വൈക്കം മഹാദേവക്ഷേത്രം
ശ്രീപാർവതീസമേതനായി കിഴക്കോട്ടു വാണരുളുന്ന മഹാദേവൻ അന്നദാനപ്രഭു എന്നാണ് അറിയപ്പെടുന്നത് . ഭഗവാൻ ഒരു ദിവസം മൂന്നു ഭാവങ്ങളിൽ ദർശനം നൽകുന്നു. പ്രഭാതത്തിൽ ആദിഗുരുവായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂർത്തിയായും വൈകുന്നേരം പാർവതീസമേതനായി ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും ഭക്തരെ അനുഗ്രഹിക്കുന്നു. വിദ്യാലാഭത്തിനായി പ്രഭാതദർശനവും ശത്രുനാശനത്തിനായി ഉച്ചസമയത്തെ ദർശനവും കുടുംബസൗഖ്യത്തിനു വൈകുന്നേരത്തെ ദർശനവും ഉത്തമമാണ്. കേരളത്തിൽ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലും ഈ ക്ഷേത്രത്തിലാണുള്ളത് . ഭഗവാന്റെ ഋഷഭവാഹനവും ഒരു വെള്ളിവടി കൈയ്യിൽ പിടിച്ച് ഭഗവാന്റെ കീർത്തനം ചൊല്ലുന്ന "ഘട്ടിയം ചൊല്ലൽ ചടങ്ങ്" ഇവിടത്തെ പ്രത്യേകതയാണ്.