ഒരു പ്രധാന ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന നാടിന്റെ ചരിത്രം. പരസ്പരം ഇഴചേർന്ന ആ ചരിത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റേത്. തിരുവനന്തപുരം ജില്ലയ്ക്ക് ആ പേര് ലഭിച്ചതുതന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നാണ്. അനന്തന്റെ (വിഷ്ണു ഭഗവാൻ) പുരി (നാട്) എന്നാണ് തിരുവനന്തപുരത്തിന്റെ അർഥം. അനന്തശയനത്തിലുള്ള വിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. നീളം 18 അടി വരും. കരിങ്കല്ലിൽ തീർത്ത, നൂറടിയിലേറെ ഉയരമുള്ള കുംഭഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. ജീവൻ തുടിക്കുന്ന അനേകം ശിൽപങ്ങളും ഗോപുരത്തിന് ചൈതന്യനിറവു പകരുന്നു.
എന്നാണ് പത്മനാഭ സ്വാമി ക്ഷേത്ര നിർമാണം ആരംഭിച്ചത്? എവിടെയുമില്ല അതിന്റെ വിവരങ്ങൾ. ചരിത്രരേഖകളിൽ ക്ഷേത്രത്തെപ്പറ്റിയുള്ള ആദ്യ പരാമർശം ഉണ്ടാകുന്നത് എഡി ഒൻപതാം നൂറ്റാണ്ടിലാണ്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള താളിയോല ഗ്രന്ഥമായ മതിലകം രേഖകളിലാണ് ക്ഷേത്രത്തെപ്പറ്റിയുള്ള വിവരമുള്ളത്. ക്ഷേത്രത്തിലെ ശ്രീകോവിൽ നവീകരണത്തിന്റെ ഭാഗമായി വിഗ്രഹം എഡി 1459–1460 കാലത്ത് ഒരു ബാലാലയത്തിലേക്കു മാറ്റിയിരുന്നു. ക്ഷേത്രത്തിലെ പ്രശസ്തമായ ഒറ്റക്കൽ മണ്ഡപം പണിതീര്‍ത്തത് എഡി 1461ലായിരുന്നു.