Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ 5 റെയിൽവേ സ്റ്റേഷനുകളിൽ ഗൂഗിൾ വൈഫൈ

googles-map-of-railway

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ 100 റെയില്‍വേ സ്റ്റേഷനുകളുടെ മാപ്പ് ഗൂഗിൾ പുറത്തുവിട്ടു. ഇതിൽ കേരളത്തിലെ അഞ്ചു റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടും. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം തൃശൂർ, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ വൈഫൈ ലഭ്യമാകുക. ദിവസവും ഒരുകോടിയിലേറെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് സ്റ്റേഷനുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

യുവ തലമുറയ്‌ക്കു റയിൽവേ സ്‌റ്റേഷനുകളിലേയ്‌ക്കു സ്വാഗതം. മുഴുനീള സിനിമകൾ നാലു മിനിറ്റ് കൊണ്ടു ഡൗൺലോഡ് ചെയ്യാൻ കെൽപുള്ള അതിവേഗ വൈഫൈ ഇന്റർനെറ്റായിരിക്കും രാജ്യത്തെ പ്രമുഖ സ്‌റ്റേഷനുകളിൽ വൈകാതെ ലഭ്യമാവുക.

മിഴിവുള്ള ദൃശ്യങ്ങൾ ഉറപ്പാക്കാൻ എച്ച്‌ഡി സൗകര്യം പുറമെ. ആദ്യ 30 മിനിറ്റ് വൈഫൈ സൗജന്യമായിരിക്കും. അതായത്, ഇഷ്‌ട സിനിമ ഡൗൺലോഡ് ചെയ്‌തു ദീർഘയാത്രകൾക്കു തയാറെടുക്കാം. രാജ്യത്തെ 500 റയിൽവേ സ്‌റ്റേഷനുകളിൽ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സ്‌റ്റേഷൻ മുംബൈ സെൻട്രൽ ആയിരിക്കുമെന്നു റയിൽവേ വെളിപ്പെടുത്തി. ഇവിടെ അടുത്ത മാസം മധ്യത്തോടെ സേവനം ലഭിച്ചു തുടങ്ങും. വർഷാവസാനത്തോടെ കൂടുതൽ സ്‌റ്റേഷനുകളിലേയ്‌ക്കു വ്യാപിപ്പിക്കും. സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ചു റയിൽടെല്ലും ഗൂഗിളും തമ്മിൽ ധാരണയിലെത്തിയതായും റയിൽവേ അധികൃതർ അറിയിച്ചു. ‘റയിൽവയർ’ എന്ന പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുക. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ പദ്ധതിയുമായി സഹകരിക്കാൻ ഗൂഗിൾ കഴിഞ്ഞ ദിവസം സന്നദ്ധതയറിയിച്ചിരുന്നു. എ വൺ, എ ടു സ്‌റ്റേഷനുകളാണു പദ്ധതിയിലുള്ളത്.

കൂടുതൽ യാത്രക്കാർ വന്നു പോകുന്ന ഈ സ്‌റ്റേഷനുകളിൽ ട്രെയിനുകളുടെ നീക്കം കാര്യക്ഷമമാക്കാനും വെളിച്ച സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വൈഫൈ സഹായകമാകുമെന്നാണു റയിൽവേയുടെ പ്രതീക്ഷ. ഇതിനിടെ, ഇന്ത്യൻ റയിൽവേയെക്കുറിച്ചു ലഭ്യമായ വിവരങ്ങളെല്ലാം ക്രോഡീകരിച്ചു വഡോദര റയിൽവേ ദേശീയ അക്കാദമി രൂപം നൽകിയ ‘നോളജ് പോർട്ടൽ (www.kportal.indianrailways.gov.in) മന്ത്രി സുരേഷ് പ്രഭു രാജ്യത്തിനു സമർപ്പിച്ചു. ഇന്ത്യൻ റയിൽവേയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, റയിൽവേ ഗവേഷണവും വികസനവും, സാങ്കേതിക കാര്യങ്ങൾ, റയിൽവേ ലൈബ്രറികൾ, മ്യൂസിയങ്ങൾ, ആഗോള റയിൽവേ ശൃംഖലകൾ എന്നിവയെല്ലാം ഇതു കൂട്ടിയിണക്കുന്നു.