കർക്കടകം
ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമാണ് കർക്കടകം . ഉത്തരായനണകാലം ദേവന്മാർക്ക് പ്രാധാന്യമെങ്കിൽ ദക്ഷിണായന കാലം പിതൃക്കൾക്കാണ് പ്രധാനം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന ഈ മാസത്തിൽ ചന്ദ്രന് മൗഢ്യമായിരിക്കും . മനസ്സിന്റെ കാരകനായ ചന്ദ്രന്റെ ശക്‌തിക്ഷയം നിമിത്തം മനോബലം കുറയുമെന്നാണ് സങ്കൽപം. കർക്കടകത്തിൽ ഇടമുറിയാത്ത മഴയായതിനാൽ സൂര്യകിരണങ്ങൾക്കു ശക്‌തി കുറയുകയും പലവിധ രോഗാണുക്കൾ പെരുകി രോഗസാധ്യത വർധിക്കുകയും ചെയ്യും. ഈ കാലഘട്ടത്തിൽ പൊതുവെ കൃഷിപ്പണികളോ ആഘോഷങ്ങളോ മംഗളകർമങ്ങളോ നടത്താറില്ല . ഇവയെല്ലാം കാരണം പഴമക്കാർ കർക്കടകത്തെ പഞ്ഞകർക്കടകം എന്ന് വിശേഷിപ്പിച്ചിരുന്നു. 'കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു’ എന്നൊരു ചൊല്ലു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നു.