Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10,000 രൂപയ്ക്ക് തുടങ്ങി, ഇന്ന് ആസ്തി 15.5 ബില്യൺ ഡോളർ!

Flipart-founders

ഒൻപതു വർഷം മുൻപ് നല്ലൊരു ജോലി രാജിവച്ച് സച്ചിനും ബിന്നിയും ഒരു സ്റ്റാർട്ടപ് തുടങ്ങി. അവരുടെ രക്ഷിതാക്കൾ മാസം തോറും നൽകാമെന്നേറ്റ 10,000 രൂപ പോക്കറ്റ് മണിയും എന്തു സാധനവും ഓൺലൈൻ വഴി വിൽക്കാനൊരു വിപണി എന്ന ആശയവും മാത്രമാണ് കൈയിലുണ്ടായിരുന്നത്. ഇ–കൊമേഴ്സിനെ കുറിച്ച് ഇന്ത്യയിലന്നു കേട്ടു തുടങ്ങുന്നതേയുള്ളൂ.

സച്ചിനെയും ബിന്നിയേയും ഒരുപക്ഷേ അധികമാരും ഇന്നും അറിയില്ല. പക്ഷേ, അവർ തുടങ്ങിയ സ്റ്റാർട്ടപ്പിനെക്കുറിച്ച് കൊച്ചുകുട്ടികൾക്കു വരെ അറിയാം. ഫ്ലിപ്കാർട്ട്, പോയ വർഷത്തെ ആസ്തി 15.5 ബില്യൺ ഡോളർ!

flipkart

ഇന്ത്യയില്‍ ഏറ്റവുമധികം വിജയിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭമെന്ന ചോദ്യത്തിന് ഫ്ലിപ്കാര്‍ട്ട് എന്നുമാത്രമാണ് ഒറ്റവാക്കിലുള്ള ഉത്തരം. കേവലം തുച്ഛമായ മുതല്‍ മുടക്കില്‍ ആരംഭിച്ച ഫ്ലിപ്കാര്‍ട്ട് ഇപ്പോള്‍ ശതകോടികളുടെ ബിസിനസുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് ശൃഖലയായി വളര്‍ന്നിരിക്കുന്നു. വളരെ ചെറിയ സമയം കൊണ്ട് വലിയ വിജയം നേടിയാണ് ഫ്ലിപ്കാര്‍ട്ട് അത്ഭുതമായത്.

ഡല്‍ഹി ഐഐടിയില്‍ നിന്നും പുറത്തിറങ്ങിയ സച്ചിന്‍ ബന്‍സാലിന്റേയും ബിന്നി ബന്‍സാലിന്റേയും തലയില്‍ ഉദിച്ച ആശയമായിരുന്നു ഫ്ലിപ്കാര്‍ട്ട്. 2007 ഒക്ടോബറിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ ഔദ്യോഗിക പിറവി. ഫ്ലിപ്കാര്‍ട്ട് ഓണ്‍ലൈന്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഫ്ലിപ്കാര്‍ട്ട് ആദ്യകാലത്ത് പുസ്തകങ്ങള്‍ മാത്രമാണ് വിറ്റിരുന്നത്. ഓണ്‍ലൈന്‍ ബുക്ക് വില്‍പന എന്ന ആശയവുമായി എത്തിയപ്പോള്‍ നിരുത്സാഹപ്പെടുത്തിയവരായിരുന്നു ഭൂരിഭാഗവുമെന്ന് സച്ചിന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരം പതിവു നിരുത്സാഹപ്പെടുത്തലുകള്‍ക്ക് ചെവികൊടുക്കാതെ സ്വന്തം വഴി വെട്ടിയെടുത്തിടത്താണ് ഫ്ലിപ്കാര്‍ട്ടിന്റെ ആദ്യത്തെ വിജയം.

flipkart

പുസ്തകത്തില്‍ ആരംഭിച്ച ഫ്ലിപ്കാര്‍ട്ട് ഇലക്ട്രോണിക് ഉത്പന്നങ്ങളിലേക്കും സ്റ്റേഷനറി, ഫാഷന്‍, ലൈഫ് സ്റ്റൈല്‍ മേഖലയിലേക്കും പതുക്കെ വളര്‍ന്നു. ഒരുഭാഗത്ത് ഉപഭോക്താക്കളുടെ എണ്ണം കൂടിയപ്പോള്‍ ഫ്ലിപ്കാര്‍ട്ടിനെ വിശ്വസിച്ച് പണംമുടക്കാനെത്തിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ആരംഭിച്ച് രണ്ടാംവര്‍ഷം 2009ല്‍ പത്ത് ലക്ഷം ഡോളർ ആയിരുന്നു ഫ്ലിപ്കാര്‍ട്ടിന് ലഭിച്ച ആദ്യത്തെ വലിയ നിക്ഷേപം. എയ്‌സെല്‍ ഇന്ത്യയായിരുന്നു നിക്ഷേപകര്‍. ഇവര്‍തന്നെ 2010ല്‍ പത്ത് ലക്ഷം ഡോളര്‍ കൂടി നിക്ഷേപിച്ചു. 2011ല്‍ ടൈഗര്‍ ഗ്ലോബലില്‍ നിന്നും 20 ലക്ഷം ഡോളര്‍ ഫ്ലിപ്കാര്‍ട്ടിന്റെ അക്കൗണ്ടിലെത്തി.

ഇതിനു പിന്നാലെ 100 കോടി ഡോളര്‍ തങ്ങളുടെ നിക്ഷേപകരില്‍ നിന്നും സമാഹരിച്ചെന്ന ഫ്ലിപ്കാര്‍ട്ടിന്റെ പ്രഖ്യാപനം ഏവരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, എയ്‌സല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, ജിഐസി എന്നിവരായിരുന്നു പ്രധാന നിക്ഷേപകര്‍. ഇതില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് ആണ് ഏറ്റവും കൂടുതല്‍ പണം ഫ്ലിപ്കാര്‍ട്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതുവരെ ഫ്ലിപ്കാര്‍ട്ട് 270 കോടി ഡോളറാണ് നിക്ഷേപമായി സ്വീകരിച്ചിരിക്കുന്നത്.

നിക്ഷേപത്തിലൂടെ മാത്രമല്ല മറ്റു കമ്പനികളെ ഏറ്റെടുക്കുന്നതിലൂടെ കൂടിയാണ് ഫ്ലിപ്കാര്‍ട്ട് പടര്‍ന്നു പന്തലിച്ചത്. ഫ്ലിപ്കാര്‍ട്ട് ആദ്യമായി ഏറ്റെടുത്ത പ്രധാനകമ്പനി വിറീഡ് (2010) ആയിരുന്നു. തൊട്ടടുത്തവര്‍ഷം മൈം360, ചംബക് ഡോട്ട് കോം, ലെറ്റ്‌സ് ബൈ എന്നിവര്‍ ഫ്ലിപ്ര്‍ട്ടിനു കീഴിലായി. 2014ല്‍ ഓണ്‍ലൈന്‍ വസ്ത്രവിപണിയിലെ ഒന്നാമന്മാരായിരുന്ന മിന്ത്രയെ കൂടി വാങ്ങിയതോടെയാണ് ഫ്ലിപ്കാര്‍ട്ട് വളര്‍ച്ച കുതിച്ചുയര്‍ന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് എന്നത് ഫ്ലിപ്കാര്‍ട്ട് ആരംഭിക്കുമ്പോഴും ഇന്ത്യയിലും പുതുമയുള്ള ആശയമായിരുന്നില്ല. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള സേവനം ഉറപ്പുവരുത്തിയതാണ് തങ്ങളുടെ വിജയരഹസ്യമെന്നാണ് ഫ്ലിപ്കാര്‍ട്ട് സ്ഥാപകരുടെ അവകാശവാദം. വിലക്കുറവിനൊപ്പം പാക്കിംഗിലും പറഞ്ഞ സമയത്ത് ഉപഭോക്താക്കളിലെത്തിച്ചും ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കള ആകര്‍ഷിച്ചു.

തുടക്കം മുതല്‍ ചെറുതും വലുതുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഫ്ലിപ്കാര്‍ട്ടിന്റെ വളര്‍ച്ച. സ്വന്തമായി ഒരു ബുക് സ്റ്റോര്‍ പോലുമില്ലാതെ മറ്റു പ്രസാധകരുടെ പുസ്തകം തങ്ങളുടെ വെബ് സൈറ്റിലൂടെ വിറ്റഴിക്കുക എന്നത് തന്നെയായിരുന്നു ഫ്ലിപ്കാര്‍ട്ട് നേരിട്ട ആദ്യ വെല്ലുവിളി. ബെംഗളൂരുവിലെ പ്രധാന ബുക്ക് ഷോപുകളില്‍ നിന്നും പുസ്തകം വാങ്ങി വരുന്നവര്‍ക്ക് ഫ്ലിപ്കാര്‍ട്ടിന്റെ ബുക്ക് മാര്‍ക്ക് നല്‍കിയാണ് സച്ചിനും ബിന്നിയും ആദ്യമായി ഉപഭോക്താക്കളെ ആകര്‍ഷിച്ചത്.

flipkart

2014ലെ കണക്കുകള്‍ പ്രകാരം 100 കോടി ഡോളറായിരുന്നു ഫ്ലിപ്കാര്‍ട്ടിന്റെ മൊത്ത വ്യാപാര മൂല്യം. ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ 400 കോടി ഡോളറായി ഉയര്‍ന്നിരിക്കുന്നു. അടുത്തവര്‍ഷം അവസാനത്തോടെ 100 കോടി ഉത്പന്നങ്ങള്‍ പ്രതിവര്‍ഷം വില്‍ക്കുകയാണ് ഫ്ലിപ്കാര്‍ട്ടിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈവര്‍ഷം പകുതിയോടെ ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചിലൂടെ ആഗോള നിക്ഷേപകരില്‍ നിന്നും 500 കോടി ഡോളര്‍ സമാഹരിക്കാനാണ് ഫ്ലിപ്കാര്‍ട്ടിന്റെ ഏറ്റവും പുതിയ പദ്ധതി. ഒരു ഇന്ത്യന്‍ കമ്പനി ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ വെക്കുന്ന ഏറ്റവും വലിയ നിക്ഷേപ ശ്രമമാണിത്. ഫ്ലിപ്കാര്‍ട്ടിന്റെ ഈ സ്വപ്‌ന പദ്ധതി വിജയിച്ചാല്‍ കമ്പനിയുടെ മൂല്യം 3000 കോടി ഡോളറായി കുതിച്ചുയരും.

related stories