കാണാതായ മലേഷ്യൻ വിമാനം തിരച്ചിൽ നടത്തുന്നതിനിടെ ഓസ്‌ട്രേലിയൻ ബീച്ചിൽ കാറ്റുകൊള്ളാനിറങ്ങിയ ദമ്പതികൾക്കു കിട്ടിയ ടവൽ കഴിഞ്ഞ വർഷം വലിയ ചർച്ചയായിരുന്നു. ആ ടവൽ പൊതി ദുരൂഹതകളുടെ ചുരുളഴിക്കുമെന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ വലിയൊരു ദുരന്തം നടക്കുമ്പോൾ ഒരു ടവൽ താഴേക്കിടാൻ സാധ്യത കുറവാണെന്നാണ് എംഎച്ച് 370 ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റിൽ പറയുന്നത്.
എങ്കിലും, രണ്ടു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി തിരച്ചിൽ ഇനിയും നീളുമ്പോൾ നിസ്സാരമെന്നു തോന്നുന്ന ഒരു ടവൽ പായ്‌ക്കറ്റും അമൂല്യമാണ്. മലേഷ്യൻ എയർലൈൻസ് എന്നെഴുതിയ ടവൽ പൊതി കൂടുതൽ പരിശോധനകൾക്കായി കാൻബെറയിലേക്ക് അയച്ചിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് എട്ടിനായിരുന്നു മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം ക്വാലലംപൂരിൽനിന്നു ബെയ്‌ജിങ്ങിലേക്കുള്ള പറക്കലിനിടെ കാണാതായത്. ഈർപ്പമുള്ള പേപ്പർ തൂവാലയുടെ പൊട്ടിക്കാത്ത ഒരു പൊതി സെർവാന്റാസ് ബീച്ചിലടിഞ്ഞതു ശ്രദ്ധയിൽപ്പെട്ടതു കഴിഞ്ഞ വർഷം ജൂലൈയിലാണ്.
ഒരു പോറലുമേൽക്കാതെ സമുദ്രത്തിലൂടെ കാതങ്ങൾ താണ്ടാൻ ഇത്തരമൊരു തൂവാലപ്പൊതിക്കാകുമെന്നു വിദഗ്‌ധർ പറയുന്നു. മലേഷ്യൻ എയർലൈൻസ് എന്നെഴുതിയിട്ടുണ്ടെന്നതൊഴിച്ചാൽ പ്രത്യേകിച്ചു മറ്റൊരു അടയാളവുമില്ലാത്ത ഈ പൊതി കാണാതായ മലേഷ്യൻ വിമാനത്തിൽനിന്നുള്ളതാണോയെന്നു സ്‌ഥിരീകരിക്കുക അത്ര എളുപ്പമല്ലെന്നതാണ് വസ്തുത.
ആ വിമാനത്തിന് എന്തുസംഭവിച്ചു?
മലേഷ്യൻ തലസ്‌ഥാനമായ ക്വാലലംപൂരിൽനിന്നു ചൈനീസ് തലസ്‌ഥാനമായ ബെയ്‌ജിങ്ങിലേക്കു 239 പേരുമായി പറന്ന വിമാനം എവിടെ പോയി? സകല സന്നാഹങ്ങളുമായി അന്വേഷണത്തിലാണ് ലോകം. ബഹിരാകാശത്തും ചൊവ്വയിലും സൂക്ഷ്‌മാന്വേഷണങ്ങൾ നടത്താനുള്ള സാങ്കേതികവിദ്യ ആധുനികശാസ്‌ത്രം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, ഈ ഭൂമിയിൽ തന്നെ ‘മറഞ്ഞ’ ഒരു വിമാനം കണ്ടെത്താൻ കഴിയുന്നില്ലേ? ഈ ചോദ്യത്തിന് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാല എയറോസ്‌പേസ് എൻജിനീയറിങ് പ്രഫസർ മൈക്കൽ സ്‌മാർട് നൽകുന്ന ഉത്തരം ലളിതമാണ്: ‘ഈ ലോകം അത്രമേൽ വലുതാണ്; കടൽ, വലിയൊരു കടങ്കഥയും’.
ദുരന്തം വന്ന വഴി
. എപ്പോൾ: വിമാനത്തിൽനിന്നുള്ള സിഗ്നൽ അവസാനമായി റഡാറിൽ പതിഞ്ഞത്: 2014 മാർച്ച് എട്ട് ശനി, മലേഷ്യൻ സമയം പുലർച്ചെ 2.40ന്
. എവിടെ: ദക്ഷിണ ചൈനാക്കടലിനു മുകളിൽ, വിയറ്റ്‌നാം വ്യോമമേഖലയുടെ അതിർത്തിക്കടുത്ത്; ഭൂമിയിൽനിന്ന് 35,000 അടി (10.67 കിലോമീറ്റർ) ഉയരത്തിൽ; വേഗം മണിക്കൂറിൽ 872 കിലോമീറ്റർ.
. എങ്ങനെ: നാലു സാധ്യതകൾ
1 ഭീകരാക്രമണം:
. മോഷ്‌ടിച്ച പാസ്‌പോർട്ടുമായി രണ്ടു പേർ വിമാനത്തിലുണ്ടായിരുന്നു. ഇറാനിൽ നിന്നു യഥാർഥ പാസ്‌പോർട്ടുമായി ഖത്തർ വഴി മലേഷ്യയിലെത്തിയ രണ്ടുപേരാണ് അവിടെനിന്നു മോഷ്‌ടിച്ച പാസ്‌പോർട്ടുമായി വിമാനത്തിൽ കയറിയത്. ഇവർ ബോംബ് സ്‌ഫോടനം നടത്തിയിരിക്കാം. ഇതേസമയം, മോഷ്‌ടിച്ച പാസ്‌പോർട്ടിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്ന സംഭവങ്ങൾ ഈ മേഖലയിൽ ധാരാളമുണ്ട്. ഭീകരാക്രമണ സൂചന ഇതുവരെ ഇല്ലെന്നാണ് ഇന്റർപോൾ മേധാവി അന്നു പറഞ്ഞത്.
. പൊട്ടിത്തെറി സംഭവിച്ചെങ്കിൽ ഉപഗ്രഹങ്ങൾ കാണാതെ പോകുമോ? അങ്ങനെ സംഭവിക്കാമെന്നു വിദഗ്‌ധർ. ഉപഗ്രഹങ്ങൾ ഭൂമിക്കു മുകളിൽ 300 കിലോമീറ്റർ മുതൽ 1500 കിലോമീറ്റർ വരെ ഉയരത്തിലാണ്. 10 കിലോമീറ്റർ ഉയരത്തിലൂടെ പറന്ന വിമാനവും അതു പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന തീഗോളവും ഉപഗ്രഹത്തിന്റെ ദൃഷ്‌ടിയിൽ പെടുമെന്ന് ഉറപ്പില്ല; യാദൃഛികമായി അങ്ങനെ സംഭവിച്ചേക്കാമെന്നു മാത്രം.
2 റാഞ്ചൽ:
. അപ്രത്യക്ഷമാകുന്നതിനു മുൻപ് വിമാനത്തിന്റെ ദിശ മാറിയെന്നു സൂചനയുണ്ട്. പുലർച്ചെ 2.40ന് ആണ് വിമാനത്തിൽനിന്ന് വ്യോമയാന റഡാറിൽ അവസാന സിഗ്നൽ ലഭിച്ചത്. പിന്നീട് ഒരു മണിക്കൂർ വിമാനം പറന്നുവെന്നാണ് മലേഷ്യൻ നാവികസേന പുറത്തുവിട്ട വിവരം. യാത്രാവിമാനം പറക്കേണ്ടിയിരുന്ന ഉയരത്തിൽനിന്ന് ഒരു കിലോമീറ്റർ താഴെയായിരുന്നു ഇത്. അതിനാൽ, വ്യോമയാന റഡാറിൽ പതിഞ്ഞില്ല. വിമാനം റാഞ്ചുകയും മറ്റേതെങ്കിലും സ്‌ഥലത്തേക്കു തിരിച്ചുവിടുകയും ചെയ്‌തതാകാം എന്നതിന്റെ സൂചനയാണിത്. എന്നാൽ, വിമാനം റാഞ്ചപ്പെട്ടു എന്ന സന്ദേശം പൈലറ്റ് നൽകിയിട്ടില്ല.
3 കടലിൽ വീണു മുങ്ങി
. സാങ്കേതിക തകരാറ് സംഭവിച്ചതിനാൽ വിമാനം സമുദ്രോപരിതലത്തിൽ ഇറക്കാൻ ശ്രമിച്ചിരിക്കാം. (ഇങ്ങനെ ദുരന്തം വഴിമാറിയ ഒട്ടേറെ സംഭവങ്ങളുണ്ട് - യുഎസിൽ ഹഡ്‌സൺ നദിയിൽ ഇറങ്ങിയത് ഇത്തരം വിമാനമാണ്). എന്നാൽ, പൈലറ്റിന്റെ കണക്കുകൂട്ടലിനു വിപരീതമായി വിമാനം മൂക്കുകുത്തി വെള്ളത്തിൽ വീഴുകയും സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോവുകയും ചെയ്‌തിരിക്കാം. വിമാനത്തിന്റെ ഒരു അവശിഷ്‌ടം പോലും ലഭിക്കാത്തത് ഈ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു. വിമാനവും യാത്രക്കാരും അതേപടി സമുദ്രത്തിന്റെ അടിത്തട്ടിൽ...! 27,000 ചതുരശ്ര കിലോമീറ്റർ വരുന്ന സമുദ്രമേഖലയിൽ വരെ തിരച്ചിൽ നടത്തിയിരുന്നു.
4 പൈലറ്റ്/സാങ്കേതിക പിഴവ്
. വിമാനത്തിനു ഗുരുതരമായ സാങ്കേതിക പിഴവ് സംഭവിച്ചു; അല്ലെങ്കിൽ പൈലറ്റിനു തെറ്റുപറ്റി. ഇതു രണ്ടും സംഭവിക്കാം. അപകടത്തിൽപെട്ട വിമാനത്തിന്റെ ഒരു ചിറകിന് ചെറിയ തകരാറ് ഉണ്ടാവുകയും പരിഹരിക്കുകയും ചെയ്‌തിരുന്നു. വിമാനത്തിനു സാങ്കേതിക തകരാർ സംഭവിച്ചാലും അപകടം പിണഞ്ഞാലും അപായസന്ദേശം ലഭിക്കേണ്ടതാണ്. അത്തരം ഒരു സന്ദേശം പോലും ലഭിക്കാത്തതും ദുരൂഹത കൂട്ടുന്നു.
ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിൽ ഒന്നാണ്, അപകടത്തിൽ പെട്ട ബോയിങ് 777-200. രണ്ട് എൻജിനുകളും നിലച്ചുപോയാലും ആകാശത്തിലൂടെ 100 കിലോമീറ്റർ വരെ പറന്നൊഴുകാനും വെള്ളത്തിൽ ഇറങ്ങാനും സാധിക്കും. അപകടരഹിതമായ ചരിത്രമുള്ള, മികച്ച വ്യോമയാന കമ്പനികളിലൊന്നാണ് മലേഷ്യൻ എയർലൈൻസ്. പൈലറ്റ് ആകട്ടെ, 33 വർഷത്തെ പരിചയവും 18,000 മണിക്കൂറിലേറെ വിമാനം പറത്തിയ അനുഭവവും ഉള്ളയാൾ.