആകുമ്പോൾ ഡിജിറ്റലാകാൻ നിർബന്ധിതരാകുന്ന ജനതയെ മുന്നിൽ കണ്ടാണ് ജിയോയുടെ കാശിറക്കലെന്ന് സാരം. മൊബൈൽ ഇന്റർനെറ്റ് മാത്രമല്ല, ലൈഫ് സ്മാർട്ഫോണുകളും ജിയോ ആപ്പുകളും ഡിജിറ്റൽ വാലറ്റുകളുമെല്ലാം ധനാഗമന മാർഗങ്ങളായി മാറുമെന്ന് മുകേഷ് അംബാനി മുൻകൂട്ടി കണ്ടുകഴിഞ്ഞു. 

ഭാവി എന്താകും 

ഫ്രീ കഴിഞ്ഞ് സർവീസുകൾക്ക് ചാർജ് ഈടാക്കി തുടങ്ങുമ്പോൾ എന്താവും ജിയോയ്ക്ക് സംഭവിക്കുക എന്നാണ് നിരീക്ഷകർ കാത്തിരുന്നത്. പകുതിയോളം ശതമാനം ആളുകൾ ജിയോയെ വിട്ടുപോകുമെന്ന് വരെ നിരീക്ഷണ റിപ്പോർട്ടുകൾ വന്നു. എന്നാൽ എല്ലാ റിപ്പോർട്ടുകളെയും വെല്ലുവിളിച്ച് ജിയോ വൻ വിജയം നേടി. നിലവിൽ 16 കോടി വരിക്കാർ ജിയോയുടെ ഏതെങ്കിലും പ്ലാനുകൾ പണം കൊടുത്ത് ഉപയോഗിക്കുന്നുണ്ട്. 4ജി നെറ്റ്‌വർക്കിന്റെ കാര്യത്തിലും ജിയോ വിജയിച്ചു. രാജ്യത്ത് 2ജി നെറ്റ്‌വർക്കിനേക്കാൾ കൂടുതൽ 4ജി നെറ്റ്‌വർക്ക് സ്ഥാപിക്കാൻ ജിയോയ്ക്ക് സാധിച്ചു. ഇന്റർകണക്റ്റിവിറ്റിയുടെ പേരിൽ മറ്റു കമ്പനികൾ ജിയോയുടെ തടഞ്ഞു നിർത്തിയിട്ടും ഡേറ്റാ വിപ്ലവം തടാൻ സാധിച്ചില്ല. 

reliance-jio

ജിയോയുടെ വരവ് മറ്റു കമ്പനികളുടെയും വരുമാനത്തെ ഗണ്യമായി ബാധിച്ചു. എന്നാല്‍ വിപണിയിലെ മറ്റേതു സര്‍വീസ് പ്രൊവൈഡര്‍മാരെക്കാളും 20 ശതമാനം കൂടുതല്‍ ഡേറ്റ എപ്പോഴും തങ്ങള്‍ നൽകുമെന്ന വാഗ്ദാനം പാലിക്കുകയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് കോളുകള്‍ റൂട്ട് ചെയ്യാനുള്ള ഇന്റര്‍കണക്റ്റ് പോയിന്റുകള്‍ വേണ്ടവിധത്തിൽ ഉപയോഗിക്കാനുമായാൽ ജിയോയുടെ അധീശത്വം തുടരുക തന്നെ ചെയ്യും. അതെ, ഇത് ചരിത്രത്തിൽ ജിയോ വിപ്ലവം എന്നു രേഖപ്പെടുത്തും. ഇന്ത്യയിലെ കളിക്കളത്തിൽ ജിയോ മാത്രമാകും.